Friday, April 8, 2011

സ്പെക്ട്രം അഴിമതിയില്‍ ഓരോ ഇന്ത്യക്കാരനും 1479 രൂപ നഷ്ടം

കണ്ണൂര്‍: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഉറപ്പു വരുത്തേണ്ടത് നാടിന്റെ ആവശ്യമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് പറഞ്ഞു. പാപ്പിനിശേരിയില്‍ എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവലിബറല്‍ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രത്തിന് തിരിച്ചടിയാവണം തെരഞ്ഞെടുപ്പ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അഴിമതിയും വര്‍ഗ്ഗീയതയും പ്രോല്‍സാഹിക്കപ്പെടും. മുന്‍കാലങ്ങളില്‍ അതാണ് സംഭവിച്ചത്. കര്‍ഷകരെ ആത്മഹത്യയില്‍ നിന്നും രക്ഷിച്ചതാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം. ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അഴിമതി നടത്തുന്നതാണ് കോണ്‍ഗ്രസ് പാരമ്പര്യം.

ടുജി സ്പെക്ട്രം അഴിമതിയിലൂടെ ഓരോ ഇന്ത്യന്‍പൌരനും 1479 രൂപയുടെ നഷ്ടമുണ്ടായി. കോടികളുടെ അഴിമതിനടത്തിയ ഡിഎംകെയുമായി ചേര്‍ന്നാണ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്നത്.കേരളത്തില്‍ എപിഎല്‍,ബിപിഎല്‍ ഭേദമില്ലാതെ അരി കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ വന്‍കിടകുത്തകകമ്പനികള്‍ക്കുവേണ്ടി ഭക്ഷ്യധാന്യങ്ങള്‍ക്ക് ഊഹക്കച്ചവടത്തിന് സൌകര്യമൊരുക്കുകയാണ് യുപിഎ സര്‍ക്കാര്‍. നിയമസഭാതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം നീക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് ഉജ്വല വരവേല്‍പ്നല്‍കി. രാവിലെ പത്തുമണിക്ക് ചെന്നൈ മെയിലില്‍ എത്തിയ കാരാട്ടിനെ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു

കോണ്‍ഗ്രസിന് അഴിമതിയുടെ രക്ഷാകര്‍തൃത്വം: യെച്ചൂരി

കൊല്ലം: അഴിമതിക്ക് കോണ്‍ഗ്രസ് രക്ഷാകര്‍തൃത്വം നല്‍കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. അഴിമതിയും പണപ്പെരുപ്പവുമാണ് രാജ്യം നേരിടുന്ന ഭീഷണി. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര കോണ്‍ഗ്രസ് ഭരണത്തില്‍ ഐപിഎല്‍, 2 ജി സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഐഎസ്ആര്‍ഒ ഉടമ്പടി തുടങ്ങി അഴിമതിയുടെ ഘോഷയാത്രയാണ്. 2 ജി സ്പെക്ട്രം ഇടപാടില്‍ 1,76,000 കോടി രൂപയുടെ കൊള്ള നടന്നു. ഈ പണം ഉപയോഗിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് രണ്ടുവര്‍ഷം സുഭിക്ഷമായി ഭക്ഷണം നല്‍കാം. രാജ്യത്തെ കുട്ടികള്‍ക്കെല്ലാം അഞ്ചുവര്‍ഷം സൌജന്യ വിദ്യാഭ്യാസം നല്‍കാന്‍ 1,70,000 കോടി രൂപ മതിയാകും. ഒരുവര്‍ഷത്തിനിടെ ഏഴുതവണ പെട്രോള്‍വില കൂട്ടി. പാചകവാതകത്തിന് നാലുതവണ വില വര്‍ധിപ്പിച്ചു. അവശ്യസാധനങ്ങള്‍ക്കെല്ലാം തീവിലയായി. പൊതുരംഗത്തെ അഴിമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിയനായ അണ്ണാഹസാരെ ഡല്‍ഹിയില്‍ നിരാഹാരം ആരംഭിച്ചു. പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കെതിരായ ലോക്പാല്‍ബില്‍ 50 വര്‍ഷമായി നിയമമാക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ലമെന്റില്‍ ബില്‍ അടിയന്തരമായി ചര്‍ച്ചചെയ്ത് നിയമമാക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്.

