സാമ്പത്തിക പരിഷ്കാരങ്ങളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം. പെന്‍ഷന്‍ ഫണ്ട് ഓഹരിവിപണിയില്‍ നിക്ഷേപിക്കാനും പെന്‍ഷന്‍ മേഖലയില്‍ 26 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനും വ്യവസ്ഥ ചെയ്യുന്ന പെന്‍ഷന്‍ പരിഷ്കരണ ബില്‍ ലോക്സഭയില്‍ പാസാക്കിയത് കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത്. കല്‍ക്കരിപ്പാടം അഴിമതിയെച്ചൊല്ലി പാര്‍ലമെന്റ് നടപടി തടസ്സപ്പെട്ട സന്ദര്‍ഭത്തിലാണ് 2013 സെപ്തംബര്‍ മൂന്നിന് ബിജെപി ബില്‍ പാസാക്കാന്‍ സര്‍ക്കാരിനെ പിന്തുണച്ചത്. 35,000 കോടിയുടെ പെന്‍ഷന്‍ ഫണ്ട് ഓഹരിവിപണി ചൂതാട്ടത്തിന് വിട്ടുകൊടുക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചത്.
1991ല്‍ നരസിംഹറാവു സര്‍ക്കാര്‍ ആരംഭിച്ച ഉദാരവല്‍ക്കരണം എന്‍ഡിഎ സര്‍ക്കാര്‍ അതിനേക്കാള്‍ ശക്തമായി തുടരുകയായിരുന്നു. 2002ല്‍ പുതിയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്)ക്ക് തുടക്കമിട്ടത് എന്‍ഡിഎ സര്‍ക്കാരാണ്. 2004ല്‍ യുപിഎ സര്‍ക്കാര്‍ ആവേശപൂര്‍വം ഈ പദ്ധതി ഏറ്റെടുത്തു. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് ബില്ലിന്റെ പിതൃത്വം മുന്‍ എന്‍ഡിഎ സര്‍ക്കാരിനാണെന്ന് യശ്വന്ത്സിന്‍ഹ അവകാശപ്പെട്ടു. ഇന്‍ഷുറന്‍സ് കമ്പനികളില്‍ 49 ശതമാനം എഫ്ഡിഐ അനുവദിക്കാനുള്ള ബില്ലിനും ബിജെപി സര്‍വപിന്തുണയും നല്‍കി. ബില്‍ പാസാക്കാന്‍ ബിജെപി മുന്നോട്ടുവച്ച ദേദഗതിയെല്ലാം കോണ്‍ഗ്രസിന് സ്വീകാര്യമായി.
ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച തീരുമാനത്തെ ബിജെപി എതിര്‍ത്തെങ്കിലും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി ഉരുണ്ടുകളിച്ചു. 2ജി സ്പെക്ട്രം അഴിമതിക്ക് വഴിവയ്ക്കുന്നരീതിയില്‍ ടെലികോം മേഖലയില്‍ നയപരിഷ്കാരം കൊണ്ടുവന്നതും എന്‍ഡിഎ സര്‍ക്കാരാണ്. 1999ല്‍ എന്‍ഡിഎ സര്‍ക്കാര്‍ "നിശ്ചിത ലൈസന്‍സ് ഫീസ്" സമ്പ്രദായത്തെ "വരുമാനം പങ്കിടല്‍" സംവിധാനത്തിലേക്ക് മാറ്റി. ഇ ലേലം വഴി ലൈസന്‍സ് നല്‍കണമെന്ന നിര്‍ദേശം ഇരുകൂട്ടരും അവഗണിച്ചു. ഇപ്പോള്‍ ഇ ലേലം വഴി ലൈസന്‍സ് വിതരണം ചെയ്തപ്പോഴാണ് സര്‍ക്കാരിന് ഉയര്‍ന്നവരുമാനം കിട്ടിയത്. കല്‍ക്കരിപ്പാടം അഴിമതി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന, ബാങ്കിങ് പരിഷ്കാരങ്ങള്‍ എന്നിവയിലും എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍ തമ്മില്‍ വ്യത്യാസമുണ്ടായില്ല. എന്‍ഡിഎ സര്‍ക്കാര്‍ ഓഹരി വില്‍പ്പനയ്ക്കായി പ്രത്യേക മന്ത്രാലയം തന്നെ നടത്തി. യുപിഎ സര്‍ക്കാരും പൊതുമേഖലയുടെ ഓഹരിവിറ്റഴിക്കല്‍ തുടര്‍ന്നു.
