ഭക്ഷ്യപണപ്പെരുപ്പം ഇരട്ടഅക്കത്തില്‍ത്തന്നെ തുടരുന്നത് ഇന്ത്യയിലെ സാധാരണക്കാരന്റെ ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കുന്നു. അവശ്യ ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും തങ്ങളുടെ വരുമാനത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടാകാത്തതിനാല്‍ അവര്‍ തങ്ങളുടെ 'മെനു'വില്‍ വന്‍ വെട്ടിക്കുറവാണ് വരുത്തിയത്. സാമ്പത്തികശേഷി കുറഞ്ഞവര്‍ക്ക് ആവശ്യമുള്ള പോഷണമുള്ള ഭക്ഷണംപോലും മക്കള്‍ക്ക് വാങ്ങിക്കൊടുക്കാനാകുന്നില്ല. പോഷണമില്ലായ്മയുടെ ദുരിതങ്ങള്‍ പേറുന്ന ഭാവിതലമുറയായിരിക്കും ഫലം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം എന്നതിനാല്‍, രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഭക്ഷണത്തിലെ വെട്ടിക്കുറയ്ക്കല്‍ ഒരുപോലെ പ്രകടമാണ്. പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളില്‍ അധ്വാനിച്ച്, അന്നന്നത്തെ അഷ്ടിക്കു വക കണ്ടിരുന്നവര്‍ ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണംപോലും ഇല്ലാതെ ദുരിതത്തിലായത് ഒരു രാജ്യത്തിന്റെതന്നെ ദാരുണചിത്രമാണ് കാണിച്ചുതരുന്നത്.
ദരിദ്ര കുടുംബങ്ങള്‍ ഭക്ഷണത്തിന്റെ അളവുതന്നെ കുറച്ചു. ദിവസം മുന്നുനേരം ഭക്ഷണം കഴിച്ചിരുന്നത് രണ്ടു നേരമാക്കി കുറച്ചവര്‍ ഏറെ. പച്ചക്കറിയും തക്കാളിയും മറ്റും നഗരങ്ങളിലെ സാധാരണക്കാര്‍ക്ക് അമൂല്യവസ്തുവായി മാറിക്കൊണ്ടിരിക്കുന്നു. പച്ചക്കറിച്ചന്തയിലും മറ്റും കേടായി വലിച്ചെറിയുന്ന പച്ചക്കറികള്‍ തേടിയെത്തുന്നരുടെ എണ്ണംകൂടി. ഫലവര്‍ഗങ്ങള്‍ തീര്‍ത്തും ആര്‍ഭാടമായി മാറിക്കഴിഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് പഴം നല്‍കാനുള്ള ആഗ്രഹം വാഴപ്പഴത്തിലൊതുക്കി പലരും തൃപ്തിയടയുന്നു. കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ പാല്‍ കൊടുക്കുന്ന പതിവും തെറ്റിത്തുടങ്ങി. പകുതിയിലേറെ കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന രാജ്യത്ത് ഇത് പ്രശ്നങ്ങള്‍ കുടുതല്‍ രൂക്ഷമാക്കുന്നു. മാംസാഹാരം കഴിക്കുന്നവര്‍ കോഴിയിറച്ചിയും ആട്ടിറച്ചിയും മറന്നു തുടങ്ങി. ഇറച്ചി തിന്നാന്‍ കൊതി തോന്നുമ്പോള്‍ അറവുശാലകളില്‍നിന്ന് ചെറിയ വിലയ്ക്ക് നല്‍കുന്ന ഭാഗങ്ങള്‍ വാങ്ങുകയാണ് ചിലര്‍. തെക്കേ ഇന്ത്യയില്‍ പാവപ്പെട്ടവരുടെ വീടുകളില്‍ കഞ്ഞി തിരിച്ചെത്തിയിരിക്കുന്നു. ഇഡ്ഡലിയും ദോശയും ഉണ്ടാക്കാന്‍ ചെലവ് കൂടുന്നതിനാലാണിത്.
