Wednesday, April 6, 2011

മറയ്ക്കുപിന്നില്‍ നിന്നല്ല ഇപ്പോള്‍ നേരിട്ടാണ് കളി

മാധ്യമങ്ങള്‍ രാഷ്ട്രീയചായ്‌വോടെ വാര്‍ത്തകള്‍ നല്‍കുന്നത് ഒട്ടും പുതുമയുള്ള കാര്യമല്ല. മറയ്ക്കുപിന്നിലെ അത്തരം കളികളുടെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ നേരിട്ട് കളത്തിലിറങ്ങിയാണ് കളി. രാഷ്ട്രീയ പാര്‍ടികള്‍ക്കുവേണ്ടി ഇല്ലാത്ത വാര്‍ത്തകള്‍ ചമയ്ക്കുക, ഇതിനായി വ്യാജരേഖകള്‍വരെ ഉണ്ടാക്കുക, കോര്‍പറേറ്റുകള്‍ക്കുവേണ്ടി മന്ത്രിമാരെ നിശ്ചയിക്കാന്‍ ലോബിയിങ് നടത്തുക, രാഷ്ട്രീയ-ബിസിനസ് ഗ്രൂപ്പുകളുടെ ഇടനിലക്കാരാവുക എന്നിങ്ങനെ മാധ്യമരംഗത്തെ 'നൂതന പ്രവണതകള്‍' ഇന്ന് വാര്‍ത്തപോലുമല്ലാതായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വ്യാജരേഖാവിവാദം മുമ്പ് കേരളത്തിലും നമ്മള്‍ കണ്ടതാണ്. സ്വന്തം പാര്‍ടിയിലെ ഒരു നേതാവിനെതിരെ കോണ്‍ഗ്രസിലെ ചില എംഎല്‍എമാരും തലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകരുംചേര്‍ന്ന് വ്യാജരേഖ ഉണ്ടാക്കി വാര്‍ത്തകള്‍ സൃഷ്ടിച്ചെന്നാണ് വെളിപ്പെട്ടത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം പി നടത്തിയ വാര്‍ത്താസമ്മേളനം ഇത്തരമൊരു ഗൂഢാലോചനയുടെയും വ്യാജരേഖ ചമയ്ക്കലിന്റെയും സൂചനകളാണ് നല്‍കുന്നത്. ലാവ്ലിന്‍ കേസിന്റെപേരില്‍ മുഖ്യമന്ത്രി സിപിഐ എം ജനറല്‍ സെക്രട്ടറിക്ക് എഴുതിയ കത്തെന്ന പേരില്‍ പി ടി തോമസ് പുറത്തുവിട്ട രേഖ ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടതാണെന്ന് വ്യക്തമാവുകയാണ്. ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലാവ്ലിന്‍ കേസിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ ചില്ലറയൊന്നുമല്ല. യുഡിഎഫ് ഭരണകാലത്ത് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിച്ചത് കേസിന്റെപേരില്‍ പിണറായി വിജയനെ കുടുക്കാന്‍ എന്തെങ്കിലും പഴുത്കിട്ടുമോ എന്ന് നോക്കാനായിരുന്നു. അത് കിട്ടാതെവന്നപ്പോഴാണ് നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടി സിബിഐക്ക് കേസ് വിട്ടത്. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് ഉമ്മന്‍ചാണ്ടി തന്നെ ഭംഗ്യന്തരേണ പിന്നീട് പറയുകയും ചെയ്തു. 'മാധ്യമങ്ങളുടെ സമ്മര്‍ദം' കാരണമാണ് അങ്ങനെ ചെയ്തതെന്നാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെ ഈയിടെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ സമ്മര്‍ദം കാരണം അഴിമതിക്കേസില്‍ ഒരാളെ കുടുക്കാനായി കേസ് സിബിഐക്ക് വിടുന്നത് ധാര്‍മികതയാണോ എന്ന് മാധ്യമങ്ങളോ ഉമ്മന്‍ചാണ്ടിയോ ഇതുവരെ വിശദീകരിച്ചുകണ്ടില്ല.

ലാവ്ലിന്‍ വിവാദങ്ങളുടെ ഘട്ടങ്ങളില്‍ പലപ്പോഴും മുഖ്യമന്ത്രിയെ ചാരിയാണ് മാധ്യമങ്ങളും യുഡിഎഫുമടക്കമുള്ള തല്‍പ്പരകക്ഷികള്‍ പിണറായിയെയും സിപിഐ എമ്മിനെയും ആക്രമിച്ചത്. മുഖ്യമന്ത്രി കത്തെഴുതിയെന്നും രാജി ഭീഷണി മുഴക്കിയെന്നുമെല്ലാമുള്ള കെട്ടുകഥകള്‍ തരാതരംപോലെ ഇവര്‍ പടച്ചുവിടുകയും ചെയ്തു. ഇത്തരമൊരു 'പഴങ്കഥ'യാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് ആരുടെയോ അടുപ്പില്‍ ചുട്ടെടുത്ത വ്യാജരേഖയുമായി പി ടി തോമസും ചില മാധ്യമങ്ങളും 'ഞെട്ടിക്കുന്ന വാര്‍ത്ത'യാക്കി പടച്ചുവിട്ടിരിക്കുന്നത്. പക്ഷേ പഴയതുപോലെ കേരളത്തിലാരും ഇത് കേട്ട് ഞെട്ടുന്നില്ലെന്ന് ഇവര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് മനോരമ ഒന്നാംപേജില്‍ കൊടുത്ത ഈ കഥ വീക്ഷണംപോലും ഉള്‍പ്പേജിലേക്ക് മാറ്റിയത്.

