സാമ്പത്തിക പരിഷ്കാരങ്ങളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം. പെന്‍ഷന്‍ ഫണ്ട് ഓഹരിവിപണിയില്‍ നിക്ഷേപിക്കാനും പെന്‍ഷന്‍ മേഖലയില്‍ 26 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനും വ്യവസ്ഥ ചെയ്യുന്ന പെന്‍ഷന്‍ പരിഷ്കരണ ബില്‍ ലോക്സഭയില്‍ പാസാക്കിയത് കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത്. കല്‍ക്കരിപ്പാടം അഴിമതിയെച്ചൊല്ലി പാര്‍ലമെന്റ് നടപടി തടസ്സപ്പെട്ട സന്ദര്‍ഭത്തിലാണ് 2013 സെപ്തംബര്‍ മൂന്നിന് ബിജെപി ബില്‍ പാസാക്കാന്‍ സര്‍ക്കാരിനെ പിന്തുണച്ചത്. 35,000 കോടിയുടെ പെന്‍ഷന്‍ ഫണ്ട് ഓഹരിവിപണി ചൂതാട്ടത്തിന് വിട്ടുകൊടുക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചത്.
1991ല്‍ നരസിംഹറാവു സര്‍ക്കാര്‍ ആരംഭിച്ച ഉദാരവല്‍ക്കരണം എന്‍ഡിഎ സര്‍ക്കാര്‍ അതിനേക്കാള്‍ ശക്തമായി തുടരുകയായിരുന്നു. 2002ല്‍ പുതിയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്)ക്ക് തുടക്കമിട്ടത് എന്‍ഡിഎ സര്‍ക്കാരാണ്. 2004ല്‍ യുപിഎ സര്‍ക്കാര്‍ ആവേശപൂര്‍വം ഈ പദ്ധതി ഏറ്റെടുത്തു. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് ബില്ലിന്റെ പിതൃത്വം മുന്‍ എന്‍ഡിഎ സര്‍ക്കാരിനാണെന്ന് യശ്വന്ത്സിന്‍ഹ അവകാശപ്പെട്ടു. ഇന്‍ഷുറന്‍സ് കമ്പനികളില്‍ 49 ശതമാനം എഫ്ഡിഐ അനുവദിക്കാനുള്ള ബില്ലിനും ബിജെപി സര്‍വപിന്തുണയും നല്‍കി. ബില്‍ പാസാക്കാന്‍ ബിജെപി മുന്നോട്ടുവച്ച ദേദഗതിയെല്ലാം കോണ്‍ഗ്രസിന് സ്വീകാര്യമായി.
ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച തീരുമാനത്തെ ബിജെപി എതിര്‍ത്തെങ്കിലും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി ഉരുണ്ടുകളിച്ചു. 2ജി സ്പെക്ട്രം അഴിമതിക്ക് വഴിവയ്ക്കുന്നരീതിയില്‍ ടെലികോം മേഖലയില്‍ നയപരിഷ്കാരം കൊണ്ടുവന്നതും എന്‍ഡിഎ സര്‍ക്കാരാണ്. 1999ല്‍ എന്‍ഡിഎ സര്‍ക്കാര്‍ "നിശ്ചിത ലൈസന്‍സ് ഫീസ്" സമ്പ്രദായത്തെ "വരുമാനം പങ്കിടല്‍" സംവിധാനത്തിലേക്ക് മാറ്റി. ഇ ലേലം വഴി ലൈസന്‍സ് നല്‍കണമെന്ന നിര്‍ദേശം ഇരുകൂട്ടരും അവഗണിച്ചു. ഇപ്പോള്‍ ഇ ലേലം വഴി ലൈസന്‍സ് വിതരണം ചെയ്തപ്പോഴാണ് സര്‍ക്കാരിന് ഉയര്‍ന്നവരുമാനം കിട്ടിയത്. കല്‍ക്കരിപ്പാടം അഴിമതി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന, ബാങ്കിങ് പരിഷ്കാരങ്ങള്‍ എന്നിവയിലും എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍ തമ്മില്‍ വ്യത്യാസമുണ്ടായില്ല. എന്‍ഡിഎ സര്‍ക്കാര്‍ ഓഹരി വില്‍പ്പനയ്ക്കായി പ്രത്യേക മന്ത്രാലയം തന്നെ നടത്തി. യുപിഎ സര്‍ക്കാരും പൊതുമേഖലയുടെ ഓഹരിവിറ്റഴിക്കല്‍ തുടര്‍ന്നു.
സാജന്‍ എവുജിന്‍ deshabhimani
No comments:
Post a Comment