ജാതി-മതം തിരിച്ച് വോട്ട് സമാഹരിക്കാനുള്ള അത്യാര്‍ത്തി, മുകളില്‍ നിന്ന് വരുന്ന പണം, ആര്‍ക്കും എന്തും ചെയ്യാവുന്ന അവസ്ഥ, ഘടക കക്ഷികളോടുള്ള പുച്ഛം, ഉള്‍പ്പാര്‍ടി ജനാധിപത്യമില്ലായ്മയും സംഘടനാപരമായ അരാജകത്വവും-കോണ്‍ഗ്രസിനകത്ത് എന്തുസംഭവിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് വക്കം സമിതി റിപ്പോര്‍ട്ട്. കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും സംയുക്ത സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ചതിന് ആ സ്ഥാനാര്‍ഥികള്‍തന്നെ സ്ഥിരീകരണം നല്‍കിയതിന് തൊട്ടുപുറകെയാണ്, കോണ്‍ഗ്രസിന്റെ വൃത്തികെട്ട തെരഞ്ഞെടുപ്പു രാഷ്ട്രീയം തുറന്നുപറയുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായതിന്റെ കാരണം അന്വേഷിക്കാനാണ് വക്കം പുരുഷോത്തമന്‍ ചെയര്‍മാനും വി എസ് വിജയരാഘവന്‍, എ സി ജോസ് എന്നിവര്‍ അംഗങ്ങളുമായി കമീഷനെ കെപിസിസി നിശ്ചയിച്ചത്. സംസ്ഥാനത്താകെ തെളിവെടുപ്പു നടത്തി ആ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നുകൊല്ലമായിട്ടും നടപടിയില്ല; റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതുപോലുമില്ല. കോണ്‍ഗ്രസിനെ നശിപ്പിക്കുന്ന ചര്‍ച്ചയാകും അത് എന്നത്രെ എ കെ ആന്റണി പറഞ്ഞത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ റിപ്പോര്‍ട്ട് നടപടി ശുപാര്‍ശചെയ്യുന്നുണ്ട്. മണ്‍വിള രാധാകൃഷ്ണന്‍, ആറ്റിപ്ര അജയന്‍ (തിരുവനന്തപുരം), പുനലൂര്‍ മധു, കുളത്തൂപ്പുഴ ലത്തീഫ്, ഏരൂര് സുഭാഷ്, ചാമക്കാല ജ്യോതികുമാര്‍ (കൊല്ലം), സി എന്‍ സോമരാജന്‍ (ഇടുക്കി), കെ ആര്‍ സുഭാഷ് (എറണാകുളം), ജോസഫ് ടാജെറ്റ്, സെബി കൊടിയന്‍, (തൃശൂര്‍), പി എസ് അബ്ദുള്‍ഖാദര്‍, ശ്രീവത്സന്‍, പി ബാലചന്ദ്രന്‍, കെ എസ് ബി എ തങ്ങള്‍, കെ ആര്‍ നാരായണസ്വാമി, ബഷീര്‍(പാലക്കാട്), യു അബൂബക്കര്‍ (മലപ്പുറം), ശിവരാമന്‍, സി വി ബാലകൃഷ്ണന്‍, രാജീവന്‍, കണ്ണഞ്ചേരി വിജയന്‍, അഡ്വ. കെ വിജയന്‍, കോട്ടയില് രാധാകൃഷ്ണന്‍് (കോഴിക്കോട്) എന്നിവരാണ് ആ ലിസ്റ്റിലെ പ്രമുഖര്‍. ഇവരില്‍ ശിവരാമന്‍ അന്തരിച്ചു. രണ്ടുമൂന്നുപേര്‍ക്ക് നടപടി ഉണ്ടായിട്ടുണ്ട്. മറ്റുള്ളവര്‍ പൂര്‍വാധികം ശക്തിയോടെ കോണ്‍ഗ്രസില്‍ തുടരുന്നു.
തെളിവെടുപ്പില്‍ ഉയര്‍ന്ന ഏകകണ്ഠമായ അഭിപ്രായം കോണ്‍ഗ്രസ് പാര്‍ടിയുടെ അടിത്തട്ടു വളരെ ദുര്‍ബലമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മണ്ഡലം-ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഭൂരിഭാഗവും പ്രവര്‍ത്തനിരതരല്ല. വളരെയധികം പേര്‍ 20-30 വര്‍ഷങ്ങളായി ആ സ്ഥാനത്തുതന്നെ.""തെരഞ്ഞെടുപ്പു സമയത്ത് പാര്‍ടി സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ടി നല്‍കാറുള്ള സാമ്പത്തിക സഹായത്തിന്റെ ഒരുഭാഗം അതിനു മുന്‍പുതന്നെ ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളെ ഏല്‍പ്പിക്കണ""മെന്ന് രണ്ടിടത്ത് കമീഷന്‍ പറയുന്നു. അതിനര്‍ഥം, വന്‍ തോതില്‍ പണം മുകളില്‍നിന്ന് കൊടുക്കുന്നു എന്നാണ്. അഴിമതിപ്പണം കോണ്‍ഗ്രസ് എങ്ങനെ ചെലവിടുന്നു എന്ന് വക്കം പുരുഷോത്തമന്‍തന്നെ തുറന്നുപറയുന്നു.