ജോലി കഴിഞ്ഞ് കൈനിറയെ സാധനങ്ങളുമായി കയറിവരുന്ന ഗൃഹനാഥന്‍ പല വീടുകളിലും ഓര്‍മയായി മാറിയിരിക്കുന്നു. അത്യാവശ്യം വേണ്ട സാധനങ്ങള്‍മാത്രം വാങ്ങുകയെന്ന അവസ്ഥയിലേക്ക് ഓരോരുത്തരും ചെലവ് ചുരുക്കുന്നു. നല്ല ജീവിതം കൊതിച്ച് നഗരങ്ങളിലും മറ്റും എത്തിയവര്‍ ഹോട്ടലുകളിലെ ഭക്ഷണവിലവര്‍ധന കാരണം നട്ടംതിരിയുകയാണ്. അധ്വാനിച്ച് കിട്ടുന്ന തുകയുടെ സിംഹഭാഗവും ഹോട്ടലില്‍ കൊടുക്കാനേ തികയൂ. സാധനങ്ങളുടെ വിലവര്‍ധന കാരണം ഹോട്ടലുകാരുടെ മുന്നിലും വേറെ വഴിയില്ല.
അയലത്ത് പട്ടിണി
പതിമൂവായിരം രൂപ വരുമാനം ഉണ്ടായിട്ടും ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് കോയമ്പത്തൂര്‍ സിദ്ധാപുതൂരിലെ വേദമുത്തു (45) പറഞ്ഞു. ഒരു ഹോട്ടലില്‍നിന്ന് ശാപ്പാട് കഴിക്കാന്‍ ചുരുങ്ങിയത് 45 രൂപ വേണം. മീനോ ഇറച്ചിയോ വാങ്ങിയാല്‍ 100 രൂപയിലും കൂടും. ആശാരിപ്പണി ചെയ്ത് കിട്ടുന്ന കൂലികൊണ്ട് ജീവിക്കാന്‍ കഴിയുന്നില്ല. ഭാര്യയ്ക്കും തനിക്കുമായി മാസം 13,000 രൂപ വരുമാനമുണ്ട്. എന്നിട്ടും പല ദിവസവും പട്ടിണിയാണ്. ഒരു കിലോ അരി 18 രൂപയ്ക്ക് കിട്ടിയിരുന്നു. ഇപ്പോള്‍ 36 രൂപയായി. എല്ലാ ഞായറാഴ്ചയും കോഴിയിറച്ചി വാങ്ങുമായിരുന്നു. ഒരു കിലോ ഇറച്ചിക്ക് 40 രൂപയുണ്ടായിരുന്നത് ഇന്ന് 120 ആണ്. രണ്ടു മക്കളുടെ പഠനച്ചെലവുകൂടിയാകുന്നതോടെ ജീവിതം ദുരിതമായി. ഒപ്പം ആഗസ്ത് ഒന്നുമുതല്‍ വൈദ്യുതി ചാര്‍ജ് യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിച്ചെന്നും വേദമുത്തു പറഞ്ഞു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ ചെരുപ്പ് തയ്ക്കുന്ന ആനന്തന്‍ (52) പറയുന്നത് ജീവിക്കാന്‍ മറ്റെന്തെങ്കിലും പണികൂടി നോക്കേണ്ടിവരുമെന്നാണ്. ദിവസവും 200 രൂപ സമ്പാദിക്കണം. കാരണം ഭാര്യയ്ക്ക് ഒരു സ്വകാര്യ കമ്പനിയില്‍ അടിച്ചുവാരുന്ന ജോലിയില്‍നിന്ന് മാസം 1000 രൂപയാണ് കിട്ടുന്നത്. രണ്ടുപേരും നന്നായി അധ്വാനിച്ചാല്‍ മാത്രമേ മുന്നോട്ടുപോകാനാകൂ. പരിപ്പിന് കിലോ 110 രൂപയായതിനാല്‍ സാമ്പാറും രസവും ഉണ്ടാക്കുന്നില്ല. എല്ലാ പച്ചക്കറിക്കും കിലോയ്ക്ക് 30 രൂപയില്‍ കൂടുതലാണ്. ഇപ്പോള്‍ രണ്ട് മക്കളും ഭാര്യയും താനുമടങ്ങുന്ന കുടുംബം ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചിരിക്കുകയാണെന്നും അനന്തന്‍ പറഞ്ഞു.
