Monday, March 31, 2014

ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനക്കേസ് സിബിഐ ഏറ്റെടുക്കില്ല

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനാവില്ലെന്ന് സിബിഐ. സംസ്ഥാന പൊലീസ് അന്വേഷിച്ച കേസ് ദേശീയ ഏജന്‍സി ഏറ്റെടുക്കേണ്ടതില്ലെന്ന് സിബിഐ വക്താവ് വ്യക്തമാക്കി. ഇക്കാര്യം സിബിഐ പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു. കേസ് ഏറ്റെടുക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും സിബിഐ വക്താവ് പറഞ്ഞു. സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദാണ് നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞമാസമാണ് ഗൂഢാലോചനക്കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി നല്‍കിയ നിയമോപദേശത്തിന്റെയും പ്രത്യേക അനേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനം. കേസ് ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാട് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ഒരു ദേശീയ ഏജന്‍സി അന്വേഷിക്കേണ്ട പ്രാധാനം ചന്ദ്രശേഖരന്‍ വധക്കേസിനില്ലെന്നും നിലവില്‍ സിബിഐയ്ക്ക് കേരളത്തില്‍ ആവശ്യത്തിലധികം കേസുകളുണ്ടെന്നും വക്താവ് പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തിന് ശേഷം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ച കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

deshabhimani

No comments:

Post a Comment