Monday, April 4, 2011

ഇടതുപക്ഷ ഭരണത്തുടര്‍ച്ച ചരിത്രപരമായ അനിവാര്യത

1957 ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ അധികാരത്തിലേറ്റിയ കേരളം ഇന്ത്യയ്ക്കെന്നല്ല, ലോകത്തിനുതന്നെ പുതിയ വഴികാട്ടുകയാണുണ്ടായത്. ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, അധികാര വികേന്ദ്രീകരണം, ജനപക്ഷ പോലീസ് നയം, പൊതുവിതരണം, സഹകരണം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ വിപ്ളവകരങ്ങളായ പരിഷ്കാരങ്ങള്‍ക്കാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ തുടക്കം കുറിച്ചത്. എന്നാല്‍ മഹാനായ ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള ആ മന്ത്രിസഭ തുടക്കം കുറിച്ച ഈ നന്മകളെല്ലാം വിമോചന സമരാനന്തരം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുകയാണുണ്ടായത്. അതിന്റെ കെടുതികള്‍ ഇന്നും കേരള ജനത അനുഭവിക്കുകയാണ്.

    1957ല്‍ ഇ എം എസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം ഭൂപരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പെന്ന നിലയില്‍ കുടി ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ് ഇറക്കി. ഭൂപരിഷ്കരണ നടപടികളെ തുരങ്കം വെയ്ക്കാന്‍, നിയമം പാസാക്കുന്നതിനുമുള്ള ഇടവേളയില്‍ ഭൂപ്രഭുക്കന്മാര്‍ നിലവിലുള്ള കുടികിടപ്പുകാരെയും കൃഷിക്കാരെയും അവരുടെ കൈവശത്തിലുള്ള ഭൂമിയില്‍നിന്ന് ഒഴിപ്പിക്കുന്നത് തടയുന്നതിനായാണ്, ഭൂപരിഷ്കരണം നടപ്പിലാക്കുന്നതിന് പഴുത് അടച്ചുകൊണ്ടുള്ള തുടക്കം എന്ന നിലയിലാണ,് ആ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇത് ഭൂപ്രഭുക്കന്മാരിലും അവരുടെ താല്‍പര്യസംരക്ഷകരായ കോണ്‍ഗ്രസിലും ഞെട്ടലാണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ വിമോചന സമരാനന്തരം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതി വരുത്തി, മിച്ചഭൂമി തിരിമറി നടത്താന്‍ ഭൂപ്രഭുക്കന്മാര്‍ക്ക് അവസരമൊരുക്കി. തന്മൂലം കേരളത്തിലെ ആദിവാസികളും ദളിതരും അടക്കമുള്ള ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ലഭിക്കുമായിരുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് നഷ്ടപ്പെട്ടത്.

    സ്വകാര്യമാനേജ്മെന്റുകളുടെ തടസ്സവാദങ്ങള്‍ നിരാകരിച്ചുകൊണ്ട് 1957ലെ വിദ്യാഭ്യാസ നിയമത്തിന് സുപ്രീംകോടതി തന്നെ അംഗീകാരം നല്‍കിയെങ്കിലും 1960ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ ആ നിയമവും ഭേദഗതി ചെയ്യുകയാണുണ്ടായത്. തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടാന്‍ പാടില്ല എന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ നയത്തിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണുണ്ടായത്. അധികാരവികേന്ദ്രീകരണം, ഭരണപരിഷ്കാരം എന്നിവയ്ക്ക് ഇ എം എസ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും തുടര്‍ന്ന് അട്ടത്ത് വെയ്ക്കപ്പെടുകയുണ്ടായി. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സംഘടിക്കാനും കൂട്ടായി വിലപേശാനും നല്‍കിയിരുന്ന അവകാശവും കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് തടസ്സപ്പെടുത്തുകയുണ്ടായി. വിവിധ മേഖലകളില്‍ പണിയെടുത്ത് ഉപജീവനം കഴിച്ചിരുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അടിച്ചമര്‍ത്തലുകളുടെ കാലമായിരുന്നു, വിമോചന സമരാനന്തരം തിരിച്ചെത്തിയത്.

