കേരള പിറവിക്കുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സജീവമായി പങ്കെടുക്കാനും മത്സരരംഗം സൂക്ഷ്മമായി നിരീക്ഷിക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കാണുന്ന ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഭരണവിരുദ്ധ വികാരത്തിന്റെ ലാഞ്ഛന ഇല്ലെന്നതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണം പരാജയമാണെന്നോ, ജനക്ഷേമകരമല്ലെന്നോ, വികസന വിരുദ്ധമാണെന്നോ, പറയാന്‍ പ്രതിപക്ഷത്തിനുപോലും കഴിയില്ല. പ്രചരണത്തിനുവേണ്ടി പ്രതിപക്ഷം ഭരണത്തെ കുറ്റം പറയുന്നത് ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യും. ഭരണത്തിനുള്ള അംഗീകാരം തേടി ജനങ്ങളെ നേരിടാന്‍ ഇടതു ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസം പകരുന്ന തിളക്കമാര്‍ന്ന നേട്ടങ്ങളാണ് അഞ്ചുവര്‍ഷങ്ങളില്‍ ഇടതുജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൈവരിച്ചത്. ഈ നേട്ടങ്ങള്‍ നിലനിര്‍ത്താനും മുന്നോട്ടു കൊണ്ടുപോകാനും സഹായകമായ സമഗ്രമായ പരിപാടിയടങ്ങിയ പ്രകടന പത്രികയുമായാണ് എല്‍ ഡി എഫ് ജനങ്ങളെ സമീപിക്കുന്നത്.
എല്‍ ഡി എഫ് ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വിലയിരുത്തുക. അന്നത്തെ അനുഭവങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മറ്റ് യു ഡി എഫ് നേതാക്കന്മാരും ഓര്‍മിക്കാന്‍ മടിക്കുന്ന അനുഭവങ്ങളാണവ. കേരളത്തിനും ജനങ്ങള്‍ക്കും ഇത്രയേറെ ദുരിതങ്ങള്‍ സൃഷ്ടിച്ച മറ്റൊരു കാലമില്ലായിരുന്നു. കാര്‍ഷിക വ്യാവസായിക രംഗങ്ങള്‍ തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടു. കാര്‍ഷിക രംഗത്ത് ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും ഗണ്യമായി കുറഞ്ഞു. കൃഷിക്കാര്‍ കടക്കെണിയില്‍ അകപ്പെട്ടു. നൂറുകണക്കിനു കൃഷിക്കാര്‍ ഗതിമുട്ടി ആത്മഹത്യ ചെയ്തു. ആയിരത്തി അഞ്ഞൂറോളം കൃഷിക്കാരാണ് യു ഡി എഫ് ഭരണത്തില്‍ സ്വയം ജീവനൊടുക്കിയത്. ഈ ദുരവസ്ഥയോട് അന്നത്തെ സര്‍ക്കാരും യു ഡി എഫ് നേതാക്കന്മാരും സ്വീകരിച്ച സമീപനം ജനങ്ങള്‍ മറന്നിട്ടില്ല. കേരളത്തില്‍ കര്‍ഷക ആത്മഹത്യ നടക്കുന്നില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു കേന്ദ്രത്തില്‍ നിന്നു ലഭിച്ച സഹായം കേരളത്തിലെ കര്‍ഷക കുടുംബങ്ങള്‍ക്ക് നിഷേധിക്കാന്‍ ഇതു വഴിവെച്ചു. കര്‍ഷകരോടൊപ്പം നില്‍ക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൊരുതുകയും ചെയ്യുന്ന ഇടതുപക്ഷ പ്രസ്ഥാനം അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റവും മുന്‍ഗണന നല്‍കിയതും കര്‍ഷകരുടെ കണ്ണീരൊപ്പാനാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ ആദ്യം കൈകൊണ്ട തീരുമാനം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതായിരുന്നു. അവരുടെ നിരാലംബമായ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി. കടക്കെണിയില്‍പെട്ട കര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചു. കൃഷിയുടെ പുനരുദ്ധാരണത്തിലൂടെ മാത്രമേ കര്‍ഷകരെ സംരക്ഷിക്കാനാവുകയുള്ളു. ആ ലക്ഷ്യം വെച്ചുകൊണ്ട് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഫലം കണ്ടു. തരിശായിക്കിടന്ന നൂറു കണക്കിനു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ മുന്നോട്ടു വന്നു. കാര്‍ഷിക രംഗത്തിന്റെ പുനരുദ്ധാരണം ജനകീയ പ്രസ്ഥാനമായി വളര്‍ന്നു. നെല്ല് ഉല്‍പാദനം ഗണ്യമായി ഉയര്‍ന്നു. പച്ചക്കറി കൃഷി വ്യാപകമായി. