ഭരണത്തുടര്‍ച്ചയെന്ന പുതിയ ചരിത്രത്തിലേക്ക് കേരളം കാലൂന്നുമ്പോള്‍ കൂടുതല്‍ തലയെടുപ്പോടെ നില്‍ക്കുക വടക്കന്‍ കേരളമായിരിക്കും. ഇടത് ജനാധിപത്യമുന്നണി ഭരണത്തിന് ശക്തമായ അടിത്തറയൊരുക്കാന്‍ കാസര്‍കോടുമുതല്‍ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകള്‍ മനസ്സുറപ്പിച്ചുകഴിഞ്ഞെന്ന് പ്രചാരണത്തിന്റെ അവസാനപാദത്തില്‍ വ്യക്തമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99 സീറ്റുമായി എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോള്‍, 31 സീറ്റ് ഈ അഞ്ച് ജില്ലകള്‍ സംഭാവന ചെയ്തു. യുഡിഎഫിനാകട്ടെ 11 സീറ്റും. മണ്ഡല പുനഃസംഘടനയ്ക്ക് ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിന്റെ സമരപാരമ്പര്യവും പുരോഗമനപക്ഷവും കൂടുതല്‍ പ്രകാശമാനമാകും. ആറ് സീറ്റ് വര്‍ധിച്ചതിന്റെ ആനുകൂല്യം തങ്ങള്‍ക്കാകുമെന്ന യുഡിഎഫിന്റെ അവകാശവാദം മുഖ്യമായും മലപ്പുറം ജില്ലയെ മുന്നില്‍ കണ്ടുകൊണ്ടാണ്. മലപ്പുറത്ത് നാലും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒരോ സീറ്റും വര്‍ധിച്ചു. ജനങ്ങളെ മതസാമുദായിക കളങ്ങളിലാക്കി വോട്ടുകണക്ക് കൂട്ടുന്നവര്‍ കാണാത്ത അടിയൊഴുക്കുകളാണ് തെരഞ്ഞെടുപ്പുരംഗത്ത് ദൃശ്യമാകുന്നത്.
കര്‍ഷകപോരാട്ടങ്ങളുടെയും മലബാര്‍ ലഹളയുടെയും സ്മരണകള്‍ ഇരമ്പുന്ന മനസ്സുകള്‍ ആഗ്രഹിക്കുന്നത് ജനപക്ഷ രാഷ്ട്രീയവും പൊതുജീവിതത്തിലെ സംശുദ്ധിയുമാണ്. യുഡിഎഫും സഹായികളായ മാധ്യമങ്ങളും കണ്ടില്ലെന്ന് നടിച്ച പൊതുരാഷ്ട്രീയ വിഷയങ്ങളും ഒരോ പ്രദേശങ്ങളിലെയും വികസനപ്രശ്നങ്ങളും സ്വന്തം ജീവിതാനുഭവങ്ങളും കണ്ണിചേര്‍ക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയപതാകയേന്തി മുന്നില്‍ നടക്കുക മലബാര്‍തന്നെയായിരിക്കും. .
