Monday, August 2, 2010

കോമണ്‍‌വെല്‍ത്ത് ഗെയിംസ് 1000 കോടിയുടെ അഴിമതി

കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍ 1000 കോടിയോളം രൂപയുടെ അഴിമതി നടന്നതായി കേന്ദ്ര വിജിലന്‍സ് കമീഷന്റെ പ്രാഥമിക വിലയിരുത്തല്‍. 2500 കോടി മുതല്‍മുടക്കിയ 16 പദ്ധതി പരിശോധിച്ചതിലാണ് ഭീമമായ അഴിമതിയെന്ന് വ്യക്തമായത്. പല നിര്‍മാണപ്രവര്‍ത്തനങ്ങളും പാതിവഴിയിലായതിനാല്‍ അന്തിമ പരിശോധനയില്‍ അഴിമതി തുക വര്‍ധിക്കുമെന്നാണ് സൂചന. ലക്ഷംകോടിയുടെ സ്പെക്ട്രം അഴിമതി കഴിഞ്ഞാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ വെട്ടിപ്പായി കോമണ്‍‌വെല്‍ത്ത് ഗെയിംസ് മാറുകയാണ്. മുപ്പതിനായിരം കോടിയിലേറെ രൂപയാണ് ഗെയിംസിനാകെ ചെലവ് പ്രതീക്ഷിക്കുന്നത്. വിജിലന്‍സ് പരിശോധിച്ച 16 പദ്ധതിയിലും അഴിമതി കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ തുകയേക്കാള്‍ ആറും ഏഴും മടങ്ങ് ഓരോ പദ്ധതിക്കും ചെലവഴിച്ചതായാണ് കണ്ടെത്തല്‍. അഴിമതിയില്‍ പങ്കാളികളായ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കമീഷന്‍ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും.

നിര്‍മാണ പ്രവര്‍ത്തനത്തിലെ അഴിമതിക്കു പുറമെ പുതിയ അഴിമതിക്കഥകളും പുറത്തുവന്നിട്ടുണ്ട്. ഗെയിംസ് ഗ്രാമത്തിലും വേദികളിലുമായി ഒരുക്കുന്ന പോളിക്ളിനിക്കുകളിലേക്ക് വാങ്ങിയ ഉപകരണങ്ങള്‍ യഥാര്‍ഥ വിലയേക്കാളും ഏഴിരട്ടിക്കാണ് വാങ്ങിയതെന്ന് വിജിലന്‍സ് കണ്ടെത്തി. ഇക്കാര്യത്തില്‍ വിജിലന്‍സ് സംഘാടകരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 40 ഐസ് നിര്‍മാണ യന്ത്രമാണ് വാങ്ങിയത്. പോളിക്ളിനിക്കുകളില്‍ ഒന്നിന്റെപോലും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. സഫ്ദര്‍ജങ്ങിലെ സ്പോര്‍ട്സ് ഇഞ്ചുറി സെന്ററിന്റെ നിര്‍മാണവും ഇഴഞ്ഞുനീങ്ങുകയാണ്. 600 കിടക്കയുള്ള സെന്ററിന്റെ നിര്‍മാണത്തിന് 71 കോടി രൂപയാണ് അനുവദിച്ചത്. ലണ്ടനില്‍ ക്യൂന്‍സ്ബാറ്റ റിലേയ്ക്ക് സൌകര്യങ്ങളൊരുക്കുന്നതിന് എഎം ഫിലിംസ് എന്ന കടലാസുകമ്പനിക്ക് രേഖകളില്ലാതെ 3.06 കോടി രൂപ നല്‍കിയത് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. എഎം ഫിലിംസിനെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമീഷനാണ് ശുപാര്‍ശ ചെയ്തതെന്ന് കല്‍മാഡി ആവര്‍ത്തിച്ചു.

