സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ സമ്പൂര്‍ണ നിയമനിരോധനം ഏര്‍പ്പെടുത്തും. കെടുകാര്യസ്ഥതമൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയുടെ മറവിലാണ് പൂര്‍ണ നിയമനിരോധനം നടപ്പാക്കുന്നത്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പുതിയ നിയമനങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ധനവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി കടുത്തനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് എല്ലാ വകുപ്പിനും മുന്നറിയിപ്പും ലഭിച്ചു. പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാനും തസ്തികകള്‍ വെട്ടിക്കുറയ്ക്കണമെന്നും ശുപാര്‍ശചെയ്ത് എക്സ്പെന്റിച്ചര്‍ സെക്രട്ടറി കഴിഞ്ഞവര്‍ഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടും സര്‍ക്കാര്‍ പൊടിതട്ടി എടുത്തിട്ടുണ്ട്. ഏപ്രില്‍ അവസാനവാരത്തോടെ നിയമനിരോധന നടപടികള്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ആലോചന. ധനവകുപ്പ് ഇതിന്റെ വിശദാംശം തയ്യാറാക്കുകയാണ്.
നിയമനിരോധനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴില്‍രഹിതര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഇടിത്തീയാകും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ കൃത്യമായി നടക്കുന്നില്ല. ഈവര്‍ഷം സംസ്ഥാനത്ത് ഏപ്രില്‍-മെയ് മാസങ്ങളിലായി സര്‍വീസ് മേഖലയില്‍നിന്ന് പതിനാലായിരത്തിലധികംപേരാണ് വിരമിക്കുന്നത്. സമീപകാലചരിത്രത്തില്‍ ഇത്രയുമധികംപേര്‍ ഒന്നിച്ചുവിരമിക്കുന്നത് ആദ്യമാണ്. സമ്പൂര്‍ണ നിയമനിരോധനം നിലവില്‍വരുന്നതോടെ ഈ ഒഴിവുകളിലേക്ക് നിയമനമുണ്ടാകില്ല. പിഎസ്സിയില്‍ നിലവിലുള്ള 2500ലധികം റാങ്ക്ലിസ്റ്റുകളിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ നിയമനസാധ്യത സര്‍ക്കാര്‍ തീരുമാനം നടപ്പാകുന്നതോടെ മങ്ങും. ഏറ്റവുംകൂടുതല്‍ പേര്‍ ഉള്‍പ്പെട്ട 14 ജില്ലയിലെ എല്‍ഡി ക്ലര്‍ക്കടക്കമുള്ള റാങ്ക്ലിസ്റ്റുകളാണ് ഇവയില്‍ പ്രധാനം. ഈ റാങ്ക്ലിസ്റ്റുകളില്‍നിന്നുള്ള നിയമനം ഇപ്പോള്‍ തന്നെ ഇഴയുകയാണ്. കെഎസ്ആര്‍ടിസി റിസര്‍വ് കണ്ടക്ടര്‍ നിയമനവും എങ്ങുമെത്തിയിട്ടില്ല.
വിജ്ഞാപനമിറക്കിയിട്ടും തുടര്‍നടപടി ഇല്ലാത്തതുമൂലം 80 ലക്ഷത്തിലധികം അപേക്ഷ പിഎസ്സിയില്‍ കെട്ടിക്കിടക്കുന്നു. പിഎസ്സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്ന അവസ്ഥയുമുണ്ട്. കാര്യമായ നിയമനങ്ങള്‍ നടത്താതെ പിഎസ്സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം നാലുതവണ റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടിയതല്ലാതെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. നൂറോളം റാങ്ക്ലിസ്റ്റ് ഒരുനിയമനവും നടക്കാതെ കാലഹരണപ്പെട്ടു. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനുള്ള നീക്കവുമുണ്ട്. യുഡിഎഫ് അനുകൂലസംഘടനകളെക്കൊണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുപ്പിച്ചതിനു പിന്നിലും സര്‍ക്കാരിന്റെ ഗൂഢലക്ഷ്യമാണ് ഉള്ളത്.
ദിലീപ് മലയാലപ്പുഴ
No comments:
Post a Comment