Thursday, August 5, 2010

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയെപ്പറ്റി തന്നെ

കോമണ്‍വെല്‍ത്ത് ഗെയിംസ് പട്ടിക വിഭാഗ ക്ഷേമത്തിനുള്ള 744 കോടി വകമാറ്റി

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ പട്ടികജാതി, വര്‍ഗ ക്ഷേമനിധി വകമാറ്റി ചെലവഴിച്ചു. 744 കോടി രൂപ വകമാറ്റി ചെലവഴിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗെയിംസ് പദ്ധതികളില്‍ വന്‍തോതില്‍ ക്രമക്കേടു നടക്കുന്നതായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ്, ഡല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശനത്തിന്റെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തുന്ന പുതിയ വെളിപ്പെടുത്തല്‍.

എസ് സി/എസ് ടി ഫണ്ട് വകമാറ്റി ചിലവഴിച്ചിട്ടില്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അവകാശപ്പെട്ടു പോരുന്നത്. ഇത് ശരിയല്ലെന്നാണ് പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നത്. പട്ടികജാതി/പട്ടിക വര്‍ഗ ക്ഷേമത്തിനു വേണ്ടിയുള്ള ഫണ്ടുകള്‍ ഡല്‍ഹി സര്‍ക്കാര്‍ കോമണ്‍വല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ബസ് ടെര്‍മിനലുകളും റോഡുകളും മറ്റും നിര്‍മിക്കുന്നതിനായി ഉപയോഗിച്ചു എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

റോഡുകളുടെ വീതികൂട്ടല്‍, ബസ് ടെര്‍മിനലുകളുടെ നവീകരണം, ജലവിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് എസ് സി/ എസ് ടി ഫണ്ട് ഉപയോഗിച്ചിരിക്കുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് പ്രാമുഖ്യമുള്ള മേഖലകളുടെ സമഗ്രവികസനത്തിനായി ഉപയോഗിക്കേണ്ട ഈ ഫണ്ട് വകമാറ്റി ചെലവഴിച്ചത് വന്‍ വിവാദത്തിന് വഴിമരുന്നിട്ടിട്ടുണ്ട്. പാര്‍ലമെന്റില്‍ ഇന്നലെ ഈ വിഷയം പ്രക്ഷുബ്ധ രംഗങ്ങള്‍ സൃഷ്ടിച്ചു. ഫണ്ട് വകമാറ്റിയതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷോഭം അഴിച്ചുവിട്ടപ്പോള്‍ സഭ മൂന്നുതവണ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് എസ് സി/എസ് ടി വിഭാഗത്തിനു കൂടി പ്രയോജനം ചെയ്യും എന്ന ന്യായമാണ് ഫണ്ട് വകമാറ്റുന്നതിനായി സര്‍ക്കാര്‍ രേഖയില്‍ പറയുന്നത്. പക്ഷേ, ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടേയില്ല എന്ന നിലപാടില്‍ ഷീലാ ദീക്ഷിത് ഉറച്ചുനില്‍ക്കുകയാണ്. എസ് സി/എസ് ടി ഫണ്ടില്‍ നിന്നും ഒരു രൂപ പോലും ഗെയിംസിനായി ഉപയോഗിച്ചിട്ടില്ല എന്ന് ദീക്ഷിത് ആവര്‍ത്തിച്ചു.

