കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യത്തിന് ശക്തിപകര്‍ന്ന് ജനകീയ പ്രക്ഷോഭത്തിന് തുടക്കമായി. കഴിഞ്ഞ ലോകപരിസ്ഥിതി സമ്മേളനത്തില്‍ നിരോധനത്തിനെതിരെ വോട്ട് ചെയ്ത ഇന്ത്യ തെറ്റുതിരുത്തണമെന്ന് ഞായറാഴ്ച കാസര്‍കോട് ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദേശീയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. 24 മുതല്‍ 29 വരെയാണ് സ്റ്റോക്ഹോമില്‍ ലോക പരിസ്ഥിതി സമ്മേളനം. എണ്‍പതിലധികം രാജ്യങ്ങളില്‍ നിരോധിച്ച കീടനാശിനിക്കുവേണ്ടി നിലകൊണ്ട് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണംകെട്ട ഇന്ത്യ ഈ വര്‍ഷമെങ്കിലും തെറ്റ് തിരുത്തണമെന്ന ശക്തമായ ആവശ്യമാണ് കണ്‍വന്‍ഷനില്‍ രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ഉയര്‍ത്തിയത്.
കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലായി അയ്യായിരത്തോളം പേരെ മാരകരോഗത്തിന് ഇരകളാക്കിയ വിഷം വേണ്ടെന്ന് തീരുമാനിക്കാനുള്ള ഇച്ഛാശക്തി ജനാധിപത്യ സര്‍ക്കാര്‍ കാണിക്കണമെന്ന് കണ്‍വന്‍ഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നെത്തിയവര്‍ ഒത്തുചേര്‍ന്ന കണ്‍വന്‍ഷന്‍ വനംമന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ മുഖ്യപ്രഭാഷണം നടത്തി. പി കരുണാകരന്‍ എംപി, വി എം സുധീരന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, കെ പി സതീഷ്ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ചെര്‍ക്കളം അബ്ദുല്ല, സി ആര്‍ നീലകണ്ഠന്‍, എസ് ജി വൊമ്പാക്കരെ, കെ പി ശശി, ടി മുഹമ്മദ്, ടി ആസഫലി, ടി പി പത്മനാഭന്‍, ജഗദീഷ് എന്നിവര്‍ സംസാരിച്ചു. കെ ബി മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. പി വി സുധീര്‍കുമാര്‍ സ്വാഗതം പറഞ്ഞു.
ദേശീയ പതാകയേന്തി പൌരാവകാശ പ്രഖ്യാപനത്തോടെയാണ് കണ്‍വന്‍ഷന്‍ തുടങ്ങിയത്. ചടങ്ങില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിന് തുടക്കംകുറിച്ച ലീലാകുമാരിയമ്മയെ വന്ദന ശിവ പൊന്നാടയണിയിച്ചു. അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ' നോവലിന്റെ നാലാംപതിപ്പിന്റെയും കന്നഡ പരിഭാഷയുടെയും നോവല്‍ പഠനത്തിന്റെയും പ്രകാശനം മന്ത്രി നിര്‍വഹിച്ചു. വന്ദന ശിവ ഏറ്റുവാങ്ങി. രണ്ടാം പതിപ്പിന്റെ റോയല്‍റ്റിയായ 26,000 രൂപ രോഗബാധിതയായ ഷാഹിനയ്ക്ക് നല്‍കി.
