"വിശപ്പ് ചരിത്രമാകുന്നു" എന്ന അവകാശവാദത്തോടെ കോണ്‍ഗ്രസും യുപിഎയും തെരഞ്ഞെടുപ്പില്‍ തുരുപ്പുചീട്ടാക്കുന്ന ഭക്ഷ്യസുരക്ഷാ ബില്ലിനെക്കുറിച്ചുള്ള കണക്കുകളും വിവരങ്ങളും ലോക വാണിജ്യസംഘടനയ്ക്കു (ഡബ്ല്യുടിഒ) സമര്‍പ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതോടെ പദ്ധതി തട്ടിപ്പാണെന്നു വ്യക്തമായി. പദ്ധതിയുടെ ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച അമേരിക്ക ഡബ്ല്യുടിഒയുടെ കാര്‍ഷികകാര്യ സമിതിയില്‍ ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഈ യോഗം. ഡബ്ല്യുടിഒയുടെ നിബന്ധനകള്‍ വഴിമുടക്കുമെന്നറിഞ്ഞിട്ടും ഭക്ഷ്യസുരക്ഷാ ബില്‍ അവതരിപ്പിച്ചതും അതിന്റെ പേരില്‍ പ്രചാരണം നടത്തുന്നതും തെരഞ്ഞെടുപ്പു തട്ടിപ്പു മാത്രമാണെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായി.
ഡബ്ല്യുടിഒ നിയമപ്രകാരം വാണിജ്യബന്ധങ്ങളെ ബാധിക്കുന്ന സബ്സിഡികള്‍ ഉല്‍പ്പാദന മൂല്യത്തെക്കാള്‍ 10 ശതമാനത്തില്‍ കൂടിയാല്‍ ആ രാജ്യം പിഴയടയ്ക്കേണ്ടിവരും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുഴുവന്‍ കുടുംബങ്ങളെയും മറ്റു രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായ പണത്തിന്റെ ഇരട്ടിയോളമാണ് ഇന്ത്യയിലെ ഭക്ഷ്യസബ്സിഡിയെന്നാണ് അമേരിക്കയുടെ ആക്ഷേപം. ഇടക്കാല ബജറ്റില്‍ വകയിരുത്തിയ 1,15,000 കോടി രൂപയ്ക്കുപുറമെ ഫുഡ് കോര്‍പറേഷന് മുന്‍കാലത്തെ പണം നല്‍കിയതും കണക്കിലെടുക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തിലുള്ള അമേരിക്കയുടെ ഈ കടന്നുകയറ്റത്തെ അപലപിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ ബാലിയില്‍ ചേര്‍ന്ന ലോകവാണിജ്യ സംഘടനയുടെ മന്ത്രിതല യോഗത്തില്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങളോടൊപ്പമായിരുന്നു ഇന്ത്യ. അശാസ്ത്രീയമായ കാര്‍ഷിക ഉടമ്പടി വ്യവസ്ഥയില്‍ ഇളവു നേടാന്‍ ജി-33 രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യ തയ്യാറായില്ല. താല്‍ക്കാലിക ഒത്തുതീര്‍പ്പ് (പീസ് ക്ലോസ്) ഇന്ത്യയുടെ വലിയ നേട്ടമായി കാണിച്ച് വാണിജ്യമന്ത്രി ആനന്ദ് ശര്‍മയും കോര്‍പറേറ്റ് മാധ്യമങ്ങളും അഴിച്ചുവിട്ട "ബാലി വിജയം" കഥ അമേരിക്കന്‍ ഇടപെടലോടെ പൊളിഞ്ഞു. വ്യക്തമായ തീരുമാനം വരുന്നതുവരെയാണ് പീസ് ക്ലോസിന് പ്രാബല്യമുള്ളത്. അതുവരെ പദ്ധതി വിപുലീകരിക്കാനോ സംഭരണവില ഉയര്‍ത്താനോ കഴിയില്ല. കരാര്‍ നിലവില്‍വന്ന ദിവസത്തെ തോതില്‍ സബ്സിഡികള്‍ നിലനിര്‍ത്തണമെന്ന നിബന്ധനയില്‍ വികസ്വര രാജ്യങ്ങളെ വെട്ടിലാക്കുന്ന തീരുമാനത്തിന് ഇന്ത്യ കൂട്ടുനിന്നു.
