Friday, April 1, 2011

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ അന്നംമുടക്കല്‍

രാജ്യത്ത് റേഷന്‍സമ്പ്രദായം ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകളുടെ നീക്കത്തെ ബദല്‍സംവിധാനംകൊണ്ട് ചെറുത്ത സംസ്ഥാനമാണ് കേരളം. ഈ ബദലിന് തുരങ്കംവയ്ക്കാന്‍ യുഡിഎഫ് നേതൃത്വം എക്കാലവും പണിപ്പെട്ടിട്ടുണ്ട്. ആ പരമ്പരയിലെ ഒടുവിലത്തേതാണ് എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി എന്ന എല്‍ഡിഎഫ് തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ പരാതി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ എന്നിവരാണ് സര്‍ക്കാര്‍പദ്ധതിയെ അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചത്. പദ്ധതി തടഞ്ഞ തെരഞ്ഞെടുപ്പു കമീഷന്‍ നടപടി ഹൈക്കോടതി റദ്ദാക്കിയെങ്കിലും ആ വിധി സുപ്രീംകോടതി സ്റേചെയ്യുകയാണുണ്ടായത്.

പാവങ്ങളുടെ അന്നംമുട്ടിക്കാന്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ഇതാദ്യമായല്ല ഇടപെടുന്നത്. 1992 ജനുവരിയില്‍ റേഷനരിക്ക് കേന്ദ്രസര്‍ക്കാര്‍ 88 പൈസ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന് കിലോയ്ക്ക് 88 പൈസ സബ്സിഡി നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചു. എന്നാല്‍, അന്നത്തെ ഐക്യജനാധിപത്യമുന്നണി സര്‍ക്കാരും ധനമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും ഈ സബ്സിഡി 44 പൈസയായി കുറച്ചു. അതിന് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞ ന്യായം, റേഷന്‍ സബ്സിഡിക്കായി പ്രതിവര്‍ഷം 180 കോടിയുടെ അധികചെലവുണ്ടാകുന്നു എന്നതായിരുന്നു. ഒടുവില്‍ ഈ 44 പൈസ സബ്സിഡിയും 1993 ഏപ്രില്‍ ഒന്നുമുതല്‍ പിന്‍വലിച്ചു. എന്നുമാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ അരിവില വര്‍ധിപ്പിക്കുമ്പോഴൊക്കെ സംസ്ഥാനത്ത് സബ്സിഡി നല്‍കാനാകില്ലെന്നും സബ്സിഡി ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവര്‍ക്കുമാത്രമായി പരിമിതപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രഖ്യാപിച്ചത്, 11,000 രൂപയ്ക്കുമേല്‍ വരുമാനമുള്ളവര്‍ക്ക് റേഷന്‍ സബ്സിഡി നല്‍കാനാകില്ലെന്നായിരുന്നു. ആഴ്ചയില്‍ അഞ്ചുകിലോ അരി സ്പെഷ്യലായി നല്‍കിവന്നത് നിര്‍ത്തിവയ്ക്കാനും മുസ്തഫ തയ്യാറായി. 1993ല്‍ കേന്ദ്ര ഭക്ഷ്യമന്ത്രിയായിരുന്ന എ കെ ആന്റണി പ്രഖ്യാപിച്ചത് ആദായനികുതി നല്‍കുന്നവര്‍ക്ക് റേഷന്‍ നല്‍കാനാകില്ലെന്നാണ്. ഉയര്‍ന്ന വരുമാനക്കാര്‍ റേഷന്‍ വാങ്ങുന്നത് തടയുമെന്നുകൂടി അദ്ദേഹം പറഞ്ഞു.

