തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്‍മാരും നല്‍കുന്ന വാഗ്ദാനങ്ങളും നടത്തുന്ന പ്രഖ്യാപനങ്ങളും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വിലയിരുത്തുക. ലളിതമായ ഈ വസ്തുത പാടെ വിസ്മരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കേരളത്തില്‍ വന്ന് യു ഡി എഫിന് വോട്ടഭ്യര്‍ഥിച്ചത്.
കേന്ദ്രം ഭരിക്കുന്ന യു പി എയുടെ അധ്യക്ഷകൂടിയാണ് സോണിയാഗാന്ധി. 2001-06 കാലത്തെ യു ഡി എഫ് ഭരണത്തിന്റെ അനുഭവം കേരളത്തിലെ ജനങ്ങളുടെ മനസില്‍ പച്ചപിടിച്ചുനില്‍ക്കുന്നുണ്ട്. യു പി എ സര്‍ക്കാരിന്റെ നടപടികള്‍ കണ്ണുതുറന്നു കാണുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. അവരോടാണ് കേരളം യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും ഭരണത്തിലേക്ക് തിരിച്ചുപോകണമെന്ന് സോണിയാഗാന്ധി പറയുന്നത്. കേരളത്തില്‍ കൃഷിക്കാരും തൊഴിലാളികളും എല്‍ ഡി എഫ് ഭരണത്തില്‍ ദുരിതമനുഭവിക്കുകയാണെന്നും യു ഡി എഫ് ഭരണകാലത്ത് അവര്‍ക്ക് സ്വര്‍ഗമായിരുന്നുവെന്നുമാണ് സോണിയാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ തട്ടിവിട്ടത്. കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തിലുണ്ടായിരുന്ന യു ഡി എഫ് സര്‍ക്കാര്‍ സ്വര്‍ഗം പണിതുവെന്നത് ആലങ്കാരികമായാണ് സോണിയാഗാന്ധി പറഞ്ഞതെങ്കില്‍ അതു സമ്മതിച്ചുകൊടുത്തേ മതിയാവൂ. കാരണം കൃഷിക്കാരെ ഉടലോടെ ''സ്വര്‍ഗ''ത്തിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതമാക്കിയ ഭരണമായിരുന്നു അത്. ആയിരത്തി അഞ്ഞൂറോളം കര്‍ഷകരാണ് യു ഡി എഫിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ കേരളത്തില്‍ സ്വയം ജീവന്‍ ഒടുക്കിയത്.
ആ ദുരിതകാലത്തിന് അറുതിവരുത്തിയത് എല്‍ ഡി എഫ് സര്‍ക്കാരാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയതും അവരുടെ നിരാലംബമായ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയതും കടക്കെണിയിലായ കര്‍ഷകരെ സഹായിക്കാന്‍ കടാശ്വാസ കമ്മിഷന്‍ രൂപീകരിച്ചതും ഇടതു ജനാധിപത്യമുന്നിണി സര്‍ക്കാരാണ്. യു ഡി എഫിന്റെ ഭരണമാണോ എല്‍ ഡി എഫിന്റെ ഭരണമാണോ ദുരിതം സമ്മാനിച്ചതെന്ന് തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ കൃഷിക്കാര്‍ക്കുണ്ട്. യു ഡി എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ മുന്നില്‍ തുറന്നിടുക ആത്മഹത്യയുടെ പാതയാണെന്ന് അവര്‍ക്കറിയാം.
നെല്ലിന്റെ സംഭരണവില ഉയര്‍ത്തിയത് യു പി എയാണെന്നാണ് സോണിയാഗാന്ധിയുടെ മറ്റൊരവകാശവാദം. യു ഡി എഫ് ഭരണത്തില്‍ നെല്ലിന്റെ സംഭരണവില കിലോയ്ക്ക് ഏഴു രൂപയായിരുന്നു. അതില്‍ അമ്പതു പൈസയുടെയെങ്കിലും വര്‍ധനവു വരുത്തണമെന്നാവശ്യപ്പെട്ട് ഇടതു ജനാധിപത്യ മുന്നണി എം എല്‍ എമാര്‍ നിയമസഭയ്ക്കു മുമ്പില്‍ സത്യഗ്രഹമനുഷ്ഠിച്ചപ്പോള്‍ ഒരു പൈസകൂട്ടി കൊടുക്കാനാവില്ലെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആന്റണി പറഞ്ഞത്. എല്‍ ഡി എഫ് ഭരണത്തില്‍ നെല്ലിന്റെ സംഭരണവില ഘട്ടം ഘട്ടമായി ഉയര്‍ത്തി 14 രൂപയിലെത്തിച്ചു. യു പി എ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണ വില 10 രൂപയില്‍ കുറവാണ്. കേരളത്തില്‍ നിലവിലുള്ള സംഭരണവിലയുടെ തോതിലേയ്ക്ക് യു പി എ സര്‍ക്കാര്‍ സംഭരണ വില ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്യാന്‍ പോലും സോണിയാഗാന്ധിക്ക് കഴിഞ്ഞില്ല.
