തലസ്ഥാനത്തും മലയോര- തീരദേശ ജില്ലകളിലും ഇക്കുറിയും എല്‍ഡിഎഫിന് ഏറെ അനുകൂലമായ രാഷ്ട്രീയചിത്രമാണ് രൂപപ്പെട്ടിരിക്കുന്നത്. കാര്‍ഷികമേഖലയില്‍ എല്‍ഡിഎഫ് ഭരണത്തിലുണ്ടായ പുരോഗതി പ്രതിഫലിക്കുന്ന കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും പരമ്പരാഗത വ്യവസായരംഗത്തുണ്ടായ നേട്ടങ്ങള്‍ അനുഭവിക്കുന്ന കൊല്ലത്തും വികസനരംഗത്ത് വലിയ മുന്നേറ്റം കൈവരിച്ച തിരുവനന്തപുരത്തും എല്‍ഡിഎഫ് ഏറെ മുന്നിലെത്തി. തകര്‍ച്ചയില്‍നിന്ന് രക്ഷിച്ച് കാര്‍ഷികസമ്പദ്ഘടനയിലുണ്ടാക്കിയ ഉണര്‍വ് എല്‍ഡിഎഫിന് അനുകൂലമായ ചിന്ത വോട്ടര്‍മാരില്‍ സൃഷ്ടിച്ചിട്ടുണ്ട്. തീരദേശമേഖലകളില്‍ സര്‍ക്കാര്‍നടപടികള്‍മൂലമുണ്ടായ പുരോഗതി ആര്‍ക്കും നിഷേധിക്കാനാകുന്നില്ല. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും അഭൂതപൂര്‍വമായ വികസനപ്രവര്‍ത്തനങ്ങളും തന്നെയാണ് മുഖ്യചര്‍ച്ചാവിഷയം. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫിലെ പടലപ്പിണക്കം പ്രവര്‍ത്തനരംഗത്ത് പ്രതിഫലിക്കുന്നു. അഞ്ചു ജില്ലയിലായി 54 മണ്ഡലമാണുണ്ടായിരുന്നത്. 2006ല്‍ എല്‍ഡിഎഫ് 34 ഇടത്ത് വിജയം നേടി. പുനര്‍നിര്‍ണയത്തോടെ ആറു മണ്ഡലം ഇല്ലാതായി. 48 മണ്ഡലമാണ് ഇപ്പോഴുള്ളത്. തങ്ങളുടെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കാറുള്ള പല മണ്ഡലത്തിലും തീപാറുന്ന പോരാട്ടമാണെന്ന് യുഡിഎഫ് നേതാക്കള്‍തന്നെ സമ്മതിക്കുന്നു. വീറും വാശിയും നിറഞ്ഞ മണ്ഡലങ്ങളിലെ ഫലം മാറ്റിമറിക്കുന്ന അടിയൊഴുക്കുകള്‍ ആരും തള്ളിക്കളയുന്നില്ല. .
പത്തനംതിട്ടയില്‍ കഴിഞ്ഞതവണ നേടിയ മേല്‍ക്കൈ നിലനിര്‍ത്തുക എളുപ്പമല്ലെന്ന് യുഡിഎഫിന് ബോധ്യമായി. 2006ല്‍ ഏഴു മണ്ഡലത്തില്‍ നാലിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫും ജയിച്ചു. ഇത്തവണ മണ്ഡലങ്ങള്‍ അഞ്ചായി ചുരുങ്ങി. പ്രചാരണ പ്രവര്‍ത്തനത്തില്‍ തുടക്കംമുതല്‍ എല്‍ഡിഎഫിനുതന്നെയായിരുന്നു മേല്‍ക്കൈ. യുഡിഎഫിലെ തര്‍ക്കം എല്ലാ മണ്ഡലത്തിലും സജീവമായി നിലനില്‍ക്കുന്നു. തിരുവല്ലയില്‍ മാത്യു ടി തോമസ് രാഷ്ട്രീയത്തിനതീതമായ അംഗീകാരം നേടി. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ നടന്ന തമ്മിലടിയുടെയും കോലംകത്തിക്കലിന്റെയും ചൂട് കെട്ടടങ്ങിയിട്ടില്ല. യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന പഴയ പത്തനംതിട്ടയുടെ ഭൂരിഭാഗവും ചേര്‍ന്ന ആറന്മുളയില്‍ ഇത്തവണയും എല്‍ഡിഎഫ് വിജയക്കൊടി പാറിക്കും. ഇവിടെയും കോണ്‍ഗ്രസിലെ തര്‍ക്കം പരമ്പരാഗത വോട്ടുബാങ്കുകളില്‍പ്പോലും വിള്ളലുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. അടൂരില്‍ പടപേടിച്ച് പന്തളത്തെത്തിയ സുധാകരന് പന്തളത്തും കാര്യങ്ങള്‍ പന്തിയല്ല. സ്വന്തം സമുദായാംഗങ്ങള്‍പോലും ഇദ്ദേഹത്തിന് സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരു അര്‍ഹതയുമില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത് മാറ്റത്തിന്റെ സൂചനയാണ്. കഴിഞ്ഞ മൂന്നുതവണ ഇടത്തോട്ട് ചേര്‍ന്നുനിന്ന റാന്നി ഇത്തവണ കൂടുതല്‍ ഇടത്തോട്ട് ചായുന്നു. അഴിമതിക്കേസില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട മുന്‍മന്ത്രി അടൂര്‍ പ്രകാശ് കോന്നിയില്‍ വിയര്‍ക്കുന്നു. .