സാജന്‍ എവുജിന്‍
കലാപമൊഴിയാതെ ബിജെപി
ന്യൂഡല്‍ഹി: ആര്‍എസ്എസ് കണ്ണുരുട്ടിയപ്പോള്‍ എല്‍ കെ അദ്വാനി മെരുങ്ങിയെങ്കിലും ബിജെപിയില്‍ സ്ഥിതി സങ്കീര്‍ണം. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ബിഹാര്‍ സംസ്ഥാനങ്ങളില്‍ വന്‍കലാപമാണ്. കാലുമാറി എത്തിയവരെ സ്ഥാനാര്‍ഥിയാക്കിയതാണ് നേതാക്കളെയും പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചത്. മുതിര്‍ന്ന നേതാവ് ജസ്വന്ത്സിങ് സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധത്തിലാണ്. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് എംപി ജഗദംബിക പാലിനെ ബിജെപി പ്രസിഡന്റ് രാജ്നാഥ്സിങ് ന്യൂഡല്‍ഹിയിലെ പാര്‍ടി ആസ്ഥാനത്ത് സ്വീകരിക്കവെ, ലഖ്നൗവിലെ ബിജെപി ഓഫീസില്‍ പ്രതിഷേധം അലയടിക്കുകയായിരുന്നു. ദൂമരിയാഗഞ്ച് എംപിയായ പാലിന് ബിജെപി ഈ സീറ്റ് നല്‍കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. യുപിയിലെ മുതിര്‍ന്ന നേതാവ് കേസരിലാല്‍ ത്രിപാഠിക്ക് അലഹബാദ് ഉറപ്പിച്ചിരുന്നതാണ്. ജനറല്‍ സെക്രട്ടറി അനന്ത്കുമാര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പട്ടിക വന്നപ്പോള്‍ അലഹബാദ് സീറ്റ് എസ്പിയുടെ മുന്‍ എംപി എസ് എസ് ഗുപ്തയ്ക്ക്. ഇതിന്റെ രഹസ്യം തനിക്ക് പിടികിട്ടുന്നില്ലെന്ന് ത്രിപാഠി പരസ്യമായി പറഞ്ഞു. എന്നാണ് ഗുപ്ത ബിജെപിയില്‍ ചേര്‍ന്നതെന്ന് അറിയില്ല. തന്റെ അറിവില്‍ അദ്ദേഹം എസ്പി അംഗത്വം രാജിവച്ചിട്ടില്ല- ത്രിപാഠി പറഞ്ഞു.
ഈയിടെ ബിജെപിയില്‍ ചേര്‍ന്ന രാജേഷ് പാണ്ഡെയ്ക്ക് ഖുഷിനഗര്‍ നല്‍കിയതിലും പ്രതിഷേധം ഉയര്‍ന്നു. മോഡിക്ക് വാരാണസി നല്‍കി മുരളി മനോഹര്‍ ജോഷിയെ കാണ്‍പുരിലേക്ക് മാറ്റിയതും കാണ്‍പുര്‍ എംപി കല്‍രാജ് മിശ്രയ്ക്ക് ദിയോറ നല്‍കിയതും വന്‍ കുഴപ്പങ്ങള്‍ക്ക് വഴിവച്ചു. വാരാണസി വിട്ടത് ജോഷിക്ക് ദഹിച്ചിട്ടില്ല. കാണ്‍പുരില്‍ മാസങ്ങളായി പ്രചാരണം നടത്തിയ കല്‍രാജ് മിശ്രയ്ക്ക് വൈകിയ വേളയില്‍ ദിയോറിയില്‍ പോകേണ്ടിവന്നു. ദിയോറ ആഗ്രഹിച്ചിരുന്ന മുന്‍ സംസ്ഥാന അധ്യക്ഷന്‍ എസ് പി സാഹിയുടെ അനുയായികള്‍ മൂന്നുദിവസമായി തെരുവില്‍ പ്രതിഷേധത്തിലാണ്. ലല്ലുസിങ്ങിന് ഫൈസാബാദ് നല്‍കിയതിലും അമര്‍ഷം