Friday, March 28, 2014

കേരളം പാളത്തിന് പുറത്ത്

തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ 623.8 കിലോമീറ്ററില്‍ 375 കിലോമീറ്ററും ഒറ്റവരിപ്പാതയാണ്. 248.08 കിലോമീറ്റര്‍ ദൂരത്തെ പാത മാത്രമാണ് ഇരട്ടിപ്പിച്ചത്. ഒരു കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കാന്‍ ശരശരി 12 കോടി രൂപ വേണം. 2013-14 ബജറ്റില്‍ പാതയിരട്ടിപ്പിക്കാന്‍ കേരളത്തിന് ആകെ അനുവദിച്ചത് 82.5 കോടി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ബജറ്റ് വിഹിതം ഓരോ വര്‍ഷവും റെയില്‍വേ വെട്ടിക്കുറയ്ക്കുകയാാണ്.

2011-2012- പുതിയ പാതകള്‍ക്ക് 89.6 കോടി അനുവദിച്ചിടത്ത് 2013-14 ബജറ്റായപ്പോള്‍ അത് 12 കോടിയായി ചുരുങ്ങി. ഗേജ് മാറ്റത്തിന് 2011-12ല്‍ 75 കോടി അനുവദിച്ചപ്പോള്‍ 2013-14ല്‍ 20 കോടിമാത്രം. പാതയിരട്ടിപ്പിക്കലിന് 2011-12ല്‍ 195.63 കോടി നീക്കിവച്ചപ്പോള്‍ 2013-14ല്‍ അത് 82.5 കോടിയായി. സംസ്ഥാനത്തെ റെയില്‍വേ പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ പകുതി പണം സംസ്ഥാനം മുടക്കണമെന്നാണ് റെയില്‍വേ നിലപാട്. എറണാകുളം-കുമ്പളം പാതയിരട്ടിപ്പിക്കലിനും ശബരി പാത നിര്‍മാണത്തിനും പകുതി പണം സംസ്ഥാനം ചെലവഴിക്കണമെന്ന് കാണിച്ച് റെയില്‍വേ കത്ത് നല്‍കി. പണം നല്‍കാനാവില്ലെന്നായിരുന്നു കേരളത്തിന്റെ മറുപടി. ഇതോടെ പാതയിരട്ടിപ്പിക്കല്‍ പാതിവഴിയില്‍ നിലച്ചു. 2007ല്‍ പദ്ധതി അംഗീകാരം ലഭിച്ച കുറുപ്പന്തറ-ചിങ്ങവനം, 2006ല്‍ അംഗീകാരം ലഭിച്ച ചെങ്ങന്നൂര്‍-ചിങ്ങവനം, 2007ല്‍ അംഗീകാരം ലഭിച്ച അമ്പലപ്പുഴ-ഹരിപ്പാട് പാതകളുടെ ഇരട്ടിപ്പിക്കല്‍ ജോലി ഇഴയുകയാണ്. കുമ്പളം-തുറവൂര്‍, എറണാകുളം-കുമ്പളം പാതകള്‍ ഇരട്ടിപ്പിക്കുന്നതിന് സ്ഥലമേറ്റെടുക്കല്‍പോലും പൂര്‍ത്തിയായിട്ടില്ല. എറണാകുളം സൗത്ത് മുതല്‍ (ആലപ്പുഴ വഴി) കായംകുളം വരെയുള്ള 100.67 കിലോമീറ്ററില്‍ 14 കിലോമീറ്റര്‍മാത്രമേ പാത ഇരട്ടിപ്പിച്ചിട്ടുള്ളൂ. എറണാകുളം മുതല്‍ ഹരിപ്പാട് വരെയും മുളന്തുരുത്തിമുതല്‍ ചെങ്ങന്നൂര്‍വരെയും പാതയിരട്ടിപ്പിച്ചിട്ടില്ല. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലും പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ല.