അതേസമയം, ഗെയിംസ് സംഘാടക സമിതിയുടെ വിശ്വാസ്യതയ്ക്ക് കൂടുതല്‍ മങ്ങേലല്‍പ്പിച്ചുകൊണ്ട്, വിദേശ കമ്പനികള്‍ക്ക് കരാറുകള്‍ കൊടുക്കാന്‍ സമിതി ഉപയോഗിച്ച ഇ മെയിലുകളുടെ ആധികാരികത ചോദ്യം ചെയ്ത് വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നു. ലണ്ടനില്‍ ബാറ്റണ്‍ റാലി നടന്ന സമയത്ത് വസ്ത്രങ്ങളും മറ്റ് സംവിധാനങ്ങളും ലഭിക്കുന്നതിനായി എ എം ഫിലിംസ് എന്ന കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതിനെ ന്യായീകരിക്കുന്നതിനായി ഒരു ഇ മെയില്‍ സംഘാടക സമിതി തലവന്‍ സുരേഷ് കല്‍മാഡി നേരത്തെ പുറത്തുവിട്ടിരുന്നു. ഈ ഇ മെയില്‍ കെട്ടിച്ചമച്ചതാകാം എന്ന സംശയമാണ് വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചിരിക്കുന്നത്.

എ എം ഫിലിംസ് എന്ന കമ്പനിയെ ശുപാര്‍ശ ചെയ്തു കൊണ്ട് ആര്‍ക്കും മെയില്‍ അയച്ചിട്ടില്ലെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കമ്മിഷനിലെ ഉദ്യോഗസ്ഥനായ രാജു സെബാസ്റ്റ്യന്‍ എ എം ഫിലിംസിനെ ശുപാര്‍ശ ചെയ്ത് മെയില്‍ അയച്ചിരുന്നു എന്നാണ് കല്‍മാഡി അവകാശപ്പെട്ടിരുന്നത്.

എ എം ഫിലിംസിന് ടെന്‍ഡര്‍ നല്‍കിയതിനെക്കുറിച്ച് ആഭ്യന്തര തലത്തില്‍ അന്വേഷണം നടത്താന്‍ ഗെയിംസ് സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. അപ്രശസ്തമായ എം എം ഫിലിംസിന് മൂന്നു കോടിയിലധികം രൂപയാണ് ഗെയിംസ് സംഘാടക സമിതി നല്‍കിയത്.
മറ്റ് നിരവധി രാജ്യങ്ങളിലെ കമ്പനികളുമായി ഉണ്ടാക്കിയ കരാറുകളും സംശയത്തിന്റെ നിഴലിലാണ്. വന്‍തോതില്‍ കോഴ വാങ്ങിയാണ് സംഘാടക സമിതി ഈ കരാറുകളെല്ലാം നല്‍കിയത് എന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.

ജനയുഗം 04082010

മുഖം രക്ഷിക്കല്‍; എല്ലാം കല്‍മാഡിയെന്ന്

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ പ്രതിക്കൂട്ടിലായ കേന്ദ്ര ഗവര്‍മെണ്ടിന്റെ മുഖംരക്ഷിക്കാന്‍ സംഘാടക സമിതിക്കെതിരെ കായിക-വിദേശ മന്ത്രാലയങ്ങള്‍ രംഗത്തെത്തി. ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ വിശ്വസ്തരായ രണ്ടുപേരെ സംഘാടക സമിതിയില്‍നിന്ന് ഒഴിവാക്കാന്‍ കായിക മന്ത്രാലയം നിര്‍ദേശിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് എ എം ഫിലിംസ് കമ്പനിയെ ക്യൂന്‍സ് ബാറ്ററിലെ ജോലി ഏല്‍പ്പിച്ചതെന്ന കല്‍മാഡിയുടെ വാദം വിദേശമന്ത്രാലയം തള്ളിക്കളഞ്ഞു. രേഖാപരമായ കരാറില്ലാതെ 3.2 കോടി രൂപ എ എം ഫിലിംസിന് സംഘാടകസമിതി കൈമാറിയിരുന്നു. അതിനിടെ, തെരുവുവിളക്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ സിബിഐ കേസ് രജിസ്റര്‍ ചെയ്തു.