പുകയുന്നു. മഹാരാഷ്ട്രയില്‍ ഗോപിനാഥ് മുണ്ടെയുടെ അനുയായികള്‍ക്കാണ് ഭൂരിപക്ഷം സീറ്റും നല്‍കിയതെന്ന് നിതിന്‍ ഗഡ്കരിക്ക് പരിഭവമുണ്ട്. ജാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പാര്‍ടിക്കുള്ളിലെ എതിരാളികളെ ഒതുക്കി. ഹരിയാനയിലെ സോനിപ്പത്തില്‍ പാര്‍ടി വക്താവ് ക്യാപ്റ്റന്‍ അഭിമന്യുവിനെ തഴഞ്ഞ് കോണ്‍ഗ്രസ് വിട്ടുവന്ന രമേശ് കൗശിക്കിനാണ് സീറ്റ് നല്‍കിയത്. ഇതേതുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ബിജെപി സംസ്ഥാന സെക്രട്ടറി പ്രദീപ് സാങ്വാന്‍ രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുന്നു. ഹേമമാലിനിക്ക് മഥുരയും കിരണ്‍ ഖേറിന് ചണ്ഡീഗഢും നല്‍കിയതിലും പ്രതിഷേധമുണ്ട്.
സാജന്‍ എവുജിന്‍
മക്കള്‍രാഷ്ട്രീയം ബിജെപിയിലേക്കും
കോണ്‍ഗ്രസ് തുടങ്ങിവച്ച മക്കള്‍രാഷ്ട്രീയം ബിജെപിയിലും വ്യാപിക്കുന്നു. പ്രാദേശിക കക്ഷി നേതാക്കളും മക്കളിലൂടെ പാര്‍ടിയില്‍ കുടുംബാധിപത്യം ഉറപ്പിക്കുന്നതില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പ്രമുഖ നേതാക്കളുടെ മക്കള്‍ക്ക് ഇക്കുറി ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്ങിന്റെ മകന്‍ രാജ്വീര്‍ സിങ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ മകന്‍ അഭിഷേക് സിങ് എന്നിവര്‍ ഈ പട്ടികയിലെ പ്രമുഖരില്‍ ചിലരാണ്. ജാര്‍ഖണ്ഡിലെ ഹസരിബാഗില്‍നിന്നാണ് ജയന്ത് സിന്‍ഹ മത്സരിക്കുന്നത്. രാജ്വീര്‍ സിങ് ഇറ്റയില്‍നിന്നും അഭിഷേക് സിങ് രാജ്നന്ദ്ഗാവില്‍നിന്നുമാണ് ജനവിധി തേടുന്നത്. മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ മത്സരിക്കുന്ന പൂനം മഹാജന്‍ ബിജെപി നേതാവായിരുന്ന പ്രമോദ് മഹാജന്റെ മകളാണ്. വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന പര്‍വേഷ് വര്‍മ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിങ് വര്‍മയുടെ അഞ്ചു മക്കളില്‍ മൂത്തയാളാണ്്. മുസാഫര്‍പുരില്‍ മത്സരിക്കുന്ന അജയ് നിഷാദ് മുതിര്‍ന്ന ബിജെപി എംപി ക്യാപ്റ്റന്‍ ജയനാരായണ്‍ നിഷാദിന്റെ മകനാണ്. നെഹ്റു കുടുംബത്തില്‍നിന്ന് ബിജെപിയില്‍ എത്തിയ വരുണ്‍ഗാന്ധി ഇക്കുറി മത്സരിക്കുന്നത് സുല്‍ത്താന്‍പുരില്‍നിന്നാണ്.
