കൊല്ലം:
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി, എങ്ങനെ താഴെപ്പോയെന്നും ഉമ്മന്‍ചാണ്ടി എങ്ങനെ പകരം വന്നെന്നും മറക്കേണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കൊല്ലം ജില്ലയില്‍ വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എനിക്ക് രണ്ടു മുഖമുണ്ടെന്നാണ് ആന്റണി പറഞ്ഞത്. ശരിയാണ്. എനിക്ക് രണ്ടുമുഖമുണ്ട്. 2001ല്‍ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പ്രതിപക്ഷനേതാവായിരുന്ന എന്റെ മുഖം ആന്റണി കണ്ടുകാണുമല്ലോ. ആന്റണിയുടെ മന്ത്രിസഭയിലെ അംഗമായ കെ എം മാണി അന്ന് മതികെട്ടാനില്‍ 5000 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി അനുയായികള്‍ക്ക് പങ്കിട്ടുകൊടുത്തു. ആന്റണി ഇതേക്കുറിച്ച് അന്ന് ഒരക്ഷരം ഉരിയാടിയില്ല. ഞാനന്ന് മതികെട്ടാനില്‍ പോയി സ്ഥലം സന്ദര്‍ശിച്ചു. മതികെട്ടാനില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകന്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് ആന്റണിയോട് പറഞ്ഞു. ആ ഭൂമി പരിരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണിക്ക് കത്തും നല്‍കി. ആന്റണി സ്വന്തം അനുയായികളെ വിട്ട് അന്വേഷിപ്പിച്ചു. ഞാന്‍ പറഞ്ഞത് ശരിയെന്ന് അനുയായികള്‍ റിപ്പോര്‍ട്ടും നല്‍കി. അങ്ങനെ 5000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് ആന്റണി ഓര്‍ക്കുമല്ലോ. എന്റെ രണ്ടാമത്തെ മുഖം ശരിക്കും അറിയാവുന്ന ആള്‍ ഇപ്പോള്‍ പൂജപ്പുര ജയിലിലുണ്ട്. വി എസ് പ്രതികാരദാഹിയെന്നാണ് പിള്ള ജയിലില്‍ പോകുമ്പോള്‍ പറഞ്ഞത്. എനിക്ക് ആരോടും പ്രതികാരമില്ല. സംസ്ഥാനത്ത് സ്വത്ത് വെട്ടിപ്പിടിക്കുന്നവരോടും പാവപ്പെട്ട പെണ്‍കുട്ടികളെ നശിപ്പിക്കുന്ന നരാധമന്മാരോടും ഞാനൊരിക്കലും സന്ധി ചെയ്യില്ല.
ഒറ്റമുഖക്കാരനായ ആന്റണിയെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്കായി പണിത ആദര്‍ശ് ഫ്ളാറ്റിന് എന്തുസംഭവിച്ചു. ഫ്ളാറ്റ് നല്ലതുപോലെ പണിത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ കൈവശപ്പെടുത്തി. പ്രതിരോധമന്ത്രിയായ ഈ ആദര്‍ശധീരന്‍ അപ്പോള്‍ എവിടെയായിരുന്നു.
യുഡിഎഫിന്റെ പ്രകടനപത്രികയില്‍ പെണ്‍കുട്ടികള്‍ക്ക് ഒരുലക്ഷം രൂപ സഹായം നല്‍കുമെന്ന് പറയുന്നു. പെണ്‍കുട്ടികളോട് ഇപ്പോള്‍ എന്തുസ്നേഹമാണ് യുഡിഎഫിന്. ഇവരുടെ ഭരണത്തില്‍ പെണ്‍കുട്ടികളുടെ മാനവും അഭിമാനവും കവരാന്‍ എല്ലാ സംരക്ഷണവും നല്‍കി. അന്നത്തെ കേസുകളെല്ലാം ഇപ്പോള്‍ പൊന്താന്‍ തുടങ്ങിയിട്ടുണ്ട്. ആദര്‍ശധീരന്റെ പഴയകഥകള്‍ അറിയാവുന്നവര്‍ കേരളത്തിലുണ്ടെന്നത് മറക്കരുത്. സൂക്ഷ്മതയോടെ മാത്രമേ വര്‍ത്തമാനം പറയാവൂ- വി എസ് ഓര്‍മിപ്പിച്ചു.
