Saturday, April 2, 2011

കുഞ്ഞിന് നാടിന്റെ കരുതല്‍; 10000 രൂപ പദ്ധതി തുടങ്ങി

"കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ സന്തോഷവും അവരുടെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയവുമാണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക്. ഇനി ആ പേടിയില്ല.''

ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന നവജാതശിശുക്കള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 10,000 രൂപയുടെ നിക്ഷേപത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സുശീലക്ക് വലിയ സന്തോഷം. മകള്‍ ലതയുടെ പ്രസവത്തിന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിയതാണ് പെരുമ്പഴുതൂര്‍ സ്വദേശി സുശീല. സര്‍ക്കാര്‍ നവജാത ശിശുക്കള്‍ക്കായി ഏര്‍പ്പെടുത്തിയ 10,000 രൂപയുടെ നിക്ഷേപം വലിയ പുണ്യം തന്നെയെന്ന് സുശീല പറഞ്ഞു. വെള്ളിയാഴ്ച പകല്‍ പതിനൊന്നോടെയാണ് സുശീലയുടെ മകള്‍ ലത പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.

ഏപ്രില്‍ ഒന്നുമുതല്‍ ജനിക്കുന്ന ബിപിഎല്‍ വിഭാഗത്തിലെ കുഞ്ഞുങ്ങള്‍ക്ക് 10,000 രൂപയും എപിഎല്‍ വിഭാഗത്തിലെ കുഞ്ഞുങ്ങള്‍ക്ക് 5000 രൂപയും സര്‍ക്കാര്‍ നിക്ഷേപിച്ച് പ്രായപൂര്‍ത്തിയാകുമ്പോള്‍ തിരിച്ചുനല്‍കുന്ന പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. എപിഎല്‍ കുടുംബങ്ങളിലെ രക്ഷിതാക്കളും 5000 രൂപ നിക്ഷേപിക്കണം. കഴിഞ്ഞ ബജറ്റിലാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. കുട്ടികള്‍ക്കായി നമ്മള്‍ കരുതിവയ്ക്കുംമുമ്പേ സര്‍ക്കാര്‍ കരുതിവച്ചു എന്നാണ് വേങ്കോട് സ്വദേശി രവിയുടെ അഭിപ്രായം. ക്വാറി തൊഴിലാളിയായ രവിക്ക് രണ്ടാമത്തെ കുട്ടിയാണ് ഇപ്പോള്‍ ജ നിച്ചത്. മൂത്തത് ആണ്‍കുട്ടിയാണ്. ഇതു പെണ്ണും. എസ്എടി ആശുപത്രിയില്‍ സര്‍ക്കാര്‍ നിക്ഷേപത്തിന് ആദ്യം അര്‍ഹത നേടിയത് പുതുക്കുറുച്ചി സ്വദേശി ഷാജുവിന്റെയും അസീനയുടെയും മകനാണ്. വെള്ളിയാഴ്ച വെളുപ്പിന് 12.55നാണ് കുട്ടി ജനിച്ചത്. അതിനുശേഷം പകല്‍ നാലര മണിവരെ എട്ടു കുട്ടികള്‍ ജനിച്ചു. വെള്ളിയാഴ്ച സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 150ഓളം കുട്ടികളാണ് പിറന്നത്. ഒരുവര്‍ഷം 5.25ലക്ഷം കുട്ടികളാണ് കേരളത്തില്‍ പിറക്കുന്നത്. ഇനിമുതല്‍ ജനിക്കുന്ന ഓരോകുട്ടിക്കും പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.

ദേശാഭിമാനി 020411

1 comment:

  1. "കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ സന്തോഷവും അവരുടെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയവുമാണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക്. ഇനി ആ പേടിയില്ല.''

    ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന നവജാതശിശുക്കള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 10,000 രൂപയുടെ നിക്ഷേപത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സുശീലക്ക് വലിയ സന്തോഷം. മകള്‍ ലതയുടെ പ്രസവത്തിന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിയതാണ് പെരുമ്പഴുതൂര്‍ സ്വദേശി സുശീല. സര്‍ക്കാര്‍ നവജാത ശിശുക്കള്‍ക്കായി ഏര്‍പ്പെടുത്തിയ 10,000 രൂപയുടെ നിക്ഷേപം വലിയ പുണ്യം തന്നെയെന്ന് സുശീല പറഞ്ഞു.

    ReplyDelete