എ എം ഫിലിംസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഹൈക്കമീഷന്റെ താല്‍പര്യമാണ് നടപ്പാക്കിയതെന്നായിരുന്നു കാര്‍മാഡിയുടെ ന്യായീകരണം. ഹൈക്കമീഷന്റേതെന്ന പേരില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ കല്‍മാഡി പ്രദര്‍ശിപ്പിച്ച കത്ത് വ്യാജമായി നിര്‍മിച്ചതാണെന്നും വിദേശമന്ത്രലായം വെളിപ്പെടുത്തി. 'ഗതാഗത സംവിധാനമൊരുക്കാന്‍ അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങള്‍ എ എം കാര്‍ ആന്‍ഡ് വാനും ദി ചൌഫര്‍ കമ്പനിയുമാ'ണെന്നാണ് ഹൈക്കമീഷന്റേതായി കല്‍മാഡി പ്രദര്‍ശിപ്പിച്ച കത്തിലുണ്ടായിരുന്നത്. ഹൈക്കമീഷനിലെ പ്രോട്ടോകോള്‍ ഓഫീസറായ രാജു സെബാസ്റ്യനാണ് 2009 ഒക്ടോബര്‍ 13ന് കത്തെഴുതിയത്. എന്നാല്‍, ആശിഷ് പട്ടേലിന്റെ കമ്പനിയായ എ എം ഫിലിംസിനെക്കുറിച്ച് കത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കുന്നു. സംഘാടക സമിതി ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ടി എസ് ദര്‍ബാരി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. സഞ്ജയ് മൊഹിന്ദ്രൂ എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കായിക സെക്രട്ടറി സിന്ധുശ്രീ ഖുല്ലാറാണ് കല്‍മാഡിക്ക് കത്തയച്ചത്. ഇതിനിടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി സുരേഷ് കല്‍മാഡി പ്രഖ്യാപിച്ചു. വിദേശമന്ത്രി എസ് എം കൃഷ്ണയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു പ്രഖ്യാപനം. എഎം കമ്പനിക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് സംഘാടക സമിതി സെക്രട്ടറി ജനറല്‍ ലളിത് ഭാനോത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് സിബിഐ കേസ് രജിസ്റര്‍ ചെയ്തത്. മുനിസിപ്പല്‍ കൌണ്‍സില്‍ ഓഫ് ഡല്‍ഹി ഉദ്യോഗസ്ഥര്‍ക്കും ഒരു സ്വകാര്യ സ്ഥാപനത്തിനും എതിരെയാണ് കേസ്. ഗെയിംസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കോടികളുടെ അഴിമതിയും ക്രമക്കേടും കണ്ടെത്തിയ കേന്ദ്ര വിജിലന്‍സ് കമീഷന്‍, എംസിഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐയോട് നിര്‍ദേശിച്ചിരുന്നു. നഗരത്തിലെ 105 കിലോമീറ്ററില്‍ തെരുവുവിളക്ക് സ്ഥാപിക്കാനുള്ള പദ്ധതി കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നതല്ലെങ്കിലും ഗെയിംസിന് മുന്നോടിയായി പണി പൂര്‍ത്തീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഈ പദ്ധതിക്കായി ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ച സ്വകാര്യകമ്പനിക്കാണ് പണി നല്‍കിയത്. പിന്നീട് തുക വര്‍ധിപ്പിച്ചു. 342 കോടിയുടെ പദ്ധതിയില്‍ വന്‍വെട്ടിപ്പാണ് നടന്നത്.
(വിജേഷ് ചൂടല്‍)

