Friday, April 8, 2011

ടൈറ്റാനിയം അഴിമതി: കുഞ്ഞാലിക്കുട്ടിക്കും പങ്ക്

ട്രാവന്‍കൂര്‍ ടൈറ്റാനിയും പ്രോഡക്ട്‌സിലെ അഴിമതിയില്‍ മുന്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്കും വി കെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് കെ എ റൗഫിന്റെ വെളിപ്പെടുത്തല്‍. കോഴിക്കോട് പ്രസ്‌ക്ലബില്‍  പത്രസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവും വ്യവസായിയുമായ റൗഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ടൈറ്റാനിയം അഴിമതിക്ക് പിന്നില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് എറണാകുളം സ്വദേശിയായ രാജീവാണ്. ഇതേ രാജീവ് കെ എം എം എല്ലിലെ പല ഇടപാടുകള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കമ്പനിയിലും വന്‍ അഴിമതി നടന്നിട്ടുണ്ട്. ഇവര്‍ തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ താനും പങ്കാളിയായിട്ടുണ്ടെന്നും അഴിമതിപ്പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നതെന്നും റൗഫ് വ്യക്തമാക്കി.

കൊച്ചി മറൈന്‍ഡ്രൈവിലെ പയനിയര്‍ ടവേഴ്‌സില്‍ വച്ചായിരുന്നു ചര്‍ച്ച.  ടൈറ്റാനിയത്തിന്റെ അന്നത്തെ എം ഡി ഈപ്പന്‍ വര്‍ഗീസ് റിട്ടയര്‍ ചെയ്തിട്ടും അദ്ദേഹത്തിന് മന്ത്രി കുഞ്ഞാലിക്കുട്ടി ഇടപെട്ട് കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം ഉണ്ടാകണമെന്ന് റൗഫ് ആവശ്യപ്പെട്ടു. ഈ അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി അറിയില്ല.

കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ മലബാര്‍ സിമന്റ്‌സില്‍ ഒട്ടേറെ പേരെ നിയമിച്ചിരുന്നു. ഈ നിയമനത്തിലും അഴിമതി നടന്നിട്ടുണ്ട്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവരെപ്പോലും പാലക്കാട്ടെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി പരീക്ഷാ പേപ്പര്‍ തിരുത്തി വിജയിപ്പിച്ചിട്ടുണ്ട്. എത്ര ആരോപണങ്ങള്‍ ഉണ്ടായാലും മുസ്‌ലിം ലീഗ് നേതൃത്വം അതിന്റെ നേതാക്കള്‍ക്കെതിരെ നടപടിയൊന്നും എടുക്കാറില്ല. ഐസ്‌ക്രീം കേസിലെ തെളിവുകള്‍ താന്‍ സമുദായ നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. പാണക്കാട് തങ്ങള്‍മാരേയും ഇതുസംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. റജീനയുടെ മൊഴിമാറ്റിക്കല്‍ സംബന്ധിച്ച കേസ് ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്. ഈ കേസില്‍ പൊലീസ് സംഘം തന്നെ മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കോഴിക്കോട്ട് റയില്‍വെ ട്രാക്കില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് ഐസ്‌ക്രീം കേസുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഐസ്‌ക്രീം കേസുമായി 1997 ലാണ് താന്‍ ബന്ധപ്പെടുന്നതെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും റൗഫ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ മകന് വിദേശത്ത് രണ്ട് വന്‍ വ്യവസായങ്ങളുണ്ടെന്ന് അറിയാം. പെണ്‍വാണിഭ കേസുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തന്നെ ഒരുപാടുപേര്‍ സമീപിച്ചിട്ടുണ്ട്. അവരെയൊക്കെ കുഞ്ഞാലിക്കുട്ടി പറഞ്ഞയച്ചതാണോ എന്ന് അറിയില്ല.

janayugom 080411

2 comments:

  1. ട്രാവന്‍കൂര്‍ ടൈറ്റാനിയും പ്രോഡക്ട്‌സിലെ അഴിമതിയില്‍ മുന്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്കും വി കെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് കെ എ റൗഫിന്റെ വെളിപ്പെടുത്തല്‍. കോഴിക്കോട് പ്രസ്‌ക്ലബില്‍ പത്രസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവും വ്യവസായിയുമായ റൗഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ReplyDelete
  2. ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയിലെ മലിനീകരണ നിയന്ത്രണപദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി വാദം കേള്‍ക്കാനായി മെയ് 13ലേക്ക് മാറ്റി. പദ്ധതി നടപ്പാക്കുന്നതിനുമുന്നോടിയായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ഉള്‍പ്പെടെ സുപ്രധാനമായ ഏതാനും രേഖകള്‍കൂടി ശനിയാഴ്ച ഹര്‍ജിക്കാരന്‍ ഹാജരാക്കി. മലിനീകരണ നിയന്ത്രണപദ്ധതി അംഗീകരിച്ച് പുറപ്പെടുവിച്ച ഉത്തരവും ഡയറക്ടര്‍ബോര്‍ഡ് യോഗത്തിന്റെ തീരുമാനം സംബന്ധിച്ച രേഖയും ഇതില്‍പ്പെടും. യുഡിഎഫ് നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രയോജനകരമല്ലെന്ന പഠനറിപ്പോര്‍ട്ടും ഹര്‍ജിക്കാരന്‍ ഹാജരാക്കി. എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. ടൈറ്റാനിയം ജീവനക്കാരനായ മണക്കാട് സ്വദേശി എസ് ജയന്‍ അഡ്വ. എസ് ചന്ദ്രശേഖരന്‍നായര്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ചെയ്തത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ 11 പേരാണ് എതിര്‍കക്ഷികള്‍. ശനിയാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ കൂടുതല്‍ രേഖ ഹാജരാക്കാന്‍ സന്നദ്ധമാണെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വ. അര്‍ഷാദ് മുഹമ്മദ് അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജി അടുത്ത 13ലേക്ക് മാറ്റി വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി എസ് ജഗദീശ് ഉത്തരവായത്.

    ReplyDelete