കേരളത്തിന്റെ സ്വഭാവവും നിലനില്‍പ്പും നിര്‍ണയിക്കുന്ന അതീവ പ്രാധാന്യമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കലാശക്കൊട്ട് കഴിഞ്ഞു. മന്ത്രി വി സുരേന്ദ്രന്‍പിള്ളയെ ആക്രമിച്ച്ആശുപത്രിയിലാക്കിയ തിരുവനന്തപുരം സംഭവം, പൊലീസ് ജീപ്പ് തകര്‍ത്ത പെരിന്തല്‍മണ്ണയിലെ മുസ്ളിംലീഗ് റൌഡിസം എന്നിവയോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്. പന്ത്രണ്ട് അങ്കത്തേക്കാള്‍ വീറും വാശിയും ആകാംക്ഷയും അവശേഷിപ്പിച്ചാണ് ഇത്തവണ രണ്ടേകാല്‍ കോടി വോട്ടര്‍മാര്‍ ബുധനാഴ്ച വോട്ടുപുരകളിലേക്ക് പോകുന്നത്. ആര്‍ജിച്ച നേട്ടം സംരക്ഷിച്ച് നാടിനെ വികസിതമാക്കണമോ നാട് തകരണമോ എന്ന വലിയ ചോദ്യമാണ് വോട്ടറുടെ മുന്നില്‍. തീര്‍പ്പ് യുക്തിപൂര്‍വമല്ലെങ്കില്‍ കേരളം അടിതെറ്റി വീഴും.
അഞ്ചാണ്ടില്‍ നാട്ടില്‍ വലിയൊരു നിശബ്ദവിപ്ളവം നടന്നു. ദാരിദ്ര്യത്തോടുള്ള വിജയകരമായ യുദ്ധം. പാവപ്പെട്ടവരെ അഭിവൃദ്ധിപ്പെടുത്താനും ഇടത്തരക്കാരെയും സമാധാനകാംക്ഷികളെയും തൃപ്തിപ്പെടുത്താനും സര്‍ക്കാരിന് കഴിഞ്ഞു. ഇതിനാലാണ് തുടര്‍ഭരണത്തിന് എല്‍ഡിഎഫിന് കേരളം മനഃസമ്മതം നല്‍കുമെന്ന് പുരോഗമനചേരി കരുതുന്നത്. ഒപ്പം ദേശീയരാഷ്ട്രീയത്തിലെ മാറ്റവും ഇടതുപക്ഷത്തിന് കരുത്താണ്. എന്നാല്‍, രണ്ടാം ബംഗാളായാല്‍ സര്‍വനാശം എന്ന ഭീതി സൃഷ്ടിക്കാനാണ് എ കെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശ്രമം. ഒരു തവണ ഒരു മുന്നണിയെങ്കില്‍ അടുത്ത തവണ മറുമുന്നണിയെന്ന ഭരണമാറ്റത്തിലെ പെന്‍ഡുലസ്വഭാവം കേരളം ഉപേക്ഷിക്കില്ലെന്ന വിശ്വാസമാണ് വലതുപക്ഷത്തിന് ആശ്വാസം. പക്ഷേ, കാറ്റ് എല്‍ഡിഎഫിന് അനുകൂലമായി വീശുകയാണ്. സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി, എ കെ ആന്റണി തുടങ്ങിയവരുടെ പൊതുയോഗങ്ങള്‍ ആള്‍ക്ഷാമത്താല്‍ പൊളിഞ്ഞു. എന്നാല്‍, എല്‍ഡിഎഫിന്റെ ഏതുനേതാവിന്റെയും യോഗങ്ങള്‍ക്ക് നല്ല കൂട്ടമായിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ യോഗങ്ങള്‍ ജനസാഗരമായി. എല്‍ഡിഎഫിന്റെ ജനപ്രീതി വര്‍ധിച്ചുവെന്ന് ഇത് വ്യക്തമാക്കുന്നു. പൊതുയോഗത്തിലെ ആള്‍ക്കൂട്ടം കണ്ടുമാത്രം ഫലം വിലയിരുത്തരുതെന്ന് വലതുപക്ഷ മാധ്യമവിദഗ്ധര്‍ പറയുന്നു. അതിന് തെളിവായി ഇ കെ നായനാരുടെ യോഗങ്ങള്‍ക്ക് റെക്കോഡ് ജനക്കൂട്ടം വന്നത് ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അവര്‍ വിസ്മരിക്കുന്ന വസ്തുത ഇക്കുറി ഭരണവിരുദ്ധ ജനവികാരം ഇല്ലെന്നതാണ്. അത് വലതുപക്ഷത്തിനുവേണ്ടി നടത്തിയ മാധ്യമസര്‍വേകളും സമ്മതിച്ചിട്ടുണ്ട്.
