Saturday, March 22, 2014

മാവേലിക്കര: മാറ്റത്തിന്റെ ശംഖൊലി

കൊടിക്കുന്നില്‍ സുരേഷിനെ രണ്ടുതവണ മുട്ടുകുത്തിച്ചതിന്റെ പരിചയവുമായാണ് ചെങ്ങറ സുരേന്ദ്രന്‍ മാവേലിക്കരയുടെ മാനം കാക്കാന്‍ ഇക്കുറി രംഗത്തിറങ്ങിയത്. വിവാദവും വികാസനമില്ലായ്മയുമാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ച. ഇത് യുഡിഎഫിനെ കാര്യമായി അലട്ടുന്നു. നിരവധി ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിര പോരാളിയായ ചെങ്ങറയുടെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷത്തിന് ആത്മവിശ്വാസം പകര്‍ന്നു, പ്രചാരണത്തില്‍ മേല്‍ക്കൈ നേടി. എംപിയായി കഴിവുതെളിയിച്ച ചെങ്ങറ പുതിയ മണ്ഡലത്തിലും സുപരിചിതന്‍.

1998ല്‍ പഴയ അടൂര്‍ ലോക്സഭാ മണ്ഡലത്തിലാണ് കന്നിയങ്കം. അന്ന് കൊടിക്കുന്നില്‍ സുരേഷിനെ 17,005 വോട്ടിനാണ് തോല്‍പ്പിച്ചത്. 1999ല്‍ കൊടിക്കുന്നില്‍ വിജയിച്ചെങ്കിലും 2004ല്‍ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചെങ്ങറ തിരിച്ചുപിടിച്ചു. പത്തനംതിട്ട ജില്ലയിലെ കോന്നി ചെങ്ങറ മഠത്തിലേത്ത് വീട്ടില്‍ പരേതനായ കുഞ്ഞുകുഞ്ഞിന്റെയും ജാനകിയുടെയും മകനായി 1968ല്‍ ജനിച്ച ചെങ്ങറ സുരേന്ദ്രന്‍ എഐവൈഎഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. ബിരുദാനന്തര ബിരുദധാരിയായ ചെങ്ങറ സിപിഐ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്. വികസന മുരടിപ്പും വിവാദങ്ങളും മൂലം പ്രതിരോധത്തിലായ കൊടിക്കുന്നിലിന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ശാലുമേനോനുമായുള്ള ബന്ധം ഉയര്‍ത്തിയ പുകിലിന് മറുപടിയില്ല. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ ഈ പ്രശ്നമുയര്‍ത്തിയിട്ടുണ്ട്. ഡിസിസി ജനറല്‍ സെക്രട്ടറിയടക്കം കൊടിക്കുന്നിലിന്റെ സ്ഥാനാര്‍ഥിത്വത്തെ ചോദ്യംചെയ്തു. തങ്ങള്‍ കാലുവാരില്ലെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെക്കൊണ്ട് പരസ്യമായി പറയിപ്പിച്ചതും ഭയപ്പാടുമൂലമാണ്. എന്നാല്‍, ഇന്നത്തെ യുഡിഎഫ് സംവിധാനം കൊടിക്കുന്നിലിന്റെ വിജയത്തിന് പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടാന്‍ ബാലകൃഷ്ണപിള്ള മറന്നതുമില്ല. നാടുനീളെ നടന്നു പ്രഖ്യാപിച്ച പദ്ധതികളൊന്നും യാഥാര്‍ഥ്യമാക്കാന്‍ കൊടിക്കുന്നിലിന് കഴിഞ്ഞില്ല. പത്തനാപുരം ആവണീശ്വരം ഓവര്‍ബ്രിഡ്ജ്, കരുനാഗപ്പള്ളി-കൊട്ടാരക്കര പ്രധാന റെയില്‍പ്പാതയില്‍ മൈനാഗപ്പള്ളി, മാളിയേക്കല്‍ ജങ്ഷനുകളിലെ മേല്‍പ്പാലം, അവഗണനയുടെ "ഗേറ്റ് വേ"യായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, കശുവണ്ടിത്തൊഴിലാളിക്ക് മിനിമം പെന്‍ഷന്‍ 1000 ആക്കുമെന്ന ഉറപ്പ്, കുടിവെള്ളപദ്ധതികള്‍ ഇങ്ങനെ പോകുന്നു പ്രഖ്യാപനത്തിലൊതുങ്ങിയവ.

ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തി അഭ്യസ്തവിദ്യരെ സെയില്‍സ് ഗേളാക്കിയത്, ദയനീയ സ്ഥിതിയിലായ കുട്ടനാട് പാക്കേജ്, കുട്ടനാട് മണ്ഡലത്തിലടക്കം ആരോഗ്യരംഗത്ത് നയാപൈസാ വിനിയോഗിക്കാതെ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ "ആരോഗ്യമേള"കള്‍ എന്നിവ യുഡിഎഫ് ക്യാമ്പുകളില്‍പോലും ചിരി പടര്‍ത്തി. നൂറനാട് ജനങ്ങളെ വെല്ലുവിളിച്ച് പട്ടാളക്യാമ്പ് സ്ഥാപിച്ചതും മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെ സഹമന്ത്രി ചരടുവലിച്ചതും ഇഎസ്ഐ ആശുപത്രി സ്ഥാപിക്കുമെന്ന് പറയുന്നതിലെ തട്ടിപ്പും ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നു. തിരുവനന്തപുരം ജില്ല സ്വദേശിയായ കൊടിക്കുന്നില്‍ സുരേഷ് കെഎസ്യുവിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. കേന്ദ്ര തൊഴില്‍ സഹമന്ത്രിയാണ്. ബിജെപി സ്ഥാനാര്‍ഥിയായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി സുധീറും മത്സരരംഗത്തുണ്ട്.

