കേരളത്തിന്റെ ധനകാര്യാവസ്ഥയെ സംബന്ധിച്ച് മാതൃഭൂമി ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കുകയുണ്ടായി. അത് ഉപസംഹരിക്കപ്പെടുന്നത് താഴെ പറയുന്ന കണ്ടെത്തലോടെയാണ്. "സ്വകാര്യവല്‍കരണം, കമ്പോളവല്‍കരണം, നിയോലിബറലിസം തുടങ്ങിയ യാഥാസ്ഥിതിക ഇടതുപക്ഷ വാചാടോപങ്ങളിലൂടെ യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താല്‍പര്യങ്ങളാണ്''. നിഷ്പക്ഷ നാട്യത്തോടെ കേരളത്തിന്റെ ധനകാര്യാവസ്ഥ പഠിക്കുന്ന മട്ടിലാണ് ലേഖകന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നതെങ്കിലും അവസാനമായപ്പോള്‍ ലേഖകന്റെ ആട്ടിന്‍തോല്‍ അഴിഞ്ഞുവീഴുകയാണ്.
ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിച്ച നാലുവര്‍ഷത്തെയും ഐക്യജനാധിപത്യമുന്നണി ഭരിച്ച അതിനുമുമ്പത്തെ വര്‍ഷങ്ങളെയും ഒരുമിച്ചെടുത്ത് പത്തുവര്‍ഷക്കാലത്തെ കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിനെ വിലയിരുത്തുന്ന സമീപനമാണ് മാതൃഭൂമി ലേഖകന്‍ സ്വീകരിച്ചിരിക്കുന്നത്. അതുതന്നെ ഒരു വഞ്ചനയാണ്. നിരന്തരമായി ട്രഷറി പൂട്ടിയും ക്ഷേമപെന്‍ഷനുകള്‍ തടഞ്ഞുവെച്ചും ഭക്ഷ്യസബ്സിഡി വെട്ടിക്കുറച്ചുമൊക്കെ ജനങ്ങളെ ദ്രോഹിക്കുകയായിരുന്നു ഐക്യജനാധിപത്യമുന്നണിയെങ്കില്‍ അതിന് കടകവിരുദ്ധമായ സമീപനമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാലത്തുണ്ടായത്. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാക്കാതെ കൃത്യമായി വിതരണം ചെയ്യുക, കാലോചിതമായ വര്‍ദ്ധനവു വരുത്തുക, വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി ആഘോഷവേളകളില്‍ ഇടപെടല്‍ നടത്തുക, ട്രഷറി പൂട്ടാതെ നോക്കുന്നതോടൊപ്പം തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുക എന്ന രീതിയിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ 35 ശതമാനം കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിപ്പോള്‍ 2 രൂപയ്ക്ക് റേഷന്‍ അരി വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. അതിലൂടെ ഏത് സമ്പന്നന്റേയും മധ്യവര്‍ഗക്കാരന്റേയും താല്‍പര്യമാണ് സംരക്ഷിക്കപ്പെടുന്നത്? കര്‍ഷകത്തൊഴിലാളികള്‍ക്കും വിധവകള്‍ക്കും മറ്റ് അനാഥര്‍ക്കും വികലാംഗര്‍ക്കും ഒക്കെ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ എങ്ങനെയാണ് സമ്പന്നവര്‍ഗ താല്‍പര്യം സംരക്ഷിക്കപ്പെടുക? സര്‍ക്കാര്‍ ജോലി കിട്ടുന്നവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ജോലിക്കാരുടെയും മധ്യവര്‍ഗക്കാരുടെയും പിന്‍തലമുറക്കാരാണെന്ന വാദവും ലേഖകന്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന കാര്യമൊട്ടു വെളിപ്പെടുത്തിയിട്ടുമില്ല.
സര്‍ക്കാര്‍ സേവനങ്ങളുടെ, വിശിഷ്യാ വിദ്യാഭ്യാസ - ആരോഗ്യമേഖലകളിലെ സേവനങ്ങളുടെ ഗുണനിലവാരം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതായി ആക്ഷേപമുന്നയിക്കുവാന്‍ ലേഖകന്‍ തയ്യാറാവുന്നുണ്ട്. അതൊരു പരിധിവരെ ശരിയുമാണ്. അതിനെന്താണ് കാരണം? പുത്തന്‍ സാമ്പത്തിക പ്രഖ്യാപനം മുതല്‍ കേന്ദ്രം തന്നെ വിദ്യാഭ്യാസ - ആരോഗ്യമേഖലകളിലെ പൊതുമുതല്‍മുടക്കിന്റെ അളവ് കുറച്ചുകൊണ്ടുവരികയാണ്. അത് കേരളത്തെയും ബാധിക്കുന്നുണ്ട് എന്നതിന് ഊന്നല്‍ കൊടുക്കാതെ സംസ്ഥാനത്തെ ധനകാര്യ കെടുകാര്യസ്ഥതയാണതിന് കാരണം എന്ന് വരുത്താവുന്നവിധം അവതരിപ്പിക്കുന്നത് ജുഗുപ്സാവഹമായ രീതിയാണ്.
