Saturday, April 16, 2011

കാലിഫോര്‍ണിയയില്‍ പെന്‍ഷന്‍ അവതാളത്തില്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എന്ന വ്യാജേന കോര്‍പ്പറേറ്റുകള്‍ക്ക് സൗജന്യങ്ങള്‍ വാരിവിതറുന്ന ഭരണകൂടം സാധാരണ ജനങ്ങളുടെ ക്ഷേമത്തിന് നീക്കിവച്ച തുകയാണ് ചെലവഴിക്കുന്നത്. കാലിഫോര്‍ണിയയിലെ പെന്‍ഷന്‍ വിതരണം അവതാളത്തിലായിക്കഴിഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടാണ് The California Public Employees Retirement System (CalPERS), California State Teachers Retirement System (Cal STRS) ഇവ.

2008-ലും 2009-ലും ഊഹക്കച്ചവടത്തില്‍ നിക്ഷേപിച്ചതു മൂലം CalPERS-ന് സംഭവിച്ച നഷ്ടം 67 ബില്യന്‍ ഡോളര്‍. 1999 മുതല്‍ 2007 വരെ ഈ ഫണ്ട് നേടിയ ലാഭത്തില്‍ പകുതിയാണിത്. അതുകൊണ്ട് വാര്‍ഷിക ആദായം (നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്നത്) 1982-2009 കാലത്തെ ശരാശരി 8.8 ശതമാനത്തില്‍ നിന്നും ഇന്ന് 2.5 ശതമാനമായി കുറഞ്ഞു. Cal STRS-ല്‍ 8.5 ലക്ഷം പെന്‍ഷന്‍കാരുണ്ട്. ഇപ്പോള്‍ ഫണ്ടില്‍ 146 ബില്യന്‍ ഡോളര്‍ അവശേഷിക്കുന്നുണ്ട്. ഇതേ രീതി തുടര്‍ന്നാല്‍ 2042 വരെ മാത്രമേ പെന്‍ഷന്‍ നല്‍കാന്‍ ഈ ഫണ്ടില്‍ നിന്നും സാധിക്കൂ. പെന്‍ഷന്‍ ഫണ്ടില്‍ സര്‍ക്കാരിന്റെ നിക്ഷേപം കുറയ്ക്കാനും തൊഴിലാളികളുടെ വിഹിതം വര്‍ധിപ്പിക്കാനും നടപടി തുടരുകയാണ്. പെന്‍ഷന്‍ നിഷേധത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുകയാണ്. പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ പഴയവരേക്കാള്‍ അഞ്ചുവര്‍ഷം കൂടുതല്‍ സര്‍വീസുണ്ടായിരിക്കണമെന്ന നിബന്ധന നിലവില്‍ വന്നുകഴിഞ്ഞു. നവലിബറല്‍ പരിഷ്‌കാരങ്ങള്‍ പെന്‍ഷന്‍ തട്ടിപ്പറിക്കുകയാണ്. സാമൂഹ്യക്ഷേമം എന്നത് നവലിബറല്‍ അജണ്ടയില്‍ ഇല്ല.

പോര്‍ച്ചുഗല്ലില്‍ തൊഴിലിനുവേണ്ടി പ്രക്ഷോഭം

യുവാക്കളിലെ തൊഴിലില്ലായ്മ ക്രമാതീതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് പോര്‍ച്ചുഗല്ലിലെ പട്ടണങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. തലസ്ഥാനമായ ലിസ്ബണില്‍ നടന്ന പ്രകടനത്തില്‍ രണ്ട് ലക്ഷം പേര്‍ പങ്കെടുത്തു. രണ്ടാമത്തെ പട്ടണമായ പോര്‍ട്ടോയില്‍ 80,000 പേര്‍ പങ്കെടുത്ത പ്രകടനം നടന്നു.

