Friday, August 6, 2010

യുപിഎ സര്‍ക്കാരിന്റെ ക്രൂരമായ കുറ്റകൃത്യം

ഒരുവശത്ത് ഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണമേഖലയില്‍നിന്ന് അര്‍ഹരായ കോടിക്കണക്കിനാളുകളെ അകറ്റുന്നു. മറുവശത്ത്, കോടിക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഗവണ്‍മെന്റ് സംഭരണികളില്‍ കിടന്നുനശിക്കുന്നു. യുപിഎ ഗവണ്‍മെന്റിന്റെ വികലനയങ്ങള്‍ എങ്ങനെയൊക്കെ ജനദ്രോഹകരമായ വൈരുധ്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിന് വേറെ ഉദാഹരണം വേണ്ട. ഏതായാലും, സുപ്രീംകോടതി ഗവണ്‍മെന്റിന്റെ ഈ ചെയ്ത രീതിയെ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ചത് ഉചിതമായി.

രാജ്യത്തിന്റെ പല കാര്‍ഷികമേഖലകളിലും പട്ടിണിമരണങ്ങള്‍ ഉണ്ടാവുന്ന കാലത്താണ് നാലുകോടി ടണ്‍ ഭക്ഷ്യധാന്യം നശിക്കുന്നതായുള്ള ഞെട്ടിക്കുന്ന വാര്‍ത്ത വരുന്നത്. നശിച്ചുപോകുന്ന ഘട്ടത്തില്‍പോലും ആ ഭക്ഷ്യധാന്യം അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള സന്മനസ്സ് യുപിഎ ഭരണത്തെ നയിക്കുന്നവര്‍ക്കില്ല. അവര്‍ ദാരിദ്ര്യരേഖയ്ക്കുമുകളില്‍ എന്നു മുദ്രയടിച്ച് കഴിയുന്നത്ര പാവപ്പെട്ട കുടുംബങ്ങളെ പൊതുവിതരണപരിധിയില്‍നിന്നു പുറത്താക്കിക്കൊണ്ടേയിരിക്കുന്നു. ആവശ്യത്തിന് വെയര്‍ഹൌസുകളും ഇതരസംഭരണ സംവിധാനങ്ങളും രാജ്യത്തില്ലാത്തതുകൊണ്ടാണ് ഈ അവസ്ഥയുണ്ടായത് എന്ന് ഗവണ്‍മെന്റ് വിശദീകരിക്കുന്നു. വിപുലമായ ഭക്ഷ്യധാന്യ സംഭരണ സംവിധാനങ്ങളുണ്ടാക്കുന്നതില്‍നിന്ന് യുപിഎ സര്‍ക്കാരിനെ ആരാണ് തടഞ്ഞത്? ഹ്രസ്വകാലാടിസ്ഥാനത്തില്‍ വെയര്‍ഹൌസുകള്‍ വാടകയ്ക്കെടുത്തോ ടെന്റ്ഹൌസുകള്‍ പണിതോ ഈ ഭക്ഷ്യധാന്യം സംരക്ഷിക്കേണ്ടതായിരുന്നില്ലേ. അതുമല്ലെങ്കില്‍ അര്‍ഹതപ്പെട്ട പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കാമായിരുന്നില്ലേ? അങ്ങനെയൊക്കെ ആലോചിക്കണമെങ്കില്‍ ജനങ്ങളെക്കുറിച്ച് ഭരിക്കുന്നവരുടെ മനസ്സില്‍ ഒരു കരുതല്‍ വേണം. അതില്ല എന്നതാണല്ലോ, അടിസ്ഥാനപരമായ പ്രശ്നം.