(ഇ എന്‍ അജയകുമാര്‍)
രജീന്ദര്‍ ചോദിക്കുന്നു... ഹം ക്യാ കരേംഗേ
ന്യൂഡല്‍ഹി: 'ദോ പൊറോട്ട ഔര്‍ സബ്ജി കൊ ബീസ് റുപയാ ദേനാ ഭായ്. ഹം ക്യാ കരേഗാ..' കൊണാട്ട് പ്ളേസിലെ രമേഷ്കുമാറിന്റെ തട്ടുകടയില്‍ പതിവുപോലെ ഉച്ചഭക്ഷണത്തിനെത്തിയ രജീന്ദറിന്റെ വാക്കുകള്‍. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ തോരാത്ത മഴ തീര്‍ത്ത കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചെളിയുടെ ധൂര്‍ത്തില്‍ നിന്നുതിരിയാനിടമില്ലാത്ത റോഡരുകിലാണ് തട്ടുകട. ഗെയിംസിന്റെ ആഡംബരത്തിന് വഴിയൊരുക്കാന്‍ അധികം വൈകാതെ പൊളിച്ചുനീക്കേണ്ട കട രജീന്ദറിനെപ്പോലെ നൂറുകണക്കിന് തൊഴിലാളികളുടെ കേന്ദ്രം. ഡല്‍ഹിയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ഇത്തരം തട്ടുകടകളിലെ വിലപോലും ഇപ്പോള്‍ കേട്ടാല്‍ പൊള്ളും. രണ്ട് പെറോട്ടയും സബ്ജിയുമാണ് ഏറ്റവും കുറഞ്ഞ വിഭവം. വില ഇരുപത് രൂപ.
ഉത്തര്‍പ്രദേശുകാരനായ രജീന്ദര്‍ പത്തു വര്‍ഷത്തോളമായി ഡല്‍ഹിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. വണ്ടി ഓടിയാലും ഇല്ലെങ്കിലും മുതലാളിക്ക് ദിവസവും അഞ്ഞൂറ് രൂപ നല്‍കണം. മഴ അലങ്കോലമാക്കിയ നഗരത്തില്‍ പ്രധാന റോഡുകളെല്ലാം നിശ്ചലമായ ദിനത്തില്‍ മുതലാളിക്ക് കൊടുക്കാനുള്ളതെങ്കിലും കിട്ടുമോയെന്ന ആശങ്കയിലാണ് ഈ മുപ്പത്താറുകാരന്‍. രാവിലെ ഏഴുമണിക്ക് ഓട്ടോയുമായെത്തിയിട്ട് ഉച്ചവരെ കിട്ടിയത് 190 രൂപ മാത്രം. പല ദിവസങ്ങളിലും ഇതുതന്നെയാണ് സ്ഥിതിയെന്ന് രജീന്ദര്‍ പറയുന്നു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബമുണ്ട് രജീന്ദറിന്. അവര്‍ നാട്ടിലാണ്. ഇവിടെ രാപ്പകല്‍ പണിയെടുത്ത് കിട്ടുന്ന പണം ഓട്ടോയുടെ വാടകയ്ക്കും സിഎന്‍ജിക്കും പോലും തികയുന്നില്ല. അതിനിടെയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഇരുട്ടടിയായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വില കുറഞ്ഞിട്ടേയില്ല. ഇപ്പോള്‍ ഇരുപത്തഞ്ച് രൂപയ്ക്ക് താന്‍ കഴിക്കുന്ന രണ്ട് പൊറോട്ടയ്ക്കും സബ്ജിക്കും മൂന്നുവര്‍ഷം മുമ്പ് പന്ത്രണ്ട് രൂപയായിരുന്നുവെന്ന് രജീന്ദര്‍ ഓര്‍ക്കുന്നു. ഇതിനേക്കാള്‍ സമൃദ്ധമായ വിഭവവുമായിരുന്നു അന്ന്.
റിക്ഷക്കാരനായ മുകേഷ് കുമാര്‍, വിലക്കയറ്റം കറികളെപ്പോലും ബാധിച്ചതെങ്ങനെയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മുമ്പ് സബ്ജിയെന്നാല്‍ തക്കാളിയും കാരറ്റും ബീന്‍സുമെല്ലാം നിറഞ്ഞതായിരുന്നു. ഇന്ന് പുഴുങ്ങിയ ഉരുളക്കിഴങ്ങില്‍ മുളകുചേര്‍ത്ത് ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നു. കച്ചവടക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് മുകേഷ്. ഒരു കിലോ തക്കാളിക്ക് ഡല്‍ഹിയിലെ ചില്ലറ വില്‍പ്പനവില എണ്‍പത് രൂപയാണ്. മൊത്തവിതരണ കേന്ദ്രങ്ങളില്‍ ശനിയാഴ്ച തക്കാളി വിറ്റത് 55 രൂപയ്ക്ക്. ബീന്‍സിന് 45 രൂപ. എന്തിനേറെ, പണ്ട് കറിവേപ്പിലപോലെ പച്ചക്കറിക്കൊപ്പം വെറുതെ കിട്ടിയിരുന്ന നൂറ് ഗ്രാം പച്ചമുളകിന് കൊടുക്കണം 15 രൂപ. ഞങ്ങള്‍ പിന്നെന്തുചെയ്യുമെന്ന് കച്ചവടക്കാരുടെ ചോദ്യം.
