ദേശീയതലത്തിലും കേരളത്തിലും കോണ്‍ഗ്രസിനെ ചരിത്രത്തിലെ ഏറ്റവും വലയ പരാജയം കാത്തിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഈ പരാജയം അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുക്കുന്നതാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് "ദേശാഭിമാനി"ക്ക് അനുവദിച്ച അഭിമുഖത്തില്‍ പന്ന്യന്‍ പറഞ്ഞു.
എന്ത് അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍
രാജ്യചരിത്രത്തില്‍ കളങ്കം ചാര്‍ത്തിയ മൂന്ന് പ്രധാനമന്ത്രിമാരാണ് നമുക്കുള്ളത്. രാജ്യത്തിന്റെ മതേതരത്വം തകര്‍ത്ത നരസിംഹ റാവുവാണ് ഒന്നാമന്‍. ഹിന്ദുവര്‍ഗീയവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ സ്വന്തം പൂജാമുറിയില്‍ ഇരുന്ന് സഹായം കൊടുത്ത പ്രധാനമന്ത്രിയാണ് നരസിംഹറാവു. ബൊഫോഴ്സ് കോഴ ഇടപാടിലൂടെ രാജീവ്ഗാന്ധിയും കളങ്കിതനായി. ഈ അഴിമതിയേക്കാള്‍ ഭീകരമായ പൊതുമുതല്‍ കൊള്ളയുടെ കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോര്‍പറേറ്റുകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും ശതകോടീശ്വരന്മാര്‍ക്കും വേണ്ടിയുള്ള ഏജന്‍സി പണിയാണ് നടന്നത്. റിലയന്‍സ് എന്ന വന്‍കിട മുതലാളിയെ ലോകമുതലാളിയാക്കാന്‍ വിയര്‍പ്പൊഴുക്കി. അതേസമയം, കോടാനുകോടി പാവപ്പെട്ടവര്‍, ഇടത്തരക്കാര്‍, തൊഴിലാളികള്‍ എന്നിവരുടെ ദൈനംദിന ജീവിതത്തെ ചവിട്ടിമെതിച്ചു. ദരിദ്രനാരായാണന്മാരുടെ ഗ്രാഫ് എത്രകണ്ട് ഉയര്‍ന്നെന്ന് ആര്‍ക്കും പറയാനാകാത്ത നില. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ ഏറ്റവും താഴെയായി. വിലക്കയറ്റത്തിന്റെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യം നല്‍കാന്‍ ഫെഡറല്‍സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അവരത് നിര്‍വഹിച്ചോ.
കോണ്‍ഗ്രസിന് ബദലായി ദേശീയ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിയെ ആണല്ലോ
രണ്ട് പ്രധാന മുന്നണികളും കടുത്ത പരാജയമാണ് നേരിടാന്‍ പോകുന്നത്. യുപിഎയും എന്‍ഡിഎയും പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായി ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധിയെയും നരേന്ദ്രമോഡിയെയും ജനം തിരസ്കരിച്ചു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഇവര്‍ക്കുള്ള ടെസ്റ്റ് ഡോസായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ജനവികാരത്തിന്റെ ഏറ്റവും വലിയ സൂചനയാണ് ഇവിടെ കണ്ടത്. ഇടതുപക്ഷവും മതേതര സങ്കല്‍പ്പവും പുലര്‍ത്തുന്ന മറ്റ് ദേശീയപാര്‍ടികളും ചെറുകക്ഷികളുമെല്ലാം മതേതരത്വം സംരക്ഷിക്കാന്‍ ഒരേ പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയാണ്.
കേരള ഭരണത്തിന്റെ വിലയിരുത്തല്‍ ആകുമെന്നാണല്ലോ ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത്
കേരളത്തില്‍ രണ്ടേ മുക്കാല്‍ വര്‍ഷത്തെ യുഡിഎഫ് ഭരണം ജനങ്ങളില്‍ മായാത്ത മുറിപ്പാട് സൃഷ്ടിച്ചു. സങ്കല്‍പ്പത്തിനുമപ്പുറം തട്ടിപ്പും വെട്ടിപ്പും നടത്താന്‍ സര്‍ക്കാര്‍ ഒത്താശചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസും സ്റ്റാഫും വിശ്വസ്തരുമെല്ലാം തട്ടിപ്പില്‍ പങ്കാളികളായി. സലീംരാജ് എന്ന പൊലീസുകാരന്‍ കേരള മുഖ്യമന്ത്രിയേക്കാള്‍ വലുതാണോ എന്ന് ഹൈക്കോടതിക്ക് ചോദിക്കേണ്ടിവന്നു. സോളാര്‍ കേസില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിക്കൂട്ടിലാണ്. എട്ടു മന്ത്രിമാര്‍ വിവിധ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസിലുള്‍പ്പെട്ടു. കേസില്‍നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാന്‍ പ്രതിവര്‍ഷം 312 കോടി രൂപ മാറ്റിവച്ചു. അത് വെട്ടിക്കുറച്ച് ഈ സര്‍ക്കാര്‍ 65 കോടി രൂപയാക്കി. ഇന്ന് റേഷന്‍കടകള്‍, മാവേലി സ്റ്റോറുകള്‍, നീതിസ്റ്റോറുകള്‍, ഹോര്‍ട്ടികോര്‍പ് തുടങ്ങിയവയെല്ലാം നോക്കുകുത്തികളായി.
