Sunday, April 3, 2011

കാര്‍ഷിക മേഖലയെ തുലയ്ക്കുന്ന തീരുമാനം

കാര്‍ഷികരംഗത്ത് നിയന്ത്രണമില്ലാതെ വിദേശ മൂലധനനിക്ഷേപം അനുവദിക്കാന്‍ യു പി എ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള വ്യവസായനയ പ്രോത്സാഹനവകുപ്പാണ് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യന്‍ കാര്‍ഷികരംഗം മലര്‍ക്കെ തുറന്നിടാനുള്ള തീരുമാനമെടുത്തത്. വിത്തുല്‍പാദനം മുതല്‍ കൃഷിയുടെ എല്ലാ മേഖലകളിലും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ആധിപത്യം നേടാന്‍ വഴിയൊരുക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ലോകവ്യാപാര സംഘടനയും ഏറെ നാളായി ആവശ്യപ്പെടുന്നതാണ് നിയന്ത്രണങ്ങളില്ലാത്ത വിദേശമൂലധന നിക്ഷേപത്തിന് അനുമതി നല്‍കണമെന്നത്. നവ ലിബറല്‍ സാമ്പത്തികനയം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് വാണിജ്യമന്ത്രാലയം പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ 65 ശതമാനത്തോളം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. 121 കോടി വരുന്ന നമ്മുടെ ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റുന്നതും കാര്‍ഷികമേഖലയാണ്. എന്നാല്‍ ഈ മേഖലയെ അവഗണിക്കുന്ന നയമാണ് കേന്ദ്രഭരണാധികാരികളുടേത്. കൃഷിയില്‍ പൊതുനിക്ഷേപം ഗണ്യമായി വര്‍ധിച്ചാല്‍ മാത്രമേ ഉല്‍പാദനം കൂടുകയും കൃഷിക്കാരുടെ വരുമാനം വര്‍ധിക്കുകയും ചെയ്യുകയുള്ളൂ. നാടനും മറുനാടനുമായ വ്യവസായികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സൗജന്യങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ കൃഷിക്കാരുടെ കാര്യം വരുമ്പോള്‍ പണമില്ലെന്ന പല്ലവിയാണ് ആവര്‍ത്തിക്കുക.

കാര്‍ഷികമേഖലയില്‍ പൊതുനിക്ഷേപം കുറച്ചുകൊണ്ടു വരുന്നത് ബോധപൂര്‍വ്വമായ നയത്തിന്റെ ഭാഗമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം കാണിക്കുന്നു. കൃഷിവികസനത്തിന് പണം വേണമെങ്കില്‍ വിദേശമൂലധനത്തെ ആശ്രയിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന പ്രചാരണമാണ് യു പി എ സര്‍ക്കാര്‍ നടത്തുന്നത്.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ അധീനതയിലാണ്. തലമുറകളായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട കൃഷിക്കാരെ പുറംതള്ളിയാണ് വന്‍കിട കോര്‍പ്പറേറ്റുകള്‍ ഭൂമി കൈവശപ്പെടുത്തിയത്. നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കുന്നതോടെ ഈ പ്രക്രിയയ്ക്ക് ആക്കം കൂടും. കൃഷിഭൂമിയും വരുമാനമാര്‍ഗവും നഷ്ടപ്പെടുന്ന കൃഷിക്കാര്‍ തെരുവാധാരമാകും.

വിത്തുല്‍പ്പാദനരംഗം ബഹുരാഷ്ട്ര കമ്പനികള്‍ കൈയടക്കുന്നതിനാണ് പുതിയ തീരുമാനം വഴിയൊരുക്കുക. ഇപ്പോള്‍ മോണ്‍സാന്റോയെ പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ വിത്തുല്‍പ്പാദനരംഗത്ത് കാലുറപ്പിച്ചിട്ടുണ്ട്. പരമ്പരാഗതമായി കൃഷിക്കാര്‍ ഉപയോഗിക്കുന്ന വിത്തിനങ്ങളെ പുറംതള്ളിയാണ് ബഹുരാഷ്ട്ര കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്ത് ഇന്ത്യയില്‍ വില്‍ക്കുന്നത്. തുടക്കത്തില്‍ കുറഞ്ഞ വിലയ്ക്ക് ബഹുരാഷ്ട്ര കമ്പനികള്‍ വിത്ത് നല്‍കും. ഒരു ഘട്ടം കഴിയുമ്പോള്‍ അവയെ ആശ്രയിക്കാതെ വിത്ത് ലഭിക്കില്ലെന്ന സ്ഥിതി വരുമ്പോള്‍ കമ്പനികള്‍ വിത്തിന്റെ വില ഗണ്യമായി ഉയര്‍ത്തും. കമ്പനികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വിത്ത് വാങ്ങാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും. ജനിതകമാറ്റം വരുത്തിയ പരുത്തി വിത്തുകളുടെ കാര്യത്തില്‍ നാം ഇത് കണ്ടതാണ്. വിദര്‍ഭയിലും ആന്ധ്രയിലുമെല്ലാം കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിട്ടതിലെ ഒരു പ്രധാനഘടകം ഇതാണ്. നെല്ല് ഉള്‍പ്പെടെയുള്ള മറ്റു വിളകളിലും ഈ സ്ഥിതി ആവര്‍ത്തിക്കപ്പെടും.

