Friday, April 1, 2011

ഉത്തരവിറങ്ങി; പുതുക്കിയ ശമ്പളം ഇന്നു മുതല്‍

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറങ്ങി. ഇന്നലെ വൈകിട്ടാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പുതുക്കിയ നിരക്ക് പ്രകാരം എല്ലാ ജീവനക്കാര്‍ക്കും 1500 മുതല്‍ 2500 രൂപ വരെ ശമ്പള വര്‍ധന ലഭിക്കും. കൂടാതെ സര്‍വീസ് കൂടുന്നതിന് അനുസരിച്ച് ശമ്പളത്തില്‍ വര്‍ധന ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങളും പുതിയ ഉത്തരവിലുണ്ട്. ഇന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം ലഭിക്കാന്‍ ജീവനക്കാര്‍ അര്‍ഹരാണ്. നാളെ മുതല്‍ ട്രഷറികളില്‍ പുതുക്കിയ ശമ്പള ബില്‍ സമര്‍പ്പിച്ചാല്‍ ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ കുടിശിക ഉള്‍പ്പടെ പുതുക്കിയ ശമ്പളം ലഭിക്കും.

സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും താഴെത്തട്ടിലുള്ള ജീവനക്കാരായ കാഷ്വല്‍ സ്വീപ്പര്‍മാരുടെ ശമ്പളം പ്രതിമാസം 2000 രൂപയായി വര്‍ധിപ്പിച്ചു. ഇപ്പോഴുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇവരുടെ ശമ്പളം 600 രൂപയായിരുന്നു. അതും നേരത്തെയുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചതാണ്. പുതുക്കിയ ശമ്പളത്തിനൊപ്പം ആറ് ശതമാനം ഡി എ നല്‍കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇത് സംബന്ധിച്ച അനുമതി തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും ലഭിക്കണം. ഇത് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി. സംസ്ഥാന ഇലക്ട്രല്‍ ഓഫീസര്‍ക്ക് ലഭിച്ച കത്ത് കേന്ദ്ര  തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ കൂട്ടുപിടിച്ച് ഡി എ നല്‍കാനുള്ള തീരുമാനം അട്ടിമറിക്കാനാണ് യു ഡി എഫ് നേതാക്കള്‍ ശ്രമിക്കുന്നത്.
 
ഇരുപതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ചു


സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഇരുപതിനായിരത്തോളം ജീവനക്കാര്‍ ഇന്നലെ പടിയിറങ്ങി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പല ദിവസങ്ങളിലായി പിരിയേണ്ടവരാണ് വിരമിക്കല്‍ ഏകീകരണത്തെ തുടര്‍ന്നു ഒരുമിച്ച് വിരമിച്ചത്.

വിരമിക്കുന്ന ജീവനക്കാരുടെ ഒഴിവ് മുന്‍കൂട്ടി കണ്ടുകൊണ്ട് സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച് 50 ശതമാനത്തോളം ഒഴിവുകള്‍ നേരത്തെ തന്നെ നികത്തിയതിനാല്‍ വരുന്ന ആഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യമായ ശൂന്യത ഉണ്ടാകില്ല.

വിരമിച്ചവരില്‍ 13,000ത്തോളം പേര്‍ അധ്യാപകരാണ്. എസ് പി റാങ്കിലുള്ള 26 പേരും ഡി വൈ എസ് പി റാങ്കിലുള്ള 17 പേരും 23 സി ഐമാരും 176 എസ് ഐ മാരും ഉള്‍പ്പെടെ ആയിരത്തിലേറെ ജീവനക്കാരാണ് പൊലീസ് വകുപ്പില്‍ നിന്നും വിരമിക്കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍, എ എസ് ഐ തസ്തികയിലായി 700 പേരും 50 മിനിസ്റ്റീരിയല്‍ ജീവനക്കാരും പൊലീസ് വകുപ്പില്‍ നിന്ന് വിരമിച്ചു.

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ നിന്നും 216 പേരും നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും 29 പേരും സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിടവാങ്ങി. റവന്യു വകുപ്പില്‍ നിന്നും 40 ഡെപ്യൂട്ടി കലക്ടര്‍മാരും 40 തഹസീല്‍ദാര്‍മാരും 104 ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരും 250ലേറെ മറ്റു ജീവനക്കാരും പിരിഞ്ഞുപോയി. ആരോഗ്യവകുപ്പില്‍ നിന്നും 250 ഡോക്ടര്‍മാരും പി എസ് സിയില്‍ നിന്നും ഏകദേശം അമ്പതോളം ജീവനക്കാരും പടിയിറങ്ങി.

മിക്കവാറും തസ്തികകളില്‍ പി എസ് സി റാങ്ക് ലിസ്റ്റ് നിലവിലുള്ളതിനാല്‍ കൂട്ടവിരമിക്കല്‍ മൂലം ഓഫീസുകളില്‍ വലിയ പ്രശ്‌നമുണ്ടാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. വിരമിക്കല്‍ മൂലമുണ്ടാകുന്ന ഒഴിവുകള്‍ ഉടന്‍തന്നെ പി എസ് സി റാങ്ക് ലിസ്റ്റു പ്രകാരം നികത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഒരുമിച്ചു വിരമിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ രേഖകള്‍ ഹാജരാക്കുന്ന ക്രമത്തില്‍ യഥാസമയം അനുവദിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ധനകാര്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

janayugom 010411

1 comment:

  1. സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറങ്ങി. ഇന്നലെ വൈകിട്ടാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പുതുക്കിയ നിരക്ക് പ്രകാരം എല്ലാ ജീവനക്കാര്‍ക്കും 1500 മുതല്‍ 2500 രൂപ വരെ ശമ്പള വര്‍ധന ലഭിക്കും. കൂടാതെ സര്‍വീസ് കൂടുന്നതിന് അനുസരിച്ച് ശമ്പളത്തില്‍ വര്‍ധന ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങളും പുതിയ ഉത്തരവിലുണ്ട്. ഇന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം ലഭിക്കാന്‍ ജീവനക്കാര്‍ അര്‍ഹരാണ്. നാളെ മുതല്‍ ട്രഷറികളില്‍ പുതുക്കിയ ശമ്പള ബില്‍ സമര്‍പ്പിച്ചാല്‍ ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ കുടിശിക ഉള്‍പ്പടെ പുതുക്കിയ ശമ്പളം ലഭിക്കും.

    ReplyDelete