Tuesday, April 12, 2011

ജനപക്ഷത്ത് ഉറച്ച് മധ്യകേരളം

വോട്ടെടുപ്പിന് മണിക്കൂറുകള്‍മാത്രം ശേഷിക്കെ പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ എല്‍ഡിഎഫിന്റെ വന്‍ കുതിപ്പിന് കളമൊരുങ്ങുന്നു. നാല് ജില്ലയിലെ 44 മണ്ഡലത്തില്‍ ഇപ്പോള്‍ 34ലും എല്‍ഡിഎഫ് പ്രതിനിധികള്‍. നിലവിലെ അനുകൂല സാഹചര്യത്തില്‍ ഇത് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നണി. നില മെച്ചപ്പെടുത്താനുള്ള ശമം യുഡിഎഫും നടത്തുന്നു. പാലക്കാട്ടും മറ്റും സാരിവിതരണം പോലുള്ള പരിപാടികളിലൂടെ സാന്നിധ്യമറിയിക്കാന്‍ ബിജെപിയും ശ്രമിക്കുന്നു.

പാലക്കാടന്‍ മണ്ണിന്റെ ഇടതുപക്ഷചായ്വ് പണ്ടേ പ്രസിദ്ധം. മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം ഈ ഇടതുപക്ഷ ആഭിമുഖ്യം പ്രകടം. 2006ല്‍ ഇതിന് അടിവരയിട്ടുകൊണ്ട് ജില്ലയിലെ 11 മണ്ഡലത്തില്‍ ഒമ്പതും എല്‍ഡിഎഫിനൊപ്പം നിലയുറപ്പിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനും ലോക്സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യമൊന്നുമില്ലെങ്കില്‍പ്പോലും ഈ രണ്ട് തെരഞ്ഞെടുപ്പിലും ജില്ലയില്‍ വന്‍ വിജയം നേടിയത് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ഇത്തവണ മണ്ഡലങ്ങളുടെ എണ്ണം 12 ആയി വര്‍ധിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിലും എല്‍ ഡിഎഫ് മുന്നേറ്റത്തിന്റെ തുടര്‍ച്ച യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനമാണ് ജില്ലയിലെങ്ങും. സീറ്റ്വിഭജനവും സ്ഥാനാര്‍ഥിനിര്‍ണയവും യുഡിഎഫിലെ പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചിരുന്നു. പ്രചാരണത്തില്‍ ഏറെ പിന്നിലാവാന്‍ ഇതു കാരണമായി. സോഷ്യലിസ്റ് ജനതയും ഉന്നത കോണ്‍ഗ്രസ്നേതാക്കളും പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് അവസാനഘട്ടത്തിലും യുഡിഎഫിനെ വിഷമിപ്പിക്കുന്നുണ്ട്. എല്‍ഡിഎഫ് പ്രവര്‍ത്തനം ചിട്ടയോടെ മുന്നേറുകയാണ്.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മലമ്പുഴയിലെ സ്ഥാനാര്‍ഥിത്വം ജില്ലയിലാകെ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജമേകിയിട്ടുണ്ട്. വികസനത്തില്‍ ഊന്നിയാണ് എല്‍ഡിഎഫ് പ്രചാരണം. നെല്ലിന്റെ സംഭരണവില 14 രൂപയായി ഉയര്‍ത്തിയതും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പാലക്കാടിനെ മാറ്റിയതും എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നു. ചില മണ്ഡലങ്ങളില്‍ യുഡിഎഫ് സാന്നിധ്യം പേരിനുമാത്രം. മത്സരിക്കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാകാതിരുന്ന തരൂര്‍, ആലത്തൂര്‍ മണ്ഡലങ്ങള്‍ സീറ്റുകളുടെ എണ്ണം തികയ്ക്കാന്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നു.

ചിറ്റൂരില്‍ കോണ്‍ഗ്രസും ഘടകകക്ഷിയായ വീരന്റെ പാര്‍ടിയും കൊമ്പുകോര്‍ത്തിരിക്കയാണ്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മലമ്പുഴ, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തൃത്താല എന്നിവയ്ക്കു പുറമെ പുതുതായി രൂപംകൊണ്ട കോങ്ങാട്ടും എല്‍ഡിഎഫ് നല്ല മുന്നേറ്റം നടത്തുന്നു. പട്ടാമ്പിയില്‍ സി പി മുഹമ്മദിനെതിരെ പരസ്യമായി കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്താണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. ഇറക്കുമതിസ്ഥാനാര്‍ഥി വന്നതില്‍ മുസ്ളിംലീഗിലെ പ്രതിഷേധം ശക്തമായുള്ള മണ്ണാര്‍ക്കാട്ടും യുഡിഎഫ് പ്രതിരോധത്തിലാണ്. യുഡിഎഫ് ഏറ്റവും കുഴപ്പത്തില്‍ കിടക്കുന്ന ജില്ലയില്‍ പ്രചാരണത്തിനെത്തിയ എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസുകാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടിട്ടില്ല. യുഡിഎഫിലെ അനൈക്യവും അതൃപ്തിയും നേതാക്കള്‍ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മൂന്നുവട്ടം പ്രചാരണം പൂര്‍ത്തിയാക്കി.

യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന ഇടുക്കിയില്‍ 2006ല്‍ അഞ്ചില്‍ നാലും എല്‍ഡിഎഫ് നേടി. ഇത്തവണ സമ്പൂര്‍ണ വിജയമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. അവസാന നാളുകളില്‍ ദ്യശ്യമാകുന്ന മുന്നേറ്റം ഇത് അസാധ്യമല്ലെന്ന സൂചന നല്‍കുന്നു. സിപിഐ എം സ്ഥാനാര്‍ഥി ഉടുമ്പന്‍ചോലയില്‍ ഹാട്രിക് വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ഹാട്രിക്ക് വിജയമടക്കം നേടിയ പി ജെ ജോസഫിനെ തൊടുപുഴ കൈവിടുന്ന സ്ഥിതിയാണ്. ജോസഫിന്റെ വരവ് യുഡിഎഫിലുണ്ടാക്കിയ അസംതൃപ്തിയും പ്രചാരണത്തില്‍ പ്രകടം. കുടിയേറ്റ കര്‍ഷകരും തോട്ടം തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് എന്നിവ എല്‍ഡിഎഫിന് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. ഇടത്തരം കുടിയേറ്റ കര്‍ഷകരാണ് ഇടുക്കിയിലെ വോട്ടര്‍മാരില്‍ ഏറെയും. തൊടുപുഴയില്‍ കര്‍ഷകര്‍ക്കൊപ്പം നഗരവാസികളും വിധി നിര്‍ണയിക്കുന്നു. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടിയ തോട്ടങ്ങള്‍ തുറന്നതാണ് പീരുമേട്ടില്‍ എല്‍ഡിഎഫിന്റെ കരുത്ത്. തോട്ടങ്ങള്‍ തുറന്നതറിയാതെ പൂട്ടിയ തോട്ടങ്ങള്‍ തുറക്കുമെന്ന് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചതിന്റെ നാണക്കേടും യുഡിഎഫിന് വിനയായി.

മതന്യൂനപക്ഷങ്ങളും കര്‍ഷകരും തൊഴിലാളികളും ഉള്‍ക്കാള്ളുന്ന എറണാകുളം ജില്ലയില്‍ സ്മാര്‍ട്ട് സിറ്റിയും സൈബര്‍സിറ്റിയും യാഥാര്‍ഥ്യമാക്കിയത്, ഇന്‍ഫോപാര്‍ക്ക് സംരക്ഷിച്ച് വികസിപ്പിച്ചത്, ചെല്ലാനം ഫിഷിങ് ഹാര്‍ബറടക്കമുള്ള മത്സ്യമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍, ടൂറിസം രംഗത്തെ മുന്നേറ്റം തുടങ്ങിയവ പ്രചാരണരംഗത്ത് എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചിയുടെ ചിരകാലസ്വപ്നമായ മെട്രോ റെയിലിനോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന കേന്ദ്രസമീപനം യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു. ഘടകകക്ഷികളിലെയും കോണ്‍ഗ്രസിലെയും പടലപ്പിണക്കങ്ങളും യുഡിഎഫിന് തലവേദന സ്യഷ്ടിക്കുന്നു. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ കോണ്‍ഗ്രസുകാര്‍ കൈയേറ്റംചെയ്തതും പെരുമ്പാവൂരിലെയും കുന്നത്തുനാട്ടിലെയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ടി എച്ച് മുസ്തഫ രംഗത്തുവന്നതും പിറവത്ത് ടി എം ജേക്കബ്ബിനുവേണ്ടി കോണ്‍ഗ്രസുകാര്‍ സജീവമാകാത്തതും ആലുവയില്‍ പോസ്റര്‍ പതിച്ച് കാലേകൂട്ടി രംഗത്തെത്തിയ എം എം ഹസ്സനെ മാറ്റി അന്‍വര്‍ സാദത്തിനെ സ്ഥാനാര്‍ഥിയാക്കിയതുമൊക്കെ പ്രചാരണം അവസാനിക്കാറാകുമ്പോഴും യുഡിഎഫിനെ വിഷമിപ്പിക്കുന്നു. 14 മണ്ഡലമുള്ള ജില്ലയില്‍ ഇപ്പോഴത്തെ കക്ഷിനില എല്‍ഡിഎഫ്-10, യുഡിഎഫ്-4 എന്നിങ്ങനെ. രണ്ട് മന്ത്രിമാരടക്കം (എസ് ശര്‍മ-വൈപ്പിന്‍, ജോസ് തെറ്റയില്‍-അങ്കമാലി) മത്സരരംഗത്തുള്ള ഇവിടെ എല്‍ഡിഎഫ് ശക്തിവര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

