ബിജെപിയും സംഘപരിവാറും കോര്‍പറേറ്റ് മാധ്യമങ്ങളും ഒരേ സ്വരത്തില്‍ പറയുന്നു, രാജ്യത്ത് മോഡി തരംഗമുണ്ടെന്ന്. എന്നാല്‍, അതേ ശ്വാസത്തില്‍ അവര്‍ പറയുന്നത് മോഡി നയിക്കുന്ന ബിജെപിക്ക് 200 സീറ്റ് മാത്രമേ കിട്ടാനിടയുള്ളൂ എന്നും. 543 അംഗങ്ങളുള്ള ലോക്സഭയില്‍ പകുതി സീറ്റുപോലും ബിജെപിക്ക് കിട്ടില്ലെന്നുറപ്പായിട്ടും ഇവര്‍ വാദിക്കുന്നത് മോഡിതരംഗമുണ്ടെന്നാണ്. മുതിര്‍ന്ന ബിജെപി നേതാക്കളായ ജസ്വന്ത് സിങ്ങും ലാല്‍മുനി ചൗബേയും ഹരിന്‍പാഠക്കും മോഡിക്കെതിരെ പരസ്യമായി രംഗത്തുവരുമ്പോള്‍ മോഡിതരംഗം എവിടെയെന്ന് വിശദീകരിക്കാനാകാതെ സംഘപരിവാര്‍ കുഴങ്ങുന്നു.
സമീപകാലത്തൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ക്ക് അനുകൂലമായും ഒരു തരംഗമുണ്ടായിട്ടില്ല. 2009ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 206 സീറ്റ്. ഘടകക്ഷികളുടെ സീറ്റ് കൂടിയാവുമ്പോള്‍ 260. അതായത്, ഭൂരിപക്ഷത്തിന് 13 സീറ്റിന്റെ കുറവ്. 2009ല്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റേ ഇക്കുറി ബിജെപിക്കും കിട്ടാനിടയുള്ളൂ എന്നാണ് മിക്ക പ്രവചനങ്ങളും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു തരംഗമുണ്ടായിട്ടുണ്ടെങ്കില്‍, ഏറ്റവും അവസാനമായി 1984ലാണ്. ഇന്ദിരാ വധത്തിനുശേഷം. 494 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 404 സീറ്റ്. 224 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് രണ്ടും. കോണ്‍ഗ്രസിന് ചരിത്രത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്. 1952ല്‍ 364, 1957- 371, 1962 -361, 1967- 283, 1971- 352, 1977-154, 1980- 353 എന്നിങ്ങനെയായിരുന്നു അതിനുമുമ്പുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം.
1984നു ശേഷം നടന്ന ഏഴ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ടിക്കും ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റ് ലഭിച്ചിട്ടില്ല. കോണ്‍ഗ്രസിന് 1991ലും 2009ലും മാത്രം ഇരുനൂറിലേ സീറ്റ് കിട്ടി, യഥാക്രമം 232, 206 സീറ്റ്. ബിജെപി ഒരിക്കലും 200ലെത്തിയിട്ടില്ല. അവരുടെ മികച്ച പ്രകടനം 1998ലാണ്, 182 സീറ്റ്.
തരംഗമുണ്ടെന്നു പറഞ്ഞ് വോട്ടര്‍മാരെ വഞ്ചിക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളും സംഘപരിവാറും നടത്തുന്നത്. കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരമുണ്ടെന്നത് സത്യം. എന്നാല്‍, കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിക്കുമാത്രം ലഭിക്കുമെന്ന വിലയിരുത്തല്‍ മൗഢ്യമായിരിക്കും. പല സംസ്ഥാനങ്ങളിലും ശക്തമായ പ്രാദേശിക കക്ഷികളാവും കോണ്‍ഗ്രസ് വിരുദ്ധ വോട്ട്് നേടുക. അതുകൊണ്ടുതന്നെ ബിജെപിയുടെ മോഡിതരംഗമെന്നത് വോട്ട് തട്ടാനുള്ള വെറും പ്രചാരണകോലാഹലം.
വി ബി പരമേശ്വരന്‍
No comments:
Post a Comment