Saturday, March 22, 2014

ഭൂരഹിതരില്ലാത്ത കണ്ണൂര്‍ വഞ്ചനയുടെ മറുപേര്

രാജ്യത്തെ ഏറ്റവും വലിയ ഭൂമി തട്ടിപ്പിനാണ് 2013 നവംബര്‍ ഒന്നിന് ജില്ല സാക്ഷ്യം വഹിച്ചത്. സ്വകാര്യ വ്യക്തികളല്ല, സര്‍ക്കാരാണ് കേരളപ്പിറവിദിനത്തില്‍ ഇന്ത്യയിലെ ആദ്യ ഭൂരഹിത ജില്ലയെന്ന പ്രഖ്യാപനത്തിലൂടെ 11,033 പാവങ്ങളെ പട്ടയം നല്‍കി പറ്റിച്ചത്. "ഭൂരഹിതരില്ലാത്ത കേരളം" പദ്ധതിയിലൂടെ കിടപ്പാടമില്ലാത്തവര്‍ക്ക് മൂന്നുസെന്റ് വീതം ഭൂമിക്കാണ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്. 500.81 ഏക്കര്‍ ഭൂമിയാണ് കണ്ടെത്തിയത്. ഒരുവര്‍ഷത്തിനകം വിനിയോഗിക്കുന്നില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കുമെന്ന നിബന്ധന ഉപയോഗിച്ചാണ് സര്‍ക്കാരിന്റെ ഭൂമി തട്ടിപ്പ്. പട്ടയം നല്‍കിയിട്ട് അഞ്ചുമാസം കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ഏഴുമാസം. ഇതിനകം പട്ടയം നല്‍കിയ ഭൂമി ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പ്. ഇതിനാല്‍ 90 ശതമാനവും സര്‍ക്കാരിന് തിരിച്ചെടുക്കാം. ഭൂമി അനുവദിച്ചിട്ടും വിനിയോഗിച്ചില്ലെന്ന ന്യായം പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടാം. ഈ തട്ടിപ്പിനാണ് "ഭൂരഹിതരില്ലാത്ത കേരളമെന്" പേരിട്ടത്. പട്ടയം നല്‍കിയ ഒരു തുണ്ട് പോലും അളന്നുതിരിച്ച് ഗുണഭോക്താക്കള്‍ക്ക് നല്‍കാത്തത് സര്‍ക്കാരിന് ഭൂമി തട്ടിയെടുക്കാനായിരുന്നു. തൊഴിലും കുട്ടികളുടെ വിദ്യാഭ്യാസവും ഉപേക്ഷിച്ച് വിദൂര പ്രദേശങ്ങളിലെ മൂന്ന് സെന്റ് ഭൂമിയിലേക്കില്ലെന്ന് പറഞ്ഞ് നൂറുകണക്കിനാളുകള്‍ പട്ടയം തിരിച്ചു നല്‍കി. ഇതും സര്‍ക്കാരിന് "നേട്ട"മാണ്.