1996-2001 ലെ എല്‍ഡിഎഫ് ഭരണത്തെതുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ജാതിമത-സാമുദായിക ഘടകങ്ങള്‍ക്കു പുറമെ, ഭരണവിരുദ്ധവികാരവും അലയടിച്ചു. അതിന്റെ ഫലമായിരുന്നു 2001ലെ യുഡിഎഫ് ജയം. അതുപോലെ 2006ല്‍ യുഡിഎഫ് തോറ്റതും ഭരണവിരുദ്ധവികാരംകൊണ്ടുതന്നെ. പക്ഷേ, ഇന്ന് എല്‍ഡിഎഫ് അനുകൂല ജനവികാരമാണ് അലയടിക്കുന്നത്. നല്ല ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ലഭിക്കുകയെന്ന് സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കിയ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി പറഞ്ഞതിന്റെ പ്രാധാന്യം ഇക്കാര്യം അടിവരയിടുന്നു.പക്ഷേ, ഭരിക്കാനുള്ള സുഖകരമായ ഭൂരിപക്ഷമാണ് യുഡിഎഫിന് കിട്ടുകയെന്ന് യുഡിഎഫ് പ്രചാരണത്തിന്റെ അമരക്കാരനായിരുന്ന എ കെ ആന്റണി അവകാശപ്പെട്ടു. ലോക്സഭ-തദ്ദേശഭരണ തെരഞ്ഞടുപ്പുകളില്‍ വിജയിച്ചെങ്കിലും അതില്‍നിന്ന് ഏറെ ഭിന്നമായ ഫലമാകും നിയമസഭയില്‍ എന്ന കാര്യത്തില്‍ യുഡിഎഫിനും തര്‍ക്കമില്ല. അതു കാരണമാണ് ഏതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാലും പത്തില്‍ താഴെ സീറ്റുകളുടെ വ്യത്യാസമായിരിക്കുമെന്ന് യുഡിഎഫിന്റെ നാവായ മനോരമയുടെ ന്യൂസ് ചാനല്‍പോലും വിലയിരുത്തിയത്.
2ജി, കോമണ്‍വെല്‍ത്ത്, ആദര്‍ശ് കുംഭകോണങ്ങള്‍ക്ക് ശേഷം ദേശീയമായി എവിടെ തെരഞ്ഞെടുപ്പ് നടന്നാലും കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. ഈ പ്രതിഭാസത്തില്‍നിന്ന് കേരളവും മാറാനിടയില്ല. അണ്ണ ഹസാരെയുടെ ജന്തര്‍മന്ദറിലെ നിരാഹാരസമരം കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരായ വികാരത്തിന് കേരളത്തിലും ആക്കംകൂട്ടിയിട്ടുണ്ട്. പന്ത്രണ്ട് ലക്ഷം പുതിയ വോട്ടര്‍മാരുടെ കൈവിരലില്‍ 13ന് മഷിപുരളും. ഇവരടക്കമുള്ളവരില്‍ അഴിമതിഭരണത്തിന് എതിരായ ചിന്ത സ്വാഭാവികമായി പടരും. അഞ്ചാണ്ടിന് മുമ്പുള്ള സംസ്ഥാന ഭരണത്തിന്റെ ജീര്‍ണതയും അതിന്റെ ഭാഗമായി നേതാക്കള്‍ അഴിയെണ്ണുന്നതും ജയില്‍കുപ്പായം ധരിക്കാന്‍ തയ്യാറായി നല്‍ക്കുന്നതും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്തും പ്രധാന ചര്‍ച്ചയായിട്ടില്ല.