പുതിയ വിത്തുനയത്തിന് രൂപം നല്‍കുന്നതിന് ഗവണ്‍മെന്റ് തയ്യാറാക്കിയ ഒരു ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണിപ്പോള്‍. ആ ബില്‍ ചര്‍ച്ച ചെയ്യാന്‍പോലും കാത്തു നില്‍ക്കാതെയാണ് ഇപ്പോള്‍ യു പി എ സര്‍ക്കാര്‍ വിത്ത് ഉല്‍പ്പാദനരംഗത്ത് നിയന്ത്രണമില്ലാത്ത വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കുന്നത്. ഇത് പാര്‍ലമെന്റിനെയും ജനാധിപത്യ സംവിധാനത്തെയും അവഹേളിക്കലാണ്.

വിത്തുല്‍പ്പാദനത്തില്‍ മാത്രമല്ല, പച്ചക്കറി കൃഷി, പൂകൃഷി, അലങ്കാരമത്സ്യം വളര്‍ത്തല്‍ തുടങ്ങിയ രംഗങ്ങളിലും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് യഥേഷ്ടം കടന്നുവരാം. കൂടിയ സാങ്കേതികവിദ്യയോ, വന്‍ മൂലധന നിക്ഷേപമോ ആവശ്യമില്ലാത്ത കൃഷിയിനങ്ങളാണിവ. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഈ രംഗത്തെ ആശ്രയിച്ചു കഴിയുന്നുണ്ട്. വന്‍ മുതല്‍മുടക്കും വിപണന സൗകര്യങ്ങളുമുള്ള ബഹുരാഷ്ട്ര കമ്പനികളുമായി മത്സരിക്കാനുള്ള ശേഷി അവര്‍ക്കില്ല. ബഹുരാഷ്ട്ര കമ്പനികളെ പ്രീണിപ്പിക്കുന്ന യു പി എ സര്‍ക്കാരിന്റെ നയത്തിന്റെ ബലിയാടായി അവരെല്ലാം തകരും.

കാര്‍ഷികരംഗത്ത് വിദേശമൂലധനം പിടിമുറുക്കുന്നത് നമ്മുടെ ഭക്ഷ്യസുരക്ഷയെയും അപകടത്തിലാക്കും. ഇന്ത്യയുടെ ആഭ്യന്തര-വിദേശനയങ്ങളില്‍ സ്വാധീനം ചെലുത്താന്‍ പാശ്ചാത്യശക്തികളുടെ പക്കലുള്ള പ്രബലമായ ഒരു ഉപാധിയായി അത് മാറും. യു പി എ സര്‍ക്കാര്‍ അമേരിക്കയുമായുണ്ടാക്കിയ കരാറിലെ ഒരു വ്യവസ്ഥയാണ് കാര്‍ഷികരംഗത്തിന്റെ കോര്‍പ്പറേറ്റ്‌വല്‍കരണം. ഇടതുപക്ഷപാര്‍ട്ടികളുടെയും കര്‍ഷക സംഘടനകളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് കരാര്‍ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ യു പി എ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാനെന്ന പ്രചാരണത്തിന്റെ മറവില്‍ ആ കരാര്‍ പ്രാവര്‍ത്തികമാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. യു പി എ സര്‍ക്കാരിന്റെ പുതിയ തീരുമാനം സൃഷ്ടിക്കുന്ന അപകടം കൃഷിക്കാരും ജനങ്ങളാകെയും തിരിച്ചറിയണം.

ജനയുഗം മുഖപ്രസംഗം 030411

1 comment:

  1. കാര്‍ഷികരംഗത്ത് നിയന്ത്രണമില്ലാതെ വിദേശ മൂലധനനിക്ഷേപം അനുവദിക്കാന്‍ യു പി എ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള വ്യവസായനയ പ്രോത്സാഹനവകുപ്പാണ് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യന്‍ കാര്‍ഷികരംഗം മലര്‍ക്കെ തുറന്നിടാനുള്ള തീരുമാനമെടുത്തത്. വിത്തുല്‍പാദനം മുതല്‍ കൃഷിയുടെ എല്ലാ മേഖലകളിലും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ആധിപത്യം നേടാന്‍ വഴിയൊരുക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ലോകവ്യാപാര സംഘടനയും ഏറെ നാളായി ആവശ്യപ്പെടുന്നതാണ് നിയന്ത്രണങ്ങളില്ലാത്ത വിദേശമൂലധന നിക്ഷേപത്തിന് അനുമതി നല്‍കണമെന്നത്. നവ ലിബറല്‍ സാമ്പത്തികനയം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് വാണിജ്യമന്ത്രാലയം പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

    ReplyDelete