Monday, April 4, 2011

ജനനായകനെ നെഞ്ചേറ്റി ജാദവ്പുര്‍

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചരിത്ര വിജയം നേടിയതിന്റെ സന്തോഷം ക്രിക്കറ്റ് പ്രേമിയായ ബുദ്ധദേവ് ഭട്ടാചാര്യയുടെ മുഖത്തുണ്ട്. തലേന്നാള്‍ രാത്രി പതിനൊന്നുവരെ ക്രിക്കറ്റ് കണ്ട ബുദ്ധദേവ് ഞായറാഴ്ച രാവിലെ പാം അവന്യൂവിലെ വീട്ടില്‍നിന്ന് അലിമുദ്ദീന്‍ സ്ട്രീറ്റിലെ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി. സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവുമായി ആശയവിനിമയം നടത്തിയ ശേഷം തെരഞ്ഞെടുപ്പു പ്രചാരണത്തിന്റ ചൂടിലേക്ക്. സ്വന്തം മണ്ഡലമായ ജാദവ്പൂരിലെ ബാപ്പുജി നഗറിലും സന്തോഷ്പൂരിലെ സുബോധ് പാര്‍ക്കിലുമായിരുന്നു രവിലെ പ്രചാരണയോഗം. ജാദവ്പൂര്‍ മെഡിക്കല്‍ കോളേജിനുഎതിര്‍വശത്തുള്ള ബാപ്പുജി നഗര്‍ ചുവന്നുതുടുത്തിരുന്നു. പ്രധാന റോഡില്‍നിന്ന് ബാപ്പുജി നഗര്‍ മൈതാനംവരെയുള്ള ചെറുറോഡുകള്‍ ചെങ്കൊടികളാലും ചുവരെഴുത്തുകളാലും അലംകൃതം. സമീപപ്രദേശങ്ങളില്‍നിന്ന് ചെറിയ ജാഥകള്‍ മൈതാനത്തെ പന്തലിലേക്കെത്തുന്നു.

മാവോയിസ്റ് വധഭീഷണിയുള്ള മുഖ്യമന്ത്രികനത്ത സുരക്ഷയില്‍. രാവിലെ പത്തേമുക്കാലോടെ എത്തിയ മുഖ്യമന്ത്രിയെ ആവേശകരമായ മുദ്രാവാക്യങ്ങളോടെ ജനങ്ങള്‍ വരവേറ്റു. ബാപ്പുജി നഗറിലെ തൊഴിലാളികളും ബഹുജനങ്ങളും പൂച്ചെണ്ടുകളുമായി ബുദ്ധദേവിനെ സ്വീകരിച്ചു. കുട്ടികള്‍ റോസാപ്പൂക്കള്‍ സമ്മാനിച്ചു. അവരുടെ കവിളുകള്‍ തലോടി ബുദ്ധദേവിന്റെ സ്നേഹവാത്സല്യം. പിന്നീട് ബുദ്ധദേവിന്റെ പ്രസംഗം. ഇടതുമുന്നണിക്കെതിരായ അന്താരാഷ്ട്ര ഗൂഢാലോചനമുതല്‍ വിഘടനവാദികളെ കൂട്ടുപിടിച്ചു തൃണമൂല്‍ നടത്തുന്ന ഛിദ്രപ്രവര്‍ത്തനങ്ങള്‍വരെ അരമണിക്കൂര്‍ പ്രസംഗത്തില്‍ വിശദീകരിച്ചു. രണ്ടുരൂപയ്ക്ക് അരി പദ്ധതിയുടെ പിതൃത്വം കേന്ദ്രസര്‍ക്കാരിന് ചാര്‍ത്തിക്കൊടുക്കാന്‍ വിഫലശ്രമം നടത്തുന്ന മമതാ ബാനര്‍ജിയെ പരിഹസിച്ച് പ്രസംഗം മുന്നേറി. ഭക്ഷ്യസുരക്ഷാബില്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കാത്ത യുപിഎ സര്‍ക്കാര്‍ പൊതുവിതരണം തകര്‍ത്തതിനാലാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രണ്ടുരൂപയ്ക്ക് അരി പദ്ധതി നടപ്പാക്കേണ്ടിവന്നതെന്ന് ബുദ്ധദേവ് പറഞ്ഞു.