മുസ്ലിം ലീഗുള്‍പ്പെടെയുള്ള ഘടക കക്ഷികളെ നേരിട്ടും അല്ലാതെയും റിപ്പോര്‍ട്ട് കഠിനമായി ആക്ഷേപിക്കുന്നു. ""കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട കേസ് മലബാറില്‍ ഒരു വിഭാഗത്തിന്റെ ഇടയില്‍ യുഡിഎഫിന് അനുകൂലമായി എങ്കിലും സംസ്ഥാനവ്യാപകമായി അത് യുഡിഎഫിനെതിരായി ബാധിച്ചു എന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം."" എന്നാണ് വക്കത്തിന്റെ വാചകം. ഐസ്ക്രീം കേസ് മലബാറില്‍ "യുഡിഎഫിന് അനുകൂലമായി" എന്ന പരിഹാസത്തോടൊപ്പം അതാണ് പരാജയ കാരണങ്ങളിലൊന്നായത് എന്ന കുറ്റപ്പെടുത്തല്‍ മുസ്ലിം ലീഗിന്റെ നെഞ്ചില്‍ തറയ്ക്കുന്നതാണ്.
ഐക്യജനാധിപത്യമുന്നണി സംവിധാനത്തിന് എല്ലാ അര്‍ഥത്തിലും നേതൃത്വം കൊടുക്കുന്നത് ജനകീയാടിത്തറയുള്ള പതിനായിരക്കണക്കിന് പ്രവര്‍ത്തകരുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് എന്നു ഉറപ്പിച്ചു പറഞ്ഞുകൊണ്ട്, ഘടകകക്ഷികളുടെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അടക്കം കോണ്‍ഗ്രസ് ഇടപെടണം എന്നാണ് വക്കത്തിന്റെ ശുപാര്‍ശ. ഘടകകക്ഷികളുടെ ഒരുപ്രവര്‍ത്തകന്‍പോലുമില്ലാത്ത മണ്ഡലങ്ങള്‍ കൂടി അവസാന നിമിഷം അവര്‍ക്ക് നല്‍കിയതായി ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട്, നെന്മാറ, ആലത്തൂര്‍, അരൂര്‍ തുടങ്ങിയ മണ്ഡലങ്ങളാണ് എടുത്തു പറയുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ജേക്കബ് ഗ്രൂപ്പും സിഎംപിയുമാണ് ഇങ്ങനെ സീറ്റ് വാങ്ങിയ മണ്ഡലങ്ങള്‍. ജേക്കബ് ഗ്രൂപ്പിന് മൂന്നു സീറ്റിന് അര്‍ഹതയില്ല, ഗൗരിയമ്മയും എം വി രാഘവനും പ്രായക്കൂടുതല്‍കൊണ്ട് അയോഗ്യര്‍, സംവരണ സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണം-ഇത്തരം നിരീക്ഷണങ്ങളുമുണ്ട്.
കോണ്‍ഗ്രസിന്റെ അഴിമതി തുറന്നുസമ്മതിക്കുകയാണ്. അഴിമതി തെരഞ്ഞെടുപ്പു തോല്‍വിയിലേക്ക് നയിച്ചു എന്നതില്‍ വക്കം സമിതിക്ക് സംശയമില്ല. ""2ജി സ്പെക്ട്രം അഴിമതിക്കേസും മറ്റു അഴിമതിക്കഥകളും അതോടൊപ്പം ആര്‍ ബാലകൃഷ്ണപിള്ള സംഭവവും ചൂണ്ടിക്കാട്ടി യുഡിഎഫ് അഴിമതിക്കാരുടെയും സ്വഭാവശുദ്ധി ഇല്ലാത്തവരുടെയും കൂടെയാണ് എന്ന് പ്രചരിപ്പിക്കുകയും ഈ പ്രചരണം നമ്മെ ദോഷകരമായി ബാധിക്കുകയുംചെയ്തു. ബാലകൃഷ്ണപിള്ള സംഭവത്തില്‍ കോണ്‍ഗ്രസ് എടുത്ത സമീപനത്തെക്കുറിച്ചും പ്രവര്‍ത്തകരുടെ ഇടയില്‍ അഭിപ്രായ വ്യത്യാസം തെളിഞ്ഞുകാണാം."" ബാലകൃഷ്ണപിള്ളയെ മറയില്ലാതെ, "സ്വഭാവ ശുദ്ധിയില്ലാത്തവന്‍" എന്ന് വിളിക്കുകയാണ് കോണ്‍ഗ്രസ്.