ഉമ്മന്‍ചാണ്ടി,-കുഞ്ഞാലിക്കുട്ടിമാര്‍ നയിക്കുന്ന അഴിമതിയുടെയും അസാന്മാര്‍ഗികതയുടെയും ഭരണം തിരിച്ചുവരണോയെന്ന ചോദ്യം തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും സജീവം.
എല്‍ഡിഎഫ്, യുഡിഎഫ് ഏറ്റുമുട്ടലാണ് 140 മണ്ഡലത്തിലും. അരഡസനോളം സീറ്റില്‍ ബിജെപി ത്രികോണമത്സര പ്രതീതി സൃഷ്ടിച്ചു. എങ്കിലും നിയമസഭയില്‍ ഇക്കുറിയും താമര വിരിയില്ല. യുഡിഎഫുമായി വോട്ടുകച്ചവടം ഇല്ലെന്ന് നേതാക്കള്‍ പറയുന്നു. അത് യാഥാര്‍ഥ്യമായാല്‍ ബിജെപിയുടെ വോട്ട് ശതമാനം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കാള്‍ വര്‍ധിച്ചേക്കും.
45 സീറ്റുള്ള മലബാര്‍ മേഖലയില്‍ എല്‍ഡിഎഫിനും 44 സീറ്റുള്ള മധ്യമേഖലയില്‍ യുഡിഎഫിനും മുന്‍കൈ ലഭിച്ചേക്കുമെന്നാണ് വിവിധ ഏജന്‍സികളുടെ പൊതുവിലയിരുത്തല്‍. 47 സീറ്റുള്ള തെക്കന്‍കേരളത്തിലെ മത്സരം നിര്‍ണായകമാകുമെന്നും ഔദ്യോഗിക- അനൌദ്യോഗിക ഏജന്‍സികള്‍ പറയുന്നുണ്ട്.
എന്നാല്‍, മേഖലവ്യത്യാസമെന്യേ വീശുന്ന എല്‍ഡിഎഫ് അനുകൂല കാറ്റ് തടയാന്‍ മുന്‍കാലങ്ങളിലെല്ലാം രണ്ടു മാര്‍ഗമാണ് യുഡിഎഫ് അവലംബിച്ചിട്ടുള്ളത്. ഒന്ന്, ജാതി- മത സാമുദായിക വികാരം ഇളക്കിവിടുക. പക്ഷേ, അത് പഴയതുപോലെ സംസ്ഥാനത്തൊട്ടാകെ പ്രായോഗികമാക്കാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ടിലാണ് യുഡിഎഫ്. പണം ഇറക്കി വോട്ട് പിടിക്കുക എന്നതാണ് മറ്റൊരു തന്ത്രം. പണം വെള്ളംപോലെ ഒഴുക്കുന്നുണ്ടെങ്കിലും ഈ പണത്തിന്റെ സ്രോതസ്സ് ഭരണത്തെ അഴിമതിക്കു കീഴ്പ്പെടുത്തിയതിന്റെ ഫലമായുണ്ടായതാണെന്ന ബോധം നാട്ടില്‍ പടരുന്നത് വലതുപക്ഷത്തിന് വിനയാകും. യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ആഭ്യന്തരക്കുഴപ്പത്തിന്റെ ആഴം ആന്റണി വന്നശേഷവും വര്‍ധിച്ചിരിക്കയാണ്. വലിയവനാരെന്ന തര്‍ക്കം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തുടരുകയാണ്. ഇരുപക്ഷവും അണിയറയില്‍ കരുക്കള്‍ നന്നായി നീക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥിത്വം കിട്ടാതിരുന്നവരുടെ കലഹം ഒരു ഭാഗത്ത്, രാഹുല്‍ കോക്കസിലൂടെ സ്ഥാനാര്‍ഥിത്വം നേടിയവര്‍ക്കെതിരായ പ്രതിഷേധം വേറൊരു ഭാഗത്ത്. കെ കെ രാമചന്ദ്രന്‍മാസ്ററെപ്പോലുള്ളവരുടെ ബോംബാക്രമണം മറ്റൊരു വശത്ത്. ഇങ്ങനെ കോണ്‍ഗ്രസ് രാഷ്ട്രീയം ആകെ കുഴഞ്ഞുമറിഞ്ഞിരിക്കയാണ്.