പോര്‍ച്ചുഗല്ലിലെ തൊഴിലില്ലായ്മ 11.2 ശതമാനം 15-24 പ്രായത്തിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മ 23 ശതമാനം. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍ പ്രകാരം 7,20,000 തൊഴിലാളികള്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. തുടര്‍ച്ചയായി ഭരണകൂടം പ്രഖ്യാപിച്ച ചെലവുചുരുക്കല്‍ നടപടികള്‍ തൊഴിലാളികളുടെ പരിമിതമായ ആനുകൂല്യങ്ങള്‍ പോലും കവര്‍ന്നെടുക്കുകയാണ്. ജനക്ഷേമം പാടെ മറന്നുകൊണ്ട് കുത്തകകള്‍ക്ക് ധനം കൈമാറുന്ന പ്രക്രിയയാണ് യഥാര്‍ഥത്തില്‍ ചെലവ് ചുരുക്കല്‍. പോര്‍ച്ചുഗീസ് ധനമന്ത്രി ഈ നടപടികളെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞ പ്രകാരം 2011 ലെ ബജറ്റ് കമ്മി ജി ഡി പി യുടെ 4.6 ശതമാനമായി കുറയ്ക്കാന്‍ കഴിയും. മുമ്പ് 7.3 ശതമാനമായിരുന്നു. യൂറോപ്യന്‍ കമ്മിഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഗ്രീസിലും അയര്‍ലാന്‍ഡിലും നടപ്പിലാക്കിയതുപോലെ രക്ഷാപദ്ധതികള്‍ നടപ്പിലാക്കാന്‍ പോര്‍ച്ചുഗല്ലിനോടും ആവശ്യപ്പെടുകയാണ്. പോര്‍ച്ചുഗല്ലിലെ പൊതുകടം 2011 ല്‍ ജി ഡി പി യുടെ 87 ശതമാനം ആകും. അയല്‍രാജ്യമായ സ്‌പെയിനിലും അശാന്തി പടരുകയാണ്.

ഇറ്റലിയില്‍ തൊഴിലില്ലായ്മ 30 ശതമാനമായി


ഇറ്റലിയിലെ സാമൂഹ്യജീവിതത്തില്‍ ദുരിതങ്ങള്‍ നിറയുന്ന കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജനജീവിതം അതീവ ദുസ്സഹമായി മാറി. യുവാക്കളിലെ തൊഴിലില്ലായ്മ 29.6 ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3 ശതമാനം കൂടുതലാണ് യുവാക്കളിലെ തൊഴിലില്ലായ്മ. ഇറ്റലിയിലെ പല പ്രദേശങ്ങളിലും തൊഴിലില്ലായ്മ 75 ഉം 80 ഉം ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. വിദ്യാഭ്യാസം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുന്നത് തൊഴിലില്ലായ്മയ്ക്ക് ആക്കം കൂട്ടുകയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അക്ഷരം അപ്രാപ്യമായി മാറി. മറുഭാഗത്ത് ശതകോടീശ്വരന്‍മാരുടെ എണ്ണം വര്‍ധിക്കുകയാണ്. പ്രധാനമന്ത്രി ബെര്‍ലുസ് കോണി കോടീശ്വരന്‍മാരില്‍ ഉള്‍പ്പെടും. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് നല്‍കിയ നഷ്ടപരിഹാരത്തുക 24 മില്യണ്‍ യൂറോയാണെന്നു കാണാം.

സമൂഹത്തില്‍ പട്ടിണി വര്‍ധിച്ചുവരികയാണ്. ഇറ്റലിയില്‍ 80 ലക്ഷം ജനങ്ങള്‍ (ജനസംഖ്യയുടെ 13 ശതമാനം) കൊടും പട്ടിണിയിലാണ്. ആകെ ജനസംഖ്യ 610 ലക്ഷമാണ്. ഭക്ഷണവില ദിനംപ്രതി ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ്. ഇറ്റലിയില്‍ ഇന്ന് ആത്മഹത്യകള്‍ കൂടിവരുന്നു. തൊഴിലാളികളാണ് ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും. തൊഴില്‍ നഷ്ടപ്പെട്ടവര്‍ തങ്ങള്‍ക്കും കുടുംബത്തിനും ഒരു നേരത്തെ ഭക്ഷണം പോലും തരപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആത്മഹത്യയില്‍ അഭയം തേടുകയാണ്.

കെ ജി സുധാകരന്‍ ജനയുഗം

1 comment:

  1. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എന്ന വ്യാജേന കോര്‍പ്പറേറ്റുകള്‍ക്ക് സൗജന്യങ്ങള്‍ വാരിവിതറുന്ന ഭരണകൂടം സാധാരണ ജനങ്ങളുടെ ക്ഷേമത്തിന് നീക്കിവച്ച തുകയാണ് ചെലവഴിക്കുന്നത്. കാലിഫോര്‍ണിയയിലെ പെന്‍ഷന്‍ വിതരണം അവതാളത്തിലായിക്കഴിഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടാണ് The California Public Employees Retirement System (CalPERS), California State Teachers Retirement System (Cal STRS) ഇവ.

    ReplyDelete