Monday, April 4, 2011

എല്‍ഡിഎഫ് യോഗത്തില്‍ ലീഗ് അക്രമം; എംഎല്‍എയെ കൈയേറ്റംചെയ്തു

തിരൂര്‍: എംഎല്‍എയും തിരൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി പി അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ മുസ്ളിംലീഗ് പ്രവര്‍ത്തകരുടെ അക്രമം. എംഎല്‍എയെ കൈയേറ്റംചെയ്ത സംഘം വാഹനങ്ങള്‍ തകര്‍ത്തു. കല്‍പ്പകഞ്ചേരി ചെനക്കലില്‍ അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ തെരഞ്ഞെടുപ്പ് പൊതുയോഗമാണ് അമ്പതോളംവരുന്ന മുസ്ളിംലീഗുകാര്‍ ആക്രമിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. സ്വീകരണകേന്ദ്രത്തില്‍ സ്ഥാനാര്‍ഥി എത്തിയ ഉടന്‍ ലീഗ് സംഘം പൊതുയോഗത്തിലേക്ക് അതിക്രമിച്ചുകയറി. പ്രസംഗിച്ചിരുന്ന സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ പി ശങ്കരനെ മര്‍ദിക്കുകയും മൈക്ക് വലിച്ച് ദൂരെയെറിയുകയുംചെയ്തു. അക്രമം തടയാന്‍ചെന്ന എംഎല്‍എയെ കൈയേറ്റംചെയ്തു. ലീഗ് കേന്ദ്രത്തില്‍ പ്രചാരണം നടത്തുന്നത് ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തീക്കളിയാകുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം പ്രചാരണവാഹനം കേടുവരുത്തി. ബോര്‍ഡുകള്‍ വലിച്ചിട്ട് നശിപ്പിച്ചു. സ്ഥാനാര്‍ഥിക്ക് അകമ്പടിയായി പ്രവര്‍ത്തകര്‍ എത്തിയ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് കൊലവിളി നടത്തിയാണ് അക്രമികള്‍ മടങ്ങിയത്. മുസ്ളിംലീഗ് കേന്ദ്രമായ ചെനക്കലില്‍ കോട്ടക്കല്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുസമദ് സമദാനിയുടെ വീടിന് സമീപത്താണ് അക്രമം.

അക്രമത്തെ തുടര്‍ന്ന് പി പി അബ്ദുള്ളക്കുട്ടി എംഎല്‍എ കല്‍പ്പകഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അക്രമികളെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം പ്രവര്‍ത്തകര്‍ കല്‍പ്പകഞ്ചേരി പൊലീസ്സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തിരൂര്‍ ഡിവൈഎസ്പി വാഹിദ് സ്ഥലത്തെത്തി ചര്‍ച്ചനടത്തിയ ശേഷം സമരം അവസാനിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണ് മുസ്ളിംലീഗ് അക്രമിസംഘം നടത്തുന്നതെന്ന് പി പി അബ്ദുള്ളക്കുട്ടി എംഎല്‍എ പറഞ്ഞു. അക്രമം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മുസ്ളിംലീഗ് ശ്രമത്തിന് ജനാധിപത്യ വിശ്വാസികള്‍ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎല്‍എക്കെതിരെ നടന്ന ലീഗ് അക്രമത്തില്‍ പ്രതിഷേധിച്ച് മണ്ഡലത്തിലുടനീളം ഇടതുമുന്നണി നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു. തിരുന്നാവായ എടക്കുളത്തും പൂങ്ങോട്ടുകുളത്തും തെക്കനന്നാരയിലും പ്രകടനം നടന്നു.

ദേശാഭിമാനി

2 comments:

  1. എംഎല്‍എയും തിരൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി പി അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ മുസ്ളിംലീഗ് പ്രവര്‍ത്തകരുടെ അക്രമം. എംഎല്‍എയെ കൈയേറ്റംചെയ്ത സംഘം വാഹനങ്ങള്‍ തകര്‍ത്തു. കല്‍പ്പകഞ്ചേരി ചെനക്കലില്‍ അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ തെരഞ്ഞെടുപ്പ് പൊതുയോഗമാണ് അമ്പതോളംവരുന്ന മുസ്ളിംലീഗുകാര്‍ ആക്രമിച്ചത്.

    ReplyDelete
  2. പരാജയഭീതിയില്‍ ബിജെപി ഗുണ്ടകളെ ഇറക്കി എല്‍ഡിഎഫ് പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും നിരുത്സാഹപ്പെടുത്താനുമുള്ള നീക്കങ്ങള്‍ വിലപ്പോവില്ലെന്ന് എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി പി ജനാര്‍ദനന്‍ പറഞ്ഞു. മണ്ഡലത്തില്‍ അടിപതറിയ ബിജെപി കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതും പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതും പരാജയം ഉറപ്പിച്ചതുകൊണ്ടാണ്. തുടക്കം മുതലേ വര്‍ഗീയ കാര്‍ഡിറക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഗുണ്ടകളെ ഇറക്കി എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഭീഷണിപെടുത്തുന്നത്. ഞായറാഴ്ച പകല്‍ കര്‍ണാടക രജിസ്ട്രേഷന്‍ കാറില്‍ കുമ്പളയിലെത്തിയ ബിജെപിയുടെ ക്രിമിനല്‍ സംഘം എല്‍ഡിഎഫ് പ്രവര്‍ത്തകനായ സതീശനെ ഭീഷണിപ്പെടുത്തുകയും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ മംഗളൂരുവിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. വിവിരമറിഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ ക്രിമിനല്‍ സംഘം കാറില്‍ കയറി രക്ഷപെട്ടു. കണ്വതീര്‍ഥ, കീര്‍ത്തേശ്വര, ഗോവിന്ദപൈ കോളേജ് പിരിസരം, അഞ്ചര, ഉപ്പള, കോടിബയല്‍ എന്നിവിടങ്ങളില്‍ പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. അക്രമം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം വിലപോവില്ലെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യറാകണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു.

    ReplyDelete