കേരളത്തിന്റെ കിഴക്കന്‍മേഖലയുടെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന പദ്ധതിയായ അങ്കമാലി-ശബരി പാത ഏതാണ്ട് നിലച്ചമട്ടാണ്. കഴിഞ്ഞ ബജറ്റില്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശമേയുണ്ടായിരുന്നില്ല. നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ സര്‍വേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍, നിലമ്പൂര്‍ എംഎല്‍എയും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിനും ഈ പദ്ധതിക്കുവേണ്ടി ചെറുവിരല്‍ അനക്കാന്‍ കഴിഞ്ഞില്ല. കൊല്ലങ്കോട്-തൃശൂര്‍, ഇടപ്പള്ളി-ഗുരുവായൂര്‍, കാഞ്ഞങ്ങാട്-കാണിയൂര്‍ പാതകളുടെ ഗതിയും ഇതുതന്നെ.

സുമേഷ് കെ ബാലന്‍

എവിടെ, കോച്ച് ഫാക്ടറി

പാലക്കാട്: മലയാളിയെ ഒരുപാട് മോഹിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനംചെയ്ത കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിക്ക് ശിലയിട്ടത് 2012 ഫെബ്രുവരി 21നായിരുന്നു; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ റെയില്‍മന്ത്രി ദിനേശ് ത്രിവേദി. പാലക്കാട് കോട്ടമൈതാനിയിലായിരുന്നു ചടങ്ങ്. ആറു മാസത്തിനകം പണി തുടങ്ങുമെന്നറിയിച്ച ഫാക്ടറി ഇപ്പോഴും കടലാസില്‍ത്തന്നെ. ആഗോള ടെന്‍ഡര്‍ വിളിച്ച് നിര്‍മാണക്കരാര്‍ നല്‍കുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 430 ഏക്കര്‍ സ്ഥലത്ത് ചുറ്റുമതില്‍ കെട്ടുക മാത്രമാണ് രണ്ടുവര്‍ഷംകൊണ്ട് ചെയ്തത്. ഇതോടൊപ്പം പ്രഖ്യാപിച്ച, സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ കോച്ച് ഫാക്ടറിയില്‍നിന്ന് കോച്ചുകള്‍ ഇറങ്ങിത്തുടങ്ങിയെന്നത് മറ്റൊരു വസ്തുത.

2008ല്‍ പാലക്കാട് ഡിവിഷന്‍ വിഭജിച്ചതിനെതിരെ കേരളത്തിലുയര്‍ന്ന പ്രതിഷേധം തണുപ്പിക്കാനാണ് പദ്ധതി അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയത്. 900 ഏക്കറില്‍ ടൗണ്‍ഷിപ്പോടെയുള്ള കോച്ച് ഫാക്ടറിയായിരുന്നു വാഗ്ദാനം. അത് 76 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ചെറുകിട ഫാക്ടറിയായി പിന്നീട് ചുരുങ്ങി. സ്വകാര്യപങ്കാളിയെ കിട്ടാതായപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു. മഹാനവരത്ന കമ്പനികളിലൊന്നായ സെയിലിന് 5000 കോടി രൂപവരെ മുതല്‍മുടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിവേണ്ട. ഇക്കാര്യം എം ബി രാജേഷ് എംപി പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അന്നത്തെ റെയില്‍മന്ത്രി പവന്‍കുമാര്‍ ബെന്‍സല്‍ അനുകൂല നിലപാടറിയിച്ചു.

