Friday, April 1, 2011

അപ്പീല്‍ കീഴ്ക്കോടതിയിലോ?

ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിയിലുണ്ടായ നടപടി പിണറായി വിജയന്‍ റിട്ട്ഹര്‍ജിയിലൂടെ ഉന്നയിച്ച വാദത്തിന്റെ നിരാകരണമല്ല, മറിച്ച് ഹൈക്കോടതി പരിഗണിക്കാന്‍ തക്കവിധം ഗൗരവമുള്ള പ്രശ്നങ്ങളാണതിലുള്ളത് എന്നതിന്റെ സ്ഥിരീകരണമാണ്. മറിച്ചായിരുന്നെങ്കില്‍, ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുമായിരുന്നില്ല. ഇത് അപ്പാടെ മറച്ചുവച്ചുകൊണ്ട് മറ്റൊരു ഭാഷ്യം അവതരിപ്പിക്കാനാണ് ചില മുഖ്യധാരാമാധ്യമങ്ങള്‍മുതല്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിവരെയുള്ളവര്‍ ശ്രമിക്കുന്നത്. "ലാവ്ലിന്‍: പിണറായിയുടെ ഹര്‍ജി തള്ളി"" എന്നാണ് ഒരു പ്രമുഖപത്രം വ്യാഴാഴ്ച ഒന്നാംപേജില്‍ ആറുകോളം തലക്കെട്ടുകൊടുത്തത്.

സത്യത്തില്‍ സംഭവിച്ചതെന്താണ്? കോടതിയുടെ അനുമതിയോടെ പിണറായി വിജയന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. കീഴ്ക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്തത് എന്നതിനാല്‍ ഹര്‍ജി പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് സുപ്രീംകോടതി പറഞ്ഞ സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. നടപടിക്രമംമാത്രം മുന്‍നിര്‍ത്തിയായിരുന്നു സുപ്രീംകോടതിയുടെ ആ പരാമര്‍ശം എന്നു വ്യക്തം. നടപടിക്രമം മറ്റൊന്നാണ് എന്നു കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍, ആ വഴി തേടാനാണ് ഹര്‍ജി പിന്‍വലിച്ചത്. നാളെ ഈ പ്രശ്നം ഹൈക്കോടതിയുടെ പരിഗണനയ്ക്കുവരാം. പിണറായിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയെന്ന് ഇന്ന് വായനക്കാരെ അറിയിച്ച ഈ പത്രം, നാളെ ഈ പ്രശ്നം ഹൈക്കോടതിയില്‍ റിട്ട്ഹര്‍ജിയായി എത്തുന്നപക്ഷം എന്തു റിപ്പോര്‍ട്ടുചെയ്യും? സുപ്രീംകോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ എന്നോ? സുപ്രീംകോടതി ഒരു വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിച്ച് ഹര്‍ജിതള്ളിയാല്‍ അതിന്മേല്‍ അപ്പീലുമായിപ്പോകാന്‍ മറ്റൊരു കോടതിയില്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും അറിയാം. പക്ഷേ, രാഷ്ട്രീയപരിഗണനകള്‍കൊണ്ട് പത്രത്തിന് ആ ബോധം ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ, വ്യാഴാഴ്ചത്തെ തലക്കെട്ട് മറക്കാത്ത വായനക്കാരനെ സംബന്ധിച്ചിടത്തോളം, നാളെ ഇതേ റിട്ട് ഹര്‍ജി ഹൈക്കോടതിയിലെത്തിയാല്‍, സുപ്രീംകോടതി തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍കൊടുത്തുവെന്നു കരുതാനേ നിര്‍വാഹമുള്ളൂ. അങ്ങനെ വിശ്വസിക്കേണ്ടിവരുന്ന വായനക്കാരന്റെ ദൈന്യം സഹതാപാര്‍ഹമാണ്.