ക്ഷേമപെന്‍ഷനുകളുടെ തുക കുറവാണെന്ന് ഭംഗ്യന്തരേണ ആരോപണമുന്നയിക്കുന്ന ലേഖകന്‍, കേരളത്തിലൊഴികെ മറ്റൊരിടത്തും ഇത്തരം പെന്‍ഷനുകള്‍ തന്നെ കൊടുക്കുന്നില്ലെന്ന കാര്യം മറച്ചുവെച്ചിരിക്കുകയാണ്. എന്നിട്ട് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വെട്ടിക്കുറക്കലാണ് ഇതിനൊരു ഒറ്റമൂലി എന്നാണ് ലേഖകന്‍ കണ്ടെത്തിയിരിക്കുന്നത്. അഖിലേന്ത്യാതലത്തിലും സംസ്ഥാനതലത്തിലും നിലനില്‍ക്കുന്ന സേവന - വേതന വ്യവസ്ഥകളൊക്കെ വെട്ടിക്കുറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ലേഖകന്റെ തലയില്‍ നിലാവെളിച്ചമാണെന്നാണ് തോന്നുന്നത്.
കേന്ദ്ര സഹായം കുറയുന്നു, കടമെടുപ്പിന് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നൊക്കെ പറയാന്‍ തയ്യാറാവുന്നുണ്ടെങ്കിലും ഒരു ഫെഡറല്‍ ഭരണഘടനയുള്ള ഇന്ത്യയില്‍ കേന്ദ്രം സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം നല്‍കണമെന്ന് പറയാനോ ഫെഡറല്‍ അധികാരങ്ങളില്‍ വിശിഷ്യാ ധനകാര്യ അധികാരങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന് പറയാനോ തയ്യാറാവുന്നില്ല എന്നത് കാണിക്കുന്നത് അമിതമായ കോണ്‍ഗ്രസ് ഭക്തിയല്ലാതെ മറ്റൊന്നുമല്ല.
അവസാനം ഇതിനൊക്കെ പരിഹാരമായി കാണുന്നതോ? പച്ചയായ സ്വകാര്യവല്‍ക്കരണം തന്നെ. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓഹരിവില്‍ക്കണം, സര്‍ക്കാര്‍ ഭൂമി വില്‍ക്കണം എന്നിങ്ങനെ പോകുന്നു പരിഹാര മാര്‍ഗങ്ങള്‍. ചുളുവിലയ്ക്ക് പൊതുമുതല്‍ വെട്ടിപ്പിടിച്ച് ആണ് മൂലധനശക്തികള്‍ വളരാന്‍ തുടങ്ങിയതെന്ന് ആദിമ മൂലധന സഞ്ചയത്തെക്കുറിച്ച് വിശകലനം നടത്തി മാര്‍ക്സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.കേരളത്തില്‍ അത്തരമൊരവസരം മുതലാളിത്തം പ്രതീക്ഷിച്ചിരിക്കുകയാണ്. സ്വകാര്യവല്‍ക്കരണത്തോടും കമ്പോളവല്‍ക്കരണത്തോടും നവലിബറല്‍ നയങ്ങളോടുമൊക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന എതിര്‍പ്പിന്റെ ഭാഗമായി ആ അവസരം അവര്‍ക്ക് ലഭ്യമായിരുന്നില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍പോലും കമ്യൂണിസ്റ്റുകാരുടെ എതിര്‍പ്പുമൂലം അതിനു കഴിയാത്ത സ്ഥിതിയുണ്ട്. അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാരുടെ എതിര്‍പ്പ് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താല്‍പര്യസംരക്ഷണത്തിനാണെന്ന് പറഞ്ഞ് ഈ വിദ്വാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അതിന് എഡിറ്റോറിയല്‍ പേജില്‍ തന്നെ സ്ഥലമനുവദിച്ച മാതൃഭൂമിയുടെ സോഷ്യലിസ്റ്റ് നാട്യത്തിന്റെ മുഖംമൂടിയും അഴിഞ്ഞുവീഴുകയാണ്.
കെ എ വേണുഗോപാലന്‍ ചിന്ത വാരിക 06082010
കേരളത്തിന്റെ ധനകാര്യാവസ്ഥയെ സംബന്ധിച്ച് മാതൃഭൂമി ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കുകയുണ്ടായി. അത് ഉപസംഹരിക്കപ്പെടുന്നത് താഴെ പറയുന്ന കണ്ടെത്തലോടെയാണ്. "സ്വകാര്യവല്‍കരണം, കമ്പോളവല്‍കരണം, നിയോലിബറലിസം തുടങ്ങിയ യാഥാസ്ഥിതിക ഇടതുപക്ഷ വാചാടോപങ്ങളിലൂടെ യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താല്‍പര്യങ്ങളാണ്''. നിഷ്പക്ഷ നാട്യത്തോടെ കേരളത്തിന്റെ ധനകാര്യാവസ്ഥ പഠിക്കുന്ന മട്ടിലാണ് ലേഖകന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നതെങ്കിലും അവസാനമായപ്പോള്‍ ലേഖകന്റെ ആട്ടിന്‍തോല്‍ അഴിഞ്ഞുവീഴുകയാണ്.
ReplyDelete"കേരളത്തിലെ 35 ശതമാനം കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിപ്പോള്‍ 2 രൂപയ്ക്ക് റേഷന്‍ ..."
ReplyDelete35 ശതമാനം or 35 ലക്ഷം ?
"രണ്ടു രൂപ അരി എത്തുന്ന കുടുംബത്തിന്റെ എണ്ണം ഇതോടെ 35 ലക്ഷമാകും. ആകെയുള്ള 69 ലക്ഷം റേഷന്‍കാര്‍ഡില്‍ പകുതിയിലേറെ പദ്ധതിക്കുകീഴിലാകും"
http://jagrathablog.blogspot.com/2010/05/35.html