Saturday, March 29, 2014

ഒടുവില്‍ സിബിഐ

പൊലീസ് സ്റ്റേഷന്‍ മുതല്‍ മുഖ്യമന്ത്രി വരെ ചെവിക്കൊള്ളാതിരുന്ന സലിംരാജിനെതിരായ പരാതിയിലാണ് ഒടുവില്‍ കോടതി ഇടപെടലിലൂടെ സിബിഐ അന്വേഷണം വരുന്നത്. സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പിനെ കുറിച്ചുള്ള റവന്യൂ ഇന്റലിജന്‍സിന്റെയും വിജിലന്‍സിന്റെയും റിപ്പോര്‍ട്ടുകള്‍ ഏതുവഴി പോയെന്നത് ഇപ്പോഴും അജ്ഞാതമാണ്. പൊലീസ് സ്റ്റേഷനിലും സിറ്റി കമീഷണര്‍ക്കും നല്‍കിയ പരാതികളും മുങ്ങി. പരാതി ആവര്‍ത്തിച്ചാല്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിയും തട്ടിപ്പിന്റെ പിന്നാമ്പുറത്തുണ്ട്. കളമശേരി ഭൂമിതട്ടിപ്പിനെ കുറിച്ച് 76 വയസ്സുള്ള ഷെരീഫ എന്ന വൃദ്ധ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കി. ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ ജൂണ്‍ 13ന് ഇവരുടെ മക്കള്‍ വീണ്ടും പരാതിയുമായി സമീപിച്ചപ്പോള്‍ കിടപ്പാടം ഉള്‍പ്പെടുന്ന ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഭീഷണിയാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്.

കടകംപള്ളിയില്‍ ഭൂമി തട്ടിപ്പിനിരയായ ഡോ. ശ്രീവര്‍ധന്‍ സുതാര്യകേരളം പരിപാടിയിലൂടെ മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൊലീസ് സ്റ്റേഷനിലും നല്‍കിയ ഇരകളുടെ പരാതികളെല്ലാം സലിംരാജ് ഉള്‍പ്പെട്ട സംഘം തീര്‍പ്പാക്കി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ പ്രേംചന്ദ് ആര്‍ നായരെയും അഭിഭാഷകനെയും സിറ്റി പൊലീസ് കമീഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തി കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. വാദി പ്രതിയാകുമെന്ന ഘട്ടത്തിലാണ് പരാതിക്കാര്‍ സുതാര്യകേരളം പരിപാടിയില്‍ അഭയംതേടിയത്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ഇതിനിടെയാണ് റവന്യൂ ഇന്റലിജന്‍സും വിജിലന്‍സും അന്വേഷണം നടത്തിയത്. സലിംരാജിന്റെയും സംഘത്തിന്റെയും ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പിന്നീട് വെളിച്ചം കണ്ടില്ല. സലിംരാജിന്റെ നേതൃത്വത്തില്‍ ഒരുപറ്റം റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് രണ്ടിടത്തും ഭൂമിതട്ടിപ്പിന് പിന്നില്‍ ചരട് വലിച്ചത്. കലക്ടര്‍ മുതല്‍ വില്ലേജ്മാന്‍ വരെയുള്ളവര്‍ അതില്‍ കണ്ണികളായി. രണ്ട് മന്ത്രിമാരും ചില ഭരണകക്ഷി എംഎല്‍എമാരും ഭൂമിതട്ടിപ്പിന് രംഗത്തിറങ്ങി. വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേര്‍ രജിസ്റ്ററുകള്‍ കീറിയെറിഞ്ഞ് പുതിയത് തുന്നിച്ചേര്‍ത്തു. റവന്യൂ രേഖകളകില്‍ തിരിമറി നടത്തി. 90 വര്‍ഷം പഴക്കമുള്ള രേഖകള്‍ വരെ പുതിയതായി ചമച്ചു. സര്‍ക്കാര്‍ അതിഥിമന്ദിരങ്ങള്‍ കേന്ദ്രീകരിച്ച് അനുരഞ്ജന ചര്‍ച്ചകളും വിലപേശലും ഭീഷണിയും അരങ്ങേറി. കടകംപള്ളിയില്‍ തണ്ടപ്പേര്‍ രജിസ്റ്ററില്‍ തിരിമറി നടത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയത്. കളമശേരിയിലാകട്ടെ പത്തടിപ്പാലത്ത് 86 വര്‍ഷമായി തലമുറവഴി കൈമാറി വന്ന് തീറാധാരം കിട്ടിയ ഭൂമിയാണ് പട്ടയമില്ലെന്നുപറഞ്ഞ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

2013 ജൂണിലാണ് പത്തടിപ്പാലത്തെ ഭൂമി തട്ടിപ്പ് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് മുമ്പില്‍ ആദ്യം എത്തിയത്. ഒരു നടപടിയും സ്വീകരിക്കാതെ വന്നതിനെ തുടര്‍ന്ന് പരാതിക്കാര്‍ വീണ്ടും നിവേദനം നല്‍കി. അപ്പോഴാണ് പട്ടയം ഇല്ലാത്ത വസ്തുവാണെന്ന് പറഞ്ഞ് 116 സെന്റ് സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയില്‍നിന്ന് ഭീഷണിസ്വരം ഉയര്‍ന്നത്. ഇതോടെയാണ് ഷെരീഫയും മക്കളും ഹൈക്കോടതിയെ സമീപിച്ചത്. സുതാര്യകേരളം പരിപാടിയില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കടകംപള്ളി ഭൂമിതട്ടിപ്പിനെ കുറിച്ച് റവന്യൂ ഇന്റലിജന്‍സ് അന്വേഷണം നടത്തിയത്. തണ്ടപ്പേര്‍ രജിസ്റ്റര്‍ കീറി പുതിയത് എഴുതിച്ചേര്‍ത്താണ് തട്ടിപ്പ് നടത്തിയതെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പക്ഷേ വെളിച്ചം കണ്ടില്ല. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് അന്വേഷണം നടത്തുന്നതിനിടെ വസ്തു ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം റവന്യൂ സെക്രട്ടറിയായിരുന്ന ജി കമലാവര്‍ധനറാവു അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ സിബിഐ അന്വേഷണം.

കെ ശ്രീകണ്ഠന്‍ deshabhimani

No comments:

Post a Comment