ഹൈക്കോടതിയെ സമീപിച്ച് അവിടെ കേസ് തുടങ്ങുകയാണ് വേണ്ടത് എന്നും, അതിനുശേഷം ആവശ്യമെന്നുവരുന്ന സാഹചര്യത്തില്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ് എന്നും സുപ്രീംകോടതി പറഞ്ഞു. ഇത് സാധാരണ നടപടിക്രമത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍മാത്രമാണ്. ഭരണഘടനയുടെ 226-ാം വകുപ്പുപ്രകാരം ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ കാട്ടി ഹൈക്കോടതിയെ സമീപിക്കാവുന്നതാണ് എന്ന് സുപ്രീംകോടതി പറഞ്ഞാല്‍, ഹൈക്കോടതി പരിഗണിക്കേണ്ടതരത്തില്‍ ഗൗരവാവഹമായ പ്രശ്നങ്ങള്‍തന്നെയാണ് പിണറായി വിജയന്‍ റിട്ട് ഹര്‍ജിയിലൂടെ ഉന്നയിച്ചിട്ടുള്ളത് എന്നുതന്നെയാണര്‍ഥം. പക്ഷേ, നേരിട്ട് സമീപിച്ചതാകയാല്‍ തങ്ങള്‍ക്ക് പരിഗണിക്കാനാകുന്നില്ല എന്ന് സുപ്രീംകോടതി പറഞ്ഞുവെന്നേ കരുതേണ്ടതുള്ളൂ. റിട്ട് ഹര്‍ജിയിലുന്നയിച്ച പ്രശ്നത്തിന്റെ നിയമസാധുതയും പ്രസക്തിയും സാംഗത്യവും കോടതിയുടെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകേണ്ടതുതന്നെയാണെന്ന് കോടതി അംഗീകരിച്ചുവെന്നാണ് അതില്‍നിന്ന് അര്‍ഥമാകുന്നത്. എന്നാല്‍, ഇക്കാര്യം സമര്‍ഥമായി മറച്ചുവച്ചുകൊണ്ട് "ഹര്‍ജി തള്ളി"" എന്ന സത്യവിരുദ്ധമായ തലക്കെട്ടില്‍ പത്രം അവരുടെ രാഷ്ട്രീയതാല്‍പ്പര്യം കുത്തിനിറച്ചിരിക്കുന്നു.

ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വ്യാപകമായി തെറ്റിദ്ധരിപ്പിക്കല്‍ തന്ത്രം പ്രയോഗിക്കപ്പെടുന്നുണ്ട്. ഒരുവശത്ത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു; മറുവശത്താകട്ടെ ജുഡീഷ്യറിയെത്തന്നെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. നിഷ്പക്ഷമായും നീതിയുക്തമായും നിലപാടെടുത്താല്‍ റിട്ടയര്‍മെന്റിനുശേഷം കരിതേച്ചുകാണിക്കും എന്ന നിലയ്ക്കുള്ള ഭീഷണികള്‍വരെ വരികള്‍ക്കിടയിലൂടെ പ്രയോഗിക്കപ്പെടുന്നു. തങ്ങള്‍ക്കു വഴങ്ങുന്നതെന്ന് ഇവര്‍ കരുതുന്ന ജഡ്ജിമാരിലേക്ക് കേസ് കൊണ്ടെത്തിക്കാന്‍വരെ അധികാരത്തിന്റെ ഇടനാഴികളില്‍ കറുത്ത നിഴലുകള്‍ ശ്രമം നടത്തുന്നു. നീതിയുക്തമായി കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിമാരെ ഈ കേസ് പരിഗണിക്കുന്നതില്‍നിന്ന് ഏതെങ്കിലും വിധത്തില്‍ പിന്മാറ്റാനാകുമോ എന്നു നോക്കുന്നിടത്തേക്കുവരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. പ്രത്യക്ഷത്തില്‍ കാര്യമായ വരുമാനമൊന്നുമില്ലാത്ത ചിലര്‍ പ്രത്യേക താല്‍പ്പര്യത്തോടെ മറ്റെല്ലാം മാറ്റിവച്ച് ഈ കേസിനായി ജീവിതം നീക്കിവച്ചിരിക്കുന്നതും മണിക്കൂറിന് ലക്ഷങ്ങള്‍ ഈടാക്കുന്ന വന്‍കിട അഭിഭാഷകരെക്കൊണ്ട് കേസ് നടത്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതുമൊക്കെ എങ്ങനെ എന്നന്വേഷിച്ചാല്‍ ഈ കേസിന്റെ നടത്തിപ്പിനുപിന്നിലെ ഗൂഢസാമ്പത്തികശക്തികളെയും അവരുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങളെയും കണ്ടെത്താന്‍ കഴിയും. ഇന്ത്യന്‍ ജുഡീഷ്യറി ഏതെങ്കിലും ഘട്ടത്തില്‍ ഇക്കാര്യങ്ങള്‍ ആലോചിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ആദ്യം ഹൈക്കോടതിയെ സമീപിക്കുകയും പിന്നീട് വേണ്ടിവന്നാല്‍ അപ്പീലെന്നനിലയില്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്യുകയെന്നത് സാധാരണ നടപടിക്രമമാണ്. എന്നാല്‍, നമ്മുടെ നീതിന്യായസംഹിതയില്‍ അതിനുമാത്രമല്ല വ്യവസ്ഥയുള്ളത്. ഭരണഘടനയുടെ 32-ാം വകുപ്പുപ്രകാരം സുപ്രീംകോടതിയില്‍ നേരിട്ട് റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ പൗരന് അവകാശമുണ്ട്. ആ ഭരണഘടനാവ്യവസ്ഥ മുന്‍നിര്‍ത്തിയാണ് പിണറായി വിജയന്റെ റിട്ട് ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചത്. ഫയലില്‍ സ്വീകരിക്കുക മാത്രമല്ല സുപ്രീംകോടതി ചെയ്തത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി ഈ കേസ് ആറുവട്ടം സുപ്രീംകോടതി പരിഗണനയ്ക്കെടുക്കുകയും ചെയ്തു. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചിന്, നേരിട്ടുവന്ന റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വാദം കേള്‍ക്കുന്നത് നിയമപരമായി ഉചിതമാണ് എന്നാണ് തോന്നിയതെങ്കില്‍, ജസ്റ്റിസ് എച്ച് എച്ച് ബേദി, ജസ്റ്റിസ് സി കെ പ്രസാദ് എന്നിവരുള്‍പ്പെട്ട ബഞ്ചിന് നേരിട്ടുവന്ന റിട്ട്ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അനുചിതമാണെന്നാണ് തോന്നിയത്. ആ തോന്നലിന്റെയടിസ്ഥാനത്തിലാണ് ഭരണഘടനയുടെ 226-ാം വകുപ്പുപ്രകാരം ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കട്ടെയെന്ന് പുതിയ ബെഞ്ച് അഭിപ്രായപ്പെട്ടത്. റിട്ട് ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് രവീന്ദ്രനെ കേസ് കേള്‍ക്കുന്നതില്‍നിന്നു പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനാക്കിയ സാഹചര്യവും കേസ് പരിഗണനയുടെ രണ്ടാംവര്‍ഷത്തിന്റെ അവസാനംമാത്രം അതുവരെയുള്ള നിലപാട് തിരുത്തി പുതിയ ബെഞ്ച് കേസ് ഹൈക്കോടതി ആദ്യം പരിഗണിക്കട്ടെയെന്നുപറഞ്ഞ സാഹചര്യവുമൊക്കെ ജുഡീഷ്യറിയെയും അതിന്റെ വഴികളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന നീതിന്യായഗവേഷകരില്‍ കൗതുകമുണര്‍ത്തുന്നവയാണ്; പ്രത്യേകിച്ചും വൈകി നല്‍കുന്ന നീതി, നീതിനിഷേധത്തിനു തുല്യമാണെന്ന തത്വം നമ്മുടെ ജുഡീഷ്യറിയുടെതന്നെ ആപ്തവാക്യമായിരിക്കുന്ന സാഹചര്യത്തില്‍.

