Wednesday, April 6, 2011

സിബിഐ അന്വേഷണത്തിന് വിജ്ഞാപനം വേണ്ട: കേന്ദ്രം

കൊച്ചി: ലോട്ടറിതട്ടിപ്പു സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് കേസുകളുടെ വിശദാംശങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ബോധിപ്പിച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ ചട്ടലംഘനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശ്ളാഘനീയമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ച നിലപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നതായി അദ്ദേഹം കോടതിയില്‍ പറഞ്ഞു. അന്യസംസ്ഥാന ലോട്ടറികളുടെ നികുതി സ്വീകരിക്കേണ്ടതില്ലെന്ന സംസ്ഥാന നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ, തൃപ്പൂണിത്തുറയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ശിവന്‍കുട്ടി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തെ എതിര്‍കക്ഷി സ്ഥാനത്തുനിന്ന് നീക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം ഉന്നയിച്ച് ഒരു ഹര്‍ജി കോടതിയുടെ പരിഗണനയ്ക്കു വന്നാല്‍ അത് തള്ളിക്കളയാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര ലോട്ടറി ചട്ടലംഘനത്തിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് മാര്‍ച്ച് ഏഴിന് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ലഭ്യമായാല്‍ ഉടന്‍ സിബിഐക്ക് കേസുകള്‍ കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കത്തിന് മറുപടി നല്‍കിയതായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ നിതീഷ് ഗുപ്ത വ്യക്തമാക്കി. സിബിഐ അന്വേഷണത്തിനുള്ള നടപടികള്‍ തുടരട്ടെയെന്ന് വാദത്തിനിടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കേസ് ഫയലുകള്‍ പൊലീസില്‍നിന്ന് നേരിട്ട് ഏറ്റെടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ എംഎല്‍എ തന്നെ സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഡിസംബര്‍ 29ന് കേന്ദ്രമന്ത്രി ചിദംബരം മുഖ്യമന്ത്രിക്കയച്ച കത്ത് കോടതിയുടെ വിമര്‍ശനത്തിനു കാരണമായി. പരാതി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിലേക്കാണ് അയക്കേണ്ടതെന്ന പരാമര്‍ശമാണ് വിമര്‍ശനത്തിന് വിധേയമായത്. 1998 മുതലുള്ള അന്യസംസ്ഥാന ലോട്ടറി നടത്തിപ്പിലെ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരിലൊരാളായ ശിവന്‍കുട്ടിയുടെ അഭിഭാഷകന്‍ ടി എസ് രാജന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് വി ഡി സതീശന്റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം വാദിച്ചു. ലോട്ടറി ചട്ടലംഘനമുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ് വേണ്ട,ത് മറിച്ച് സിബിഐ അന്വേഷണമല്ലെന്ന് സിക്കിം സര്‍ക്കാര്‍ വിശദീകരിച്ചു. സംസ്ഥാനത്ത് ഭൂട്ടാന്‍ ലോട്ടറി വില്‍പ്പന തുടരാന്‍ അനുവദിക്കണമെന്ന് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേസ് വിധിപറയാനായി ഡിവിഷന്‍ ബെഞ്ച് മാറ്റിവച്ചു.

പി പി താജുദ്ദീന്‍ ദേശാഭിമാനി 060411

1 comment:

  1. ലോട്ടറിതട്ടിപ്പു സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് കേസുകളുടെ വിശദാംശങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ബോധിപ്പിച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ ചട്ടലംഘനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശ്ളാഘനീയമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ച നിലപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നതായി അദ്ദേഹം കോടതിയില്‍ പറഞ്ഞു. അന്യസംസ്ഥാന ലോട്ടറികളുടെ നികുതി സ്വീകരിക്കേണ്ടതില്ലെന്ന സംസ്ഥാന നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ, തൃപ്പൂണിത്തുറയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ശിവന്‍കുട്ടി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

    ReplyDelete