Monday, August 2, 2010

താണ പാപ്പരാസി സംസ്കാരം

മാധ്യമങ്ങള്‍ എങ്ങനെ വാര്‍ത്ത എഴുതണം എന്ന് നിര്‍ദേശിക്കാന്‍ ഞങ്ങള്‍ ആളല്ല. പക്ഷേ, എങ്ങനെ എഴുതരുത് എന്നു ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്തം മറച്ചുവയ്ക്കുന്നുമില്ല. എസ്എന്‍സി ലാവ്ലിന്‍ കേസ് ശനിയാഴ്ച കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി പരിഗണിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യത്യസ്ത പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത് കേരളത്തിലെ മാധ്യമസംസ്കാരം പാപ്പരാസികളുടെ നിലവാരത്തില്‍നിന്ന് എത്രയോ താഴെയാണ് എന്ന് തെളിയിക്കുന്നു.

ലാവ്ലിന്‍ കേസ് ശൂന്യതയില്‍നിന്ന് എപ്രകാരം വളര്‍ത്തിക്കൊണ്ടുവന്നുവോ അതേ മാതൃകയാണ് ഇന്നും ഈ മാധ്യമങ്ങള്‍ പിന്തുടരുന്നത്. പ്രചരിപ്പിച്ച കള്ളങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞുവീഴുമ്പോഴും പുതിയ കള്ളങ്ങളില്‍ അഭയം തേടുകയാണവര്‍. പിണറായി വിജയന്‍ എന്ന പേര് ശനിയാഴ്ച സിബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ അവ്യക്തമായിപ്പോലും പരാമര്‍ശിച്ചു എന്ന് സമര്‍ഥിക്കാന്‍ ഒരു പത്രത്തിന്റെ കൈയിലും തെളിവില്ല. എന്നിട്ടും പിണറായിയുടെ പേരെടുത്തുപറഞ്ഞ് അദ്ദേഹത്തിന് എതിരും ഹാനികരവുമായ ഒരു മൊഴി സിബിഐ സമര്‍പ്പിച്ചിരിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിതനീക്കമാണുണ്ടായത്. യുഡിഎഫിനുവേണ്ടിയുള്ള വിടുപണിയായി മാധ്യമപ്രവര്‍ത്തനം മാറിയിരിക്കുന്നു.

സമീപകാലത്തെ മിക്ക തെരഞ്ഞെടുപ്പുകളിലും മാധ്യമസൃഷ്ടികളായ പ്രശ്നങ്ങളുടെ തണലിലാണ് യുഡിഎഫ് നിലകൊണ്ടത്. ആവര്‍ത്തിച്ച് പ്രയോഗിക്കപ്പെട്ട ഒന്ന് ലാവ്ലിന്‍ കേസാണ്. ലാവ്ലിന്‍ കരാറില്‍ അഴിമതിയുണ്ടെന്ന് സമര്‍ഥിക്കാനും അത് കൂറ്റന്‍ അഴിമതിയാണെന്ന് പെരുപ്പിക്കാനും നുണകളുടെ ഘോഷയാത്രതന്നെയാണ് സംഘടിപ്പിക്കപ്പെട്ടത്. ടെക്ക്നിക്കാലിയ, കോടിയുടെ വീട്, കമല ഇന്റര്‍നാഷണല്‍, വരദാചാരിയുടെ തല-ഇങ്ങനെ. ഒടുവില്‍ അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ ചോര്‍ത്തി എന്നുപോലും വാര്‍ത്തയെഴുതി. അങ്ങനെ നിരത്തിയ എല്ലാ നുണകളും ജനമധ്യത്തില്‍ പിച്ചിച്ചീന്തപ്പെട്ടിട്ടും ലജ്ജ എന്ന വികാരം ഈ മാധ്യമങ്ങള്‍ക്കു തോന്നുന്നില്ല.

