Friday, April 8, 2011

സി എച്ച് കുഞ്ഞമ്പുവിനെ അധിക്ഷേപിച്ച് സിഡിയും പ്രസംഗവും

കാസര്‍കോട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പുവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സിഡി വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇരു വിഭാഗത്തിന്റെയും പൊതുയോഗങ്ങളില്‍ കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള പ്രസംഗമാണ് നടത്തുന്നത്. നികൃഷ്ട ഭാഷയിലുള്ള പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയതായി എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കന്നട, തുളു, മലയാളം ഭാഷകളിലായി ഇറക്കിയ സിഡികളില്‍ സാധാരണ ഗതിയില്‍ ആളുകള്‍ പരസ്യമായി പറയാന്‍ മടിക്കുന്ന ഭാഷയിലാണ് സി എച്ച് കുഞ്ഞമ്പുവിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇത് അനൌസ്മെന്റ് വാഹനങ്ങളിലും പൊതുയോഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരസ്യ ലംഘനമാണിത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ എന്ത് നെറികെട്ട പ്രചാരണവും നടത്തുന്നതിന് യുഡിഎഫിനും ബിജെപിക്കും മടിയില്ലെന്ന രീതിയിലാണ് ഇവിടുത്തെ പ്രവര്‍ത്തനമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു. സി എച്ച് കുഞ്ഞമ്പുവിന് മണ്ഡലത്തിലുടനീളം ലഭിക്കുന്ന പൊതുസ്വീകാര്യതയും അംഗീകാരവും യുഡിഎഫിലും ബിജെപിയിലും ഉണ്ടാക്കിയ പരിഭ്രാന്തിയാണ് തരംതാണ പ്രചാരണത്തിന് കാരണം. കര്‍ണാടകത്തില്‍നിന്ന് സ്ത്രീകളെയുള്‍പ്പെടെ പ്രചാരണത്തിന് ഇറക്കുന്ന ബിജെപി എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും തുടങ്ങി. മംഗളൂരുവില്‍നിന്ന് സ്കോര്‍പിയോ കാറിലെത്തിയ സംഘം കുമ്പളയില്‍ ബിജെപി വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്ന സതീഷ് ഷെട്ടിയെ ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. കള്ള പ്രചാരണവും വ്യക്തിഹത്യയും എല്‍ഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന് ഇത്തവണയും സി എച്ച് കുഞ്ഞമ്പു ജയിക്കും. യുഡിഎഫും ബിജെപിയും ബോധപൂര്‍വം സൃഷ്ടിക്കുന്ന പ്രകോപനങ്ങളില്‍ വീഴാതെ എല്‍ഡിഎഫ് വിജയം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി പി ജനാര്‍ദനന്‍, പ്രസിഡന്റ് ബി വി രാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 070411

1 comment:

  1. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പുവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സിഡി വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇരു വിഭാഗത്തിന്റെയും പൊതുയോഗങ്ങളില്‍ കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള പ്രസംഗമാണ് നടത്തുന്നത്. നികൃഷ്ട ഭാഷയിലുള്ള പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയതായി എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കന്നട, തുളു, മലയാളം ഭാഷകളിലായി ഇറക്കിയ സിഡികളില്‍ സാധാരണ ഗതിയില്‍ ആളുകള്‍ പരസ്യമായി പറയാന്‍ മടിക്കുന്ന ഭാഷയിലാണ് സി എച്ച് കുഞ്ഞമ്പുവിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇത് അനൌസ്മെന്റ് വാഹനങ്ങളിലും പൊതുയോഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരസ്യ ലംഘനമാണിത്.

    ReplyDelete