    1967ല്‍ ഇ എം എസ്സിന്റെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തിലെത്തിയ ഐക്യമുന്നണി സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന കര്‍ഷകവിരുദ്ധ ഭേദഗതികളില്‍ മാറ്റം വരുത്തി. പഞ്ചായത്ത് രാജ് നിയമത്തിന് രൂപം നല്‍കുകയും സാര്‍വത്രിക പൊതുവിതരണ സംവിധാനം നടപ്പിലാക്കുകയും പത്താം ക്ളാസ് വരെയുള്ള വിദ്യാഭ്യാസം സൌജന്യമാക്കുകയും ചെയ്തു. പൊതുമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന വ്യവസായനയം നടപ്പിലാക്കി. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ആ സര്‍ക്കാരും അട്ടിമറിക്കപ്പെട്ടു. അതുകൊണ്ടുതന്നെ, തുടങ്ങിയ പദ്ധതികളും നിയമനിര്‍മ്മാണങ്ങളും പൂര്‍ത്തീകരിക്കാനായില്ല. തുടര്‍ന്ന് കോണ്‍ഗ്രസിന് മുന്‍കൈയുള്ള ഭരണം നിലവില്‍ വന്നതുകൊണ്ടുതന്നെ, ഭൂപരിഷ്കരണ നിയമം ഉള്‍പ്പെടെ നടപ്പിലാക്കിക്കാനും അതിന്റെ നേട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനും കടുത്ത പോരാട്ടം വേണ്ടി വന്നു. എന്നിട്ടും അധികാര വികേന്ദ്രീകരണം ആ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അജണ്ടയില്‍പ്പോലും ഉണ്ടായില്ല. മാത്രമല്ല, തൊഴിലാളി - കര്‍ഷക ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റുമുട്ടലിന്റെയും അടിച്ചമര്‍ത്തലിന്റെയും കാലവുമായിരുന്നു അത്.

    1980ലെ ഇടതുപക്ഷ നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാരാണ് അധികാര വികേന്ദ്രീകരണത്തിന് ജില്ലാ കൌണ്‍സില്‍ നിയമം പാസ്സാക്കുകയും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നടപ്പിലാക്കുകയും വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിന് മാവേലിസ്റ്റോറുകള്‍ ആരംഭിക്കുകയും ചെയ്തത്. ആ സര്‍ക്കാരും അല്‍പകാലത്തിനുശേഷം അട്ടിമറിക്കപ്പെട്ടതിനുശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് മുന്നണി അധികാരവികേന്ദ്രീകരണം അവഗണിക്കുകയും മാവേലി സ്റ്റോറുകളും പൊതുവിതരണ സംവിധാനവും നിര്‍ജ്ജീവമാക്കുകയും ചെയ്തു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങുമായിരുന്നു 1982-87 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍. ഇടമലയാര്‍, ഗ്രാഫൈറ്റ് തുടങ്ങിയ കുപ്രസിദ്ധമായ അഴിമതിക്കേസുകള്‍ അന്നത്തെ ഭരണത്തിന്റെ ബാക്കി പത്രങ്ങളാണ്.