കണ്ണൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടയം നല്‍കിയത്. 5017 പേര്‍ക്ക്. തലശേരിയില്‍ 3133ഉം തളിപ്പറമ്പില്‍ 2883 ഉം അപേക്ഷകര്‍ക്ക്. 11,033 അപേക്ഷകരില്‍ 10,621 പേര്‍ക്കും തളിപ്പറമ്പ് താലൂക്കിലാണ് ഭൂമി. ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് സ്ഥലവും വീടും നിര്‍മിച്ചുനല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഎംഎസ് ഭവനപദ്ധതി ഉപേക്ഷിച്ചാണ് ഒന്നിനും കൊള്ളാത്ത ഭൂമിയിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ ആയിരങ്ങളെ ആട്ടിയോടിച്ചത്. ഇ എം എസ് ഭവനപദ്ധതി തുടക്കത്തില്‍ വീട് നിര്‍മിക്കുന്നതിന് മാത്രമായിരുന്നെങ്കില്‍ പിന്നീട് ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും നല്‍ക്കുന്ന പദ്ധതിയാക്കി എല്‍ഡിഎഫ് മാറ്റിയിരുന്നു. ഗുണഭോക്താക്കള്‍ക്ക് അതത് പഞ്ചായത്തിലാണ് ഭൂമി നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇരുപത്തഞ്ചും പത്തും സെന്റും ഭൂമി ആയിരക്കണക്കിനാളുകള്‍ക്ക് വിതരണം ചെയ്തിടത്താണ് മൂന്ന് സെന്റ് ഭൂമി നല്‍കിയത്.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അര്‍ഹരെക്കാള്‍ അനര്‍ഹര്‍ കടന്നുകൂടി. മൂന്നുസെന്റില്‍ വീടും കിണറും കക്കൂസും നിര്‍മിച്ചാല്‍ സ്ഥലമൊന്നും ബാക്കിയുണ്ടാവില്ല. കൃഷി ചെയ്ത് ജീവിക്കാനുള്ള ഭൂമി നല്‍കണമെന്ന ആവശ്യം നിരാകരിച്ചാണ് ഒന്നിനും കൊള്ളാത്ത തുണ്ടു ഭൂമി നല്‍കി കബളിപ്പിച്ചത്. കടുത്ത നിബന്ധനകള്‍ വച്ച് അപേക്ഷകരില്‍ ഗണ്യമായ വിഭാഗത്തെ തള്ളിയാണ് ഗുണഭോക്തൃ പട്ടികയുണ്ടാക്കിയത്. ഗുണഭോക്താക്കള്‍ക്ക് മുഴുവന്‍ ഭൂമി നല്‍കിയെന്ന് മേനി നടിക്കാനാണ് വിദൂരപ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തി വിതരണം ചെയ്യാന്‍ നടപടിയെടുത്തത്. പദ്ധതി നടപ്പാക്കിയെന്ന് വരുത്തിത്തീര്‍ക്കുകയെന്ന ഒറ്റ ലക്ഷ്യമേ സര്‍ക്കാരിനുണ്ടായിരുന്നുള്ളൂ. ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന ഭൂമിയുടെ കിടപ്പും ഗുണനിലവാരവും പരിശോധിച്ചില്ല. വെള്ളവും വെളിച്ചവും ഗതാഗത സൗകര്യവുമില്ലാത്ത ഭൂമിയിലേക്ക് പാവപ്പെട്ടവരെ തള്ളിവിട്ട് മേനി നടിക്കുകയായിരുന്നു സര്‍ക്കാര്‍.

