കേരളത്തില്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് വ്യാപകമായത് 2000 മുതലായിരുന്നു. പ്രീഡിഗ്രിക്ക് സംസ്ഥാനത്താകെ ഒരുലക്ഷത്തില്‍പരം സീറ്റുണ്ടായിരുന്ന സ്ഥാനത്ത് ഹയര്‍ സെക്കണ്ടറിക്ക് അക്കാലത്തുതന്നെ 1,30,000ല്‍പരം സീറ്റ് അന്നത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റ് അനുവദിച്ചിരുന്നു. ഇതിനുപുറമെ 20,000ല്‍പരം സീറ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കുണ്ടായിരുന്നു. അക്കാലത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ 56-66 ശതമാനമായിരുന്നു വിജയിച്ചിരുന്നത്. ജയിച്ച വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഉന്നതപഠനത്തിനു അവസരം ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് മലബാര്‍ പ്രദേശത്ത്.
ഇപ്പോഴത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റ് നിലവില്‍വന്ന 2006ല്‍ വിജയശതമാനം 68 ആയിരുന്നു. അടുത്തവര്‍ഷം അത് 82 ആയും പിന്നീടുള്ള വര്‍ഷങ്ങളില്‍ 92, 91.9, 90.7 ആയും ഉയര്‍ന്നു. 2005വരെ പല മലബാര്‍ ജില്ലകളിലും 50 ശതമാനത്തില്‍ കുറവായിരുന്നു എസ്എസ്എല്‍സി വിജയം. എന്നാല്‍ പ്രാദേശിക ഗവണ്‍മെന്റുകള്‍ മുന്‍കയ്യെടുത്ത് ബന്ധപ്പെട്ട മറ്റെല്ലാവരുമായും സഹകരിച്ചു നടപ്പാക്കിയ പദ്ധതികളുടെ ഫലമായി വിജയശതമാനം മിക്കയിടങ്ങളിലും 90 ശതമാനത്തില്‍ കൂടുതലോ അല്‍പം കുറവോ ആയി ഉയര്‍ന്നു.
സ്വാഭാവികമായി അവിടങ്ങളില്‍ ഹയര്‍ സെക്കണ്ടറി പഠനസൌകര്യം കാര്യമായി വിപുലീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. അതിനെ തുടര്‍ന്ന് 2008ല്‍ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളെ കേന്ദ്രീകരിച്ച് പുതിയ കോഴ്സുകളും ബാച്ചുകളും 2008ല്‍ അനുവദിച്ചതിന്റെ ഫലമായി ഹയര്‍ സെക്കണ്ടറിക്ക് 23400 സീറ്റും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2770 സീറ്റും അധികമായി അനുവദിക്കപ്പെട്ടു. തല്‍ഫലമായി സംസ്ഥാനത്താകെ ഹയര്‍ സെക്കണ്ടറിക്ക് ഏതാണ്ട് 2,70,000 സീറ്റും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 27000 സീറ്റും ഉണ്ടായി. മൊത്തത്തില്‍ ഏതാണ്ട് മൂന്നുലക്ഷം സീറ്റുകള്‍.
തുടര്‍ച്ചയായി മൂന്നുവര്‍ഷം എസ്എസ്എല്‍സിക്ക് 90 ശതമാനത്തില്‍പരം വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയാണ്. അതായത് ഏതാണ്ട് 4 ലക്ഷം പേര്‍. അവരില്‍ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് ഉന്നത പഠനസൌകര്യം ലഭിക്കുന്നില്ല. ഇവരില്‍ കൂടുതലും മലബാര്‍ ജില്ലകളിലാണ്. അതിനാല്‍ ഹയര്‍ സെക്കണ്ടറി പഠനസൌകര്യം കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നു. അതിനെ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ പഠന സൌകര്യം കുറവായ പഞ്ചായത്തുകളില്‍ കൂടുതല്‍ കോഴ്സുകളും ബാച്ചുകളും അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്.
ഇതുവഴി കൂടുതലായി 23,000ല്‍പരം സീറ്റുകള്‍ ഈ ജില്ലകളില്‍ ഉണ്ടാകും. ഇങ്ങനെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, പോളിടെക്നിക്ക് മുതലായ കോഴ്സുകള്‍ക്കായി ഉദ്ദേശം മൂന്നരലക്ഷം സീറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമാകുന്നു. പന്ത്രണ്ടുവര്‍ഷത്തെ വിദ്യാഭ്യാസം സാര്‍വത്രികമാകുന്നതിനോട് അടുത്തിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണിത്.