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കിയില്ലെങ്കില്‍ കൃഷി നഷ്ടമാകും. എല്‍ ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ ഏഴു രൂപയായിരുന്നു നെല്ലിന്റെ സംഭരണ വില. അഞ്ചുവര്‍ഷം കൊണ്ട് അത് 14 രൂപയായാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. നെല്‍കൃഷിക്ക് പലിശ രഹിത വായ്പ നല്‍കിയതും മറ്റ് കാര്‍ഷിക കടങ്ങളുടെ പലിശ നാലു ശതമാനമായി കുറച്ചതും കര്‍ഷകര്‍ക്ക് പെന്‍ഷനും ഇന്‍ഷ്വറന്‍സും നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കിയതും കൃഷിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തി. കര്‍ഷക ആത്മഹത്യകള്‍ക്ക് വിരാമമായി. കൃഷിക്കാരെ സഹായിക്കുകയും കാര്‍ഷിക രംഗത്തിന്റെ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുന്ന നയം തുടരാനാണ് എല്‍ ഡി എഫ് വോട്ടു ചോദിക്കുന്നത്. യു ഡി എഫ് ഭരണത്തിന്റെ ദുരന്ത കാലത്തേയ്ക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കാത്ത കര്‍ഷകര്‍ ഇടതു ജനാധിപത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്നതില്‍ സംശയമില്ല.
കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് വിരാമമിടാന്‍ കഴിഞ്ഞത് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നടപ്പാക്കിയ പരിപാടികളുടെ ഫലമായാണെന്നാണ് കേന്ദ്രമന്ത്രി എ കെ ആന്റണി ഇപ്പോള്‍ പ്രസംഗിച്ചു നടക്കുന്നത്. കേരളത്തില്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കര്‍ഷകരുടെ കൂട്ട ആത്മഹത്യ നടന്നത്. കേന്ദ്രത്തില്‍ മന്‍മോഹന്‍സിംഗ് മന്ത്രിസഭയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടികളാണ് ആത്മഹത്യ തടഞ്ഞതെങ്കില്‍ എന്തുകൊണ്ട് യു ഡി എഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യകള്‍ക്ക് വിരാമമിടാന്‍ കഴിഞ്ഞില്ല? കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലും ആന്ധ്രയിലുമെല്ലാം ഇപ്പോഴും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ആന്റണി കാണുന്നില്ലെ? കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പിന്തുടരുന്ന കര്‍ഷക വിരുദ്ധ നയങ്ങളാണ് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന സ്ഥിതി സൃഷ്ടിക്കുന്നത്. ഇതില്‍ നിന്നും ഭിന്നമായി കര്‍ഷകരെ കടക്കെണിയില്‍ നിന്നും മോചിപ്പിക്കുകയും അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുകയും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുകയും പെന്‍ഷനും ഇന്‍ഷ്വറന്‍സും ഉള്‍പ്പെടെയുള്ള ക്ഷേമ നടപടികളെടുക്കുകയും ചെയ്യുന്ന ബദല്‍ നയം ഇടതുജനാധിപത്യ മുന്നണി നടപ്പാക്കിയതാണ് കര്‍ഷകരെ രക്ഷിച്ചത്. കേരളത്തില്‍ ഇടതു ജനാധിപത്യ മുന്നണി കര്‍ഷകരെ സഹായിക്കാന്‍ എടുത്ത നടപടികള്‍ ദേശവ്യാപകമായി നടപ്പാക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അതിനുകോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോ? ഈ ചോദ്യത്തിനാണ് ആന്റണി മറുപടി പറയേണ്ടത്.