മക്കള്‍രാഷ്ട്രീയം പതിവാക്കിയ കോണ്‍ഗ്രസില്‍ ഇക്കുറിയും അത് ആവര്‍ത്തിക്കുന്നുണ്ട്. കുടുംബപാരമ്പര്യം കൈമുതലാക്കി ലോക്സഭയില്‍ എത്തിയ പ്രിയദത്ത്, ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദിയോറ, ശ്രുതി ചൗധരി, ദീപേന്ദര്‍ സിങ് ഹൂഡ, അഭിജിത് മുഖര്‍ജി, നിലേഷ് റാണ, രാവ്നീത് സിങ് ബിട്ടു, ഹംദുള്ള സെയ്ദ്, ജിതിന്‍ പ്രസാദ് എന്നിവര്‍ വീണ്ടും ജനവിധിതേടുന്നുണ്ട്. ഇതിനു പുറമെ കന്നിയങ്കത്തിന് ഇറങ്ങുന്ന "മക്കളും" കോണ്‍ഗ്രസിലുണ്ട്. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകന്‍ ഗൗരവ്, മുന്‍ കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ ദേവിന്റെ മകള്‍ സുഷ്മിത എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്. അമ്മാവന്‍ ദീപ് ഗോഗോയി പ്രതിനിധാനംചെയ്യുന്ന കലിയാബോറിലാണ് ഗൗരവ് മത്സരത്തിനിറങ്ങുന്നത്. സില്‍ചാറില്‍നിന്നാണ് സുഷ്മിതയുടെ മത്സരം. അസം സാമൂഹ്യക്ഷേമ മന്ത്രിയായ അകന്‍ ബോറയുടെ മകന്‍ മാനസ് ഗുവാഹത്തിയില്‍നിന്ന് മത്സരിക്കുന്നുണ്ട്. രണ്ടാം യുപിഎ മന്ത്രിസഭയില്‍ അംഗമായിരിക്കെ അന്തരിച്ച സിസ്റാം ഓലയുടെ മരുമകള്‍ക്കാണ് ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയന്നത്. രാജ്ബാല ഓല മത്സരിക്കാനിറങ്ങുന്നത് സിസ്റാം ഓല പ്രതിനിധാനംചെയ്യുന്ന ജുഞ്ജുനു മണ്ഡലത്തിലാണ്. മഹാരാഷ്ട്രയിലെ വര്‍ധമണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന സാഗറാകട്ടെ മുന്‍ എംപിയുടെ മകന്‍ ദത്ത മേഘയുടെ മകനാണ്.
മധ്യപ്രദേശിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ "മക്കള്‍ മാഹാത്മ്യം" വ്യാപകമാണ്. ബാല്‍ഗാട്ടില്‍നിന്ന് മത്സരിക്കാനൊരുങ്ങുന്ന ഹീന കാവറെ മുന്‍ മന്ത്രി ലിഖിറാം കാവറെയുടെ മകളാണ്. ഉത്തര്‍പ്രദേശിലെ രാംപുര്‍ മണ്ഡലം കോണ്‍ഗ്രസ് നല്‍കിയത് മുന്‍ എംപി മീഗം നൂര്‍ ബാനുവിന്റെ മകന്‍ കാസിം അല്‍ ഖാനാണ്. ബസ്തറില്‍ പാര്‍ടി നിര്‍ത്തിയത് ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്ന മഹേന്ദ്ര കര്‍മയുടെ മകന്‍ ദീപക്കിനെയാണ്. മുതിര്‍ന്ന നേതാക്കളുടെ ഭാര്യമാരും കോണ്‍ഗ്രസ് പട്ടികയിലുണ്ട്. പപ്പു യാദവിന്റെ ഭാര്യ രഞ്ജിത രഞ്ജന്‍ ബിഹാറിലെ സുപാലില്‍നിന്ന് മത്സരിക്കുന്നു. രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന്റെ ഭാര്യ അമിതസിങ് സുല്‍ത്താന്‍പുരില്‍നിന്ന് മത്സരിക്കുമ്പോള്‍ ഹിമാചല്‍പ്രദേശ് മുഖ്യന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യ മാണ്ഡ്യയില്‍ സ്ഥാനാര്‍ഥിയാണ്. മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ബിഹാരി വാജ്പേയിയുടെ മരുമകള്‍ കരുണശുക്ലയും കോണ്‍ഗ്രസ് പാനലിലുണ്ട്. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന കരുണ ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍നിന്നാണ് മത്സരിക്കുന്നത്.
