Friday, April 1, 2011

ഇവിടെ ജനകീയത ജയിക്കുന്നു

ചങ്ങനാശ്ശേരിയില്‍ മുഴങ്ങുന്നത് ചരിത്രം മാറ്റിയെഴുതാനുള്ള കാഹളം. പതിറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന വികസന വാതിലുകള്‍ തള്ളിത്തുറക്കാനുള്ള നിശ്ചയദാര്‍ഢ്യം ഈ മണ്ഡലത്തിന്റെ ഓരോ അണുവിലും പ്രകടം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ഇക്ബാലിന്റെ പ്രചാരണത്തിന്റെ ഊര്‍ജസ്വലതയും ജനപങ്കാളിത്തവും ഒരു കാര്യം ഉറപ്പിക്കുന്നു, ഇത്തവണ മണ്ഡലം കാക്കുന്നത് ഒരു പുതിയ അരുണോദയത്തിന്.
മുപ്പത്തൊന്നു വര്‍ഷമായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കേരള കോണ്‍ഗ്രസ് (എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസിന് വികസനകാര്യങ്ങളിലുള്ള നിസ്സംഗത സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ ചോദ്യം ചെയ്യപ്പെട്ടതോടെ ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞു. ചങ്ങനാശ്ശേരിയിലെ പ്രധാന തെരഞ്ഞെടുപ്പു ചര്‍ച്ചയും തോമസിന്റെ ഈ സമീപനംതന്നെ.

നാടിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന വ്യക്തിയെയാണ് സ്ഥാനാര്‍ഥിയായി ലഭിച്ചത് എന്നതും എല്‍ഡിഎഫിന് ആത്മവിശ്വാസമേകുന്നു. 1957ലെ ആദ്യ നിയമസഭയില്‍ ചങ്ങനാശ്ശേരിയെ പ്രതിനിധാനം ചെയ്യതത് കമ്യൂണിസ്റ് പാര്‍ടി നേതാവ് കല്യാണകൃഷ്ണന്‍ നായരായിരുന്നു. അതേ ആവേശത്തില്‍ വീണ്ടുമൊരു വിജയമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.

സി എഫ് തോമസിന്റെ സ്ഥാനാര്‍ഥിത്വപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ തെരുവുയുദ്ധം യുഡിഎഫിന്റെ ദയനീയതയാണ് വെളിപ്പെടുത്തിയത്. യൂത്ത് ഫ്രണ്ട് നേതാക്കള്‍ തെരുവിലിറങ്ങി സി എഫ് തോമസിന്റെ കോലം കത്തിച്ചായിരുന്നു രോഷം പ്രകടിപ്പിച്ചത്. അതിന്റെ അല ഇനിയുമടങ്ങിയിട്ടില്ല. സീറ്റിന്റെ എണ്ണത്തെചൊല്ലി കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുണ്ടായ തര്‍ക്കംഅണികളിലുണ്ടാക്കിയ ഭിന്നത രൂഢമൂലമാക്കുകയുംചെയ്തു.

ജനകീയ ആരോഗ്യപ്രവര്‍ത്തകനെന്ന നിലയില്‍ ലോകമറിയുന്ന ഇക്ബാലിന്റെ സ്ഥാനാര്‍ഥിത്വം രാഷ്ട്രീയഭേദമെന്യേ നാട്ടുകാര്‍ഏറ്റെടുത്തു കഴിഞ്ഞു. കുട്ടിക്കാലംമുതല്‍ അദ്ദേഹത്തെ നേരിട്ടറിയുന്നവര്‍ പരിചയം പുതുക്കിയും സൌഹൃദം ഊട്ടിയുറപ്പിച്ചും വിജയാശംസ നേരുന്നു. വിപുലമായ വ്യക്തിബന്ധങ്ങളും പ്രചാരണത്തില്‍ മുതല്‍ക്കൂട്ടാവുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പഠനകാലത്തും തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജിലെ സേവന കാലത്തും ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടതിന്റെ അനുഭവ സമ്പത്ത് ജനങ്ങളെ സമീപിക്കുമ്പോള്‍ അദ്ദേഹത്തിന് കരുത്താവുന്നു.

കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കും എല്‍ഡിഎഫിന് ഉണര്‍വേകുന്നു. നഗരസഭയില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫിന്. സ്വതന്ത്രരും യുഡിഎഫും ഒന്നിച്ചപ്പോഴാണ് രണ്ടു സീറ്റിന്റെ കുറവില്‍ ഭരണം നഷ്ടപ്പെട്ടത്. തൃക്കൊടിത്താനം, കുറിച്ചി, പായിപ്പാട് പഞ്ചായത്തുകളും എല്‍ഡിഎഫിന്. യുഡിഎഫ് ഭരണം വാഴപ്പള്ളിയിലും മാടപ്പള്ളിയിലും മാത്രം.

ആദ്യ തെരഞ്ഞെടുപ്പില്‍ കല്യാണകൃഷ്ണന്‍ നായരെ സഭയിലെത്തിച്ച ചങ്ങനാശ്ശേരി പിന്നീട് എന്‍ ഭാസ്ക്കരന്‍ നായര്‍(1960), കെ ജെ ചാക്കോ('65), കെ ജി എന്‍ നമ്പൂതിരിപ്പാട്('67), കെ ജെ ചാക്കോ('70), ജോസഫ് ചാക്കോ('77) എന്നിവരെയും സഭയില്‍ എത്തിച്ചു.
(എസ് മനോജ്)

ദേശാഭിമാനി 010411

1 comment:

  1. ചങ്ങനാശ്ശേരിയില്‍ മുഴങ്ങുന്നത് ചരിത്രം മാറ്റിയെഴുതാനുള്ള കാഹളം. പതിറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന വികസന വാതിലുകള്‍ തള്ളിത്തുറക്കാനുള്ള നിശ്ചയദാര്‍ഢ്യം ഈ മണ്ഡലത്തിന്റെ ഓരോ അണുവിലും പ്രകടം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ഇക്ബാലിന്റെ പ്രചാരണത്തിന്റെ ഊര്‍ജസ്വലതയും ജനപങ്കാളിത്തവും ഒരു കാര്യം ഉറപ്പിക്കുന്നു, ഇത്തവണ മണ്ഡലം കാക്കുന്നത് ഒരു പുതിയ അരുണോദയത്തിന്.

    ReplyDelete