കാല്‍നൂറ്റാണ്ടായി ന്യൂഡല്‍ഹിയുടെ തെരുവുകളിലൂടെ സൈക്കിള്‍റിക്ഷ ചവിട്ടുന്ന സത്പാലിന് അന്നും ഇന്നും ഒരാഗ്രഹമേയുള്ളൂ. ഒരു റിക്ഷ സ്വന്തമാക്കണം. ആ ആഗ്രഹം മായ്ച്ചുകളയാന്‍ സമയമായെന്ന് ജീവിത സായാഹ്നത്തിലേക്ക് കടക്കുന്ന സത്പാല്‍ തിരിച്ചറിയുന്നു. അന്നന്നത്തെ അന്നത്തിനുപോലും വരുമാനം തികയുന്നില്ല. ദിവസവും 250 രൂപയാണ് റിക്ഷാ മുതലാളിക്ക് വാടക നല്‍കുന്നത്. മഴയിലും മഞ്ഞിലും വെയിലിലും ചൂടിലുമെല്ലാം ഈ തുക കൃത്യമായി നല്‍കിയേ പറ്റൂ. പലപ്പോഴും മിച്ചമൊന്നും ഉണ്ടാകില്ല. ഇപ്പോള്‍ വിലക്കയറ്റം ജീവിതംതന്നെ വഴിമുട്ടിച്ചെന്ന് സത്പാല്‍ പറയുന്നു- 'ഞാനിവിടെ വരുമ്പോള്‍ റിക്ഷയ്ക്ക് വാടക മൂന്നുരൂപയായിരുന്നു. ഇത്രയും കൊല്ലം ചവിട്ടിയിട്ടും എനിക്ക് ഒരെണ്ണം വാങ്ങാന്‍ കഴിഞ്ഞില്ല. ഇനിയതിന് കഴിയുമെന്ന് തോന്നുന്നില്ല. എല്ലാത്തിനും വിലകൂടുകയാണ്. ഞങ്ങളെപ്പോലുള്ളവര്‍ എങ്ങിനെ ജീവിക്കും'.
കോമണ്‍വെല്‍ത്ത് ഗെയിംസിനെന്ന പേരില്‍ ഡല്‍ഹി സര്‍ക്കാര്‍ മാത്രം ഇതിനകം ചെലവിട്ടത് പത്തൊമ്പതിനായിരം കോടി രൂപയാണ്. നിത്യോപയോഗ സാധന വിലക്കയറ്റത്തെക്കുറിച്ച് ഭരണാധികാരികള്‍ക്ക് ഒരാശങ്കയുമില്ല. താരതമ്യേന വിലകുറഞ്ഞ ഉരുളക്കിഴങ്ങ് മാത്രം ആശ്രയിച്ചാണ് പാവങ്ങളുടെ ജീവിതം. ഡല്‍ഹിയില്‍ ഏറ്റവും കുറഞ്ഞ അരിക്ക് വില 25 രൂപയാണ്. പെട്രോള്‍-ഡീസല്‍ വിലയ്ക്കൊപ്പം പാചകവാതകം, മണ്ണെണ്ണ വില വര്‍ധിപ്പിച്ചതോടെ സാധനവില വീണ്ടും കുതിക്കുകയാണ്.
(വിജേഷ് ചൂടല്‍)
സാമ്പത്തികതലസ്ഥാനം വറുതിയില്‍ വലയുന്നു
റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ബിമല്‍ ജലാന്‍ ജൂലൈ ആദ്യം മാധ്യമങ്ങളോട് പറഞ്ഞു: 'മാര്‍ച്ചില്‍ ഭക്ഷ്യസാധനങ്ങളുടെ വില കുറയുമെന്ന് നാം കരുതി. അതുണ്ടായില്ല. ഏപ്രിലില്‍ കുറയുമെന്ന് കരുതി, ജൂണ്‍ അവസാനവും കുറഞ്ഞില്ല. അടിയന്തരമായി എന്തെങ്കിലും ചെയ്തേപറ്റൂ! ഇന്ത്യയിലെ സാധാരണക്കാരന്റെ അസുഖകരങ്ങളായ ചിന്തകളാണ് ബിമല്‍ ജലാന്‍എന്ന സാമ്പത്തികശാസ്ത്രജ്ഞന്‍ പങ്കുവച്ചത്.