എങ്ങനെ വസിക്കും 19 പേര്‍ പട്ടയം തിരിച്ചേല്‍പിച്ചു

പാണപ്പുഴ: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പട്ടയം ലഭിച്ച 19 പേര്‍ പട്ടയം തിരിച്ചുനല്‍കി. പാണപ്പുഴ വില്ലേജിലെ റീസര്‍വേ നമ്പര്‍ 100/എ3 യില്‍ മൂന്ന് സെന്റ് സ്ഥലമാണ് പതിച്ചുകിട്ടിയത്. വാസയോഗ്യമല്ലാത്ത കുന്നാണ് ഇവര്‍ക്ക് ലഭിച്ചത്. വാഹനം പോകാത്ത പാണപ്പുഴ വില്ലേജിലെ പാറക്കെട്ടു നിറഞ്ഞ പ്രദേശമാണിത്. ബസ്സിന് വന്നാല്‍ പട്ടയഭൂമിയിലേക്ക് പാണപ്പുഴ-ഏര്യം റോഡില്‍ നിന്ന് ജീപ്പ് പിടിച്ചുപോകണം. പാണപ്പുഴ പഴയപോസ്റ്റോഫീസ് സ്റ്റോപ്പില്‍നിന്ന് മൂന്നരകിലോ മീറ്റര്‍ ദൂരമെങ്കിലും ദുര്‍ഘട വഴിയിലൂടെ യാത്രചെയ്യണം. പന്നേരി നാരായണി (അഴീക്കോട്), സാവിത്രി (അഴീക്കോട്), കെ രത്നമ്മ (അഴീക്കോട്), എ സുമതി (പാണപ്പുഴ), ടി വി ചന്ദ്രി (അഴീക്കോട്), കെ പി ബാലാമണി (കടന്നപ്പള്ളി), നന്ദനത്ത് നാരായണി (ചിറക്കല്‍), നാലുവരക്കല്‍ സതീശന്‍ (മാതമംഗലം), എ കമലാക്ഷി (പാണപ്പുഴ), റോസമ്മ പാലപ്പറമ്പില്‍ (പാണപ്പുഴ), ഭാര്‍ഗവിയമ്മ ചേണിച്ചേരി വളപ്പില്‍ (മാതമംഗലം), എം സുബൈദ (മാതമംഗലം), പി ഖൈറുന്നീസ (നാറാത്ത്), സി ലതിക (മാതമംഗലം), മറിയം കുട്ടോത്ത് വളപ്പില്‍ (പാണപ്പുഴ), വിശ്വനാഥന്‍ (ഇരിണാവ്), രാജേഷ് വി (മാതമംഗലം), മുബീന കെ (എടക്കോം), പുതിയപുരയില്‍ സുധീഷ് (ഏര്യം) എന്നിവര്‍ക്കാണ് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ പട്ടയം ലഭിച്ചത്. സ്ഥലം തിരിച്ചു നല്‍കുന്നതായി രേഖാമൂലമൂലം ഒപ്പിട്ട കത്ത് പാണപ്പുഴ വില്ലേജ് ഓഫീസര്‍ക്ക് നല്‍കി.

ആശ കൊടുത്തു; ഒടുവില്‍ ചതി

തലശേരി: ഭൂരഹിതരില്ലാത്ത ജില്ലയെന്ന പ്രഖ്യാപനം വന്നപ്പോള്‍ എല്ലാവരും സന്തോഷിച്ചു. ഒരുതരിമണ്ണുപോലും സ്വന്തമായി ഇല്ലാത്തവര്‍ മൂന്നുസെന്റിന്റെ ഉടമകളായല്ലോ എന്ന് ആശ്വസിച്ചു. കണ്ണൂരില്‍ ഭൂരഹിതരെ വിളിച്ചുവരുത്തി ചതിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാരെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമാവുകയാണ്. ആശ കൊടുത്ത് വഞ്ചിച്ച അനുഭവമാണ് പലകുടുംബങ്ങള്‍ക്കും. പട്ടയത്തിനുള്ള കടലാസല്ലാതെ ഒരിടത്തും ഭൂമി അളന്ന് കൊടുത്തില്ല. ആര്‍ക്കും ഒരു തരിമണ്ണും ലഭിച്ചില്ല. യുഡിഎഫ് ഭരണത്തിന്റെ കൊടുംവഞ്ചനയുടെ, ചതിയുടെ ഇരകളാവുകയാണ് ജില്ലയിലെ ഭൂരഹിതകുടുംബങ്ങള്‍. തലശേരി സിഎസ്ഐ പള്ളിക്കടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഐവന്‍ജോണ്‍-ഷീജ ദമ്പതിമാരുടെ അനുഭവം നോക്കുക. ഭൂമി ലഭിച്ചപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. ഒരു ചെറിയ കൂരകെട്ടി അന്തിയുറങ്ങാമെന്ന് കരുതി. ഇപ്പോഴും സിഎസ്ഐ പള്ളിവളപ്പില്‍തന്നെയാണ് താമസം. കൈയില്‍ മൂന്നുസെന്റ് സ്ഥലത്തിന്റെ പട്ടയമാണുള്ളത്. പന്നിയൂര്‍ പൂവം ഭാഗത്താണ് ഭൂമിയെന്ന് പറഞ്ഞിരുന്നു. കടലാസ് ലഭിച്ചതല്ലാതെ ഒരു അറിയിപ്പും ഇതുവരെ വന്നിട്ടില്ല. സ്ഥലം കാണാന്‍ പോയിരുന്നു. ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയാണ് തങ്ങള്‍ക്കും തന്നതെന്നൊക്കെയാണ് പത്രത്തില്‍ വായിച്ചത്. ശരിയാണെന്നൊന്നും അറിയില്ലെന്ന് ഷീജ പറഞ്ഞു.