തോട്ടം തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് എല്‍ ഡി എഫ് ഭരണത്തിലാണെന്നാണ് സോണിയാഗാന്ധിയുടെ മറ്റൊരു കണ്ടുപിടുത്തം. യു ഡി എഫ് ഭരണകാലത്ത് പൂട്ടിക്കിടന്ന തോട്ടങ്ങളുടെയും തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെയും സ്ഥിതി കേരളം മറന്നിട്ടില്ല. തോട്ടം തൊഴിലാളികളുടെ മക്കള്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരായ കാലമായിരുന്നു അത്. പൂട്ടിക്കിടന്ന തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചതും തൊഴിലാളികളുടെ ക്ഷേമത്തിനു നടപടി എടുത്തതും എല്‍ ഡി എഫ് സര്‍ക്കാരാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വറുതി മാത്രം സമ്മാനിച്ച ഭരണമായിരുന്നു യു ഡി എഫ് ന്റേത്. നാടനും മറുനാടനുമായ വന്‍കിട ട്രോളര്‍ ഉടമകള്‍ക്ക് മത്സ്യ സമ്പത്ത് ഊറ്റിയെടുക്കാന്‍ യു ഡി എഫ് ഭരണം ഒത്താശ ചെയ്തു. അതിനു തടയിടാന്‍ ശ്രമിച്ചത് എല്‍ ഡി എഫ് ഭരണമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം പ്രഖ്യാപിച്ചതും കടക്കെണിയില്‍ നിന്ന് അവരെ രക്ഷിക്കാന്‍ കടാശ്വാശ കമ്മിഷന്‍ രൂപീകരിച്ചതും എല്‍ ഡി എഫ് സര്‍ക്കാരാണ്.
അഴിമതിയെക്കുറിച്ച് സോണിയാഗാന്ധി നടത്തിയ പരാമര്‍ശം ചിരിക്കാന്‍ വക നല്‍കുന്നതാണ്. കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചുനില്‍ക്കുകയാണെന്നാണ് സോണിയാഗാന്ധി ആരോപിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീമമായ അഴിമതികള്‍ക്ക് നേതൃത്വം നല്‍കിയ ഒരു ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന നേതാവാണ് സോണിയാഗാന്ധി. എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കാനാണ് സോണിയാഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും കിണഞ്ഞുശ്രമിച്ചത്. 2-ജി സ്‌പെക്ട്രം അഴിമതിക്ക് നേതൃത്വം വഹിച്ച എ രാജയെ വീണ്ടും മന്ത്രിസഭയിലെടുത്തതും ടെലികോം വകുപ്പ് നല്‍കിയതും സോണിയാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസാണ്. സി എ ജി റിപ്പോര്‍ട്ടും സുപ്രിം കോടതിയുടെ കര്‍ശനമായ ഇടപെടലും പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം നടത്തിയ പോരാട്ടവുമാണ് രാജയെ രക്ഷിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് തടയിട്ടതെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതികള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ സുരേഷ് കല്‍മാഡിക്ക് എതിരായി മാത്രമേ ഇതുവരെ നടപടി എടുത്തിട്ടുള്ളൂ. പ്രധാനമന്ത്രി നിയോഗിച്ച ഷുണ്ഡു കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാദീക്ഷിത്തിനെതിരെ ശക്തമായ പരാമര്‍ശങ്ങളുണ്ട്. അവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ അഴിമതി വിരുദ്ധ പ്രസംഗം നടത്തുന്ന സോണിയാഗാന്ധി തയ്യാറല്ല. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ ഉള്‍പ്പെട്ട ബിലാസ് റാവു ദേശ്മുഖും സുശീല്‍കുമാര്‍ ഷിന്‍ഡെയും ഇപ്പോഴും കേന്ദ്ര മന്ത്രിമാരാണ്. അവര്‍ക്ക് എതിരേയും നടപടി ഇല്ല.
യു ഡി എഫ് ഭരണത്തില്‍ നടന്ന അഴിമതികളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും നാറുന്ന കഥകള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആര്‍ ബാലകൃഷ്ണപിള്ളയോടൊപ്പം ജയിലില്‍ പോകാന്‍ തയാറെടുത്തു നില്‍ക്കുന്നവരുടെ നീണ്ട നിരതന്നെ യു ഡി എഫിലുണ്ടെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. കോണ്‍ഗ്രസും യു ഡി എഫും അഴിമതിക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സോണിയാഗാന്ധി പറയുന്നതു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന വികാരം പരമമായ പുച്ഛത്തിന്റേതായിരിക്കും. അതു തിരിച്ചറിയാന്‍ സോണിയാഗാന്ധിക്ക് കഴിയാതെപോകുന്നത് കഷ്ടംതന്നെ!
ജനയുഗം മുഖപ്രസംഗം 080411
കോണ്‍ഗ്രസും യു ഡി എഫും അഴിമതിക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സോണിയാഗാന്ധി പറയുന്നതു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന വികാരം പരമമായ പുച്ഛത്തിന്റേതായിരിക്കും. അതു തിരിച്ചറിയാന്‍ സോണിയാഗാന്ധിക്ക് കഴിയാതെപോകുന്നത് കഷ്ടംതന്നെ!
ReplyDelete