Sunday, March 23, 2014

ആസ്തി പല ഇരട്ടിയാക്കി കോണ്‍ഗ്രസ് മാജിക്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക പൂര്‍ണമാകുന്നതേയുള്ളൂ. ഇതുവരെ പ്രഖ്യാപിച്ച പട്ടികയില്‍ ഇടംപിടിച്ചവരില്‍ ഭൂരിഭാഗവും കോടീശ്വരന്മാര്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും നാഷണല്‍ ഇലക്ഷന്‍ വാച്ചും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആസ്തി ശരാശരി 6.29 കോടി. ആദ്യഘട്ടത്തില്‍ പ്രസിദ്ധീകരിച്ച 165 പേരെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കണക്കാണിത്.

ബംഗളൂരു സൗത്ത് മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നന്ദന്‍ നിലേകനിയാണ് സ്ഥാനാര്‍ഥികളിലെ കുബേരന്‍. 7700 കോടിയാണ് നിലേകനിക്കും ഭാര്യ രോഹിണിക്കുമുള്ള ആസ്തി. ഇന്‍ഫോസിസ് ഓഹരിയാണ് സ്വത്തില്‍ 80 ശതമാനവും. ഇന്‍ഫോസിസില്‍ രോഹിണിയുടെ പേരിലുണ്ടായിരുന്ന 164 കോടി രൂപയുടെ ഓഹരി ഈയിടെയാണ് വിറ്റത്്. കോണ്‍ഗ്രസ് പട്ടികയിലെ മറ്റൊരു കുബേരനായ കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ ആസ്തി 116 കോടി. ചാന്ദ്നി ചൗക്ക് സ്ഥാനാര്‍ഥിയായ സിബലിന്റെ സമ്പത്ത് മൂന്നുവര്‍ഷത്തിനിടെ മൂന്നുമടങ്ങായി വര്‍ധിച്ചു. 2011ല്‍ കേന്ദ്രമന്ത്രിമാരുടെ സമ്പാദ്യക്കണക്ക് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കണക്കില്‍ സിബലിന് ആകെയുണ്ടായിരുന്നത് 38 കോടി. കഴിഞ്ഞവര്‍ഷം വരുമാനികുതി സമര്‍പ്പിച്ചപ്പോള്‍ കാണിച്ചത് 77 കോടി. ഭാര്യ പ്രമീള സിബല്‍ 28.73 കോടി രൂപയ്ക്കുള്ള നികുതിയും സര്‍ക്കാരിലേക്ക് അടച്ചിരുന്നു. എന്നാല്‍, ഇക്കുറി പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച കണക്കില്‍ ഇത് 116 കോടിയായി. ബാങ്ക് ബാലന്‍സിനുപുറമെ സ്വര്‍ണവും സ്ഥലവും വീടുകളൂം ഫ്ളാറ്റുകളുമായി സമ്പാദ്യം വ്യാപിച്ചുകിടക്കുന്നു.

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ഗ്രൂപ്പ് ചെയര്‍മാനായ നവീന്‍ ജിന്‍ഡാലിന് 130 കോടിയുടെ ആസ്തിയുണ്ടെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ വിവരം. മുന്‍ കേന്ദ്രമന്ത്രി മുരളി ദിയോറയുടെ മകനും കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദിയോറയാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍പ്പെട്ടിരിക്കുന്ന മറ്റൊരാള്‍. 52 കോടി രൂപയാണ് മിലിന്ദിന്റെ ആസ്തി.

കോണ്‍ഗ്രസിന് പ്രകടനപത്രിക പുറത്തിറക്കാനായില്ല

കേന്ദ്രത്തില്‍ പത്തുവര്‍ഷത്തെ ഭരണത്തിനുശേഷം പ്രകടനപത്രിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് പാടുപെടുന്നു. വെള്ളിയാഴ്ച പത്രിക പുറത്തിറക്കുമെന്നാണ് നേതൃത്വം അറിയിച്ചിരുന്നതെങ്കിലും ചടങ്ങ് മാറ്റി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ചേര്‍ന്ന് പത്രിക പുറത്തിറക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, പത്രിക തയ്യാറാക്കല്‍ എങ്ങുമെത്താത്തതോടെ ചടങ്ങ് മാറ്റിയതായി അറിയിപ്പുവന്നു. പത്രിക എപ്പോള്‍ ഇറങ്ങുമെന്ന് പ്രഖ്യാപിക്കാന്‍പോലും ഇപ്പോഴും നേതൃത്വത്തിനാകുന്നില്ല. ഏതുവിഷയത്തില്‍ ഊന്നുമെന്നതിലാണ് ആശയക്കുഴപ്പം.

പ്രതിരോധമന്ത്രി എ കെ ആന്റണി അധ്യക്ഷനായ സമിതിയാണ് പത്രിക തയ്യാറാക്കുന്നത്. പത്തുവര്‍ഷം ഭരിച്ചശേഷം വീണ്ടും പൊള്ളയായ വാഗ്ദാനങ്ങളുമായി രംഗത്തുവരുന്നത് തിരിച്ചടിയാകുമോ എന്ന ഭീതി സമിതിക്കുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാകാത്തതിനാലാണ് പ്രകാശനം മാറ്റിയതെന്നാണ് എഐസിസി വിശദീകരണം. ദാരിദ്ര്യനിര്‍മാര്‍ജനം, തൊഴിലില്ലായ്മ തുടച്ചുനീക്കല്‍, വിലക്കയറ്റം പിടിച്ചുനിര്‍ത്തല്‍ തുടങ്ങി ഏത് വിഷയങ്ങളിലേക്ക് പോയാലും യുപിഎ പ്രതിരോധത്തിലാകും. പത്രിക തയ്യാറാക്കല്‍ സുതാര്യമായി പൂര്‍ത്തിയാക്കുമെന്നാണ് രാഹുല്‍ഗാന്ധി അവകാശപ്പെട്ടിരുന്നത്. എല്ലാ വിഭാഗം ജനങ്ങളുമായും സംവദിക്കുമെന്നും അവരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഇത് സാധൂകരിക്കുംവിധമുള്ള നടപടി ഉണ്ടായിട്ടില്ല.

deshabhimani

No comments:

Post a Comment