തലശേരി ഗേള്‍സ്സ്കൂളിനടുത്ത പള്ളിവക സ്ഥലത്താണ് വര്‍ഷങ്ങളായി ഐവന്‍ജോണിന്റെ കുടുംബം കഴിയുന്നത്. പള്ളിവളപ്പിലെ ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന കപ്യാര്‍ ബാലന്‍അബ്രഹാം, ജെറോള്‍ഡ് എന്നിവര്‍ക്കും പട്ടയമല്ലാതെ ഭൂമി ലഭിച്ചില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രണ്ടാംഘട്ടമെന്ന് പറഞ്ഞ് വീണ്ടും ഭൂമിക്ക് അപേക്ഷ സ്വീകരിക്കുന്നുണ്ട്. ഭൂമിയെന്ന് പറഞ്ഞ് ജനത്തെ പ്രലോഭിപ്പിക്കുകയാണ് സര്‍ക്കാര്‍. തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പെരിങ്ങോം, പെരിന്തട്ട, പട്ടുവം തുടങ്ങിയ തളിപ്പറമ്പ് താലൂക്കിലെ മലയോരമേഖലയിലാണ് പട്ടയം. മത്സ്യബന്ധനംനടത്തി ജീവിക്കുന്നവര്‍മലയോരത്തെ ഉള്‍പ്രദേശങ്ങളില്‍നിന്ന് എങ്ങനെ പണിയെടുക്കാനെത്തുമെന്നതൊന്നും അധികൃതരെ അലട്ടുന്നില്ല. പാറക്കല്ലുകള്‍ നിറഞ്ഞ തരിശുഭൂമിയാണ് മിക്കവര്‍ക്കും ലഭിച്ചത്. ഭൂമി ലഭിച്ചപ്പോഴുള്ള ആഹ്ലാദവും പ്രതീക്ഷയുമെല്ലാം ആശങ്കയായി മാറുകയാണിപ്പോള്‍.

പട്ടയം കിട്ടിയവര്‍ ഭൂമി കിട്ടാതെ അലയുന്നു

കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പട്ടയം കിട്ടിയവര്‍ ഭൂമി കിട്ടാന്‍ വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുന്നു. പട്ടയം കിട്ടിയവരില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയതായും പുറത്തുവന്നു. പട്ടയപ്രകാരമുള്ള ഭൂമിയേതെന്ന് അളന്നു തിരിച്ച് നല്‍കാതെ പട്ടയം നല്‍കിയത് കാരണമാണ് ഭൂമി കിട്ടാത്തത്. മാത്രമല്ല വിതരണം ചെയ്ത പട്ടയങ്ങള്‍ക്കൊന്നും റവന്യു നിയമപ്രകാരമുള്ള ഫയലുകള്‍ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഉണ്ടാക്കിയിട്ടില്ല. തിരുവനന്തപുരത്ത് റവന്യു കമീഷണറുടെ ഓഫീസില്‍നിന്ന് പ്രിന്റ് ചെയ്ത പട്ടയം കാസര്‍കോടെത്തിച്ചാണ് വിതരണം ചെയ്തത്. ഏത് വില്ലേജിലാണ് ഭൂമിയെന്ന് പട്ടയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുമായി വില്ലേജ് ഓഫീസിലെത്തിയവര്‍ നിരാശരായി മടങ്ങി. രേഖകളൊന്നും ശരിയായിട്ടില്ല. കുറച്ചുദിവസം കഴിഞ്ഞ് വരണമെന്ന മറുപടിയാണ് ഓഫീസില്‍നിന്ന് പാവപ്പെട്ട ആളുകള്‍ക്ക് ലഭിക്കുന്നത്. എത്ര ദിവസം കഴിയണമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലതാനും. രണ്ടോ, മൂന്നോ മാസം കഴിഞ്ഞേക്കുമെന്നും ചിലര്‍ പറയുന്നുണ്ട്.