    1987ല്‍ ഇ കെ നായനാരുടെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് ജില്ലാ കൌണ്‍സില്‍ നിയമം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അധികാരവികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാക്കിയത്. സമ്പൂര്‍ണ സാക്ഷരത ഈ സര്‍ക്കാരിന്റെ ശ്രദ്ധേയമായ മറ്റൊരു ചുവടുവെയ്പായിരുന്നു. വിലക്കയറ്റം തടയുന്നതിന് നടപ്പാക്കിയ പദ്ധതികളും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നവയാണ്. എന്നാല്‍ 1991ല്‍ അധികാരത്തിലെത്തിയ യുഡിഎഫ്, ജില്ലാ ഭരണസംവിധാനത്തെ ആദ്യം മരവിപ്പിക്കുകയും തുടര്‍ന്ന് പിരിച്ചുവിടുകയുമാണുണ്ടായത്. സാക്ഷരതാ പ്രസ്ഥാനത്തെപ്പോലും ക്രിയാത്മകമായി മുന്നോട്ടു കൊണ്ടു പോകാന്‍ യുഡിഎഫ് ഭരണാധികാരികള്‍ തയ്യാറായില്ല. പാമോയില്‍ അഴിമതി ഉള്‍പ്പെടെയുള്ള വെട്ടിപ്പുകളുടെയും ഐസ്ക്രീം പാര്‍ലര്‍ പോലുള്ള പെണ്‍വാണിഭ കേസുകളുടെയും മറ്റു ജനവിരുദ്ധ നടപടികളുടെയും കാലമായിരുന്നു യുഡിഎഫ് ഭരിച്ചിരുന്ന മുന്‍ കാലങ്ങളെപ്പോലെ 1991-96 കാലവും.

    1996ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പദ്ധതി അധികാരവികേന്ദ്രീകരണത്തില്‍ വിപ്ളവകരമായ ഒരു ചുവടുവെയ്പു കൂടി നടത്തി. സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ ജനപങ്കാളിത്തത്തോടെ വന്‍കുതിച്ചു ചാട്ടമായിരുന്നു അന്ന് നടത്തിയത്. ക്ഷേമപദ്ധതികള്‍ വ്യാപകമാക്കുകയും പൊതുവിതരണ രംഗത്തേക്ക് സഹകരണമേഖലയുടെ പങ്കാളിത്തം കൂടി സജീവമാക്കുകയും ചെയ്തു.

    2001ല്‍ യുഡിഎഫ് അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് കേരള വികസന മാതൃകയെ തന്നെ പാടെ തകര്‍ക്കാനും കേരളത്തെ 1957നു മുമ്പുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടു പോകാനുമുള്ള ആസൂത്രിതമായ നീക്കമായിരുന്നു നടത്തിയത്. കേരളത്തിലെ ജനക്ഷേമ പദ്ധതികളെയാകെ മരവിപ്പിച്ച ആ കാലത്ത് അധ്വാനിക്കുന്ന വിഭാഗങ്ങളുടെ സംഘടിതശേഷിയെ തന്നെ ഇല്ലാതാക്കുന്നതിനും കേരളത്തിലെ കൂലി വ്യവസ്ഥയെ തകര്‍ക്കുന്നതിനും നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിനുമായിരുന്നു ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ അന്ന് ശ്രമിച്ചത്. "മുദ്രവാക്യങ്ങളുടെയും സമരങ്ങളുടെയും കാലം കഴിഞ്ഞു'' എന്ന ആ കാലത്തെ ഉമ്മന്‍ചാണ്ടിയുടെ കുപ്രസിദ്ധമായ 'തിരുവചനം' നമുക്ക് മറക്കാനാവാത്തതാണല്ലോ. കേരളത്തിലെ പൊതുമേഖലയെയും പ്രകൃതി വിഭവങ്ങളടക്കം പൊതു ആസ്തികളെ ആകെയും വിറ്റു തുലയ്ക്കാനുള്ള ആസുരമായ നീക്കങ്ങളായിരുന്നു ആ കാലത്ത് നടത്തിയത്. ജനകീയാസൂത്രണത്തെ നിര്‍ജ്ജീവമാക്കി തകര്‍ത്തു.

    യുഡിഎഫ് അധികാരത്തിലെത്തുന്നത് തന്നെ ജാതി - മത ശക്തികളുടെ പൊയ്ക്കാലില്‍ ആണെന്നതു കൊണ്ടുതന്നെ ആ കാലഘട്ടങ്ങളെല്ലാം വര്‍ഗീയ കലാപങ്ങള്‍കൊണ്ടും അടയാളപ്പെടുത്താവുന്നതാണ്. 1970ലെ തലശ്ശേരി കലാപം, 1982ലെ തിരുവനന്തപുരം ചാല കലാപം, 1992ലെ പൂന്തുറ കലാപം, 2002-03 ലെ മാറാട്, തൈക്കല്‍ കലാപങ്ങള്‍, 1984ലെ നിലയ്ക്കല്‍ സംഘര്‍ഷം ഇതെല്ലാം യുഡിഎഫ് ഭരണത്തിന്റെ ഭീതിദമായ ഓര്‍മ്മകളുണര്‍ത്തുന്നു.