കോമണ്‍‌വെല്‍ത്തിലെ വന്‍ അഴിമതിയെക്കുറിച്ച് കേന്ദ്ര-ഡല്‍ഹി സംസ്ഥാനങ്ങള്‍ക്ക് നേരത്തെതന്നെ അറിയാമായിരുന്നു. അഴിമതികള്‍ ചൂണ്ടിക്കാട്ടി സിഎജി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിച്ചെങ്കിലും ഇത് പാര്‍ലമെന്റില്‍ വയ്ക്കാതെ കേന്ദ്രം മുക്കുകയായിരുന്നു. ഗെയിംസ് പദ്ധതികളെ പൂര്‍ണമായി വിജിലന്‍സ് പരിശോധനകളില്‍നിന്ന് ഒഴിവാക്കണമെന്ന് 2006ല്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും പുറത്തുവന്നു. ഒരുക്കങ്ങളിലെ പാളിച്ചകള്‍ക്കു പുറമെ അഴിമതിയുടെ നാറുന്ന കഥകള്‍കൂടി പുറത്തുവന്നതോടെ ഗെയിംസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം വര്‍ധിച്ചു. പ്രധാനമന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുക കൂടി ചെയ്തതോടെ സംഘാടകസമിതി അങ്കലാപ്പിലാണ്. സ്പെക്ട്രം അഴിമതിയുടെ ഉത്തരവാദിത്തം ഡിഎംകെയില്‍ ചാരി കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കോമണ്‍‌വെല്‍ത്ത് അഴിമതിക്കു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണ്. ഇന്ത്യന്‍ ഒളിമ്പിക്ക് അസോസിയേഷന്‍ പ്രസിഡന്റും കോണ്‍ഗ്രസ് എംപിയുമായ സുരേഷ് കല്‍മാഡിയും കോണ്‍ഗ്രസ് ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാരിലെ ഉന്നതരുമാണ് കുടുങ്ങുന്നത്.
(എം പ്രശാന്ത്)

ബ്രിട്ടീഷ് കമ്പനിക്ക് പണം നല്‍കിയത് അന്വേഷിക്കണം: സിപിഐ എം

കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ബ്രിട്ടീഷ് കമ്പനിക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. അധികമൊന്നും അറിയപ്പെടാത്ത എഎം ഫിലിംസ് എന്ന ബ്രിട്ടീഷ് കമ്പനിക്ക് സംഘാടകസമിതി 1.68 കോടി രൂപ നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ എല്ലാ മാസവും 25,000 പൌണ്ട് നല്‍കിയതായും ആരോപണമുണ്ട്. മൂന്നുകോടിയിലധികം രൂപയാണ് ഈ കമ്പനിക്ക് സംഘാടകസമിതി നല്‍കിയത്. ഈ കരാറില്‍ ക്രമക്കേട് നടന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ പൊതുപണത്തിന്റെ ദുരുപയോഗം നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്. സര്‍ക്കാര്‍ ഇക്കാര്യം ഉടന്‍ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും പിബി ആവശ്യപ്പെട്ടു.

deshabhimani 02082010

1 comment:

  1. കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍ 1000 കോടിയോളം രൂപയുടെ അഴിമതി നടന്നതായി കേന്ദ്ര വിജിലന്‍സ് കമീഷന്റെ പ്രാഥമിക വിലയിരുത്തല്‍. 2500 കോടി മുതല്‍മുടക്കിയ 16 പദ്ധതി പരിശോധിച്ചതിലാണ് ഭീമമായ അഴിമതിയെന്ന് വ്യക്തമായത്. പല നിര്‍മാണപ്രവര്‍ത്തനങ്ങളും പാതിവഴിയിലായതിനാല്‍ അന്തിമ പരിശോധനയില്‍ അഴിമതി തുക വര്‍ധിക്കുമെന്നാണ് സൂചന. ലക്ഷംകോടിയുടെ സ്പെക്ട്രം അഴിമതി കഴിഞ്ഞാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ വെട്ടിപ്പായി കോമണ്‍‌വെല്‍ത്ത് ഗെയിംസ് മാറുകയാണ്. മുപ്പതിനായിരം കോടിയിലേറെ രൂപയാണ് ഗെയിംസിനാകെ ചെലവ് പ്രതീക്ഷിക്കുന്നത്. വിജിലന്‍സ് പരിശോധിച്ച 16 പദ്ധതിയിലും അഴിമതി കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ തുകയേക്കാള്‍ ആറും ഏഴും മടങ്ങ് ഓരോ പദ്ധതിക്കും ചെലവഴിച്ചതായാണ് കണ്ടെത്തല്‍. അഴിമതിയില്‍ പങ്കാളികളായ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കമീഷന്‍ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും.

    ReplyDelete