ബാലി വട്ടത്തിലൂടെ ലോക വാണിജ്യസംഘടനയ്ക്ക് പുതുജീവന്‍ ലഭിച്ചെന്നായിരുന്നു സമ്പന്നരാജ്യങ്ങളുടെ പ്രതികരണം. വികസ്വരരാജ്യങ്ങളുടെ താല്‍പ്പര്യത്തിനായി നിലകൊള്ളുമെന്നു പ്രഖ്യാപിച്ച ഇന്ത്യ, ഒക്ടോബറില്‍ ഡബ്ല്യുടിഒയുടെ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ടോ അസവേഡോ ഡല്‍ഹിയിലെത്തിയപ്പോഴാണ് താല്‍കാലിക പരിഹാരമെന്ന നിലപാടിലേക്കു മാറിയത്. വ്യാപാരസംബന്ധിയായ സൗകര്യങ്ങള്‍ സംബന്ധിച്ച ആഗോള കരാര്‍ അംഗീകരിപ്പിക്കാന്‍ ബാലിയിലെ സമ്മേളനത്തില്‍ കൂടുതല്‍ സമയം പ്രയോജനപ്പെടുത്താനുള്ള അമേരിക്കയുടെ സമര്‍ഥമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തിയിട്ടുള്ളത്. വികസിത രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി ശക്തിപ്പെടുത്താന്‍ തുറമുഖംപോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തലും കസ്റ്റംസ് നടപടികള്‍ ലഘൂകരിക്കലുമാണ് ഈ കരാറിന്റെ ലക്ഷ്യം.
എം എന്‍ ഉണ്ണിക്കൃഷ്ണന്‍
തോമസിന്റെ പൊള്ളവാദം ഇടതുപക്ഷം മുമ്പേ തുറന്നുകാട്ടി
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ജനക്ഷേമപദ്ധതി എന്ന പേരിലാണ് കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ വി തോമസ് ഭക്ഷ്യസുരക്ഷാ നിയമത്തെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്. കോടികള്‍ ചെലവഴിച്ച് ചെയ്യുന്ന പരസ്യത്തിലൂടെ മഹാകാര്യമായി അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാ ബില്ലില്‍ ജനങ്ങള്‍ക്ക് കൊടുക്കുന്നതിലേറെ തിരിച്ചെടുക്കലാണെന്ന് ഇടതുപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിവര്‍ഷം ആറു കോടി ടണ്ണിലേറെ ധാന്യവും ഒന്നേകാല്‍ ലക്ഷം കോടിരൂപയുടെ സബ്സിഡിയും പ്രതീക്ഷിക്കുന്ന സ്വപ്നപദ്ധതിയായും കേന്ദ്രമന്ത്രി ഇതിനെ വിശേഷിപ്പിക്കുന്നു. ഭക്ഷ്യ സബ്സിഡിയായി കേന്ദ്രം കഴിഞ്ഞവര്‍ഷം ചെലവഴിച്ചത് ഏകദേശം ഒരുലക്ഷം കോടി രൂപയാണ്. 25,000 കോടി രൂപകൂടി കിട്ടിയാല്‍ 81 കോടി ജനങ്ങള്‍ക്ക് വിശക്കാതെ കഴിയാമെന്നാണ് അവകാശവാദം. വെള്ളം, ശുചീകരണം, ആരോഗ്യം, നഗരദാരിദ്ര നിവാരണം, മാനവശേഷി വികസനം, റോഡ് ഗതാഗതം, ഗ്രാമീണ വികസനം, മാനവശേഷി വികസനം, സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റ് എന്നിവയെല്ലാം ഈ പേരില്‍ വെട്ടിക്കുറച്ചു.
deshabhimani
No comments:
Post a Comment