വോട്ടര്‍മാരെ സ്വാധീനിക്കാനായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് രേഖകളൊന്നും ശരിയാക്കാതെ ധൃതിപിടിച്ച് ലക്ഷങ്ങള്‍ മുടക്കി പട്ടയമേള നടത്തുകയായിരുന്നു. ഏക്കര്‍കണക്കിന് ഭൂമിയാണ് പല വില്ലേജിലും കണ്ടെത്തിയിട്ടുള്ളത്. സാറ്റലൈറ്റ് സര്‍വേയില്‍ കണ്ടെത്തിയ ഭൂമി തിരുവനന്തപുരത്തിരുന്ന് പ്ലോട്ടുകളാക്കി നമ്പരിട്ടാണ് പട്ടയം നല്‍കിയത്. എന്നാല്‍ ഭൂമി നേരിട്ട് അളന്ന് പ്ലോട്ടുകള്‍ തിരിച്ചിട്ടില്ല. ഇത് മാസങ്ങളെടുക്കുന്ന ജോലിയാണ്. അതോടൊപ്പം ഓരോ പട്ടയത്തിനും പ്രത്യേകം ഫയല്‍ റവന്യു വകുപ്പിന്റെ കൈവശം വേണം. അത് ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍നിന്നും താലൂക്ക് ഓഫീസില്‍നിന്നും തയ്യാറാക്കേണ്ടതാണ്. ഇതിനും മാസങ്ങള്‍ വേണ്ടിവരും. ഇതൊന്നും ചെയ്യാതെ തിരുവനന്തപുരത്തിരുന്ന് പ്ലോട്ട് തിരിച്ച് പട്ടയവും അച്ചടിച്ച് നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ ആളുകള്‍ക്ക് നല്‍കുകയായിരുന്നു. പട്ടയവുമായെത്തിയ നിരവധിയാളുകള്‍ ഭൂമിക്ക് അര്‍ഹതയുള്ളവരല്ലെന്ന് ചില വില്ലേജ് ഓഫീസര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഏക്കര്‍കണക്കിന് ഭൂമി സ്വന്തമായുള്ളവരും മൂന്ന് സെന്റിനുള്ള പട്ടയം വാങ്ങിയിട്ടുണ്ട്. സ്വന്തമായി മൂന്നുസെന്റ് ഭൂമി കിട്ടാന്‍ സാധ്യതയില്ലാത്തവര്‍ക്കാണ് ഭൂമി നല്‍കുന്നത്. അച്ഛനോ അമ്മയ്ക്കോ ഭൂമിയുള്ളവര്‍ക്കും ഭൂമി ലഭിക്കില്ല. എന്നാല്‍ ചില ഉദ്യോഗസ്ഥന്മാരും ഭരണക്കാരും ചേര്‍ന്ന് വ്യാപക കൃത്രിമം നടത്തിയതായി പുറത്തുവന്നിട്ടുണ്ട്. ഭൂമി കിട്ടിയതില്‍ അധികവും അനര്‍ഹര്‍ക്കാണെന്ന ആക്ഷേപം പല കോണില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ഭരണകക്ഷിയുടെ ഒത്താശയോടെ ഭൂമാഫിയകളാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നിയന്ത്രിച്ചതെന്നും ആക്ഷേപമുണ്ട്.

