Saturday, April 2, 2011

കാര്‍ഷികമേഖലയെ തകര്‍ക്കും

കാര്‍ഷികമേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി നിലവിലുള്ള പ്രതിസന്ധി രൂക്ഷമാക്കും. രാജ്യത്തെ മൂന്നില്‍ രണ്ടു ഭാഗവും തൊഴിലവസരം പ്രദാനംചെയ്യുന്നത് കാര്‍ഷികമേഖലയാണ്. എന്നാല്‍, ഈ മേഖലയിലുണ്ടായ പ്രതിസന്ധികാരണം രണ്ടു ലക്ഷത്തോളം കര്‍ഷകര്‍ ഇതിനകം ആത്മഹത്യചെയ്തു. കോഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലും ആന്ധ്രപ്രദേശിലുമാണ് ഏറെയും മരണം. അതിപ്പോഴും തുടരുകയുമാണ്. മൂന്നു കോടിയോളം പേര്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായി. ഈ ഘട്ടത്തിലാണ് വിദേശനിക്ഷേപം അനുവദിക്കുന്നത്. സ്വാഭാവികമായും ബഹുരാഷ്ട്ര കമ്പനികള്‍ കാര്‍ഷികമേഖലയിലേക്ക് വര്‍ധിച്ചതോതില്‍ കടന്നുവരും.

ഇപ്പോള്‍ത്തന്നെ രാജസ്ഥാന്‍പോലുള്ള പല സംസ്ഥാനത്തും അമേരിക്കന്‍ കമ്പനികളും മറ്റും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുകയും കൃഷി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാനിലും ഗുജറാത്തിലുമായി മൊണസാന്റോ, ഡു പോന്‍ഡ്, ബയേര്‍, പെപ്സിക്കോ, കാര്‍ഗില്‍, ലുപിന്‍ തുടങ്ങിയ കമ്പനികളാണ് കാര്‍ഷികരംഗത്തേക്ക് കടന്നുവന്നത്. കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ നിയന്ത്രണം ഈ കമ്പനികള്‍ ഏറ്റെടുക്കുന്നതോടെ കര്‍ഷകര്‍ വീണ്ടും കൂട്ടത്തോടെ ഭൂമിയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെടും. ഈ കമ്പനികളോട് മത്സരിക്കാനാകാതെ ഇന്ത്യന്‍ ചെറുകിട കര്‍ഷകര്‍ കാര്‍ഷികരംഗം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. ഇന്ത്യയിലെ 60 ശതമാനം കര്‍ഷകരും ചെറുകിട കര്‍ഷകരാണെന്നതിനാല്‍ പ്രത്യേകിച്ചും. പച്ചക്കറികളും മറ്റും സംഭരിക്കാനായി ശീതീകരണസംഭരണികളും മറ്റും വന്‍തോതില്‍ സ്ഥാപിക്കപ്പെടും. സാധനങ്ങള്‍ പൂഴ്ത്തി വിലക്കയറ്റം സൃഷ്ടിക്കാന്‍ ഇത് ബഹുരാഷ്ട്രകമ്പികള്‍ക്ക് അവസരം നല്‍കും. ഈ സാധനങ്ങള്‍ വില്‍ക്കുന്നതിന് സ്വാഭാവികമായും ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം വേണമെന്ന വാദം ഈ കമ്പനികള്‍ ശക്തമായി മുന്നോട്ടുവയ്ക്കും.

വന്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഇന്ത്യന്‍ കാര്‍ഷികരംഗത്തെ വന്‍ പ്രതിസന്ധിയിലേക്കാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നയിക്കുന്നത്. സിംബാബ്വേ, കെനിയ, നമീബിയ, ഗ്വാട്ടിമാല, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലെ അനുഭവം പഠിപ്പിക്കുന്നത് കോര്‍പറേറ്റുവല്‍ക്കരണം കാര്‍ഷികമേഖലയെ തകര്‍ക്കുമെന്നാണ്. അമേരിക്കയുടെ കടുത്ത സമ്മര്‍ദമാണ് ഈ തീരുമാനത്തിനു പിന്നിലുള്ളത്. അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന്റെ ഭാഗമായി രൂപംകൊണ്ട വിവര സമാരംഭത്തിന്റെ ഭാഗമാണ് കാര്‍ഷിക രംഗത്തെ കോര്‍പറേറ്റുവല്‍ക്കരണം. ബഹുരാഷ്ട്രകമ്പികളായ മൊണസാന്റോ, അര്‍സ്ന-ഡാനിയല്‍, വാള്‍മാര്‍ട്ട് എന്നിവയും ഈ വിവര സമാരംഭത്തില്‍ അംഗങ്ങളാണ്. അവരുടെ സമ്മര്‍ദഫലമായാണ് സര്‍ക്കാര്‍ ഈ ജനവിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമായ നടപടി കൈക്കൊള്ളുന്നത്.

ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലം നടപ്പാക്കാന്‍ കഴിയാത്ത എല്ലാ പരിഷ്കരണ നടപടികളും ത്വരിതഗതിയില്‍ നടപ്പാക്കാനണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് വിജയകരമായി നടപ്പാക്കണമെങ്കില്‍ കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ഇടതുപക്ഷ സര്‍ക്കാരുകളെ താഴെയിറക്കേണ്ടതുണ്ട്. അതിനായി എത്ര പണം കോണ്‍ഗ്രസിന് നല്‍കാനും കോര്‍പറേറ്റുകള്‍ തയ്യാറാണ്. കോണ്‍ഗ്രസിന്റെ പണക്കൊഴുപ്പാര്‍ന്ന പ്രചാരണത്തിന് കാരണവും ഇതാണ്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 020411

1 comment:

  1. കാര്‍ഷികമേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി നിലവിലുള്ള പ്രതിസന്ധി രൂക്ഷമാക്കും. രാജ്യത്തെ മൂന്നില്‍ രണ്ടു ഭാഗവും തൊഴിലവസരം പ്രദാനംചെയ്യുന്നത് കാര്‍ഷികമേഖലയാണ്. എന്നാല്‍, ഈ മേഖലയിലുണ്ടായ പ്രതിസന്ധികാരണം രണ്ടു ലക്ഷത്തോളം കര്‍ഷകര്‍ ഇതിനകം ആത്മഹത്യചെയ്തു. കോഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലും ആന്ധ്രപ്രദേശിലുമാണ് ഏറെയും മരണം. അതിപ്പോഴും തുടരുകയുമാണ്. മൂന്നു കോടിയോളം പേര്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായി. ഈ ഘട്ടത്തിലാണ് വിദേശനിക്ഷേപം അനുവദിക്കുന്നത്. സ്വാഭാവികമായും ബഹുരാഷ്ട്ര കമ്പനികള്‍ കാര്‍ഷികമേഖലയിലേക്ക് വര്‍ധിച്ചതോതില്‍ കടന്നുവരും.

    ReplyDelete