ഹൈസ്കൂള്‍ വിദ്യാഭ്യാസം വ്യാപകമാക്കുന്നതിനുള്ള പ്രാരംഭ നടപടി കൈക്കൊണ്ടത് 1967ല്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി ഗവണ്‍മെന്റായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം സൌജന്യമാക്കുകയും കൂടുതല്‍ സ്കൂളുകള്‍ ആരംഭിക്കുകയും ചെയ്തുകൊണ്ടായിരുന്നു അത്. നൂറ്റെണ്‍പതോളം കോളേജുകളില്‍ ഒതുങ്ങിനിന്ന പ്രീഡിഗ്രി കോഴ്സ് നിര്‍ത്തലാക്കി ഹൈസ്കൂളുകളില്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് ഏര്‍പ്പെടുത്തി പ്ളസ്ടു വിദ്യാഭ്യാസത്തെ വ്യാപകമാക്കുന്ന നടപടി വിപുലമാക്കിയത് 1996ലെ എല്‍ഡിഎഫ് ഗവണ്‍മെന്റായിരുന്നു. ഇപ്പോള്‍ ആ കോളേജുകളുടെ പത്തിരട്ടി സ്കൂളുകളില്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് ഉണ്ട്. സകല ഗ്രാമപഞ്ചായത്തുകളിലും നഗരങ്ങളിലും ഒരു സ്കൂളിലെങ്കിലും ഹയര്‍ സെക്കണ്ടറി കോഴ്സ് ഉണ്ട്.
വിദ്യാഭ്യാസരംഗത്ത് മലബാറിന്റെ പിന്നോക്കാവസ്ഥ ബ്രിട്ടീഷ് രീതിയിലുള്ള വിദ്യാലയങ്ങള്‍ വ്യാപകമാക്കല്‍ തുടങ്ങിയ കാലം മുതല്‍ക്കുള്ളതാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷവും അത് തുടര്‍ന്നു.
കേരളം രൂപീകരിച്ചശേഷം ആദ്യമായി നിലവില്‍ വന്ന ജനകീയ ഗവണ്‍മെന്റ് (ഇ എം എസിന്റെ നേതൃത്വത്തിലുള്ളത്) ഈ പിന്നോക്കാവസ്ഥ ഇല്ലാതാക്കാന്‍ നടപടികള്‍ ആരംഭിച്ചു. അരനൂറ്റാണ്ടിനുശേഷം അത് ഏതാണ്ട് പൂര്‍ണതയിലേക്ക് എത്തിക്കുന്നത് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റാണ്.
വിദ്യാഭ്യാസം സര്‍വതോമുഖമായ സമൂഹവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ മുന്നുപാധിയാണെന്ന് കേരളത്തിന്റെ തന്നെ അനുഭവം തെളിയിക്കുന്നു. ചൂഷകവര്‍ഗങ്ങള്‍ നയിക്കുന്ന ഗവണ്‍മെന്റുകള്‍ ഇന്ത്യയില്‍ പൊതുവില്‍ ഒരു വിഭാഗം ജനങ്ങളെ നിരക്ഷരതയില്‍ ആഴ്ത്തിനിര്‍ത്തുന്നു. ഇടതുപക്ഷ ഗവണ്‍മെന്റുകളാകട്ടെ, കേരളത്തില്‍ അവരെ നിരക്ഷരതയില്‍നിന്നു മാത്രമല്ല, വിദ്യാരാഹിത്യത്തില്‍നിന്നു കൂടി സമുദ്ധരിക്കുന്നു.
നേരത്തേ വികസന കാര്യങ്ങളില്‍ അവഗണിക്കപ്പെട്ടു കിടന്ന മലബാറിനെ വിവിധ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കൈപിടിച്ചുയര്‍ത്തി വരികയാണ്. ഇപ്പോഴത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റ് അതിന് ഉതകുന്ന വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് 12 വര്‍ഷത്തെ പൊതുവിദ്യാഭ്യാസം സാര്‍വത്രികമാക്കുന്ന തരത്തിലുള്ള നടപടികള്‍. അവയില്‍ ഏറ്റവും ഒടുവിലത്തേതാണ് കൂടുതല്‍ ഹയര്‍ സെക്കണ്ടറി കോഴ്സുകളും ബാച്ചുകളും മലബാറില്‍ അനുവദിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം.
സി പി നാരായണന്‍ ചിന്ത വാരിക 06082010
നേരത്തേ വികസന കാര്യങ്ങളില്‍ അവഗണിക്കപ്പെട്ടു കിടന്ന മലബാറിനെ വിവിധ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കൈപിടിച്ചുയര്‍ത്തി വരികയാണ്. ഇപ്പോഴത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റ് അതിന് ഉതകുന്ന വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് 12 വര്‍ഷത്തെ പൊതുവിദ്യാഭ്യാസം സാര്‍വത്രികമാക്കുന്ന തരത്തിലുള്ള നടപടികള്‍. അവയില്‍ ഏറ്റവും ഒടുവിലത്തേതാണ് കൂടുതല്‍ ഹയര്‍ സെക്കണ്ടറി കോഴ്സുകളും ബാച്ചുകളും മലബാറില്‍ അനുവദിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം.
ReplyDelete