ജൂണ്‍ 22ന് മുംബൈയിലെ 55,000 ടാക്സികള്‍ പണിമുടക്കി. ഓട്ടോറിക്ഷകളും ചേര്‍ന്നു. ഇന്ധനവിലവര്‍ധനമൂലം ടാക്സിനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കിയത്. ആവശ്യം ശരിയെന്നുകണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരക്ക് വര്‍ധിപ്പിച്ചു. പക്ഷേ, ടാക്സിക്കാര്‍ക്ക് സന്തോഷിക്കും മുമ്പ് അടുത്ത ദുരന്തമെത്തി. കേന്ദ്രനയം കാരണം ഇന്ധനവില വീണ്ടും കൂട്ടി. വിലവര്‍ധനയ്ക്കെതിരെ നടന്ന ദേശീയബന്ദില്‍ ടാക്സി-ഓട്ടോറിക്ഷകള്‍ പങ്കുചേര്‍ന്നു. സാധാരണ ബന്ദുകള്‍ പ്രഖ്യാപിക്കപ്പെട്ടാലും മുംബൈയില്‍ ലോക്കല്‍ തീവണ്ടികളും ബസുകളും ഓടും. ഓഫീസുകള്‍ പ്രവര്‍ത്തിക്കും. എന്നാല്‍, ഇക്കഴിഞ്ഞ ബന്ദ്ദിവസം മുംബൈക്കാര്‍ ഓഫീസുകളിലെത്തിയില്ല. ബസുകളിലും തീവണ്ടികളിലും ആളുകള്‍ നന്നെ കുറവായിരുന്നു. ജൂലൈ ആദ്യം മുംബൈയിലെ കൊളാബ ചന്തയില്‍ ഒരുകിലോ ബീന്‍സിന് വില 100 രൂപയായിരുന്നു. വില ഇത്രയധികം കയറിയകാലം അടുത്തെങ്ങും ഉണ്ടായിട്ടില്ല. കച്ചവടം കുറഞ്ഞു. ജനങ്ങള്‍ ഉപഭോഗം കുറച്ചിരിക്കുന്നു. സാധാരണക്കാര്‍ അത്യാവശ്യസാധനങ്ങളല്ലാത്തവ വാങ്ങുന്നതില്‍നിന്ന് അകന്നുനില്‍ക്കുന്നു.
(ബോണി തോമസ്)
കേരളം വഴികാട്ടുന്നു
രാജ്യമെങ്ങും വിലക്കയറ്റം പൊള്ളുന്ന അനുഭവമാകുമ്പോള്‍, കേരളം മാതൃകയാകുന്നു. സപ്ളൈകോയും സഹകരണവകുപ്പും ഉയര്‍ന്നുപ്രവര്‍ത്തിച്ചപ്പോള്‍ പൊതുവിപണിയില്‍ വില ക്രമാതീതമായി കൂട്ടാന്‍ ആര്‍ക്കും കഴിയാതായി. എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധതയറിയാന്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ 3,200 ഔട്ട്ലെറ്റുകളില്‍ 13 ഇനങ്ങളുടെ വിലമാത്രം നോക്കിയാല്‍ മതി. നാലുവര്‍ഷമായി രാജ്യത്ത് ഒരേ വിലയ്ക്ക് ലഭിക്കുന്ന ഇനങ്ങള്‍ ഇതുമാത്രം.
