സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി ചെലവ് സാമ്പത്തികവര്‍ഷത്തിന്റെ അവസാനാളിലും 34 ശതമാനം മാത്രം. മുന്‍വര്‍ഷങ്ങളിലെ തുടര്‍പദ്ധതികളുടെ ചെലവുകൂടി ചേര്‍ത്തുള്ള സര്‍ക്കാര്‍ കണക്ക് 50.80 ശതമാനമാണ്. കണക്ക് പെരുപ്പിച്ചുകാട്ടിയിട്ടും പദ്ധതി ചെലവ് പരിതാപകരമാണെന്ന് വ്യക്തം. പദ്ധതി അടങ്കലിന്റെ ഭൂരിപക്ഷവും ചെലവഴിക്കപ്പെടുന്ന അവസാനമാസങ്ങളിലുണ്ടായ കടുത്ത സാമ്പത്തികപ്രതിസന്ധിയും ട്രഷറി നിയന്ത്രണങ്ങളും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുമാണ് ഇതിനു കാരണം.
4,000 കോടിരൂപയുടെ പദ്ധതിവിഹിതമാണ് ഈവര്‍ഷം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിച്ചത്. പദ്ധതി അവലോകനത്തിനായി ചേര്‍ന്ന വികേന്ദ്രീകൃത ആസൂത്രണസംസ്ഥാനതല ഏകോപനസമിതി അംഗീകരിച്ച കണക്കനുസരിച്ച് പദ്ധതി ചെലവ് 50.80 ശതമാനമാണ്. പഞ്ചായത്ത് മന്ത്രി എം കെ മുനീറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഗ്രാമപഞ്ചായത്തുകള്‍ 1772 കോടി രൂപയും (59 ശതമാനം) ബ്ലോക്ക് പഞ്ചായത്തുകള്‍ 388 കോടിയും (73 ശതമാനം) ജില്ലാ പഞ്ചായത്തുകള്‍ 341 കോടിയും (30 ശതമാനം) മുനിസിപ്പാലിറ്റികള്‍ 230 കോടിയും (49 ശതമാനം) കോര്‍പറേഷനുകള്‍ 113 കോടിയും (43 ശതമാനം) ആണ് ചെലവിട്ടതെന്ന് അവലോകനസമിതി വിലയിരുത്തുന്നു.
മുന്‍വര്‍ഷത്തെ തുടര്‍ പദ്ധതികളടക്കം 5403 കോടി രൂപയുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഈവര്‍ഷം നടക്കണം. ഇതുവരെ ചെലവിട്ടത് 2761 കോടിയും. മുന്‍വര്‍ഷത്തെ 1403 കോടിരൂപയുടെ പദ്ധതികള്‍ കിഴിച്ചാല്‍ 1357 കോടിരൂപയാണ് (34 ശതമാനം) നടപ്പുവര്‍ഷത്തെ ചെലവ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും സാമ്പത്തികപ്രതിസന്ധിയുടെ ഭാഗമായ കടുത്തനിയന്ത്രണങ്ങളും ഈവര്‍ഷം ഇനി ചെലവൊന്നും സാധ്യമാക്കുന്നില്ല. ഒരു കോടിയിലേറെ രൂപയുടെ എല്ലാ ചെലവിനും ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശം ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതികള്‍ അനിശ്ചിതത്വത്തിലാക്കി.
ചെറിയ ചെലവുകളും വിലക്കി. അനിയന്ത്രിതമായ ധനകമ്മിയില്‍നിന്ന് തലയൂരാനുള്ള തത്രപ്പാടിലാണ് നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും ജനകീയ ഇടപെടല്‍ ഇല്ലാതാക്കിയതും തിരിച്ചടിയായി. വിദഗ്ധസമിതികള്‍ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ജനപങ്കാളിത്തം നഷ്ടപ്പെടുത്തി. പദ്ധതിരൂപീകരണവും നിര്‍വഹണവും ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാക്കി. നോമിനികളുടെ വേഷമിട്ട കരാറുകാരും ഒരുവിഭാഗം ഉദ്യോഗസ്ഥരും ഭരണകക്ഷിനേതാക്കളും ചേര്‍ന്ന അവിഹിത കൂട്ടുകെട്ട് വ്യാപിപ്പിച്ചതും പദ്ധതിപ്രവര്‍ത്തനം മന്ദഗതിയിലാക്കി. സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തിലാണ് പദ്ധതിവിഹിതത്തിന്റെ സിംഹഭാഗവും ചെലവഴിക്കപ്പെടുന്നത്.
ട്രഷറി നിയന്ത്രണം ഇത് മുടക്കി. ഒപ്പം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ജനുവരി 29നു മുന്‍വര്‍ഷപദ്ധതികളുടെ ചെലവും ചേര്‍ത്ത പദ്ധതി ചെലവ് ശതമാനത്തില്‍: ഗ്രാമപഞ്ചായത്തുകള്‍ 38, ബ്ലോക്ക് പഞ്ചായത്തുകള്‍ 58, ജില്ലാ പഞ്ചായത്തുകള്‍ 22, മുനിസിപ്പാലിറ്റികള്‍-49, കോര്‍പറേഷനുകള്‍-43. ഇതില്‍നിന്ന് വലിയമാറ്റമൊന്നും മാര്‍ച്ച് അവസാനവുമുണ്ടായില്ല. ചെലവഴിക്കപ്പെടാതെയുള്ള പണം വകമാറ്റി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രേഖകളില്‍ മാത്രം ഫണ്ട് വകമാറ്റല്‍ വരുത്തി ചെലവ് ഉയര്‍ത്തിക്കാട്ടാനുള്ള നീക്കവുമുണ്ട്.
ജി രാജേഷ്കുമാര്‍ deshabhimani
No comments:
Post a Comment