74 ശതമാനം ഓഹരി സ്വന്തമാക്കാമെന്ന് ഉറപ്പുനല്‍കി സെയില്‍ കത്തും അയച്ചു. എന്നാല്‍, ഇതിന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും മറുപടി നല്‍കിയിട്ടില്ല. സെയില്‍ പങ്കാളിത്തത്തോടെ ഫാക്ടറി നിര്‍മാണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്് ഇടതുപക്ഷ എംപിമാര്‍ നിരവധി തവണ സമ്മര്‍ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. കേരളത്തിന്റെ കോച്ച് ഫാക്ടറി കടലാസിലുറങ്ങുമ്പോള്‍ റെയില്‍ മന്ത്രിയുടെ നാടായ കര്‍ണാടകത്തില്‍ പുതിയ കോച്ച് ഫാക്ടറിക്ക് പച്ചക്കൊടിയായി. കോലാറില്‍ നിര്‍മിക്കുന്ന ഫാക്ടറിക്ക് ഫെബ്രുവരി 28ന് ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കി. കര്‍ണാടക സര്‍ക്കാരിന്റെ 50 ശതമാനം പങ്കാളിത്തത്തോടെ 1460.92 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുക. 1119 ഏക്കര്‍ ഭൂമി കര്‍ണാടക സര്‍ക്കാര്‍ ഇതിനായി കൈമാറി. 2018ല്‍ ഉല്‍പ്പാദനം ലക്ഷ്യമിട്ട ഫാക്ടറിയില്‍നിന്ന് പ്രതിവര്‍ഷം 500 കോച്ചുകള്‍ ഇറക്കാനാണ് ഉദ്ദേശിക്കുന്നത്.

ജയകൃഷ്ണന്‍ നരിക്കുട്ടി

പാലക്കാട് ഡിവിഷന്‍ വെട്ടിമുറിക്കാന്‍ നീക്കം

മംഗളൂരു: പാലക്കാട് റെയില്‍വേ ഡിവിഷനെ വെട്ടിമുറിച്ച് കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗ കേന്ദ്രീകരിച്ച് മംഗളൂരു ഡിവിഷന്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന ഭയത്താലാണ് പ്രഖ്യാപനം നീളുന്നത്. കോടികളുടെ നഷ്ടത്തിലായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനെ രക്ഷപ്പെടുത്താന്‍ ഇതേ വഴിയുള്ളൂവെന്ന റെയില്‍വേയുടെ വാദം അംഗീകരിച്ചാണിത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനുമുമ്പ് മംഗളൂരു ഡിവിഷന്‍ യഥാര്‍ഥ്യമാക്കാനായിരുന്നു കേന്ദ്ര റെയില്‍മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെയുടെ നീക്കം. മംഗളൂരുവില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, വീരപ്പ മൊയ്ലി എന്നിവരുടെ സമ്മര്‍ദവും ഇക്കാര്യത്തിലുണ്ടായി.

കേരളത്തിലെ ഇടതുപക്ഷ എംപിമാരുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പലകുറി നടക്കാതെ പോയ നീക്കം ഇത്തവണ അതീവ രഹസ്യമായാണ് അവസാന ഘട്ടത്തിലെത്തിച്ചത്. മംഗളൂരുവിലെ പനമ്പൂരില്‍നിന്നുള്ള ചരക്ക് ഗതാഗതവരുമാനംകൊണ്ടാണ് പാലക്കാട് ഡിവിഷന്‍ പിടിച്ചുനില്‍ക്കുന്നത്്. ഡിവിഷന്റെ മൊത്തം വരുമാനമായ 878.46 കോടി രൂപയുടെ 91.2 ശതമാനവും മംഗളൂരുവിന്റെ സംഭാവനയാണ്. മംഗളൂരു വെട്ടിമുറിച്ചാല്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ അപ്രസക്തമാകും. പിന്നീട് ഇത് ലാഭകരമല്ലെന്ന വാദമുയര്‍ത്തി പാലക്കാടും തിരുവനന്തപുരവും ചേര്‍ത്ത് ഒറ്റ ഡിവിഷനാക്കും. ഇതോടെ രണ്ടു ഡിവിഷനു കിട്ടുന്ന ആനുകൂല്യം ഒറ്റ ഡിവിഷനുമാത്രമായി ചുരുങ്ങും. തമിഴ്നാട് ലോബിക്കുവേണ്ടി 2007 ഒക്ടോബറില്‍ പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സേലം ഡിവിഷന്‍ രൂപീകരിച്ചിരുന്നു. ഇതോടെ 623 കിലോമീറ്റര്‍ പാലക്കാടിന് നഷ്ടമായി.