വികസനമുരടിപ്പ് കേരളത്തെ തളര്‍ത്തി. യുഡിഎഫിന് 16 എംപിമാരും എട്ട് കേന്ദ്രമന്ത്രിമാരും ഉണ്ടായിട്ടും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഒന്നും നടപ്പാക്കിയില്ല. പാലക്കാട് കോച്ച് ഫാക്ടറി ഒന്നാം യുപിഎ സര്‍ക്കാര്‍ അനുവദിച്ചതാണ്. അന്ന് 18 എംപിമാര്‍ ഉണ്ടായിരുന്ന എല്‍ഡിഎഫ് ശക്തമായി ഇടപെട്ടതിനാല്‍ ഇടതുപക്ഷ പിന്തുണയോടെ ഭരിച്ച യുപിഎ സര്‍ക്കാര്‍ കോച്ച് ഫാക്ടറി അനുവദിച്ചു. ചേര്‍ത്തല വാഗണ്‍ ഫാക്ടറി ഉള്‍പ്പെടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി കിട്ടിയ മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കെല്ലാം ഇതേ ഗതിയാണ്. വിഴിഞ്ഞം തുറമുഖം അവഗണന മറ്റൊന്ന്. തമിഴ്നാട്ടിലെ കുളച്ചില്‍ തുറമുഖത്തിന് 1600 കോടി അനുവദിച്ചപ്പോള്‍ നമുക്ക് 16 കോടിപോലും തന്നില്ലല്ലോ
മന്ത്രിമാരുടെ ഓഫീസും കളങ്കിതമാണ്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കോണ്‍ഗ്രസ് ഓഫീസില്‍ യുവതിയെ പീഡിപ്പിച്ചുകൊന്നു. മഹാത്മജിയുടെ ഫോട്ടോക്ക് താഴെ മൂന്നു ദിവസം ശവം സൂക്ഷിച്ചു. രണ്ടുപേരെ പിടിച്ച് കേസ് ഒതുക്കി ഉന്നതരെ രക്ഷിക്കുകയാണ്. പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജിനെയും കെ സുധാകരന്‍ എംപിയുടെ ഗണ്‍മാനെയും പത്രപ്രവര്‍ത്തകനായ ഉണ്ണിത്താന്‍ വധശ്രമകേസിലെ പ്രതിയായ ഡിവൈഎസ്പിയെയും ഒഴിവാക്കിയത് ആരുടെ പ്രേരണയിലാണ്? കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനമെന്ന തട്ടിപ്പ് ജനം തള്ളി. ആത്മാര്‍ഥതയുണ്ടെങ്കില്‍ നവംബര്‍ 13ന്റെ വിജ്ഞാപനം റദ്ദാക്കുകയായിരുന്നു വേണ്ടത്. മലയോരകര്‍ഷകരുടെ നിലനില്‍പ്പ് അവതാളത്തിലാക്കിയിട്ടും സര്‍ക്കാര്‍ കള്ളക്കളി തുടരുന്നു. ഇതെല്ലാം ജനം വിലയിരുത്തും.
ആര്‍എസ്പി എല്‍ഡിഎഫ് വിട്ടത് യുഡിഎഫ് പ്രചാരണായുധമാക്കുന്നുണ്ടല്ലോ?
ഒരു ഇടതുപക്ഷ പാര്‍ടി വിട്ടുപോയതില്‍ ഞങ്ങള്‍ ദുഃഖിക്കുന്നു. ഒരു സീറ്റിനുവേണ്ടി ഇത്രയും കാലം സ്വീകരിച്ച രാഷ്ട്രീയനിലപാടിനെ ഒറ്റരാത്രികൊണ്ട് തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടുന്നതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. ചര്‍ച്ചയ്ക്ക് അവസരം നല്‍കാതെയാണ് അവര്‍ പോയത്. ഒരു സീറ്റിനോ മറ്റെന്തിനെങ്കിലുമോ വേണ്ടി ഇതുവരെ ഉയര്‍ത്തിയ ആദര്‍ശങ്ങളെല്ലാം പണയംവച്ച നേതാവ് എന്ന ബഹുമതിപ്പട്ടം നേടാന്‍ പ്രേമചന്ദ്രനെപ്പോലുള്ളവര്‍ക്ക് എങ്ങനെ കഴിഞ്ഞെന്ന് മനസ്സിലാകുന്നില്ല. അതേസമയം, ആര്‍എസ്പിയുടെ മറുകണ്ടംചാടല്‍ എല്‍ഡിഎഫിനെ ബാധിക്കില്ല. ആര്‍എസ്പിക്കാരായ ബഹുഭൂരിഭാഗം പ്രവര്‍ത്തകരും എല്‍ഡിഎഫിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് എങ്ങും.
എം രഘുനാഥ് ദേശാഭിമാനി
No comments:
Post a Comment