Sunday, March 23, 2014

നിയമനിരോധനം, പങ്കാളിത്തപെന്‍ഷന്‍ അനീതിയും വഞ്ചനയും സര്‍ക്കാര്‍ സമ്മാനം

ജീവിതഘട്ടം ഏതുമാകട്ടെ, അനീതിയും വഞ്ചനയുമാണ് പൗരന്മാര്‍ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ സമ്മാനം. അഭ്യസ്തവിദ്യരായാലും പെന്‍ഷന്‍കാരായാലും ഈ നെറികേടിന്റെ ഫലം അനുഭവിക്കണം. പ്രതീക്ഷ നശിച്ച വിവിധവിഭാഗം ജനങ്ങള്‍ പ്രതിഷേധച്ചൂടിലാണ്. യുഡിഎഫ് അധികാരത്തിലേറിയതുമുതല്‍ ഉദ്യോഗാര്‍ഥികളുടെ സ്വപ്നങ്ങള്‍ കരിനിഴലിലായി. ഒഴിവ് റിപ്പോര്‍ട്ടുചെയ്യരുതെന്ന ധനകാര്യവകുപ്പിന്റെ കര്‍ശനിര്‍ദേശം എല്ലാവിഭാഗങ്ങള്‍ക്കും ലഭിച്ചു. സര്‍ക്കാരിന്റെ മെല്ലെപ്പോക്കുനയത്തിന് പിഎസ്സിയും കൂട്ടുനിന്നതോടെ കേരളം അപ്രഖ്യാപിതനിയമനിരോധനത്തിലായി. വിജ്ഞാപനമിറക്കിയ 1662 തസ്തികകളില്‍ പരീക്ഷ നടത്താന്‍ പിഎസ്സി തയ്യാറായില്ല. 85ലക്ഷം അപേക്ഷകളാണ് പിഎസ്സിയില്‍ കെട്ടിക്കിടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2009-10 വര്‍ഷത്തില്‍ 44000 പേര്‍ക്കാണ് നിയമനം നല്‍കിയത്. പിഎസ്സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമനമാണ് ഇത്. എന്നാല്‍, ഉമ്മന്‍ചാണ്ടി അധികാരമേറ്റതോടെ നിയമനിരക്ക് കുത്തനെ കുറഞ്ഞു. ആരോഗ്യമുള്‍പ്പെടെയുള്ള പ്രധാനവകുപ്പുകളില്‍ ജീവനക്കാരുടെ ക്ഷാമംമൂലം പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. തൊഴില്‍ കാത്തിരിക്കുന്ന പതിനായിരങ്ങള്‍ നിരാശയുടെ പടുകുഴിയിലാണ്.

പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതിലൂടെ സര്‍ക്കാര്‍ ജോലിയുടെ ഏറ്റവും ആകര്‍ഷകമായ ഘടകമാണ് ഇല്ലാതാക്കപ്പെട്ടത്. മിനിമം പെന്‍ഷന്‍ ലഭിക്കുമോയെന്നുപോലും സ്ഥിരീകരണമില്ല. സര്‍ക്കാരിനും ജീവനക്കാര്‍ക്കും ഈ പദ്ധതിമൂലം പ്രയോജനമില്ല. ശമ്പളവും ക്ഷാമബത്തയുമടക്കമുള്ള തുകയുടെ പത്തുശതമാനമാണ് ഇപ്പോള്‍ ഈടാക്കുന്നത്. പാര്‍ലമെന്റില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിയമമാക്കപ്പെട്ടതിനാല്‍ ഭാവിയില്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായേക്കാം. ക്ഷേമപെന്‍ഷനുകള്‍ക്കും ഭീഷണിയാകും. സ്വന്തം വരുമാനത്തിലെ ഒരു പങ്ക് ചൂതാട്ടവിപണിയില്‍ നിക്ഷേപിക്കപ്പെടുമെന്നതും പുതുതായി സര്‍വീസിലെത്തിയവരെ ആശങ്കപ്പെടുത്തുന്നു. പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പംമൂലം പദ്ധതി ആരംഭിക്കുന്നത് വൈകി. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രാബല്യത്തിലായെങ്കിലും ഈ മാസംമുതലാണ് ജീവനക്കാരുടെ വിഹിതം പിടിച്ചുതുടങ്ങിയത്. പങ്കാളിത്തപെന്‍ഷന്‍ വന്നതോടെ സര്‍ക്കാര്‍ ജോലിക്കുണ്ടായിരുന്ന സുരക്ഷിതത്വവും സ്വീകാര്യതയും ഇല്ലാതായി.

പെന്‍ഷന്‍കാരുടെ മേഖലയിലും സര്‍ക്കാര്‍ നയംമാറ്റം ആശങ്ക വിതയ്ക്കുന്നു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നിരുത്തരവാദസമീപനങ്ങളാണ് ലക്ഷക്കണക്കിന് പെന്‍ഷന്‍കാരെ വ്യാകുലരാക്കുന്നത്. ജീവിതസായാഹ്നത്തില്‍ സമാശ്വാസമാകേണ്ട തുകയും കൈയ്യിട്ടുവാരപ്പെടുമെന്നാണ് സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. രണ്ടരലക്ഷത്തിലധികം പേരുള്ള പിഎഫ് പെന്‍ഷന്‍ മേഖലയില്‍ 17 വര്‍ഷത്തിനുശേഷമാണ് വര്‍ധനയുണ്ടാകുന്നത്. നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായി നാമമാത്രപെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ വിജ്ഞാപനം പുറപ്പെടുവിച്ചില്ല.

deshabhimani

No comments:

Post a Comment