ലാവ്ലിന്‍ കേസില്‍ ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ തീരുമാനത്തെ ചോദ്യംചെയ്യുന്നതായിരുന്നു പിണറായി വിജയന്റെ ഹര്‍ജി. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ തീരുമാനം മറികടന്ന് ഗവര്‍ണര്‍ ഏകപക്ഷീയമായി, അതും ഭരണഘടനാ ബാഹ്യകേന്ദ്രങ്ങളില്‍നിന്ന് ഉപദേശം സ്വീകരിച്ചുകൊണ്ട് തീരുമാനമെടുത്തതിലെ ഭരണഘടനാവിരുദ്ധതയാണ് ചോദ്യംചെയ്യപ്പെട്ടത്. ഭരണഘടനാപ്രശ്നങ്ങള്‍ ഉള്‍പ്പെട്ടതാകയാല്‍ ഭരണഘടനാബെഞ്ചിന് റഫര്‍ ചെയ്യണമെങ്കില്‍ അതിനും സൗകര്യമുണ്ടാകുമല്ലോ എന്നുകരുതിയാകാം റിട്ട് നേരിട്ട് സുപ്രീംകോടതിയില്‍ നല്‍കിയത്. കേസിന്റെ മെറിറ്റിലേക്കു കടക്കാതെ നടപടിക്രമങ്ങളുടെ സാങ്കേതികത മാത്രം മുന്‍നിര്‍ത്തിയാണ് ഹര്‍ജി ഹൈക്കോടതി ആദ്യം പരിഗണിക്കട്ടെയെന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്. അതിനെയാണ് "ഹര്‍ജി തള്ളി"" എന്ന് ചിത്രീകരിക്കാന്‍ ഇവിടെ ശ്രമം നടന്നത്. ഹര്‍ജി തള്ളിയെന്നുപറയുക മാത്രമല്ല, തള്ളിയത് എല്‍ഡിഎഫ് സര്‍ക്കാരിനേറ്റ ആഘാതമാണെന്നുകൂടി പറഞ്ഞു പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. സ്വന്തം ഭരണത്തിന്‍കീഴിലുള്ള വിജിലന്‍സ് വിഭാഗംതന്നെ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഖ്യാപിച്ച ഒരു രാഷ്ട്രീയനേതാവിനെതിരെ അദ്ദേഹം തന്റെ രാഷ്ട്രീയ പ്രതിയോഗിയാണെന്ന ഒരേയൊരു കാരണം മുന്‍നിര്‍ത്തി, തെരഞ്ഞെടുപ്പ് പ്രഖ്യാപനനാളില്‍ സിബിഐക്ക് കേസ് റഫര്‍ ചെയ്ത് രാഷ്ട്രീയ പകതീര്‍ത്തയാളാണ് ഉമ്മന്‍ചാണ്ടി. ആ രാഷ്ട്രീയനേതാവിന് ഇതുചേരും. എന്നാല്‍, സത്യമെന്തെന്നറിയാതെയുള്ള ഇത്തരം എടുത്തുചാട്ടങ്ങള്‍ പ്രതിപക്ഷനേതാവിന്റെ കസേരയിലിരിക്കുന്ന ഒരാള്‍ക്ക് ഭൂഷണമല്ല.

പ്രഭാവര്‍മ്മ ദേശാഭിമാനി 010411

2 comments:

  1. ഫയലില്‍ സ്വീകരിക്കുക മാത്രമല്ല സുപ്രീംകോടതി ചെയ്തത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി ഈ കേസ് ആറുവട്ടം സുപ്രീംകോടതി പരിഗണനയ്ക്കെടുക്കുകയും ചെയ്തു. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചിന്, നേരിട്ടുവന്ന റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വാദം കേള്‍ക്കുന്നത് നിയമപരമായി ഉചിതമാണ് എന്നാണ് തോന്നിയതെങ്കില്‍, ജസ്റ്റിസ് എച്ച് എച്ച് ബേദി, ജസ്റ്റിസ് സി കെ പ്രസാദ് എന്നിവരുള്‍പ്പെട്ട ബഞ്ചിന് നേരിട്ടുവന്ന റിട്ട്ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അനുചിതമാണെന്നാണ് തോന്നിയത്. ആ തോന്നലിന്റെയടിസ്ഥാനത്തിലാണ് ഭരണഘടനയുടെ 226-ാം വകുപ്പുപ്രകാരം ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കട്ടെയെന്ന് പുതിയ ബെഞ്ച് അഭിപ്രായപ്പെട്ടത്. റിട്ട് ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് രവീന്ദ്രനെ കേസ് കേള്‍ക്കുന്നതില്‍നിന്നു പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനാക്കിയ സാഹചര്യവും കേസ് പരിഗണനയുടെ രണ്ടാംവര്‍ഷത്തിന്റെ അവസാനംമാത്രം അതുവരെയുള്ള നിലപാട് തിരുത്തി പുതിയ ബെഞ്ച് കേസ് ഹൈക്കോടതി ആദ്യം പരിഗണിക്കട്ടെയെന്നുപറഞ്ഞ സാഹചര്യവുമൊക്കെ ജുഡീഷ്യറിയെയും അതിന്റെ വഴികളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന നീതിന്യായഗവേഷകരില്‍ കൗതുകമുണര്‍ത്തുന്നവയാണ്; പ്രത്യേകിച്ചും വൈകി നല്‍കുന്ന നീതി, നീതിനിഷേധത്തിനു തുല്യമാണെന്ന തത്വം നമ്മുടെ ജുഡീഷ്യറിയുടെതന്നെ ആപ്തവാക്യമായിരിക്കുന്ന സാഹചര്യത്തില്‍.

    ReplyDelete
  2. mathrubhumi and manorama had ditto online news in this. At least the heading and first para were same.

    ReplyDelete