ചുരുങ്ങിയ മണിക്കൂറുകള്‍കൊണ്ട് എണ്ണായിരംകോടി രൂപയുടെ കോര്‍പറേറ്റ് നികുതിയാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ യുപിഎ ഗവമെന്റ് എഴുതിത്തള്ളിയത്. ഇതിന്റെ ചെറിയൊരു ശതമാനം മതിയായിരുന്നു ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകാതെ സൂക്ഷിക്കാന്‍വേണ്ട ഭദ്രമായ സംഭരണികള്‍ നിര്‍മിക്കാന്‍. ഭക്ഷ്യധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്കുള്ളതാണ്. നികുതിയിളവുകള്‍ ശതകോടീശ്വരന്മാര്‍ക്കുള്ളതാണ്. പാവങ്ങളെ മറന്ന്, പതിവുപോലെ ഇക്കുറിയും യുപിഎ ഗവമെന്റ് ശതകോടീശ്വരന്മാരെ തുണച്ചു. അതാണ് കോണ്‍ഗ്രസിന്റെയും യുപിഎയുടെയും രാഷ്ട്രീയം!

ഭക്ഷ്യധാന്യങ്ങള്‍ സംഭരണികളില്‍ നശിക്കുക, കര്‍ഷകര്‍ക്ക് ന്യായവില കിട്ടാതിരിക്കുക, ഉപഭോക്താക്കള്‍ക്ക് അന്യായവിലയ്ക്കുമാത്രം ഭക്ഷ്യധാന്യം നല്‍കുക, പൊതുവിതരണപരിധിയില്‍നിന്ന് ജനങ്ങളെ എപിഎല്‍ എന്ന പേരുപറഞ്ഞ് കൂട്ടത്തോടെ പുറത്താക്കുക. പരസ്പരവിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നു. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഭരണം നിലവിലുണ്ടെങ്കില്‍ അരാജകത്വത്തിന്റേതായ ഈ ഒരവസ്ഥ ഉണ്ടാവില്ല. ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ് യുപിഎ ഗവമെന്റിന്റെ ഭക്ഷ്യസുരക്ഷാബില്‍ കാര്യത്തിലുള്ള നിലപാടും. പൊതുവിതരണ സമ്പ്രദായത്തിന്റെ പരിധിയില്‍നിന്ന് വലിയൊരു ജനവിഭാഗത്തെ ഒഴിവാക്കിയെടുക്കുന്നതിന് നിയമസാധുത നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ഗവമെന്റ് ഇതിന് ശ്രമിക്കുന്നതാകട്ടെ, അസത്യജടിലമായ കണക്കുകളുടെ അടിസ്ഥാനത്തിലാണുതാനും. ഭക്ഷ്യസുരക്ഷയില്ലാത്ത ജനവിഭാഗങ്ങള്‍ക്ക് ഭക്ഷണം അവകാശമാണെന്ന് വ്യവസ്ഥ ചെയ്യുന്നതിലല്ല, മറിച്ച് ഭക്ഷ്യസബ്സിഡി കഴിയുന്നത്ര കുറച്ച് ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലാണ് ഗവണ്‍മെന്റിന് വ്യഗ്രത. ന്യായീകരണമില്ലാത്ത ഇത്തരം നീക്കങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ തക്കവിധം സംയുക്ത സമരപ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 06082010

1 comment:

  1. ചുരുങ്ങിയ മണിക്കൂറുകള്‍കൊണ്ട് എണ്ണായിരംകോടി രൂപയുടെ കോര്‍പറേറ്റ് നികുതിയാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ യുപിഎ ഗവമെന്റ് എഴുതിത്തള്ളിയത്. ഇതിന്റെ ചെറിയൊരു ശതമാനം മതിയായിരുന്നു ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകാതെ സൂക്ഷിക്കാന്‍വേണ്ട ഭദ്രമായ സംഭരണികള്‍ നിര്‍മിക്കാന്‍. ഭക്ഷ്യധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്കുള്ളതാണ്. നികുതിയിളവുകള്‍ ശതകോടീശ്വരന്മാര്‍ക്കുള്ളതാണ്. പാവങ്ങളെ മറന്ന്, പതിവുപോലെ ഇക്കുറിയും യുപിഎ ഗവമെന്റ് ശതകോടീശ്വരന്മാരെ തുണച്ചു. അതാണ് കോണ്‍ഗ്രസിന്റെയും യുപിഎയുടെയും രാഷ്ട്രീയം!

    ReplyDelete