അരിവിഹിതം വെട്ടിക്കുറച്ച് കേരളത്തിലെ പൊതുവിതരണം തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനുള്ള ശക്തമായ മറുപടിയായിരുന്നു സംസ്ഥാനാന്തര കരാറിലൂടെ വില 16 രൂപയായി നിജപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അരി നല്‍കിയത്. മൊത്തം റേഷന്‍കാര്‍ഡ് ഉടമകളുടെ പകുതിയിലേറെ വരുന്ന 36 ലക്ഷം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കി രണ്ടു രൂപ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. മാവേലി സ്റ്റോറുകള്‍, മൊബൈല്‍ മാവേലി സ്റ്റോറുകള്‍, മാവേലി സൂപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ലാഭം മാര്‍ക്കറ്റ് തുടങ്ങിയവയിലൂടെ നിത്യോപയോഗസാധനങ്ങള്‍ തുടര്‍ച്ചയായി വിപണനം ചെയ്യുന്നതുകൊണ്ട് ദേശീയ ദേശാന്തര കുത്തകകള്‍ക്ക്നമ്മുടെ റിട്ടെയില്‍ മേഖല ഇനിയും കിട്ടാക്കനിയാണ്.
വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള സഹകരണവകുപ്പിന്റെ ശ്രമമാണ് സഹകരണവിപണനം കേരളീയം. ഓണം, വിഷു, ഈസ്റ്റര്‍, റമദാന്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് തുറക്കുന്ന വിലക്കയറ്റവിരുദ്ധ വിപണികള്‍ പൊതു മാര്‍ക്കറ്റിനേക്കാള്‍ 80 ശതമാനം വരെ വിലകുറച്ചാണ് ജനങ്ങള്‍ക്ക് സാധനങ്ങള്‍ നല്‍കുന്നത്. സഹകരണസംഘങ്ങള്‍ നടത്തുന്ന നീതി സ്റ്റോറുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സുപ്പര്‍മാര്‍ക്കറ്റുകളും സാധാരണ കുടുംബങ്ങള്‍ക്ക് ആശ്വാസമായി.
ഓണത്തോടനുബന്ധിച്ച് സഹകരണവകുപ്പ് ആരംഭിച്ച വിലക്കയറ്റവിരുദ്ധ വിപണമേളകള്‍ സാധാരണക്കാരന് ആശ്വാസമാകുകയാണ്. ജയ, കുറുവ, മട്ട തുടങ്ങിയ അരി ഇനങ്ങള്‍ക്ക് ഇവിടെ 16 രൂപയാണ് വില. പച്ചരി കിലോഗ്രാമിന് 14 രൂപയ്ക്ക് ലഭിക്കും.29 രൂപവരെ വിലയുള്ള പഞ്ചസാരയ്ക്ക് 20 രൂപയും. പയര്‍ വര്‍ഗങ്ങള്‍ക്ക് 70 ശതമാനംവരെ വില കുറച്ചാണ് വിതരണം ചെയ്യുന്നത്. കേരളത്തിന്റെ ദേശീയോത്സവമായ ഓണം ഇത്തവണ സംതൃപ്തിയോടെയാണ് നാട്് ആഘോഷിക്കുക. അതിന്റെ മുഴുവന്‍ ക്രെഡിറ്റും വിപണിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനാണ്.
ദേശാഭിമാനി 02082010
ഭക്ഷ്യപണപ്പെരുപ്പം ഇരട്ടഅക്കത്തില്‍ത്തന്നെ തുടരുന്നത് ഇന്ത്യയിലെ സാധാരണക്കാരന്റെ ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കുന്നു. അവശ്യ ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും തങ്ങളുടെ വരുമാനത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടാകാത്തതിനാല്‍ അവര്‍ തങ്ങളുടെ 'മെനു'വില്‍ വന്‍ വെട്ടിക്കുറവാണ് വരുത്തിയത്. സാമ്പത്തികശേഷി കുറഞ്ഞവര്‍ക്ക് ആവശ്യമുള്ള പോഷണമുള്ള ഭക്ഷണംപോലും മക്കള്‍ക്ക് വാങ്ങിക്കൊടുക്കാനാകുന്നില്ല. പോഷണമില്ലായ്മയുടെ ദുരിതങ്ങള്‍ പേറുന്ന ഭാവിതലമുറയായിരിക്കും ഫലം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം എന്നതിനാല്‍, രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഭക്ഷണത്തിലെ വെട്ടിക്കുറയ്ക്കല്‍ ഒരുപോലെ പ്രകടമാണ്. പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളില്‍ അധ്വാനിച്ച്, അന്നന്നത്തെ അഷ്ടിക്കു വക കണ്ടിരുന്നവര്‍ ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണംപോലും ഇല്ലാതെ ദുരിതത്തിലായത് ഒരു രാജ്യത്തിന്റെതന്നെ ദാരുണചിത്രമാണ് കാണിച്ചുതരുന്നത്.
ReplyDelete