പിണറായി വിജയന്‍ ഒരു പൈസയുടെ അഴിമതി നടത്തിയെന്ന് പറയാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്ന് ഏറ്റവുമൊടുവില്‍ സിബിഐ കോടതിയില്‍ത്തന്നെ പറഞ്ഞു. എന്നിട്ടും കുതന്ത്രങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത രാഷ്ട്രീയ-മാധ്യമ ദുര്‍മന്ത്രവാദികള്‍ ശൂന്യതയില്‍ നിന്ന് ഒരു സാക്ഷിയെ സൃഷ്ടിക്കുകയാണുണ്ടായത്. സുദീര്‍ഘമായ കേസന്വേഷണഘട്ടത്തില്‍ അഗാധനിദ്രയിലായിരുന്ന ഒരാള്‍ ഒരു സുപ്രഭാതത്തില്‍ പ്രത്യക്ഷപ്പെട്ട് വെളിപാടുപോലെ പലതും വിളിച്ചുപറയുന്നു. മാധ്യമങ്ങള്‍ ആ ജല്‍പ്പനങ്ങള്‍ അശരീരികളായി കൊണ്ടാടുന്നു.

വാടകസാക്ഷികളും അശ്ളീല-ബ്ളാക്ക്മെയില്‍ പ്രസിദ്ധീകരണക്കാരും കുരുട്ടുബുദ്ധികളായ വ്യവഹാരികളും തട്ടിപ്പുരാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടക്കാരുമാണ് ഈ മാധ്യമങ്ങളുടെ ഇന്നത്തെ വിശ്വസ്ത ഉറവിടങ്ങള്‍. അത്തരക്കാര്‍ വിളമ്പുന്നതാണ് പണംകൊടുത്ത് പത്രം വാങ്ങുന്നവരില്‍ അടിച്ചേല്‍പ്പിക്കുന്നത്. ഒരുമൊഴി, ഒരേരീതിയില്‍ വക്രീകരിച്ച് വിവിധ പത്രങ്ങളില്‍ ഒരേദിവസം പ്രത്യക്ഷപ്പെടുന്നത് ഏതെങ്കിലും ശുദ്ധാത്മാക്കളുടെ അനവധാനതകൊണ്ടല്ല, ഒരു ക്രിമിനല്‍ സിന്‍ഡിക്കറ്റിന്റെ ഇടപെടല്‍ കൊണ്ടാണ് എന്ന് തിരിച്ചറിയാനുള്ള മിനിമം ബുദ്ധി വായനക്കാര്‍ക്കുണ്ട് എന്നെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ്, സാധാരണ കോടതി നടപടിയെ തെറ്റായി ചിത്രീകരിച്ച്, മൊഴിയില്‍ ഇല്ലാത്ത പേരുകള്‍ ഉണ്ടെന്നുവരുത്തി പുതിയ നാടകം രചിക്കുന്നത്. ലാവ്ലിന്‍ എന്ന പേര് അന്തരീക്ഷത്തില്‍ നിലനിര്‍ത്തിയാല്‍ മതി അവര്‍ക്ക്. രാഷ്ട്രീയദുര തലയില്‍ കയറിയ കുബുദ്ധികളുടെ താളത്തിനൊത്ത് തുള്ളുന്ന ഞങ്ങളുടെ സഹജീവികളെ നോക്കി സഹതാപത്തോടെ ഒന്നേ പറയാനാവൂ-ഹാ കഷ്ടം.

ദേശാഭിമാനി മുഖപ്രസംഗം 02082010

1 comment:

  1. ലാവ്ലിന്‍ കേസ് ശൂന്യതയില്‍നിന്ന് എപ്രകാരം വളര്‍ത്തിക്കൊണ്ടുവന്നുവോ അതേ മാതൃകയാണ് ഇന്നും ഈ മാധ്യമങ്ങള്‍ പിന്തുടരുന്നത്. പ്രചരിപ്പിച്ച കള്ളങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞുവീഴുമ്പോഴും പുതിയ കള്ളങ്ങളില്‍ അഭയം തേടുകയാണവര്‍. പിണറായി വിജയന്‍ എന്ന പേര് ശനിയാഴ്ച സിബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ അവ്യക്തമായിപ്പോലും പരാമര്‍ശിച്ചു എന്ന് സമര്‍ഥിക്കാന്‍ ഒരു പത്രത്തിന്റെ കൈയിലും തെളിവില്ല. എന്നിട്ടും പിണറായിയുടെ പേരെടുത്തുപറഞ്ഞ് അദ്ദേഹത്തിന് എതിരും ഹാനികരവുമായ ഒരു മൊഴി സിബിഐ സമര്‍പ്പിച്ചിരിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിതനീക്കമാണുണ്ടായത്. യുഡിഎഫിനുവേണ്ടിയുള്ള വിടുപണിയായി മാധ്യമപ്രവര്‍ത്തനം മാറിയിരിക്കുന്നു

    ReplyDelete