Friday, March 28, 2014

ആനുകൂല്യം ആര്‍ക്കും നല്‍കിയില്ല; സെസ് പിരിച്ചത് വന്‍ തുക

മംഗല്യ സഹായനിധിയുടെപേരില്‍ സര്‍ക്കാര്‍ പിരിച്ചത് ഭീമമായ തുക. നിര്‍ധന യുവതികളുടെ വിവാഹസഹായത്തിനായി ആവിഷ്ക്കരിച്ച പദ്ധതിയുടെപേരിലാണ് സെസ് ഇനത്തില്‍ ഭീമമായ തുക സ്വരൂപിച്ചത്. പദ്ധതിയുടെ ആനുകൂല്യം സംസ്ഥാനത്താര്‍ക്കും ഇതുവരെ ലഭിച്ചില്ല. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ സഹായത്തിനെന്ന പേരില്‍ ധനമന്ത്രി കെ എം മാണി 2013-14 ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. നഗര -ഗ്രാമ പ്രദേശങ്ങളിലെ ഓഡിറ്റോറിയം, കല്യാണമണ്ഡപം എന്നിവിടങ്ങളില്‍ നടക്കുന്ന വിവാഹത്തിന് സെസ് ചുമത്തി പദ്ധതിക്ക് തുക കണ്ടെത്തി സഹായം ലഭ്യമാക്കാനായിരുന്നു പദ്ധതി. 20,000 രൂപ സഹായം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ത്രീസ്റ്റാര്‍ പദവിയും ഇതിനുമുകളിലുമുള്ള ഹോട്ടലുകള്‍, മുനിസിപ്പല്‍ പ്രദേശത്തെ എസി ഓഡിറ്റോറിയം എന്നിവിടങ്ങളിലെ വിവാഹങ്ങള്‍ക്ക് 10,000 രൂപ വീതവും മുനിസിപ്പല്‍ പ്രദേശത്ത് എസിയില്ലാത്ത ഓഡിറ്റോറിയത്തില്‍നിന്നും 7500, പഞ്ചായത്ത് പരിധിയിലെ ഓഡിറ്റോറിയത്തില്‍നിന്നും 3000 രൂപ വീതവും സെസ് പിരിക്കാനായിരുന്നു നിര്‍ദേശം. സെസ് മാനദണ്ഡത്തിനെതിരെ വ്യാപകമായ ആക്ഷേപമുയര്‍ന്നു.

ആഡംബര വിവാഹങ്ങളാണ് ലക്ഷ്യംവച്ചതെങ്കിലും സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിയും കടംവാങ്ങിയും വിവാഹം നടത്തുന്ന ഗ്രാമപ്രദേശങ്ങളിലുള്ളവരടക്കം വിവാഹച്ചെലവിന് പുറമേ സെസ് തുകയും കണ്ടെത്തേണ്ട ഗതികേടിലായി. ബജറ്റ് പ്രഖ്യാപനവും സെസ് പിരിവും നടന്നതല്ലാതെ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്തില്ല. 2014-15 ബജറ്റിലും മംഗല്യനിധി പ്രഖ്യാപനം ആവര്‍ത്തിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ പരിഹരിക്കുമെന്നായിരുന്നു പുതിയ ബജറ്റിലെ പരാമര്‍ശം. ഇതും വാചകക്കസര്‍ത്തിലൊതുങ്ങി. ഇ-പെയ്മെന്റു വഴിയും നേരിട്ടുമാണ് സെസ് അടയ്ക്കുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം കാസര്‍കോട് ജില്ലയില്‍ 2014 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം രണ്ടര ലക്ഷം, മലപ്പുറത്ത് 2013 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 3.73 ലക്ഷം, കണ്ണൂരില്‍ 31 ലക്ഷം, എറണാകുളത്ത് 40 ലക്ഷവും പിരിച്ചിട്ടുണ്ട്. മുഴുവന്‍ കണക്കുമാകുമ്പോള്‍ ഭീമമായ തുക ഇതിനകം സ്വരൂപിച്ചിട്ടുണ്ട്. പദ്ധതിക്കായി മംഗല്യ ലോട്ടറിയും തുടങ്ങുമെന്ന് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇതും പാഴ്വാക്കായി. നിലവിലുള്ള പ്രതിവാര ലോട്ടറികളിലൊന്നായ ധനശ്രീയുടെ പേരുമാറ്റി മംഗല്യ ലോട്ടറിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

ജയ്സണ്‍ ഫ്രാന്‍സിസ് deshabhimani

No comments:

Post a Comment