യോഗം പിരിഞ്ഞിട്ടും മുഖ്യമന്ത്രിയെ അഭിവാദ്യംചെയ്യാന്‍ സ്ത്രീകളും കുട്ടികളും വഴിക്കിരുവശവും കാത്തുനിന്നു. പിന്നീട് ബാപ്പുജി നഗറില്‍നിന്ന് സന്തോഷ്പൂരിലെ സുബോധ്പാര്‍ക്കിലേക്ക്. സപ്തര്‍ഷി ഫ്രണ്ട്സ് അസോസിയേഷന്‍ മൈതാനത്ത് വിശാലമായ പന്തലില്‍ ആയിരങ്ങള്‍ കാത്തുനിന്നു. കരഘോഷത്തോടെ അവര്‍ മുഖ്യമന്ത്രിയെ വരവേറ്റു. ചെറുകിട വ്യവസായങ്ങളിലെയും കൈത്തൊഴില്‍ മേഖലയിലെയും തൊഴിലാളികള്‍, റിക്ഷാക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരടങ്ങുന്ന സദസ്സിനോടു അരമണിക്കൂര്‍ നീണ്ട പ്രസംഗം. ബംഗാള്‍ നിലനില്‍ക്കണോ നശിക്കണോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് ഓര്‍മപ്പെടുത്തി പ്രസംഗം അവസാനിപ്പിച്ചു. എന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത ജാദവ്പൂര്‍ തങ്ങളുടെ പ്രിയ നേതാവിന്റെ ഓര്‍മപ്പെടുത്തലുകള്‍ നെഞ്ചേറ്റുന്നു.
(വി ജയിന്‍)

ദേശാഭിമാനി 040411

1 comment:

  1. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചരിത്ര വിജയം നേടിയതിന്റെ സന്തോഷം ക്രിക്കറ്റ് പ്രേമിയായ ബുദ്ധദേവ് ഭട്ടാചാര്യയുടെ മുഖത്തുണ്ട്. തലേന്നാള്‍ രാത്രി പതിനൊന്നുവരെ ക്രിക്കറ്റ് കണ്ട ബുദ്ധദേവ് ഞായറാഴ്ച രാവിലെ പാം അവന്യൂവിലെ വീട്ടില്‍നിന്ന് അലിമുദ്ദീന്‍ സ്ട്രീറ്റിലെ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി. സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവുമായി ആശയവിനിമയം നടത്തിയ ശേഷം തെരഞ്ഞെടുപ്പു പ്രചാരണത്തിന്റ ചൂടിലേക്ക്. സ്വന്തം മണ്ഡലമായ ജാദവ്പൂരിലെ ബാപ്പുജി നഗറിലും സന്തോഷ്പൂരിലെ സുബോധ് പാര്‍ക്കിലുമായിരുന്നു രവിലെ പ്രചാരണയോഗം. ജാദവ്പൂര്‍ മെഡിക്കല്‍ കോളേജിനുഎതിര്‍വശത്തുള്ള ബാപ്പുജി നഗര്‍ ചുവന്നുതുടുത്തിരുന്നു. പ്രധാന റോഡില്‍നിന്ന് ബാപ്പുജി നഗര്‍ മൈതാനംവരെയുള്ള ചെറുറോഡുകള്‍ ചെങ്കൊടികളാലും ചുവരെഴുത്തുകളാലും അലംകൃതം. സമീപപ്രദേശങ്ങളില്‍നിന്ന് ചെറിയ ജാഥകള്‍ മൈതാനത്തെ പന്തലിലേക്കെത്തുന്നു.

    ReplyDelete