വോട്ടെടുപ്പ് ദിവസം അടുക്കുന്തോറും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വല്ലാത്ത വെപ്രാളമുണ്ട്. പാട്ടുംപാടി ജയിക്കുമെന്ന് വീമ്പ്പറഞ്ഞ് കളത്തിലിറങ്ങിയ യുഡിഎഫിന് ദിവസം കഴിയുന്തോറും പരാജയഭീതി കൂടിവരികയാണ്. കേരളത്തിന്റെ ചരിത്രം തിരുത്തി ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് തന്നെയാണ് പ്രചാരണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ ജനങ്ങളുടെ പ്രതികരണം വ്യക്തമാക്കുന്നത്. യുഡിഎഫിനെ മാത്രമല്ല, കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളെയും ഇത് വല്ലാതെ ബേജാറാക്കുന്നുണ്ട്. യുഡിഎഫിനെ ഏതുവിധേനയും ജയിപ്പിക്കാന്‍ ക്വട്ടേഷന്‍ എടുത്ത ഈ സംഘത്തിന് ഇപ്പോള്‍ സമനില വിട്ടിരിക്കുകയാണ്. വി എസ് അച്യുതാനന്ദനെതിരെ ആഞ്ഞുപിടിച്ചിരുന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ അത് വേണ്ടപോലെ ഏശുന്നില്ലെന്ന് വന്നപ്പോള്‍ മകനെതിരെ പറഞ്ഞുപഴകിയ ആരോപണങ്ങള്‍ വീണ്ടും വിവരാവകാശരേഖയുടെ പേരിലാക്കി എഴുതിപ്പിടിപ്പിക്കുകയാണ്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ച വാര്‍ത്ത മനോരമ അറിഞ്ഞഭാവം നടിച്ചില്ല. മാതൃഭൂമിയടക്കമുള്ള മറ്റ് പത്രങ്ങളാകട്ടെ അപ്രധാനമാക്കി ഒതുക്കുകയും ചെയ്തു.

പാവം വായനക്കാരന്‍ തലയില്‍ കൈവച്ച് പറഞ്ഞുപോകും, ഹോ എന്തൊരു ധാര്‍മികത.

ദേശാഭിമാനി 060411

1 comment:

  1. മാധ്യമങ്ങള്‍ രാഷ്ട്രീയചായ്‌വോടെ വാര്‍ത്തകള്‍ നല്‍കുന്നത് ഒട്ടും പുതുമയുള്ള കാര്യമല്ല. മറയ്ക്കുപിന്നിലെ അത്തരം കളികളുടെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ നേരിട്ട് കളത്തിലിറങ്ങിയാണ് കളി. രാഷ്ട്രീയ പാര്‍ടികള്‍ക്കുവേണ്ടി ഇല്ലാത്ത വാര്‍ത്തകള്‍ ചമയ്ക്കുക, ഇതിനായി വ്യാജരേഖകള്‍വരെ ഉണ്ടാക്കുക, കോര്‍പറേറ്റുകള്‍ക്കുവേണ്ടി മന്ത്രിമാരെ നിശ്ചയിക്കാന്‍ ലോബിയിങ് നടത്തുക, രാഷ്ട്രീയ-ബിസിനസ് ഗ്രൂപ്പുകളുടെ ഇടനിലക്കാരാവുക എന്നിങ്ങനെ മാധ്യമരംഗത്തെ 'നൂതന പ്രവണതകള്‍' ഇന്ന് വാര്‍ത്തപോലുമല്ലാതായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വ്യാജരേഖാവിവാദം മുമ്പ് കേരളത്തിലും നമ്മള്‍ കണ്ടതാണ്. സ്വന്തം പാര്‍ടിയിലെ ഒരു നേതാവിനെതിരെ കോണ്‍ഗ്രസിലെ ചില എംഎല്‍എമാരും തലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകരുംചേര്‍ന്ന് വ്യാജരേഖ ഉണ്ടാക്കി വാര്‍ത്തകള്‍ സൃഷ്ടിച്ചെന്നാണ് വെളിപ്പെട്ടത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം പി നടത്തിയ വാര്‍ത്താസമ്മേളനം ഇത്തരമൊരു ഗൂഢാലോചനയുടെയും വ്യാജരേഖ ചമയ്ക്കലിന്റെയും സൂചനകളാണ് നല്‍കുന്നത്. ലാവ്ലിന്‍ കേസിന്റെപേരില്‍ മുഖ്യമന്ത്രി സിപിഐ എം ജനറല്‍ സെക്രട്ടറിക്ക് എഴുതിയ കത്തെന്ന പേരില്‍ പി ടി തോമസ് പുറത്തുവിട്ട രേഖ ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടതാണെന്ന് വ്യക്തമാവുകയാണ്. ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.

    ReplyDelete