മൂല്യങ്ങള്‍ കോണ്‍ഗ്രസ് പണാധിപത്യത്തിന് അടിയറവയ്ക്കുന്നു: മുഖ്യമന്ത്രി
ജനാധിപത്യത്തെ പൂര്‍ണമായും കച്ചവടവല്‍ക്കരിച്ച കോണ്‍ഗ്രസ് എല്ലാ മൂല്യങ്ങളെയും പണാധിപത്യത്തിന് കീഴ്പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യത്തെ കേരളത്തിലും ഉത്തരേന്ത്യന്‍ മോഡല്‍ മാഫിയാവല്‍ക്കരണത്തിന് കീഴ്പ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ഇന്റര്‍വ്യൂവും നറുക്കെടുപ്പും കോണ്‍ഗ്രസുകാര്‍ പോലുമല്ലാത്ത അജ്ഞാതര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി അവതരിക്കുന്നതും ഹൈക്കമാന്‍ഡ് വക പണച്ചാക്കെത്തിക്കലും ഹെലികോപ്റ്റര്‍ പ്രചാരണവുമൊക്കെ ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലേക്കും ഇറക്കുമതിചെയ്യുന്നതിന്റെ തെളിവാണ്.
ഉമ്മന്‍ചാണ്ടി അഴിമതി ഇടപാടിന് നിര്‍ബന്ധിച്ചുവെന്നും വഴങ്ങാത്തതിനെത്തുടര്‍ന്ന് രാജിവെച്ചുവെന്നുമാണ് കെ കെ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസില്‍ പേമെന്റ് സീറ്റാണെന്നും സോണിയയുടെ ഓഫീസില്‍ ഇതിനായി ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേമെന്റ് സീറ്റ് ആക്ഷേപം ശരിവയ്ക്കുന്ന പ്രതികരണം കെപിസിസി വക്താവ് എം എം ഹസ്സനില്‍നിന്നുണ്ടായി. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐസിസി ഹെലികോപ്റ്ററുകള്‍ എത്തിച്ചു. ഹരിപ്പാട്ടുനിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള പാലായിലേക്ക് ചെന്നിത്തല ഹെലികോപ്റ്ററില്‍ പോയി പ്രചാരണം നടത്തി. ഹെലികോപ്റ്റര്‍ കാത്തുനില്‍ക്കുന്ന സമയം മതിയായിരുന്നു, റോഡ് മാര്‍ഗം പാലായിലെത്താന്‍. ഹെലികോപ്റ്ററിന് എവിടെനിന്ന് പണം കിട്ടിയെന്ന് ഉമ്മന്‍ചാണ്ടിയും രമേശ്ചെന്നിത്തലയും വ്യക്തമാക്കണം. സംസ്ഥാനത്തെ ഓരോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും വേണ്ടി കോടിക്കണക്കിന് രൂപ എഐസിസി എത്തിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി കൊണ്ടുവന്ന പണം ദൂതന്‍ അടിച്ചുമാറ്റിയത് സംബന്ധിച്ച പ്രശ്നം ഇതേവരെ തീര്‍ന്നിട്ടില്ല. ഏതാണ്ട് നൂറുകോടി രൂപ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മാത്രം ഇങ്ങോട്ടൊഴുക്കിയിട്ടുണ്ടെന്ന വാര്‍ത്തയെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പ്രതികരിക്കണം. - മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി 010411
ഒറ്റമുഖക്കാരനായ ആന്റണിയെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്കായി പണിത ആദര്‍ശ് ഫ്ളാറ്റിന് എന്തുസംഭവിച്ചു. ഫ്ളാറ്റ് നല്ലതുപോലെ പണിത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ കൈവശപ്പെടുത്തി. പ്രതിരോധമന്ത്രിയായ ഈ ആദര്‍ശധീരന്‍ അപ്പോള്‍ എവിടെയായിരുന്നു. യുഡിഎഫിന്റെ പ്രകടനപത്രികയില്‍ പെണ്‍കുട്ടികള്‍ക്ക് ഒരുലക്ഷം രൂപ സഹായം നല്‍കുമെന്ന് പറയുന്നു. പെണ്‍കുട്ടികളോട് ഇപ്പോള്‍ എന്തുസ്നേഹമാണ് യുഡിഎഫിന്. ഇവരുടെ ഭരണത്തില്‍ പെണ്‍കുട്ടികളുടെ മാനവും അഭിമാനവും കവരാന്‍ എല്ലാ സംരക്ഷണവും നല്‍കി. അന്നത്തെ കേസുകളെല്ലാം ഇപ്പോള്‍ പൊന്താന്‍ തുടങ്ങിയിട്ടുണ്ട്. ആദര്‍ശധീരന്റെ പഴയകഥകള്‍ അറിയാവുന്നവര്‍ കേരളത്തിലുണ്ടെന്നത് മറക്കരുത്. സൂക്ഷ്മതയോടെ മാത്രമേ വര്‍ത്തമാനം പറയാവൂ- വി എസ് ഓര്‍മിപ്പിച്ചു.
ReplyDelete