എല്ലാത്തിലും ഉപരിയായി, ജാതി നോക്കിയും നിറം നോക്കിയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയം നടത്തുന്നത് എന്ന് റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് തെളിയിക്കുന്നുണ്ട്. ""എസ് എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപിയുടെയും ആസ്ഥാനമായ കൊല്ലം നഗരത്തിലും കൊല്ലം ജില്ലയിലും അറിയപ്പെടുന്ന ഈഴവനായ ഒരു കോണ്‍ഗ്രസ് നേതാവിനെപോലും മത്സരിപ്പിക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞില്ല"" എന്നു തുടങ്ങി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സ്ഥാനാര്‍ഥിനിര്‍ണയം ജാതി-മത കണക്കിലാണ് വേണ്ടതെന്ന് റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു. കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിച്ച ആറ് സീറ്റില്‍ ചാത്തന്നൂരില്‍ മത്സരിച്ച ബിന്ദുകൃഷ്ണമാത്രമാണ് ഈഴവ സമുദായത്തില്‍നിന്ന് ഉണ്ടായതെന്നും അവിടെപ്പോലും ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവ് ഈഴവനല്ലെന്ന പ്രചാരണമുണ്ടായെന്നുമുള്ള വിലയിരുത്തല്‍ ഒരുദാഹരണംമാത്രം. ""ആലപ്പുഴയില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ് എം ലിജു അല്ലാതെ മറ്റൊരാളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഈഴവ സമുദായത്തില്‍നിന്ന് ഉണ്ടായില്ല; ലിജുതന്നെ ഈഴവനാണോ അല്ലയോ എന്ന സംശയമാണ് ആ ജില്ലയുടെ പലഭാഗത്തും ഉണ്ടായിരുന്നത്"" എന്നും റിപ്പോര്‍ട്ടിലുണ്ട്. ദീര്‍ഘകാലം പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നവരെ പൂര്‍ണമായി അവഗണിച്ചു എന്നത് മറ്റൊരു പരാതി.
ഇതിനൊക്കെ പുറമെയാണ് റിബല്‍ മത്സരവും പരാജയപ്പെടുത്താനുള്ള ശ്രമങ്ങളും അച്ചടക്ക രാഹിത്യവും. അത്തരം കേസുകളില്‍ തെളിവുകളോടെ പിടിക്കപ്പെട്ടവര്‍ ഇപ്പോഴും സ്ഥാനമാനങ്ങള്‍ വഹിക്കുന്നു. പുറത്താക്കാനോ സസ്പെന്‍ഡ് ചെയ്യാന്‍പോലുമോ ധൈര്യമില്ല. രമേശ്ചെന്നിത്തല പ്രസിഡന്റും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ടി നേതാവുമായ കോണ്‍ഗ്രസ് അച്ചടക്കരാഹിത്യത്തിന്റെയും അരാജകത്വത്തിന്റെയും അഴിമതിയുടെയും ജാതി മത പ്രീണനത്തിന്റെയും അഴുക്കുചാലിലാണ് നീന്തിയതെന്നും അതേ അഴുക്കില്‍തന്നെയാണ് വി എം സുധീരനും കിടക്കുന്നതെന്നും സംശയമില്ലാതെ ബോധ്യപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്. മുസ്ലിം ലീഗടക്കമുള്ള യുഡിഎഫ് ഘടക കക്ഷികളോട് കോണ്‍ഗ്രസ് വച്ചുപുലര്‍ത്തുന്ന പുച്ഛവും യജമാനഭാവവും ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഈ റിപ്പോര്‍ട്ട് ചോര്‍ന്ന് ജനങ്ങള്‍ക്കുമുന്നിലെത്തുമ്പോള്‍, കോണ്‍ഗ്രസിന്റെ അവസാനത്തെ വസ്ത്രവും ഉരിഞ്ഞു വീഴുകയാണ്-ജനങ്ങള്‍ക്കു മുന്നില്‍ വിവസ്ത്രമായി ലജ്ജയില്ലാതെ നില്‍ക്കുകയാണ് പാര്‍ടി.
പി എം മനോജ് ദേശാഭിമാനി
No comments:
Post a Comment