ആലപ്പുഴ ജില്ലയിലെ ഒമ്പത് മണ്ഡലത്തിലും തീപാറുന്ന പോരാട്ടമാണ്. കഴിഞ്ഞതവണ 11 മണ്ഡലമാണുണ്ടായിരുന്നത്. യുഡിഎഫിന് ആറും എല്‍ഡിഎഫിന് അഞ്ചും സീറ്റ് ലഭിച്ചു. കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി പിന്നീട് എല്‍ഡിഎഫിനൊപ്പമെത്തി. ഇത്തവണ എല്‍ഡിഎഫ് സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് സൂചന. കാര്‍ഷികമേഖലയ്ക്ക് പുത്തനുണര്‍വ് പകര്‍ന്ന കുട്ടനാട് പാക്കേജ്, തീരദേശത്തിന്റെ മുഖച്ഛായ മാറ്റിയ സുനാമി പുനരധിവാസപദ്ധതി തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം. യുഡിഎഫ് പണക്കൊഴുപ്പില്‍ അഭയംതേടുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്ടെത്തിയെങ്കിലും പ്രതീക്ഷിച്ച ഇളക്കമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ധനമന്ത്രി ടി എം തോമസ് ഐസക് മത്സരിക്കുന്ന ആലപ്പുഴ, സഹകരണമന്ത്രി ജി സുധാകരന്‍ മത്സരിക്കുന്ന അമ്പലപ്പുഴ, രമേശ് ചെന്നിത്തലയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദും ഏറ്റുമുട്ടുന്ന ഹരിപ്പാട്, ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൌരിയമ്മ മത്സരിക്കുന്ന ചേര്‍ത്തല, സിപിഐ എം വനിതാ നേതാവ് സി എസ് സുജാതയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും സിറ്റിങ് എംഎല്‍എയുമായ പി സി വിഷ്ണുനാഥും ഏറ്റുമുട്ടുന്ന ചെങ്ങന്നൂര്‍ എന്നിവ ശ്രദ്ധാകേന്ദ്രങ്ങളാണ്. ബിജെപി എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, സംസ്ഥാന സെക്രട്ടറി ബി രാധാകൃഷ്ണന്‍ മത്സരിക്കുന്ന ചെങ്ങന്നൂരില്‍മാത്രമാണ് സാന്നിധ്യം അനുഭവപ്പെടുന്നത്. .