ഗെയിംസ് അഴിമതി വിശദമായി അന്വേഷിക്കണം: യെച്ചൂരി

കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ നടക്കുന്ന വന്‍ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. നിലവിലുള്ള സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിന് വന്‍ തുകയാണ് വകയിരുത്തിയത്. ഈ തുകകൊണ്ട് എത്രയോ ഇരട്ടി പുതിയ സ്റ്റേഡിയങ്ങള്‍ ഉണ്ടാക്കാം. ഐപിഎല്‍, ടെലികോം തുടങ്ങിയ അഴിമതികള്‍ക്ക് ശേഷമുള്ള വലിയ അഴിമതിയാണ് ഇതെന്ന് യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിന് 961 കോടിയാണ് നീക്കിവച്ചത്. ഗ്യാന്‍ ചന്ദ് ഹോക്കി സ്റ്റേഡിയം ആധുനികവല്‍ക്കരിക്കാന്‍ 262 കോടിയും ഇന്ദിരാഗാന്ധി സ്റ്റേഡിയം പുതുക്കിപ്പണിയാന്‍ 669 കോടിയുമാണ് നല്‍കിയതെന്ന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് വ്യക്തമാക്കുന്നു. ഷൂട്ടിങ് റേഞ്ച് പുതുക്കുന്നതിന് 149 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഈ തുക ആവശ്യത്തിലും അധികമാണ്.

ഡല്‍ഹിയിലെതന്നെ ഫിറോസ്ഷാ കോട്ട്ല സ്റ്റേഡിയം എല്ലാ ആധുനികസൌകര്യങ്ങളോടും കൂടി അടുത്തയിടെ പുതുക്കിപ്പണിഞ്ഞത് 85 കോടി രൂപകൊണ്ടാണ്. ഹൈദരാബാദിലെ ലാല്‍ബഹാദൂര്‍ സ്റ്റേഡിയം 80 കോടി ചെലവഴിച്ചും നാഗ്പുരിലെ സ്റ്റേഡിയം 85 കോടി രൂപ ചെലവഴിച്ചുമാണ് പുതുക്കി പണിതത്. കോമണ്‍‌വെല്‍ത്ത് ഗെയിംസിലെ സ്റ്റേഡിയങ്ങള്‍ പുതുക്കിപ്പണിയുന്നതിന് മാത്രമായി 4459.48 കോടിയാണ് നീക്കിവച്ചത്. ഇത്രയും പണം ചെലവാക്കിയിട്ടും പുതിയ ഒരു സ്റ്റേഡിയവും നിര്‍മിക്കപ്പെട്ടില്ല. പണം ധൂര്‍ത്തടിക്കുകയാണ് ചെയ്യുന്നത്. അതേസമയം കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ സൌകര്യങ്ങള്‍ ഒരുക്കുന്നതിന് ഇടയില്‍ മരിച്ച 70 തൊഴിലാളികളെക്കുറിച്ച് ആരും ഓര്‍ക്കുന്നില്ല. ഗെയിംസിന്റെ ഒരുക്കങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്ന് ടൂറിസം-ട്രാന്‍സ്പോര്‍ട്ട്-കള്‍ച്ചര്‍ മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റി ഒരു വര്‍ഷം മുമ്പുതന്നെ സൂചിപ്പിച്ചിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

ദേശാഭിമാനി 04082010

1 comment:

  1. കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ നടക്കുന്ന വന്‍ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. നിലവിലുള്ള സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിന് വന്‍ തുകയാണ് വകയിരുത്തിയത്. ഈ തുകകൊണ്ട് എത്രയോ ഇരട്ടി പുതിയ സ്റ്റേഡിയങ്ങള്‍ ഉണ്ടാക്കാം. ഐപിഎല്‍, ടെലികോം തുടങ്ങിയ അഴിമതികള്‍ക്ക് ശേഷമുള്ള വലിയ അഴിമതിയാണ് ഇതെന്ന് യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിന് 961 കോടിയാണ് നീക്കിവച്ചത്. ഗ്യാന്‍ ചന്ദ് ഹോക്കി സ്റ്റേഡിയം ആധുനികവല്‍ക്കരിക്കാന്‍ 262 കോടിയും ഇന്ദിരാഗാന്ധി സ്റ്റേഡിയം പുതുക്കിപ്പണിയാന്‍ 669 കോടിയുമാണ് നല്‍കിയതെന്ന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് വ്യക്തമാക്കുന്നു. ഷൂട്ടിങ് റേഞ്ച് പുതുക്കുന്നതിന് 149 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഈ തുക ആവശ്യത്തിലും അധികമാണ്.

    ReplyDelete