    2006ല്‍ വി എസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍, യുഡിഎഫ് തകര്‍ത്ത് താറുമാറാക്കിയ സമ്പദ്ഘടനയെയും സാമൂഹ്യജീവിതത്തെയും ശരിയായ ദിശയിലേക്ക് കൊണ്ടുവരികയും 1957 മുതലുള്ള ഇടതുപക്ഷ പൈതൃകം പിന്‍പറ്റി ജനക്ഷേമ പദ്ധതികള്‍ വിപുലപ്പെടുത്തുകയും കാര്യക്ഷമമായി നടപ്പിലാക്കുകയുമാണ്. പൊതുമേഖലയെ സംരക്ഷിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിലും ഈ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ആര്‍ക്കും അവഗണിക്കാനാവാത്തതാണ്. ജനങ്ങളെ ഞെക്കിപ്പിഴിയാത്തതും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതുമായ ബജറ്റ് നയവും സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ വേറിട്ടു നില്‍ക്കുന്നതാണ്. കാര്‍ഷിക കടാശ്വാസം, മല്‍സ്യത്തൊഴിലാളി കടാശ്വാസം തുടങ്ങിയ പദ്ധതികള്‍ ഇന്ത്യയ്ക്കാകെ മാതൃകയാണ്. എന്നും ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഇത്തരം നിരവധി മാതൃകാപരമായ നടപടികള്‍കൊണ്ട് ശ്രദ്ധേയങ്ങളായിരുന്നു. എന്നാല്‍, ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ച ഉണ്ടാകാതിരുന്നത് ഈ നടപടികളുടെ സ്വാഭാവികമായ മുന്നോട്ടുപോക്ക് അസാധ്യമാക്കിത്തീര്‍ത്തു. അത് വിവിധ ജനവിഭാഗങ്ങള്‍ക്ക് വലിയ തിരിച്ചടികള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

    കേരളത്തില്‍ മാത്രമല്ല, ഇടതുപക്ഷം അധികാരത്തിലുള്ള ബംഗാളിലും ത്രിപുരയിലും ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ഇടതുപക്ഷം ഇന്ത്യയ്ക്കാകെ മാതൃകയാണ്. ഇന്ത്യന്‍ ഭരണഘടന തന്നെ ഉറപ്പാക്കുന്നതും സ്വാതന്ത്ര്യസമരകാലം മുതല്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നതുമായ ഭൂപരിഷ്കരണം, അധികാരവികേന്ദ്രീകരണം എന്നിവയുടെ കാര്യത്തിലും ഈ സര്‍ക്കാരുകള്‍ ഏറെ മുന്നിലാണ്; അവയുടെ പ്രവര്‍ത്തനം മാതൃകാപരവുമാണ്.