തൃശൂരില്‍ 14 മണ്ഡലത്തില്‍ 11ലും എല്‍ഡിഎഫ് പ്രതിനിധികളാണ്. മാള ഇല്ലാതായതോടെ മണ്ഡലങ്ങളുടെ എണ്ണം 13 ആയി. എല്‍ഡിഎഫ് ഭരണത്തില്‍ ജില്ലയ്ക്കുണ്ടായ അഭൂതപൂര്‍വമായ വികസനമുന്നേറ്റവും അനുകൂല രാഷ്ട്രീയകാലാവസ്ഥയും എല്‍ഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നു. രണ്ടു രൂപ അരിപ്രശ്നവും പ്രചാരണരംഗത്ത് സജീവം. രാജ്യത്തെ രണ്ടാമത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയാണ് ത്യശൂര്‍. രാജ്യത്തെ ആദ്യത്തെ മാത്യകാമണ്ഡലമായ കൊടകര(ഇപ്പോള്‍ പുതുക്കാട്) തൃശൂരിലാണ്. സംസ്ഥാനത്തെ ആരോഗ്യസര്‍വകലാശാല, നിര്‍ദിഷ്ട ലോകോത്തര സര്‍വകലാശാലാ കേന്ദ്രം, നിര്‍ദിഷ്ട സയന്‍സ് സിറ്റി കേന്ദ്രം എന്നീ വിശേഷണങ്ങള്‍ കൊണ്ടും സമ്പന്നമാണ് ജില്ല. ഇത്തരം മുന്നേറ്റങ്ങള്‍ക്ക് സാഹചര്യമൊരുക്കിയ എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ തൃശൂര്‍ വലിയ സംഭാവന നല്‍കും. യു ഡിഎഫിലെ വിട്ടൊഴിയാത്ത കലഹങ്ങളും എല്‍ഡിഎഫിന്റെ വിജയപ്രതീക്ഷകള്‍ക്ക് മാറ്റേകുന്നു. തേറമ്പില്‍ രാമക്യഷ്ണനെയും(തൃശൂര്‍), കെ പി വിശ്വനാഥനെയും(പുതുക്കാട്) മാറ്റിനിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്, ജില്ലയിലെങ്ങുമില്ലാത്ത സിഎംപിക്ക് രണ്ട് സീറ്റ്(കുന്ദംകുളവും നാട്ടികയും) നല്‍കിയത്, ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുകാര്‍ എം വി രാഘവന്റെ കോലം കത്തിച്ചത് എന്നിവയെല്ലാം പ്രചാരണത്തില്‍ കല്ലുകടി സൃഷ്ടിച്ചിരുന്നു. ഇതെല്ലാം എല്‍ഡിഎഫിന് ഭൂരിപക്ഷം സീറ്റ് ഉറപ്പാക്കാന്‍ സഹായിക്കും. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സീതാറാം യെച്ചൂരി, എ ബി ബര്‍ദന്‍, സി കെ ചന്ദ്രപ്പന്‍ എന്നിവര്‍ എല്‍ഡിഎഫിനു വേണ്ടിയും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ യുഡിഎഫിനു വേണ്ടിയും പ്രചാരണത്തിനെത്തി.
(കെ വി സുധാകരന്‍)

deshabhimani

1 comment:

  1. വോട്ടെടുപ്പിന് മണിക്കൂറുകള്‍മാത്രം ശേഷിക്കെ പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ എല്‍ഡിഎഫിന്റെ വന്‍ കുതിപ്പിന് കളമൊരുങ്ങുന്നു. നാല് ജില്ലയിലെ 44 മണ്ഡലത്തില്‍ ഇപ്പോള്‍ 34ലും എല്‍ഡിഎഫ് പ്രതിനിധികള്‍. നിലവിലെ അനുകൂല സാഹചര്യത്തില്‍ ഇത് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നണി. നില മെച്ചപ്പെടുത്താനുള്ള ശമം യുഡിഎഫും നടത്തുന്നു. പാലക്കാട്ടും മറ്റും സാരിവിതരണം പോലുള്ള പരിപാടികളിലൂടെ സാന്നിധ്യമറിയിക്കാന്‍ ബിജെപിയും ശ്രമിക്കുന്നു.

    ReplyDelete