പുറത്താകുന്നത് കേന്ദ്ര അഴിമതി: വന്ദന ശിവ
കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ വന്‍ അഴിമതിയാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതിനു കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ പറഞ്ഞു. ജനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും എണ്‍പതോളം രാജ്യങ്ങള്‍ നിരോധിച്ച കീടനാശിനി ഇന്ത്യയില്‍ നിരോധിക്കാത്തതിന് കാരണം അഴിമതിയാണ്. എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ച് മുഴുവന്‍ കീടനാശിനികളും ഘട്ടംഘട്ടമായി ഒഴിവാക്കി ജൈവകൃഷിയിലേക്കുള്ള കേരള സര്‍ക്കാര്‍ നയം രാജ്യത്തിന് മാതൃകയാണെന്നും വന്ദന ശിവ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് ചേര്‍ന്ന ദേശീയ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
കേന്ദ്രകൃഷിവകുപ്പും മന്ത്രി ശരത്പവാറും കീടനാശിനി ഉല്‍പാദകര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത്. പാര്‍ലമെന്റിനെപോലും ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് നിരോധിക്കാത്തതെന്നാണ് പവാര്‍ പറയുന്നത്. എന്നാല്‍ അത് ശരിയല്ലെന്ന് തെളിഞ്ഞു. വൈജ്ഞാനിക മേഖലയെയും അഴിമതി മലിനമാക്കുന്നു. അതുകൊണ്ടാണ് എന്‍ഡോസള്‍ഫാനെതിരെ ശാസ്ത്രജ്ഞര്‍ മൌനം പാലിക്കുന്നത്. എന്‍ഡോസള്‍ഫാനെതിരെ നിരന്തരം പോരാടുന്ന കാസര്‍കോട്ടെ ഡോക്ടര്‍ മോഹന്‍കുമാറിന് 10 കോടി രൂപ നല്‍കാമെന്നാണ് കീടനാശിനി കമ്പനി ഉടമകള്‍ അറിയിച്ചത്. എതിരായി വരുന്നതിനെ പണം കൊടുത്ത് വാങ്ങാമെന്ന് കരുതുന്ന ഈ കമ്പനികള്‍ കൃഷിമന്ത്രി ശരത്പവാറിനെയും വിലക്കെടുത്തിരിക്കയാണ്. അഴിമതിക്കാരനായ കൃഷിമന്ത്രിയെ നീക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം.
ക്രിക്കറ്റിന് പരിധിയില്ലാത്ത സഹായം പവാറും കേന്ദ്രസര്‍ക്കാരും നല്‍കുന്നുണ്ട്. ഐസിസിക്ക് കോടികളുടെ നികുതിയിളവാണ് നല്‍കുന്നത്. അതിലൊരു ഭാഗം കാസര്‍കോട്ടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കണം. ഭോപാല്‍ ദുരന്തത്തിന് സമാനമാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം. രാജ്യത്ത് മറ്റൊരു കാസര്‍കോട് ആവര്‍ത്തിക്കാതിരിക്കാനാണ് ജനങ്ങളുടെ പ്രക്ഷോഭം- വന്ദന ശിവ പറഞ്ഞു. ഈ മാസം ചേരുന്ന സ്റ്റോക്ഹോം കവന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യണമെന്ന് കവന്‍ഷന്‍ ഉദ്ഘാടനം ചെയ്ത വനംമന്ത്രി ബിനോയ്‌വിശ്വം പറഞ്ഞു.
ട്രിബ്യൂണല്‍ സ്ഥാപിക്കണം: പി കരുണാകരന്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനും ദുരന്തബാധിതര്‍ക്കും നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കുന്നതിന് ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതരെ സഹായിക്കാന്‍ മുന്നോട്ട് വന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നയം തുടരുകയാണ്. ദുരന്തം ഉണ്ടെന്ന് സമ്മതിക്കാന്‍ ഇപ്പോള്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം നല്‍കിയ പാക്കേജിന് അംഗീകാരം നല്‍കാനോ സഹായിക്കാനോ കേന്ദ്രം തയ്യാറാകുന്നില്ല. വന്‍കിട കീടനാശിനി കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണിത്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍. പാര്‍ലമെന്റിനെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര കൃഷിമന്ത്രി സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതെന്നാണ് പാര്‍ലമെന്റില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വന്നത് ഒരു സംസ്ഥാനംപോലും നിരോധിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ്. ആറ് കത്താണ് കേന്ദ്രത്തിന് കിട്ടിയത്. ഇതില്‍നാലെണ്ണവും കീടനാശിനി കമ്പനിയുടേതാണ്. രണ്ടെണ്ണം രാജസ്ഥാനില്‍ നിന്നുള്ള രണ്ട് വ്യക്തികളുടേതാണ്. ഇതിനെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടുവെന്ന് മന്ത്രി വ്യാഖ്യാനിച്ചത്. പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നത് രാജ്യത്തെ കബളിപ്പിക്കുന്നതിന് തുല്യമാണ്.
സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് അനുകൂല നിലപാട് സ്വകീരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെങ്കില്‍ കൂടുതല്‍ ജനകീയ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരണം. കേന്ദ്രത്തിന്റെ നിലവിലുള്ള നയം കീടനാശിനി കമ്പനികള്‍ക്ക് വേണ്ടിയാണ്. ഡിസംബറില്‍ ഡല്‍ഹിയില്‍ കൃഷിമന്ത്രാലയം സംഘടിപ്പിച്ച കാര്‍ഷിക സെമിനാറിന്റെ സ്പോസര്‍മാര്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദക കമ്പനികളായിരുന്നു. വിഷയം അവതരിപ്പിച്ചത് ഒ പി ദുബെ, സി ഡി മായിന്‍ തുടങ്ങിയ എന്‍ഡോസള്‍ഫാന്‍ അനുകൂലികളും. ഇവരുടെ താല്‍പര്യമാണ് കേന്ദ്രം സംരക്ഷിക്കുന്നത്. പി കരുണാകരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ രോഗികളെസഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കാന്‍ തുടങ്ങിയതായി ചടങ്ങില്‍ സംസാരിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി പറഞ്ഞു. രോഗികളെ സര്‍ക്കാര്‍ ദത്തെടുത്തതുപോലെയാണ്. അവര്‍ക്ക് ആവശ്യമായ ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ നടത്തും. സൌജന്യ അരി വിതരണവും പെന്‍ഷന്‍ വിതരണവും ആരംഭിച്ചു. സ്മാര്‍ട്ട് കാര്‍ഡ്ഉപയോഗിച്ച് ജില്ലാ ആശുപത്രികളിലും മെഡിക്കല്‍കോളേജുകളിലും സൌജന്യ ചികിത്സ ലഭിക്കും. അതേസമയം ഇനിയും കൂടുതല്‍ ഫണ്ട് നമ്മുക്ക് ലഭിക്കണം. കേന്ദ്രത്തിന് നല്‍കിയ പാക്കേജിന് അംഗീകാരം കിട്ടേണ്ടതുണ്ട്. ശ്യാമളാദേവി പറഞ്ഞു.