    സംസ്ഥാനങ്ങളിലായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാലും ഇടതുപക്ഷം തങ്ങള്‍ക്ക് ലഭിക്കുന്ന അധികാരം ജനങ്ങളുടെയാകെ ക്ഷേമത്തിനായാണ് വിനിയോഗിച്ചിട്ടുള്ളത് എന്ന് സ്വാതന്ത്യ്രാനന്തര കാലത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1950കളുടെ തുടക്കത്തില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ അധികാരം കിട്ടിയപ്പോള്‍ നടപ്പാക്കിയ നയങ്ങള്‍ മുതല്‍ ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. നേരിട്ട് അധികാരം കിട്ടിയപ്പോള്‍ മാത്രമല്ല, ബൂര്‍ഷ്വാ പാര്‍ടികള്‍ക്ക് ഭരണം നിലനിര്‍ത്താന്‍ തങ്ങളുടെ പിന്തുണ ആവശ്യമായി വന്ന സന്ദര്‍ഭങ്ങളില്‍ നടത്തിയ ഇടപെടലുകളിലും ഇടതുപക്ഷം ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചതായി കാണാം. 1979ല്‍ ചരണ്‍സിങ്ങിന്റെ ന്യൂനപക്ഷ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയത്, പകരം വാഗ്ദാനം ചെയ്യപ്പെട്ട മന്ത്രിക്കസേരകള്‍ സ്വീകരിച്ചുകൊണ്ടല്ല, മറിച്ച്, വേതനം മരവിപ്പിക്കല്‍ അടക്കമുള്ള തൊഴിലാളിവിരുദ്ധ നടപടികള്‍ പിന്‍വലിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് നേടിയെടുക്കുന്നതിനും പോലീസുകാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ സംഘടനാ സ്വാതന്ത്യ്രവും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനുമായിരുന്നു. 1989-91ലെയും 1996-97ലെയും കേന്ദ്രത്തിലെ ഐക്യമുന്നണിയുടെ കാലത്തും 2004ലെ ഒന്നാം യുപിഎ ഭരണത്തിലും ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഇതുതന്നെ ആയിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരും രണ്ടാം യുപിഎ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മാത്രം നോക്കിയാല്‍ മതി, ഇടതുപക്ഷത്തിന്റെ ഇടപെടല്‍ കൊണ്ടുണ്ടായ വ്യത്യാസം മനസ്സിലാക്കാനാകും. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലമായപ്പോഴാണല്ലോ പൊതുമേഖലയുടെ ഓഹരിവിറ്റഴിക്കല്‍, പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണനിയമം, ബാങ്കിങ്ങ് മേഖലയില്‍ വിദേശമൂലധനത്തിന് പിടിമുറുക്കാന്‍ അനുവാദം നല്‍കുന്ന നിയമം, പെട്രോള്‍ വില നിയന്ത്രണം നീക്കം ചെയ്യല്‍ എന്നിവ എല്ലാമായി നിര്‍ബാധം മുന്നോട്ടുപോകുന്നത്.

    നവലിബറല്‍ നയങ്ങള്‍ക്കെതിരായ ബദലുകളാണ് ഇടതുപക്ഷം ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നത്, ഈ സര്‍ക്കാരുകളുടെ നിലനില്‍പ്പ് നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുന്നു. 1980കളുടെ ഒടുവില്‍ ബി ടി രണദിവെ കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകളെ വിശേഷിപ്പിച്ചത് ഇന്ത്യന്‍ തൊഴിലാളി വര്‍ഗം പൊരുതി നേടിയ മൂന്ന് താവള (ഛൌ ജീ)ങ്ങളാണ് അവ എന്നാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ച ഉണ്ടാകേണ്ടത് ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അധ്വാനിക്കുന്നവരുടെ മാത്രം ആവശ്യമല്ല, മറിച്ച് ഇന്ത്യയിലാകെയുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ആവശ്യമാണ്. അത് ചരിത്രപരമായ അനിവാര്യതയാണ്.

ജി വിജയകുമാര്‍ ചിന്ത 080411   

1 comment:

  1. 1957 ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ അധികാരത്തിലേറ്റിയ കേരളം ഇന്ത്യയ്ക്കെന്നല്ല, ലോകത്തിനുതന്നെ പുതിയ വഴികാട്ടുകയാണുണ്ടായത്. ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, അധികാര വികേന്ദ്രീകരണം, ജനപക്ഷ പോലീസ് നയം, പൊതുവിതരണം, സഹകരണം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ വിപ്ളവകരങ്ങളായ പരിഷ്കാരങ്ങള്‍ക്കാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ തുടക്കം കുറിച്ചത്. എന്നാല്‍ മഹാനായ ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള ആ മന്ത്രിസഭ തുടക്കം കുറിച്ച ഈ നന്മകളെല്ലാം വിമോചന സമരാനന്തരം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുകയാണുണ്ടായത്. അതിന്റെ കെടുതികള്‍ ഇന്നും കേരള ജനത അനുഭവിക്കുകയാണ്.

    ReplyDelete