Sunday, March 2, 2014

ശാസ്ത്രലോകത്തേക്ക് പുതിയ മത്സ്യംകൂടി

കൊല്ലം:ശാസ്ത്രലോകത്തില്‍ ഇടം നേടാന്‍ കേരളത്തില്‍ നിന്ന് ഒരു പുതിയ ഇനം മത്സ്യം കൂടി. മാക്രോഗ്നാതസ് ഭാസിയേറ്റസ് എന്ന് പേരിട്ടിരിക്കുന്ന ആരകന്റെ ജനുസില്‍പ്പെട്ട ഈ മത്സ്യത്തെ തിരുവല്ല പുറമറ്റത്തിനടുത്തുള്ള കറുത്തവടശ്ശേരിക്കരയില്‍ നിന്നാണ് കണ്ടെത്തിയത്. പാര്‍ശ്വങ്ങളിലും മുകളിലും ബ്രൗണ്‍ നിറവും ചുവട്ടില്‍ മഞ്ഞനിറവുമുള്ള ഇവയുടെ പാര്‍ശ്വങ്ങളില്‍ കുറുകെയുള്ള 27 കടുംമഞ്ഞ വരകള്‍ ഇവയുടെ മാത്രം പ്രത്യേകതയാണ്. ഓരോ ജോടി വരകള്‍ക്കിടയിലും വെള്ള നിറത്തിലുള്ള എട്ടോ ഒന്‍പതോ പൊട്ടുകളുണ്ട്. മുതുകു ചിറകിലും വാല്‍ച്ചിറകിന് മുന്‍പുള്ള ചിറകിലും തിരശ്ചീനമായി ധാരാളം മഞ്ഞരേഖകളും മുതുച്ചിറകില്‍ 30 മുള്ളുകളുമുണ്ട്. ചവറ ഗവണ്‍മെന്റ് കോളേജ് സുവോളജി വിഭാഗം അസി. പ്രൊഫസറും മാവേലിക്കര തടത്തിലാല്‍ സ്വദേശിയുമായ മാത്യൂസ് പ്ലാമൂട്ടിലാണ് ഇതിനെ കണ്ടെത്തിയത്. അന്താരാഷ്ട്രാ ശാസ്ത്ര ജേര്‍ണലായ ജേര്‍ണല്‍ ഓഫ് എക്സ്പിരിമെന്റല്‍ സുവോളജിയുടെ പുതിയ ലക്കത്തില്‍ മത്സ്യത്തെപ്പറ്റി വിശദീകരണമുണ്ട്്. ഈലേഖനം ഇന്റര്‍നാഷണല്‍ കമീഷന്‍ ഓഫ് സുവോളജിക്കല്‍ നോമന്‍ക്ലേച്ചര്‍ അംഗീകരിക്കുകയും ലോക ശാസ്ത്ര ഡേറ്റാ ബാങ്കായ സൂബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അലങ്കാരമത്സ്യം കൂടിയായ മാക്രോഗ്നാത്തസ് ഭാസിയേറ്റസ് ഭക്ഷ്യയോഗ്യമാണ്. ആഴം കുറഞ്ഞ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഇവയുടെ സങ്കേതം നദികളുടെ വശങ്ങളിലുള്ള കുറ്റിച്ചെടികളും പാറക്കല്ലുകളുമാണ്. സംസ്ഥാനത്ത് കല്ലാരകന്‍, പന ആരകന്‍ എന്നീ് ജനുസുകളില്‍പ്പെട്ട മൂന്ന് സ്പീഷീസ് ആരകനേ ഉണ്ടായിരുന്നുള്ളു. 1865 ല്‍ ബ്രിട്ടീഷുകാരനായ ഫ്രാന്‍സിസ് ഡേ തൃശൂരില്‍ നിന്ന് കണ്ടെത്തിയ പന ആരകനും കേരളത്തില്‍ സുലഭമായ കല്ലാരകനും കൂടാതെ വയനാട്ടില്‍ മാത്രമുള്ള വയനാടന്‍ ആരകനുമാണ് ഇവ. മാസങ്ങള്‍ക്ക് മുമ്പ് വയനാടന്‍ ആരകനെ കണ്ടെത്തിയതും മാത്യൂസ് പ്ലാമൂട്ടില്‍ ആണ്. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ഡോ.നെല്‍സണ്‍ പി എബ്രഹാമാണ് ഗവേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

deshabhimani

No comments:

Post a Comment