പാട്ടക്കരാര്‍ കഴിഞ്ഞ പ്ളാന്റേഷന്‍ ഭൂമി ഏറ്റെടുത്ത് പുനരധിവാസത്തിന് ഉപയോഗിക്കണം: ബിനോയ് വിശ്വം
കാസര്‍കോട്: പാട്ടക്കരാര്‍ കഴിഞ്ഞ പ്ളാന്റേഷന്‍ കോര്‍പറേഷന്‍ ഭൂമി ഏറ്റെടുത്ത് എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെ പുനരധിവാസ പാക്കേജിന് ഉപയോഗിക്കണമെന്ന് വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു. പ്ളാന്റേഷന് വേണ്ടി നല്‍കിയ വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ കേന്ദ്ര വനംമന്ത്രാലയത്തിന്റെ അനുമതി ഉള്‍പ്പെടെ നിരവധി നിയമ തടസങ്ങള്‍ ഉണ്ട്. എന്നിരുന്നാലും തടസങ്ങളൊക്കെ നീക്കി പാവപ്പെട്ട ദുരന്തബാധിതരെ സഹായിക്കണമെന്ന് തന്നെയാണ് അഭിപ്രായം. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദേശീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്ളാന്റേഷന്‍ കോര്‍പറേഷന് പൊതുമേഖലാ സ്ഥാപനമാണെന്ന പരിഗണന നല്‍കണം. ഒപ്പം പൊതുമേഖലാ സ്ഥാപനത്തിന്റെ സാമൂഹ്യ ബാധ്യത നിറവേറ്റാനും കഴിയണം. നൂറുകണക്കിനാളുകള്‍ക്ക് ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇത് മനസിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. സ്റ്റോക്ഹോം കവന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് ഇന്ത്യ സ്വീകരിക്കാന്‍ പാടില്ല. ദുരന്തബാധിതരോട് അങ്ങേയറ്റം അനുകമ്പയാണ് സംസ്ഥാനസര്‍ക്കാരിനുള്ളത്. ഇവര്‍ക്ക് ചികിത്സയും വീടും ഭൂമിയും തൊഴിലും ഉള്‍പ്പെടെയുള്ള പാക്കേജാണ് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നടപ്പാക്കാന്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചതുകൊണ്ട് മാത്രം എല്ലാമായെന്ന് വിചാരിക്കരുത്. അത് നടപ്പാക്കാനുള്ള ജാഗ്രതയാണ് വേണ്ടത്. അതാണ് പ്രധാനം. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന് സംസ്ഥാനത്ത് നിന്നും സര്‍വകക്ഷി സംഘത്തെ അയക്കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ എഐബിഇഎ ധനസഹായം വിതരണം ചെയ്തു
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 50 കുടുംബങ്ങള്‍ക്കായി ഓള്‍ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ സ്വരൂപിച്ച 2.5 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. ബദിയടുക്ക ലക്ഷ്മി ജനാര്‍ദന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. എഐബിഇഎ സംസ്ഥാന പ്രസിഡന്റ് കെ മല്ലിക അധ്യക്ഷയായി. പള്ളിപ്രം ബാലന്‍ എംഎല്‍എ ധനസഹായം വിതരണം ചെയ്തു. പി പി വര്‍ഗീസ്, അജയ് മജ്രേക്കര്‍, എ എല്‍ റപ്പായി, സോമശേഖര, കെ എന്‍ കൃഷ്ണഭട്ട്, പ്രൊഫ. എം എ റഹ്മാന്‍, ബി സി കുമാര്‍, കൃഷ്ണന്‍ പത്താനത്ത്, കെ വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. സി ഡി ജോസ സ്വാഗതവും രാഘവന്‍ പനത്തടി നന്ദിയും പറഞ്ഞു.
ദേശാഭിമാനി 180411
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യത്തിന് ശക്തിപകര്‍ന്ന് ജനകീയ പ്രക്ഷോഭത്തിന് തുടക്കമായി. കഴിഞ്ഞ ലോകപരിസ്ഥിതി സമ്മേളനത്തില്‍ നിരോധനത്തിനെതിരെ വോട്ട് ചെയ്ത ഇന്ത്യ തെറ്റുതിരുത്തണമെന്ന് ഞായറാഴ്ച കാസര്‍കോട് ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദേശീയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. 24 മുതല്‍ 29 വരെയാണ് സ്റ്റോക്ഹോമില്‍ ലോക പരിസ്ഥിതി സമ്മേളനം. എണ്‍പതിലധികം രാജ്യങ്ങളില്‍ നിരോധിച്ച കീടനാശിനിക്കുവേണ്ടി നിലകൊണ്ട് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണംകെട്ട ഇന്ത്യ ഈ വര്‍ഷമെങ്കിലും തെറ്റ് തിരുത്തണമെന്ന ശക്തമായ ആവശ്യമാണ് കണ്‍വന്‍ഷനില്‍ രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ഉയര്‍ത്തിയത്.
ReplyDelete