Sunday, April 3, 2011

യുഡിഎഫുകാരും ഭരണത്തുടര്‍ച്ചയ്ക്ക് വോട്ടുചെയ്യണം: കലാമണ്ഡലം ഗോപി

മലപ്പുറം: കലകളോടും സാംസ്കാരിക സ്ഥാപനങ്ങളോടും നീതി പുലര്‍ത്തിയ ഭരണമാണ് എല്‍ഡിഎഫിന്റേതെന്ന് പത്മശ്രീ കലാമണ്ഡലം ഗോപി അഭിപ്രായപ്പെട്ടു. കോട്ടക്കല്‍ വിശ്വംഭര ക്ഷേത്രോത്സവത്തിനെത്തിയ അദ്ദേഹം 'ദേശാഭിമാനി'യോട് സംസാരിക്കുകയായിരുന്നു.

കലാകാരന്മാരുടെ ക്ഷേമകാര്യങ്ങളില്‍ ഇത്രമാത്രം ജാഗ്രത പുലര്‍ത്തിയ മറ്റൊരു കാലമുണ്ടായിട്ടില്ല. രാജ്യത്ത് ആദ്യമായി കലാകാരന്മാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തിന് ഗ്രാന്റ് അനുവദിച്ചതുവഴി അതിന്റെ പുനരുജ്ജീവനത്തിന് വഴിതെളിഞ്ഞു. സംഗീത നാടക അക്കാദമിയിലൂടെ നിരവധി സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്നു. സാംസ്കാരിക മേഖലയില്‍ ഇവയൊക്കെ പുത്തനുണര്‍വ് പകര്‍ന്നു. കലാസാംസ്കാരിക സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്ത് രാഷ്ട്രീയത്തിനതീതമായി കലാബോധമുള്ളവരെ നിയമിച്ചതും ഗുണകരമായി.

കഥകളിയുമായി പോകുന്നിടത്തെല്ലാം ചര്‍ച്ചാവിഷയം ഇടതുപക്ഷഭരണത്തിന്റെ നേട്ടങ്ങളാണ്. അതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. സമൂഹത്തിന് നന്മചെയ്യുന്നവര്‍ക്കായിരിക്കണം നമ്മുടെ വോട്ട്. യുഡിഎഫിനടക്കം ഗുണംചെയ്ത ഭരണമാണിത്. അതുകൊണ്ടുതന്നെ ഭരണത്തുടര്‍ച്ച യുഡിഎഫുകാര്‍ക്കും ഗുണം ചെയ്യും. ഇത്തവണ എല്‍ഡിഎഫിന് വോട്ടു ചെയ്യണമെന്നാണ് അവരോട് അഭ്യര്‍ഥിക്കാനുള്ളത്.

കഥകളിപോലുള്ള കലാരൂപങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പെടുത്തണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കാമെന്ന്മന്ത്രി എം എ ബേബി ഉറപ്പുനല്‍കി. ഇക്കാര്യം ആലോചിച്ചപ്പോള്‍ മതത്തെ കൂട്ടുപിടിച്ച് അതിനെ എതിര്‍ത്തവരുണ്ട്. ആചാരപ്രകാരമുള്ളതായതുക്കൊണ്ട് അതു കലാരൂപമല്ലാതാകുന്നില്ല. അതിനെ അവര്‍ണം, സവര്‍ണം എന്ന് വേര്‍തിരിക്കേണ്ടതില്ല. കഥകളിയെ കലാരൂപമായി മാത്രം കാണാന്‍ നമുക്കാവണം. അവിടെ മതം ചേര്‍ക്കേണ്ടതില്ല. അതുപോലെ രാഷ്ട്രീയത്തിലും മതം ഇടപെടേണ്ടതില്ല. കലാകാരന്മാരുടെ രാഷ്ട്രീയനിലപാട് വ്യക്തിസ്വാതന്ത്ര്യമായി മാധ്യമപ്രവര്‍ത്തകരും കാണണം-അദ്ദേഹം പറഞ്ഞു.
(ബിജു കാര്‍ത്തിക് )

ദേശാഭിമാനി 030411

1 comment:

  1. ലകളോടും സാംസ്കാരിക സ്ഥാപനങ്ങളോടും നീതി പുലര്‍ത്തിയ ഭരണമാണ് എല്‍ഡിഎഫിന്റേതെന്ന് പത്മശ്രീ കലാമണ്ഡലം ഗോപി അഭിപ്രായപ്പെട്ടു. കോട്ടക്കല്‍ വിശ്വംഭര ക്ഷേത്രോത്സവത്തിനെത്തിയ അദ്ദേഹം 'ദേശാഭിമാനി'യോട് സംസാരിക്കുകയായിരുന്നു.

    ReplyDelete