അന്നത്തെ കേന്ദ്രസര്‍ക്കാരും യുഡിഎഫ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും നിലവിലുണ്ടായിരുന്ന സാര്‍വത്രിക റേഷനിങ് സമ്പ്രദായത്തെ തകര്‍ക്കുകയായിരുന്നു. റേഷന്‍സമ്പ്രദായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ നിയന്ത്രണങ്ങളുടെ ഫലമായി റേഷന്‍സാധനങ്ങള്‍ക്ക് വലിയ തോതില്‍ വില ഉയര്‍ന്നു. 1994 ഫെബ്രുവരി ഏഴിന് സൂപ്പര്‍ ഫൈന്‍ അരിക്ക് 1.40 രൂപയുടെ വര്‍ധന വരുത്തി. 5.47 രൂപയായിരുന്ന അരിവില 6.87 രൂപയാക്കി. 1999 ജനുവരിയില്‍ 7.50ല്‍നിന്ന് 9.60 രൂപയാക്കി. ഗോതമ്പിന് അഞ്ചു രൂപയില്‍നിന്ന് ഏഴു രൂപയാക്കി വില ഉയര്‍ത്തി. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവര്‍ക്ക് വിതരണം നടത്തിയിരുന്ന അരിയുടെ വില 3.50 രൂപയില്‍നിന്ന് 4.52 രൂപയാക്കി കേന്ദ്രം ഉയര്‍ത്തി.

എന്നാല്‍, 1996ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍, അധികാരമേറ്റ് 90-ാംദിവസം സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും പ്രതിമാസം 16 കിലോ അരി കിലോയ്ക്ക് ഒരു രൂപ കുറച്ച് വിതരണംചെയ്യാന്‍ തീരുമാനിച്ചു. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള 1.35 കോടി ജനങ്ങള്‍ക്ക് 16 കിലോ അരി കിലോയ്ക്ക് ഒരു രൂപ കുറച്ച് നല്‍കുന്നതിനുപുറമെ പ്രതിമാസം 10 കിലോ അരി പകുതി വിലയ്ക്ക് നല്‍കാനും 1997ല്‍ തീരുമാനിച്ചു. റേഷന്‍ സബ്സിഡിക്കായി അന്ന് പ്രതിവര്‍ഷം 120 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാല്‍, എല്ലാ പദ്ധതിയും അട്ടിമറിച്ച് കേരളത്തിലെ പൊതുവിതരണസമ്പ്രദായം തകര്‍ക്കുകയായിരുന്നു 2001-06ലെ യുഡിഎഫ് ഭരണം. 2006ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും റേഷന്‍സമ്പ്രദായം വിപുലവും വ്യാപകവുമാക്കാന്‍ നടപടി സ്വീകരിച്ചു. 40 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ റേഷന്‍വിതരണം നടത്തി. അത് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും നല്‍കാന്‍ നടപടി സ്വീകരിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും വീണ്ടും പദ്ധതി തടസ്സപ്പെടുത്താന്‍ രംഗത്തിറങ്ങിയത്.
(മില്‍ജിത് രവീന്ദ്രന്‍)

ദേശാഭിമാനി 010411

1 comment:

  1. രാജ്യത്ത് റേഷന്‍സമ്പ്രദായം ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകളുടെ നീക്കത്തെ ബദല്‍സംവിധാനംകൊണ്ട് ചെറുത്ത സംസ്ഥാനമാണ് കേരളം. ഈ ബദലിന് തുരങ്കംവയ്ക്കാന്‍ യുഡിഎഫ് നേതൃത്വം എക്കാലവും പണിപ്പെട്ടിട്ടുണ്ട്. ആ പരമ്പരയിലെ ഒടുവിലത്തേതാണ് എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി എന്ന എല്‍ഡിഎഫ് തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ പരാതി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ എന്നിവരാണ് സര്‍ക്കാര്‍പദ്ധതിയെ അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചത്. പദ്ധതി തടഞ്ഞ തെരഞ്ഞെടുപ്പു കമീഷന്‍ നടപടി ഹൈക്കോടതി റദ്ദാക്കിയെങ്കിലും ആ വിധി സുപ്രീംകോടതി സ്റേചെയ്യുകയാണുണ്ടായത്.

    ReplyDelete