തിരുവനന്തപുരം ജില്ലയില്‍ തീപാറുന്ന മത്സരമെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ നേടിയ മുന്‍കൈ എല്‍ഡിഎഫ് നിലനിര്‍ത്തുന്നു. 2006ല്‍ 14ല്‍ ഒമ്പത് മണ്ഡലവും എല്‍ഡിഎഫ് നേടി. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തുടങ്ങിയ തമ്മിലടിയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വെല്ലുവിളി. പ്രത്യക്ഷമായി അമര്‍ഷം പ്രകടിപ്പിക്കുന്നില്ലെങ്കിലും പലരും അവസരം കാത്തിരിക്കുകയാണെന്ന് നേതാക്കള്‍ക്ക് ബോധ്യമുണ്ട്. ജാതി കാര്‍ഡിറക്കല്‍, വര്‍ഗീയശക്തികളുമായുള്ള നീക്കുപോക്ക് തുടങ്ങിയ പതിവുമാര്‍ഗങ്ങള്‍ക്കുപുറകെയാണ് യുഡിഎഫ്. മന്ത്രി വി സുരേന്ദ്രന്‍പിള്ളയും ഡിസിസി പ്രസിഡന്റ് വി എസ് ശിവകുമാറും ഏറ്റുമുട്ടുന്ന തിരുവനന്തപുരമാണ് പ്രസ്റീജ് മണ്ഡലങ്ങളിലൊന്ന്. നേമത്ത് എല്‍ഡിഎഫിന്റെ സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിക്കെതിരെ യുഡിഎഫ് നിര്‍ത്തിയത് സോഷ്യലിസ്റ് ജനതയുടെ ചാരുപാറ രവിയെയാണ്. പ്രചാരണരംഗത്ത് യുഡിഎഫ് സജീവമല്ല. മുന്‍മന്ത്രി ഒ രാജഗോപാലാണ് ബിജെപി സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്വതന്ത്രന്‍ ചെറിയാന്‍ ഫിലിപ്പും കെ മുരളീധരനും ഏറ്റുമുട്ടുന്ന വട്ടിയൂര്‍ക്കാവ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് വ്യക്തം. അരുവിക്കരയില്‍ പ്രതിപക്ഷ ഉപനേതാവ് ജി കാര്‍ത്തികേയന്‍ പാര്‍ടിക്കുള്ളിലെ എതിരാളികളെ മെരുക്കാനാകാതെ കുഴങ്ങുന്നു. കാട്ടാക്കടയില്‍ എല്‍ഡിഎഫ് സ്വതന്ത്ര മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയ ഡാളിക്കുമുമ്പില്‍ മുന്‍ മന്ത്രി എന്‍ ശക്തന്‍ വിയര്‍ക്കുകയാണ്. പി കെ കൃഷ്ണദാസാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. വര്‍ക്കലയില്‍ സിറ്റിങ് എംഎല്‍എ വര്‍ക്കല കഹാറിനെ അടിതെറ്റിക്കാനുള്ള തേരോട്ടത്തില്‍ ഏറെ മുമ്പിലാണ് വിദ്യാര്‍ഥിനേതാവായ എ എ റഹിം. .
കൊല്ലം ജില്ല ഇത്തവണയും അഭിമാനകരമായ പാരമ്പര്യം നിലനിര്‍ത്തുമെന്നുറപ്പായി. ജില്ലയിലെ 11 മണ്ഡലത്തിലും എല്‍ഡിഎഫ് നല്ല മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. 2006ല്‍ 12 മണ്ഡലത്തില്‍ 11ലും എല്‍ഡിഎഫാണ് വിജയിച്ചത്. ഇത്തവണ നെടുവത്തൂര്‍ മണ്ഡലം ഇല്ലാതായി. അഞ്ചു മന്ത്രിമാരാണ് ജില്ലയില്‍ ജനവിധി തേടുന്നത്. പി കെ ഗുരുദാസന്‍ (കൊല്ലം), എം എ ബേബി (കുണ്ടറ), സി ദിവാകരന്‍ (കരുനാഗപ്പള്ളി), എന്‍ കെ പ്രേമചന്ദ്രന്‍ (ചവറ), മുല്ലക്കര രത്നാകരന്‍ (ചടയമംഗലം) എന്നിവയാണ് ഈ വിഐപി മണ്ഡലങ്ങള്‍. പരമ്പരാഗത വ്യവസായമേഖലയില്‍ എല്‍ഡിഎഫ് ഭരണത്തിലുണ്ടായ മാറ്റം തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കുന്ന ജില്ലയാണ് കൊല്ലം. രണ്ടുലക്ഷത്തോളം കശുവണ്ടിത്തൊഴിലാളി കുടുംബമാണ് ജില്ലയിലുള്ളത്. 2006ല്‍ ശ്മശാനമൂകതയായിരുന്നു കശുവണ്ടിമേഖലയില്‍. അടിസ്ഥാനമേഖലകളിലുണ്ടായ പുരോഗതി രാഷ്ട്രീയ അടിയൊഴുക്കുകളെ നല്ലനിലയ്ക്ക് സ്വാധീനിക്കും. കഴിഞ്ഞതവണ യുഡിഎഫ് ജയംകണ്ട ഏകമണ്ഡലമായ പത്തനാപുരത്ത് യുഡിഎഫ് വിയര്‍ക്കുകയാണ്. ആര്‍ ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ജയിലിലായത് യുഡിഎഫിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ നാണക്കേട് യുഡിഎഫിന് തീര്‍ക്കാനാകുന്നില്ല. പത്തനാപുരത്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാലാണ് യുഡിഎഫിലെ ഗണേഷ്കുമാറിനെ നേരിടുന്നത്. യുഡിഎഫ് ഭീമമായ തോതില്‍ പണമൊഴുക്കുന്ന ജില്ലകളിലൊന്നാണ് കൊല്ലം. .