റബര്‍ പോലെ കേരളാ കോണ്‍ഗ്രസ് 'തഴച്ചുവളരുമ്പോള്‍' മധ്യകേരളത്തില്‍ നേതാവ് ഉമ്മന്‍ചാണ്ടിയല്ല, കെ എം മാണിയാണ് എന്നതിനെച്ചൊല്ലിയുള്ള ഏറ്റുമുട്ടല്‍ സജീവം. യുഡിഎഫ് സീറ്റുകലഹം കാരണം സോഷ്യലിസ്റ് ജനത ചിറ്റൂരില്‍ പരസ്യപ്രതിഷേധത്തില്‍. ഇവ മറികടക്കാന്‍ മുന്‍കാലങ്ങളില്‍ ജാതിയുടെയും സമുദായത്തിന്റെയും പരസ്യപിന്തുണ യുഡിഎഫിന് കിട്ടിയിരുന്നു. എന്നാല്‍ ഇക്കുറി ഇടയലേഖനങ്ങള്‍ വരാത്തതും പല സമുദായ സംഘടനകളും പരസ്യമായി അനുകൂലിക്കാത്തതും യുഡിഎഫിന് വലിയ ആഘാതമായി. ഇത് വലിയ ആക്കത്തോടും അജന്‍ഡയോടുംകൂടി യുദ്ധക്കളത്തിലിറങ്ങിയ യുഡിഎഫിനെ കിതപ്പിലാക്കി.
(ആര്‍ എസ് ബാബു)
ദേശാഭിമാനി 120411
കേരളത്തിന്റെ സ്വഭാവവും നിലനില്‍പ്പും നിര്‍ണയിക്കുന്ന അതീവ പ്രാധാന്യമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കലാശക്കൊട്ട് കഴിഞ്ഞു. മന്ത്രി വി സുരേന്ദ്രന്‍പിള്ളയെ ആക്രമിച്ച്ആശുപത്രിയിലാക്കിയ തിരുവനന്തപുരം സംഭവം, പൊലീസ് ജീപ്പ് തകര്‍ത്ത പെരിന്തല്‍മണ്ണയിലെ മുസ്ളിംലീഗ് റൌഡിസം എന്നിവയോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്. പന്ത്രണ്ട് അങ്കത്തേക്കാള്‍ വീറും വാശിയും ആകാംക്ഷയും അവശേഷിപ്പിച്ചാണ് ഇത്തവണ രണ്ടേകാല്‍ കോടി വോട്ടര്‍മാര്‍ ബുധനാഴ്ച വോട്ടുപുരകളിലേക്ക് പോകുന്നത്. ആര്‍ജിച്ച നേട്ടം സംരക്ഷിച്ച് നാടിനെ വികസിതമാക്കണമോ നാട് തകരണമോ എന്ന വലിയ ചോദ്യമാണ് വോട്ടറുടെ മുന്നില്‍. തീര്‍പ്പ് യുക്തിപൂര്‍വമല്ലെങ്കില്‍ കേരളം അടിതെറ്റി വീഴും.
ReplyDelete