വിലക്കയറ്റം തടഞ്ഞുനിര്‍ത്തുകയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന് എല്‍ ഡി എഫ് സര്‍ക്കാര്‍ എടുത്ത നടപടികള്‍ ദേശവ്യാപകമായി അനുമോദനവും അംഗീകാരവും നേടിയതാണ്. പാര്‍ലമെന്റില്‍ വിലക്കയറ്റത്തെ കുറിച്ചു ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വിലക്കയറ്റം തടയുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത നടപടികളാണ് കേന്ദ്രമന്ത്രിമാര്‍ മാതൃകയായി ചൂണ്ടിക്കാണിക്കാറുള്ളത്. കേരളത്തിലെ പൊതുവിതരണ സംവിധാനം തകര്‍ത്ത ചരിത്രമാണ് യു ഡി എഫിന്റേത്. പൊതുവിപണിയില്‍ വില ഉയരുന്നതിനനുസരിച്ചു മാവേലി സ്റ്റോറിലെ വിലയും വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയമായി അംഗീകരിച്ചു. അതിന്റെ ഫലമായി മാവേലി സ്റ്റോറുകളിലേയ്ക്ക് ജനങ്ങള്‍ തിരിഞ്ഞു നോക്കാത്ത സ്ഥിതിയുണ്ടായി. വിലക്കയറ്റം മൂലം പൊറുതി മുട്ടിയ ജനങ്ങളെ സഹായിക്കാന്‍ ഒരു നടപടിയും യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തി നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. വിലക്കയറ്റം നിയന്ത്രിച്ചു നിര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അട്ടിമറിക്കുന്ന നടപടികളാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചത്. സംസ്ഥാനത്തിനുള്ള റേഷന്‍ വിഹിതത്തില്‍ 85 ശതമാനത്തിന്റെ കുറവു വരുത്തി. വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കുമെന്ന് ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ ആവര്‍ത്തിച്ചുറപ്പു നല്‍കിയതാണ്. ആ ഉറപ്പു പാലിക്കാന്‍ അവര്‍ തയ്യാറായില്ല.
ഈ പ്രതികൂല സാഹചര്യം അതിജീവിച്ചുകൊണ്ട് എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കി. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് രണ്ടുരൂപ നിരക്കില്‍ അരി നല്‍കുന്നത്. ഈ പദ്ധതി എ പി എല്‍ വിഭാഗക്കാര്‍ക്കുകൂടി പ്രയോജനകരമാക്കി എഴുപത്തി അഞ്ചുലക്ഷത്തോളം കാര്‍ഡ് ഉടമകളെ സഹായിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനിടങ്കോലിടാനാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവന്നത്. എല്ലാവര്‍ക്കും സൗജന്യവിലയ്ക്ക് ഭക്ഷ്യധാന്യം നല്‍കുന്നിനോട് യോജിക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്ന് ജനങ്ങള്‍ക്കറിയാം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പ്രക്രിയയിലെ മുഖ്യവാഗ്ദാനം മൂന്നു രൂപയ്ക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അരി നല്‍കുമെന്നതായിരുന്നു. രണ്ടുവര്‍ഷമായിട്ടും ഈ വാഗ്ദാനം പാലിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ഭക്ഷ്യസബ്‌സിഡി ഉള്‍പ്പെടെ, സാധാരണക്കാരെ സഹായിക്കുന്ന സബ്‌സിഡികളെല്ലാം ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസ് പിന്തുടരുന്ന സാമ്പത്തിക നയം അനുശാസിക്കുന്നത്. അതുകൊണ്ടാണ് എല്ലാവര്‍ക്കും സൗജന്യ വിലയ്ക്ക് അരി നല്‍കാനുള്ള പദ്ധതി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ മുന്നോട്ടുവന്നത്. ഈ ജനവിരുദ്ധ നയത്തിനു തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചുട്ട മറുപടി നല്‍കുമെന്നതില്‍ സംശയം വേണ്ട.
വെളിയം ഭാര്‍ഗവന്‍ ജനയുഗം 030411
കേരള പിറവിക്കുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സജീവമായി പങ്കെടുക്കാനും മത്സരരംഗം സൂക്ഷ്മമായി നിരീക്ഷിക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കാണുന്ന ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഭരണവിരുദ്ധ വികാരത്തിന്റെ ലാഞ്ഛന ഇല്ലെന്നതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണം പരാജയമാണെന്നോ, ജനക്ഷേമകരമല്ലെന്നോ, വികസന വിരുദ്ധമാണെന്നോ, പറയാന്‍ പ്രതിപക്ഷത്തിനുപോലും കഴിയില്ല. പ്രചരണത്തിനുവേണ്ടി പ്രതിപക്ഷം ഭരണത്തെ കുറ്റം പറയുന്നത് ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യും. ഭരണത്തിനുള്ള അംഗീകാരം തേടി ജനങ്ങളെ നേരിടാന്‍ ഇടതു ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസം പകരുന്ന തിളക്കമാര്‍ന്ന നേട്ടങ്ങളാണ് അഞ്ചുവര്‍ഷങ്ങളില്‍ ഇടതുജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൈവരിച്ചത്. ഈ നേട്ടങ്ങള്‍ നിലനിര്‍ത്താനും മുന്നോട്ടു കൊണ്ടുപോകാനും സഹായകമായ സമഗ്രമായ പരിപാടിയടങ്ങിയ പ്രകടന പത്രികയുമായാണ് എല്‍ ഡി എഫ് ജനങ്ങളെ സമീപിക്കുന്നത്.
ReplyDelete