കോട്ടയം ജില്ലയില്‍ പരമ്പരാഗത യുഡിഎഫ് മണ്ഡലങ്ങളിലടക്കം ശക്തമായ മത്സരമാണ്. പി ജെ ജോസഫ്- മാണി കേരള ലയനത്തെതുടര്‍ന്ന് കോണ്‍ഗ്രസില്‍ പടര്‍ന്ന അസ്വാരസ്യം കെട്ടടങ്ങിയിട്ടില്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വരവും യുഡിഎഫിന് വലിയ പ്രതീക്ഷയ്ക്ക് വകനല്‍കിയില്ല. കെ സുരേഷ്കുറുപ്പും തോമസ് ചാഴിക്കാടനും ഏറ്റുമുട്ടുന്ന ഏറ്റുമാനൂര്‍, ഡോ. ബി ഇക്ബാലും സി എഫ് തോമസും മത്സരിക്കുന്ന ചങ്ങനാശേരി വി എന്‍ വാസവനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മത്സരിക്കുന്ന കോട്ടയം മണ്ഡലങ്ങള്‍ സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധ പിടിച്ചുപറ്റി. മണ്ഡലാതിര്‍ത്തി മാറിയ പാലായില്‍ രണ്ടു മാണിമാര്‍ തമ്മില്‍ കടുത്ത മത്സരമാണ്. കെ എം മാണിയെ നേരിടുന്നത് എന്‍സിപി സംസ്ഥാന ട്രഷറര്‍ മാണി സി കാപ്പനാണ്. 2006ല്‍ 10 മണ്ഡലത്തില്‍ അഞ്ചുവീതം എല്‍ഡിഎഫും യുഡിഎഫും നേടി. ഇത്തവണ ഒമ്പത് മണ്ഡലമാണുള്ളത്.
(കെ എം മോഹന്‍ദാസ്)
deshabhimani
തലസ്ഥാനത്തും മലയോര- തീരദേശ ജില്ലകളിലും ഇക്കുറിയും എല്‍ഡിഎഫിന് ഏറെ അനുകൂലമായ രാഷ്ട്രീയചിത്രമാണ് രൂപപ്പെട്ടിരിക്കുന്നത്. കാര്‍ഷികമേഖലയില്‍ എല്‍ഡിഎഫ് ഭരണത്തിലുണ്ടായ പുരോഗതി പ്രതിഫലിക്കുന്ന കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും പരമ്പരാഗത വ്യവസായരംഗത്തുണ്ടായ നേട്ടങ്ങള്‍ അനുഭവിക്കുന്ന കൊല്ലത്തും വികസനരംഗത്ത് വലിയ മുന്നേറ്റം കൈവരിച്ച തിരുവനന്തപുരത്തും എല്‍ഡിഎഫ് ഏറെ മുന്നിലെത്തി. തകര്‍ച്ചയില്‍നിന്ന് രക്ഷിച്ച് കാര്‍ഷികസമ്പദ്ഘടനയിലുണ്ടാക്കിയ ഉണര്‍വ് എല്‍ഡിഎഫിന് അനുകൂലമായ ചിന്ത വോട്ടര്‍മാരില്‍ സൃഷ്ടിച്ചിട്ടുണ്ട്. തീരദേശമേഖലകളില്‍ സര്‍ക്കാര്‍നടപടികള്‍മൂലമുണ്ടായ പുരോഗതി ആര്‍ക്കും നിഷേധിക്കാനാകുന്നില്ല. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും അഭൂതപൂര്‍വമായ വികസനപ്രവര്‍ത്തനങ്ങളും തന്നെയാണ് മുഖ്യചര്‍ച്ചാവിഷയം. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫിലെ പടലപ്പിണക്കം പ്രവര്‍ത്തനരംഗത്ത് പ്രതിഫലിക്കുന്നു. അഞ്ചു ജില്ലയിലായി 54 മണ്ഡലമാണുണ്ടായിരുന്നത്. 2006ല്‍ എല്‍ഡിഎഫ് 34 ഇടത്ത് വിജയം നേടി. പുനര്‍നിര്‍ണയത്തോടെ ആറു മണ്ഡലം ഇല്ലാതായി. 48 മണ്ഡലമാണ് ഇപ്പോഴുള്ളത്. തങ്ങളുടെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കാറുള്ള പല മണ്ഡലത്തിലും തീപാറുന്ന പോരാട്ടമാണെന്ന് യുഡിഎഫ് നേതാക്കള്‍തന്നെ സമ്മതിക്കുന്നു. വീറും വാശിയും നിറഞ്ഞ മണ്ഡലങ്ങളിലെ ഫലം മാറ്റിമറിക്കുന്ന അടിയൊഴുക്കുകള്‍ ആരും തള്ളിക്കളയുന്നില്ല. .
ReplyDelete