ആര്‍ രാജേഷ് ദേശാഭിമാനി

കുട്ടനാട് പാക്കേജിന് പ്രാമുഖ്യം: ചെങ്ങറ

ആലപ്പുഴ: തെരഞ്ഞെടുക്കപ്പെട്ടാല്‍ കുട്ടനാട്ടിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് എല്‍ഡിഎഫ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴ പ്രസ്ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ കുടിവെള്ളപ്രശ്നം അതിരൂക്ഷമാണ്. കൈനകരിയിലെ കുറെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന്റെ വക്കില്‍വരെ എത്തിയത് കുടിവെള്ളപ്രശ്നത്തിന്റെ പേരിലാണ്. അവരെ നേരില്‍കണ്ട് ഉറപ്പ് നല്‍കി.

എംപി ഫണ്ടില്‍ ആദ്യംതന്നെ കൈനകരിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുമെന്നും ചെങ്ങറ സുരേന്ദ്രന്‍ പറഞ്ഞു. മാവേലിക്കര മണ്ഡലത്തില്‍ കാര്യമായ വികസനപ്രവര്‍ത്തനങ്ങളൊന്നും കഴിഞ്ഞ അഞ്ചുകൊല്ലത്തിനുള്ളില്‍ നടന്നിട്ടില്ല. മണ്ഡലത്തെ പ്രതിനിധീകരിച്ച എംപി കേന്ദ്രതൊഴില്‍ സഹമന്ത്രിയായിരുന്നിട്ടും തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനംപോലും യഥാസമയം ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. നടത്താത്ത കാര്യങ്ങള്‍ പലതും നടത്തിയെന്ന് പ്രചരിപ്പിക്കുകയാണ്. കായല്‍തീരങ്ങളില്‍ 1.23 കോടി രൂപ ചെലവിട്ട് കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിച്ചുവെന്നാണ് ഒരവകാശവാദം. കായല്‍കരയിലെങ്ങും ഒറ്റ കണ്ടല്‍ച്ചെടികള്‍ നാട്ടുകാര്‍ കണ്ടിട്ടില്ല. ഒരെണ്ണത്തിന് 20 ലക്ഷം രൂപ ചെലവിട്ട് 150 കൊയ്ത്തുയന്ത്രം വാങ്ങിയെന്നാണ് പറയുന്നത്. 42 കൊയ്ത്തുയന്ത്രം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പറഞ്ഞുപറ്റിക്കാന്‍ താനില്ല. തൊഴിലാളി കുടുംബത്തില്‍നിന്നുംവന്ന എനിക്ക് മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ നന്നായി അറിയാം. കുട്ടനാട് നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും. കുട്ടനാട് പാക്കേജിന്റെ സ്ഥിതി ദയനീയമാണ്. ഇത് ഇപ്പോള്‍ നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് 4000 കോടി രൂപ വേണം. സമയബന്ധിതമായി പദ്ധതി നടപ്പാക്കാതിരുന്നതാണ് ഇതിന് കാരണം. 1000 കോടിയിലധികം ചെലവിട്ടുവെന്ന് പറയുന്നു. ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്ന് വിശദീകരിക്കണമെന്ന് ചെങ്ങറ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ-ചങ്ങനാശേരി കനാല്‍ ആഴംകൂട്ടാനും നവീകരിക്കാനും 26 കോടി രൂപ ആവശ്യമായിരുന്നു. അഞ്ചുകോടി മാത്രമാണ് ഇതിന് നീക്കിവച്ചത്. തോട്ടപ്പള്ളി സ്പില്‍വെയും തണ്ണീര്‍മുക്കം ബണ്ടും നവീകരിക്കാനോ ആഴംകൂട്ടാനോ കഴിഞ്ഞിട്ടില്ല. ഒരുകോടി രൂപ ചെലവിട്ട് 20,000 കരിമീന്‍കുഞ്ഞുങ്ങളെ കായലില്‍ നിക്ഷേപിച്ചത്രെ. അത് ആര്‍ക്കും എണ്ണിനോക്കാനാകില്ലല്ലോ. ഇത്തരം തട്ടിപ്പുകള്‍ ഇനി മണ്ഡലത്തില്‍ ചെലവാകില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും മണ്ഡലത്തിലെ വികസനമുരടിപ്പും വിജയസാധ്യത വര്‍ധിപ്പിക്കുന്നതായും ചെങ്ങറ സുരേന്ദ്രന്‍ പറഞ്ഞു.

No comments:

Post a Comment