മുഖ്യമന്ത്രിയുടെ വഞ്ചന: കുഞ്ഞിരാമനും കുടുംബവും അലയുന്നു

കാഞ്ഞങ്ങാട്: കാസര്‍കോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ പ്രഖ്യാപിച്ച 5.5 ലക്ഷം രൂപയ്ക്കായി കുഞ്ഞിരാമന്റെ കുടുംബം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ കുറ്റിക്കാലിലെ കെ കുഞ്ഞിരാമന്റെയും രോഗികളായ ഭാര്യയുടെയും മക്കളുടെയും വിലാപത്തില്‍ മുഖ്യമന്ത്രിയുടെ വഞ്ചനയുടെ കഥയാണ് നിറയുന്നത്. കാസര്‍കോട്ടെ ജനസമ്പര്‍ക്ക പരിപാടിയിലെ ഏറ്റവും വലിയ ധനസഹായമെന്ന് വാഴ്ത്തിയ ചാനലുകളും പത്രങ്ങളും കുഞ്ഞിരാമന്റെ കുടുംബത്തിന്റെ ദുരിതത്തിനുമുന്നില്‍ കണ്ണ് തുറക്കുന്നില്ല. കലക്ടറും സബ് കലക്ടറും എഡിഎമ്മും ഇവര്‍ക്കുമുന്നില്‍ കൈമലര്‍ത്തുന്നു.

പക്ഷാഘാതം ബാധിച്ച് കുഞ്ഞിരാമന്‍ കിടപ്പിലായിട്ട് 15 വര്‍ഷത്തോളമായി. ഊന്നുവടിയുടെ സഹായമില്ലാതെ അനങ്ങാന്‍ പോലുമാവാത്ത അവസ്ഥ. ഇരട്ടമക്കളായ നിധിനും (21) നിധീഷും(21) മാനസിക വൈകല്യമനുഭവിക്കുന്നവരാണ്. പ്രാഥമിക കൃത്യങ്ങള്‍ പോലും തനിച്ച് നിര്‍വഹിക്കാനാകില്ല. ഇവരെ സദാസമയവും പരിചരിക്കേണ്ടതിനാല്‍ അമ്മ ലക്ഷ്മിക്ക് ജോലിക്ക് പോകാനുമാവില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെട്ട നിധീഷിനും നിധിനും ലഭിക്കുന്ന പെന്‍ഷന്‍ മാത്രമാണ് ഈ നാലംഗ കുടുംബത്തിന്റെ ഏക വരുമാനം. ഇതിന്റെ ഏറിയ പങ്കും മരുന്നിനുതന്നെ വേണ്ടിവരുന്നു. സ്വന്തമായി 15 സെന്റ് ഭൂമിയുണ്ടെങ്കിലും പണമില്ലാത്തതിനാല്‍ വീട് നിര്‍മാണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇവര്‍ക്കായിട്ടില്ല. മഴയില്‍ ചോര്‍ന്നൊലിക്കുന്ന ചെറിയൊരു ഒറ്റമുറി വീട്ടിലാണ് താമസം.

ഇതിന് പരിഹാരം തേടിയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്കെത്തിയത്. ചോര്‍ന്നൊലിക്കുന്ന കൂരയില്‍നിന്ന് മോചനം തേടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ കുഞ്ഞിരാമന് വീട് നിര്‍മാണത്തിന് അഞ്ചുലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. കുഞ്ഞിരാമന്റെയും മക്കളുടെയും ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 50,000 രൂപയുടെ സഹായവും പ്രഖ്യാപിച്ചു. ഭാര്യ ലക്ഷ്മിക്ക് ആശാകിരണ്‍ പദ്ധതി വഴി പെന്‍ഷനും കുഞ്ഞിരാമനും മക്കളായ നിധിനും നിധീഷിനും സൗജന്യ ചികിത്സ അനുവദിക്കാനും ഉത്തരവിട്ടു. വീടിന്റെ തറ പണിത് കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായിട്ടും 5000 രൂപ മാത്രമാണ് ലഭിച്ചത്.

ടി കെ നാരായണന്‍
deshabhimani

No comments:

Post a Comment