അനീഷ് ബാലന്‍

സ്ത്രീസുരക്ഷയും വട്ടപ്പൂജ്യം

യാത്രക്കാര്‍ മാത്രമല്ല, ട്രെയിനിലെ സ്ത്രീത്തൊഴിലാളികളും സുരക്ഷിതരല്ലെന്ന് ചൊവ്വാഴ്ച തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നടന്ന അക്രമം സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ശബരി എക്സ്പ്രസിലെ പാന്‍ട്രി കാറിലെ കരാര്‍ ജീവനക്കാരനാണ് പുലര്‍ച്ചെ ശുചീകരണത്തൊഴിലാളിയായ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. നിര്‍ത്തിയിട്ട തീവണ്ടി സഹപ്രവര്‍ത്തകര്‍ക്കൊപ്പം ശുചിയാക്കുകയായിരുന്നു അവര്‍. അക്രമത്തിനിടെ പ്ലാറ്റ് ഫോമില്‍ വീണ സ്ത്രീക്ക്് ഗുരുതരമായി പരിക്കേറ്റു. ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ അധികാരികള്‍ തികഞ്ഞ പരാജയമാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ചൂളംവിളിച്ചോടുന്ന തീവണ്ടിക്കുള്ളില്‍ സ്ത്രീസുരക്ഷയുടെ പ്രാധാന്യം ഓര്‍മിപ്പിച്ചത് ഷൊര്‍ണൂരിലെ സൗമ്യയായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ അക്രമിയുടെ ക്രൂരമായ പീഡനത്തിന് ഇരയായി ജീവന്‍ നഷ്ടമായ അവളുടെ നിലവിളി കേരളത്തെ ഞെട്ടിച്ചു.

2011 ഫെബ്രുവരിയിലെ ഒരു വൈകിട്ടാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടശേഷം ക്രൂരമായി ബലാത്സംഗംചെയ്യുകയായിരുന്നു. ആറു ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ച അവര്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി. സൗമ്യകേസില്‍ പ്രതിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി റെയില്‍വേയുടെ കുറ്റകരമായ അനാസ്ഥ ചൂണ്ടിക്കാട്ടി. അതോടൊപ്പം ലേഡീസ് കംപാര്‍ട്മെന്റുകള്‍ ട്രെയിനിന്റെ മധ്യഭാഗത്തേക്ക് മാറ്റാനും സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നടപടിയെടുക്കാന്‍ റെയില്‍വേക്ക് നിര്‍ദേശം നല്‍കി. വനിതാ കംപാര്‍ട്മെന്റുകളില്‍ വനിതാ പൊലീസിനെ നിയോഗിക്കുക, ലേഡീസ് കംപാര്‍ട്മെന്റ് മധ്യഭാഗത്തേക്കു മാറ്റുക തുടങ്ങി പല നിര്‍ദേശങ്ങളും ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നു. വനിതാ കംപാര്‍ട്മെന്റ് പിറകിലായാല്‍ പലപ്പോഴും പ്ലാറ്റ്ഫോമിനു പുറത്താണ് നില്‍ക്കുക. രാത്രി പ്ലാറ്റ്ഫോമിനു വെളിയില്‍നില്‍ക്കുന്ന കംപാര്‍ട്മെന്റുകളില്‍ അക്രമിക്ക് എളുപ്പം നുഴഞ്ഞുകയറാം. റെയില്‍വേ സുരക്ഷാസേനയുടെ പട്രോളിങ് വല്ലപ്പോഴും നടക്കുന്നതൊഴിച്ചാല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഒരു നടപടിയുമില്ല. കോച്ചുകളില്‍ എമര്‍ജന്‍സി ബെല്ലുകളും ഇന്റര്‍കോം സംവിധാനവും ഒരുക്കണമെന്ന ആവശ്യവും ആരും ചെവിക്കൊണ്ടില്ല.

deshabhimani

No comments:

Post a Comment