യുഡിഎഫ് അധികാരത്തില്‍വന്നാല്‍ സമസ്ത ജനവിഭാഗങ്ങളുടെയും ജീവിതം ഭാസുരമാകുമെന്നാണ് കഴിഞ്ഞദിവസം കേരളത്തില്‍വന്ന സോണിയ ഗാന്ധി പറഞ്ഞത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കടക്കെണിയില്‍പെട്ട് 1500 കര്‍ഷകര്‍ ആത്മഹത്യചെയ്തത്. അന്നത്തെ അതേനയം തന്നെയാണ് യുഡിഎഫ് തുടരുന്നത്. രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്ന നയമാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്. ചെറുന്യൂനപക്ഷം വരുന്ന ധനികരുടെ തിളങ്ങുന്ന ഇന്ത്യയും ഭൂരിപക്ഷം വരുന്ന ദരിദ്രനാരായണന്മാരുടെ ഇന്ത്യയും. മൂന്നുവര്‍ഷംമുമ്പ് 26 ശതകോടീശ്വരന്മാരുണ്ടായിരുന്നത് ഇന്ന് 69 പേരായി ഉയര്‍ന്നു. രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തിന്റെ മൂന്നില്‍ ഒന്നാണ് അവരുടെ ആസ്തി. ബാക്കിവരുന്ന 121 കോടി ജനങ്ങള്‍ ദുരിതജീവിതം നയിക്കുന്നു.

രാജ്യത്തെ 50 ശതമാനം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണ്. ലോകത്ത് ദിവസം അഞ്ചുകുട്ടികള്‍ പട്ടിണിമൂലം മരിക്കുമ്പോള്‍ അതില്‍ മൂന്നുപേര്‍ ഇന്ത്യയിലാണ്. പോഷകാഹാരം കിട്ടാതെ വിളര്‍ച്ച ബാധിച്ച ഗര്‍ഭിണികളുടെ എണ്ണം 50ല്‍നിന്ന് 58 ശതമാനമായി വര്‍ധിച്ചു. ആരോഗ്യമില്ലാത്ത പുതിയ തലമുറയാണ് രാജ്യത്തുണ്ടാകുന്നത്.
കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന സര്‍വേ റിപ്പോര്‍ട്ടുകളില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ വലിയ അത്ഭുതമാണ് പ്രകടിപ്പിക്കുന്നത്. ജനങ്ങളില്‍ 48 ശതമാനം മുഖ്യമന്ത്രി വി എസിനെ പിന്തുണയ്ക്കുന്നു എന്നുവരുമ്പോള്‍ എല്‍ഡിഎഫ് ഭരണത്തിനുള്ള അംഗീകാരമാണ്. 1957ല്‍ ആദ്യമായി ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തിലേറ്റി ചരിത്രംകുറിച്ച കേരളം എല്‍ഡിഎഫിന് തുടര്‍ച്ചയായി അധികാരം നല്‍കി ചരിത്രം തിരുത്തിക്കുറിക്കാന്‍ പോകുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

സോണിയയുടെ വിമര്‍ശം അടിസ്ഥാന രഹിതം: എസ് ആര്‍ പി

പാലക്കാട്: എല്‍ഡിഎഫ് ഭരണത്തിനുകീഴില്‍ കേരള വികസനം പിറകോട്ടുപോയി എന്ന സോണിയാ ഗാന്ധിയുടെ വിമര്‍ശം അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം(ജിഡിപി) കഴിഞ്ഞ നാലു വര്‍ഷമായി ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. കാര്‍ഷിക-വ്യാവസായികരംഗത്ത് മികച്ച വളര്‍ച്ച കൈവരിച്ചതുകൊണ്ട് ജിഡിപിവര്‍ധിച്ചു. ഇടതുഭരണത്തിന് തുടര്‍ച്ചയുണ്ടാകുമെന്നും എല്‍ഡിഎഫ് നടപ്പാക്കിയ ക്ഷേമപരിപാടികള്‍ തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും എസ്ആര്‍പി പറഞ്ഞു.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചില കേസുകളില്‍ പരിധിവിട്ട് ഇടപെടുന്നു എന്ന പ്രചാരണം തെറ്റാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന രീതിയില്‍ ഭരണഘടനാപരമായി മാത്രമേ അദ്ദേഹം ഇടപെടുന്നുള്ളു. വി എസ് സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രധാനനേതാവാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ്സമയത്ത് അദ്ദേഹത്തെ പ്രതിപക്ഷം ആക്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ മകനെതിരായ ദുരാരോപണങ്ങളില്‍ അന്വേഷണം ആവശ്യമില്ല-അദ്ദേഹം പറഞ്ഞു. വിദേശനിക്ഷേപത്തെക്കുറിച്ച് വി എസിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടെയും അഭിപ്രായങ്ങളില്‍ വൈരുദ്ധ്യമില്ല. സിപിഐ എമ്മിന്റെ പാര്‍ടിരേഖകളില്‍ എഴുതിവച്ച കാര്യങ്ങളാണ് ഇരുവരും പറഞ്ഞത്.

