ഗുജറാത്തിലെ ഒരു പഞ്ചായത്ത് മെമ്പര്‍ എന്ന മേല്‍ക്കുറിപ്പോടെ ബറാക് ഒബാമയുടെ ചിത്രം. പടുകൂറ്റന്‍ വ്യവസായകോംപ്ലക്സിന് ഗുജറാത്തിലെ ആര്‍എംപിയുടെ ഓഫീസ് എന്നാണ് വിശേഷണം. നീല്‍ ആംസ്ട്രോങ്ങും സംഘവും ചന്ദ്രനില്‍ നില്‍ക്കുന്ന ചിത്രത്തിന് അടിക്കുറിപ്പിങ്ങനെ- ഗുജറാത്തിലെ ബാറ്റ്സ്മാന്‍ അടിച്ച പന്ത് ഫീല്‍ഡുചെയ്യാന്‍ ചന്ദ്രനില്‍ നില്‍ക്കുന്ന ക്രിക്കറ്റുകളിക്കാര്‍. നരേന്ദ്രമോഡിയുടെ വികസനവിടുവായത്തങ്ങളുടെ പരിപ്പെടുക്കുകയാണ് ഫെയ്സ് ബുക്കില്‍.
ഫേക്കു (നരേന്ദ്രമോഡിയുടെ ചെല്ലപ്പേര്) അരങ്ങുതകര്‍ക്കുകയാണ്. വിടുവായന്‍ എന്നൊക്കെ പറയില്ലേ. അതുതന്നെ സംഭവം. ഒരുവന്റെ കഴിവിനപ്പുറമുള്ള അവകാശവാദങ്ങളും പൊങ്ങച്ചങ്ങളുമൊക്കെ തട്ടിവിടാന്‍ മടിയില്ലാത്തവന്‍ എന്നൊക്കെയാണ് ആ ഹിന്ദിവാക്കിന്റെ അര്‍ഥം. മോഡി ചെയ്യുന്നതും അതാണല്ലോ.
ഗുജറാത്തിന്റെ പുരോഗതിയില്‍ ഫോട്ടോഷോപ്പ് വഹിച്ച പങ്ക് ചെറുതല്ല എന്നാണ് ഒരു ഫെയ്സ് ബുക്ക് സ്റ്റാറ്റസ്. നരേന്ദ്രമോഡി പ്രസംഗിക്കുന്ന ടെലിവിഷന്‍ ദൃശ്യത്തിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന ഒബാമയുടെ ചിത്രം പ്രചരിപ്പിച്ചതും പിന്നീട് നടന്നതുമൊക്കെ ഓര്‍മയുള്ളവര്‍ തലകുലുക്കി സമ്മതിക്കുന്ന അഭിപ്രായം. ടെലിവിഷന്‍ സ്ക്രീനില്‍ മോഡിയുടെ പ്രസംഗത്തിലേക്ക് ബറാക് ഒബാമയും സംഘവും ഉറ്റുനോക്കിയിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നുപിടിച്ചു. ഒബാമപോലും "നമോ"യുടെ പ്രസംഗം ശ്രദ്ധിക്കുന്നു എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സംഘപരിവാറികള്‍ ചിത്രം ആവേശത്തോടെ ഷെയര്‍ചെയ്തു.
അവരുടെ ആവേശത്തിന് അധികം ആയുസ്സുണ്ടായില്ല. ക്ഷിപ്രവേഗത്തില്‍ യാഥാര്‍ഥ്യം പുറത്തുവന്നു. ഈജിപ്ത് പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ പ്രസംഗം ഒബാമ കേള്‍ക്കുന്ന ചിത്രം 2011 ജനുവരിയില്‍ പുറത്തുവന്നിരുന്നു. ഈ ചിത്രത്തില്‍ മുബാറക്കിന്റെ തലയ്ക്കു പകരം മോഡിയുടെ ചിത്രം വെട്ടിയൊട്ടിക്കുകയായിരുന്നു. തലമാറ്റിവച്ച ചിത്രം കിട്ടിയ പാടേ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരില്‍ ഗുജറാത്തില്‍നിന്നുള്ള ബിജെപി എംപി സി ആര്‍ പാട്ടീലും ഉള്‍പ്പെടുന്നു. ഒടുവില്‍ വസ്തുത പുറത്തുവന്നപ്പോള്‍ രായ്ക്കുരാമാനം ചിത്രം അപ്രത്യക്ഷമായി.
ലക്കും ലഗാനുമില്ലാത്ത വികസനവിടുവായത്തങ്ങള്‍ക്കൊപ്പം ഇതുംകൂടിയായതോടെ ഫെയ്സ് ബുക്കില്‍ മോഡിക്കെതിരെ പരിഹാസങ്ങളുടെ കുത്തൊഴുക്കായി. സോഷ്യല്‍ മീഡിയ മോഡിയെ കൊന്നുകൊലവിളിക്കുകയാണ്. ബ്ലഫ് മാസ്റ്റര്‍ മോഡി, ഫേക്കുമോഡി ജോക്സ് അണ്‍ലിമിറ്റഡ് തുടങ്ങിയ ഫെയ്സ് ബുക്ക് പേജുകളില്‍ മോഡിവക ബഡായികള്‍ ചിത്രങ്ങളും ഗ്രാഫും സ്റ്റാറ്റിറ്റിക്സ് കണക്കുകളുംകൊണ്ട് പൊളിച്ചടുക്കുന്നു. മലയാളികളും ഒട്ടും മോശമാക്കുന്നില്ല. ബഡായികളുടെ കഴുത്തിനുപിടിച്ച് ഞെരിക്കുകയാണ് അവര്‍.
കെജിബി deshabhimani
No comments:
Post a Comment