സുജിത് ബേബി
മോഡിക്കെതിരെ ശിവസേനയും രംഗത്ത്
ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ ശിവസേന മുഖപത്രമായ സാമ്നയില്‍ ലേഖനം. പാര്‍ട്ടി സ്ഥാപകനേതാവ് എല്‍ കെ അദ്വാനിയെ അനുകൂലിച്ചും അദ്വാനിയ്ക്ക് ആദ്യ ഘട്ടത്തില്‍ സീറ്റ് നല്‍കാഞ്ഞതില്‍ ബിജെപിയെയും മോഡിയെയും എതിര്‍ത്തുമാണ് ലേഖനം.
ബിജെപിയില്‍ ഇപ്പോള്‍ മോഡി യുഗമാണെന്നും എന്നാല്‍ അദ്വാനി യുഗം അവസാനിക്കുന്നില്ലെന്നും ലേഖനത്തില്‍ വിലയിരുത്തുന്നുണ്ട്. അദ്വാനി മധ്യപ്രദേശിലെ ഭോപ്പാലില്‍ മല്‍സരിയ്ക്കാനാണ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായം മാനിക്കാതെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ത്തന്നെ മല്‍സരിപ്പിക്കാന്‍ മോഡിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബിജെപി തീരുമാനിക്കുകയായിരുന്നെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
അദ്വാനിയുടെ സ്ഥാനാര്‍ഥി പ്രശ്നം ബിജെപിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അദ്വാനിയെ അനുകൂലിച്ചും മോഡിയെ എതിര്‍ത്തും ശിവസേന മുഖപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതോടെ ബിജെപി വീണ്ടും വെട്ടിലായിരിക്കുകയാണ്. ശിവസേനയുടെ നിലപാട് മോഡി ക്യാമ്പിലും ആശങ്ക വിതച്ചിട്ടുണ്ട്.
സത്പാല്‍ മഹാരാജ് ബിജെപിയില്‍; ഉത്തരാഖണ്ഡ് മന്ത്രിസഭ ഉലയുന്നു
ഉത്തരാഖണ്ഡിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും പോരി ഗഡ്വാള്‍ എംപിയുമായ സത്പാല്‍ മഹാരാജ് ബിജെപിയില്‍ ചേര്‍ന്നു. ഭാര്യ അമൃത റാവത്ത് അടക്കം 10 എംഎല്‍എമാര്‍ ഇദ്ദേഹത്തിനൊപ്പമുണ്ടെന്നാണ് സൂചന. ഇതോടെ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ ഭാവി അപകടത്തിലായി. 70 അംഗ നിയമസഭയില്‍ 32 എംഎല്‍എമാര്‍ മാത്രമുള്ള കോണ്‍ഗ്രസ് സ്വതന്ത്രന്റെയും ചെറുകക്ഷികളുടെയും സഹായത്തിലാണ് ഭരിക്കുന്നത്്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്ന് ഹൈക്കമാന്‍ഡ് വിജയ് ബഹുഗുണയെയാണ് മുഖ്യമന്ത്രിയായി നിയമിച്ചത്. എന്നാല്‍, പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതില്‍ ഉള്‍പ്പെടെയുണ്ടായ പരാജയത്തെതുടര്‍ന്ന് ബഹുഗുണയ്ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ കലാപമായി. ഫെബ്രുവരി ഒന്നിന് ബഹുഗുണയെ മാറ്റി ഹരീഷ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. മുഖ്യമന്ത്രിസ്ഥാനം മോഹിച്ച സത്പാലിനെ ബിജെപി സ്വീകരിച്ചത് ഭരണം അട്ടിമറിക്കല്‍ ലക്ഷ്യമിട്ടാണ്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സത്പാലിന് പാര്‍ടി അധ്യക്ഷന്‍ രാജ്നാഥ് സിങ് അംഗത്വം നല്‍കി. ഹരീഷ് റാവത്തിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ സത്പാല്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ലോക്സഭയിലേക്ക് വീണ്ടും മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചു. സത്പാലിന് അര്‍ഹമായ പരിഗണനല്‍കുമെന്ന് ബിജെപി പറഞ്ഞു. അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമാണ് സത്പാല്‍.
deshabhimani
No comments:
Post a Comment