മതേതര, സാമ്രാജ്യത്വവിരുദ്ധനയങ്ങള്‍ സ്വീകരിക്കുന്നതുകൊണ്ട് ഒരു പുതിയ ജനവിഭാഗം എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ വോട്ടും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞുവെന്നത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. യുഡിഎഫ് അനുഭാവികളോടും ഞങ്ങള്‍ക്കു വോട്ടു നല്‍കണമെന്നാണ് അഭ്യര്‍ഥിക്കുന്നത്. ഇടതുപക്ഷ ആശയങ്ങളോട് യോജിപ്പുള്ള ആര് അനുഭാവം പ്രകടിപ്പിച്ചാലും സ്വാഗതം ചെയ്യും. ദേശീയരാഷ്ട്രീയവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബിജെപിയും മാറിമാറി അധികാരത്തില്‍ വരുന്നത് അപകടമാണ്. രണ്ടു പാര്‍ടികള്‍ക്കും ഒരേ നയമാണ്. അതിനെതിരെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ഒരു ബദല്‍മുന്നണി ഉയര്‍ന്നുവരാന്‍ കേരളത്തിലും പശ്ചിമബംഗാളിലും വിജയം അനിവാര്യമാണെന്ന് എസ്ആര്‍പി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി, ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ നാരായണദാസ്, പട്ടാമ്പി ഏരിയ സെക്രട്ടറി എന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ചവരാണോ ഒരു രൂപയ്ക്ക് അരി നല്‍കുക: അമര്‍ജിത്ത് കൌര്‍

കരിവെള്ളൂര്‍: രാജ്യത്തെ പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ച കോണ്‍ഗ്രസിന് ഒരു രൂപയ്ക്ക് അരി നല്‍കാന്‍ കഴിയില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം അമര്‍ജിത്ത് കൌര്‍ പറഞ്ഞു.ജില്ലയിലെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എപിഎല്‍-ബിപിഎല്‍ തരംതിരിച്ച് റേഷന്‍കാര്‍ഡുണ്ടാക്കിയത് കോണ്‍ഗ്രസാണ്. എല്‍ഡിഎഫ് ഈ സമ്പ്രദായത്തിനെതിരാണ്. ദേശീയ പൊതുവിതരണനയമാണ് എല്‍ഡിഎഫ് അജന്‍ഡ. സോണിയഗാന്ധി പറയുന്നത് കോണ്‍ഗ്രസ് ദാരിദ്യ്രം നിര്‍മാര്‍ജനം ചെയ്യുമെന്നാണ്. കുത്തക മുതലാളിമാര്‍ ശതകോടീശ്വരന്മാരാകുന്ന നാട്ടില്‍ ആരുടെ താല്‍പര്യമാണ് കോണ്‍ഗ്രസ് സംരക്ഷിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തിലെ ജനങ്ങളെ പറ്റിക്കാനാവില്ല. സാക്ഷരതയിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്ന കേരളത്തിന്റെ ചരിത്രം സോണിയക്കറിയില്ല. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകളെ സംരക്ഷിക്കുമെന്നാണ് സോണിയ പറയുന്നത്. ഇത് പച്ചക്കള്ളമാണ്. കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും ഇടതു സര്‍ക്കാരുകള്‍ മാത്രമാണ് സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും അമര്‍ജിത്ത് കൌര്‍ പറഞ്ഞു.

ദേശാഭിമാനി 080411

1 comment:

  1. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഉറപ്പു വരുത്തേണ്ടത് നാടിന്റെ ആവശ്യമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് പറഞ്ഞു. പാപ്പിനിശേരിയില്‍ എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവലിബറല്‍ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രത്തിന് തിരിച്ചടിയാവണം തെരഞ്ഞെടുപ്പ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അഴിമതിയും വര്‍ഗ്ഗീയതയും പ്രോല്‍സാഹിക്കപ്പെടും. മുന്‍കാലങ്ങളില്‍ അതാണ് സംഭവിച്ചത്. കര്‍ഷകരെ ആത്മഹത്യയില്‍ നിന്നും രക്ഷിച്ചതാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം. ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അഴിമതി നടത്തുന്നതാണ് കോണ്‍ഗ്രസ് പാരമ്പര്യം.

    ReplyDelete