സംസ്കാരങ്ങളുടെയും ഭാഷകളുടെയും സംഗമഭൂമിയായ കാസര്‍കോടിനെ ഇക്കുറിയും മത വര്‍ഗീയശക്തികളുടെ പരീക്ഷണ ഭൂമിയാക്കി മാറ്റാനുള്ള നീക്കം തകൃതിയാണ്. അഞ്ചില്‍ നാലും നേടിയാണ് കഴിഞ്ഞതവണത്തെ വിജയമെങ്കില്‍ ഇക്കുറി കാസര്‍കോട്കൂടി പിടിച്ചെടുക്കാനാണ് എല്‍ഡിഎഫിന്റെ നോട്ടം. മഞ്ചേശ്വരത്ത് അക്കൌണ്ട് തുറക്കാമെന്ന് വ്യാമോഹിച്ച് നേരത്തെ എത്തിയ ബിജെപി കര്‍ണാടകഭരണത്തിന്റെ ബലത്തില്‍ കണ്ടമാനം പണവും ആളുകളെയും ഇറക്കിയാണ് കളി. ഒരു മറയുമില്ലാതെ വര്‍ഗീയപ്രചാരണം അഴിച്ചുവിടാനും അവര്‍ മടിക്കുന്നില്ല. എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ച് അത്യുത്തരകേരളത്തില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാക്കുമ്പോള്‍ ബിജെപിയുടെ അക്കൌണ്ട് സ്വപ്നത്തിന് ഇനിയൊരഞ്ചുകൊല്ലത്തേക്കുകൂടി അവധി നല്‍കാം. ലീഗും ഐഎന്‍എല്ലും നേര്‍ക്കുനേര്‍ വരുന്ന കാസര്‍കോട് മണ്ഡലത്തില്‍ മുസ്ളിംവിരോധം പരത്തി മുതലെടുക്കാനുള്ള ബിജെപി ശ്രമവും വൃഥാവിലാകും. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടുകള്‍ സജീവചര്‍ച്ചയായി മാറിയത് എല്‍ഡിഎഫിന് അനുകൂലമാകും. കേന്ദ്ര സര്‍വകലാശാലയ്ക്ക് സ്ഥലം എടുത്തതും ബേക്കല്‍ ടൂറിസം വികസനവും ഉദുമയില്‍ പുതിയ പൊതുമേഖലാസ്ഥാപനം ആരംഭിച്ചതുമൊക്കെ എല്‍ഡിഎഫിന് അനുകൂലമാകുന്ന വികസനനേട്ടങ്ങളാണ്. .
മലയോട് കല്ലെറിയുന്ന കുട്ടിയുടെ മനോഭാവമാണ് യുഡിഎഫിന് കണ്ണൂരില്‍. നാലുപേര്‍ അറിയുന്നവരായിരിക്കണം സ്ഥാനാര്‍ഥികള്‍ എന്ന തോന്നല്‍പോലും ഭൂരിപക്ഷം മണ്ഡലങ്ങളിലും അവര്‍ക്കുണ്ടായില്ല. പത്തില്‍നിന്ന് ഒരു മണ്ഡലം കൂടിയപ്പോള്‍ പ്രതീക്ഷ രണ്ടില്‍നിന്ന് അഞ്ചിലേക്ക് ഉയര്‍ന്നുവെന്നാണ് യുഡിഎഫിന്റെ അവകാശവാദം. എന്നാല്‍, മണ്ഡലങ്ങളില്‍ വന്ന മാറ്റവും രാഷ്ട്രീയസ്ഥിതിയും ഉള്‍ക്കൊള്ളാതെയാണ് പ്രതീക്ഷ. സിറ്റിങ് സീറ്റുകളായ കണ്ണൂരിനും ഇരിക്കൂറിനും പുറമെ അഴീക്കോടും കൂത്തുപറമ്പും പേരാവൂരും യുഡിഎഫിന്റെ പ്രതീക്ഷപ്പട്ടികയിലുണ്ട്. പ്രിയങ്കരരായ സിറ്റിങ് എംഎല്‍എമാര്‍ സ്വന്തം പ്രവര്‍ത്തനങ്ങളും ഗവണ്‍മെന്റിന്റെ നേട്ടങ്ങളും അണിനിരത്തി ജനവിധി തേടുന്ന അഴീക്കോട്ടും പേരാവൂരിലും എല്‍ഡിഎഫിന് ഒരു ആശങ്കയുമില്ല. ഇരുവരും ലീഡ് ഉയര്‍ത്തുമെന്ന കാര്യത്തിലും തര്‍ക്കമില്ല. കൂത്തുപറമ്പിലാകട്ടെ എല്‍ഡിഎഫില്‍നിന്ന് കൂറുമാറിയ സിറ്റിങ് എംഎല്‍എക്കെതിരെ കടുത്ത ജനവികാരമാണുള്ളത്. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കണക്കുകളെല്ലാം അവിടെ യുഡിഎഫിന്റെ പരാജയം പ്രവചിക്കുന്നു.
കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ജനകീയതയും സംശുദ്ധരാഷ്ട്രീയവും ജനങ്ങളിലാകെ മതിപ്പുളവാക്കുന്നു. പുത്തന്‍കൂറ്റുകാരനായ യുഡിഎഫ് സ്ഥാനാര്‍ഥി നിരത്തുന്ന എല്ലാകണക്കുകള്‍കും മീതേ കടന്നപ്പള്ളിയുടെ വ്യക്തിത്വവും ഭരണവികസന നേട്ടങ്ങളും എല്‍ഡിഎഫിന്റെ വിജയം ഉറപ്പിക്കുന്നു. സമീപകാലചരിത്രത്തിലാദ്യമായി കണ്ണൂര്‍ യുഡിഎഫിനെ കൈവിടുമ്പോള്‍ ഉള്ളാലെ സന്തോഷിക്കുന്ന കോണ്‍ഗ്രസുകര്‍ ഒട്ടനവധിയാണ്. അടുത്തനാള്‍വരെ കോട്ടയം ഡിസിസി പ്രസിഡന്റായിരുന്നു ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ഥി. കുറേക്കാലമായി ഇദ്ദേഹം കുത്തകയാക്കിവച്ച മണ്ഡലത്തെ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്കായി മോചിപ്പിച്ചെടുക്കണമെന്ന വികാരം അണികളിലും നേതാക്കളിലും ഒരുപോലെയുണ്ട്. എഐവൈഎഫ് അഖിലേന്ത്യാ സെക്രട്ടറി പി സന്തോഷ്കുമാര്‍ ഉയര്‍ത്തിയ വെല്ലുവിളിക്കുമുന്നില്‍ ഇക്കുറി പിടിച്ചുനില്‍ക്കാന്‍ കെ സി ജോസഫിനാകില്ലെന്ന് വ്യക്തം.
എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടകളില്‍ രണ്ടിടത്ത് മത്സരിക്കാന്‍ ആളെ കിട്ടാതെ നെട്ടോട്ടം ഓടിയ യുഡിഎഫ് ഒടുവില്‍ ധര്‍മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വതന്ത്രവേഷം കെട്ടിച്ചത് തീരാത്ത നാണക്കേടായി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരിയുടെ തട്ടകമായ തലശേരിയും കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ മത്സരിക്കുന്ന മട്ടന്നൂരും ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് ഉരുക്കുകോട്ടകളില്‍ എതിര്‍സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തിയെടുക്കാന്‍തന്നെ അവര്‍ നന്നേ ബുദ്ധിമുട്ടി.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് മത്സരിക്കുന്ന കല്യാശേരിയില്‍ യുവതലമുറയ്ക്കുള്ള ആവേശം ഭൂരിപക്ഷത്തില്‍ പ്രതിഫലിക്കും. കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം, ടൂറിസം പദ്ധതികള്‍, ഐടി പാര്‍ക്കുകള്‍ തുടങ്ങി എണ്ണമറ്റ നേട്ടങ്ങള്‍ നിരത്തിയാണ് എല്‍ഡിഎഫ് മുന്നേറ്റം. മാധ്യമങ്ങളെ ചട്ടുകമാക്കി വിവാദങ്ങള്‍ ചുട്ടെടുക്കാനുള്ള ശ്രമം പാളിപ്പോയതും യുഡിഎഫിനെ ക്ഷീണിപ്പിച്ചു. .
വയനാട്ടില്‍ എല്‍ഡിഎഫിന്റെ ജൈത്രയാത്ര മൂന്നില്‍ മൂന്നും എന്ന തനിയാവര്‍ത്തനം ലക്ഷ്യമാക്കിയാണ്. എല്‍ഡിഎഫില്‍നിന്ന് പിണങ്ങിപ്പോയ വീരന്‍ പ്രതീക്ഷയര്‍പ്പിക്കുന്ന സീറ്റില്‍ മകന്‍ വെളളംകുടിക്കുകയാണ്. എല്‍ഡിഎഫില്‍ ഇരിക്കുമ്പോള്‍ത്തന്നെ മണ്ഡലത്തിലും നിയമസഭയിലും തിരിഞ്ഞുനോക്കാത്ത എംഎല്‍എക്കെതിരായ വികാരം ജനങ്ങളിലാകെയുണ്ട്. ജില്ലയിലെ ഏക ജനറല്‍ സീറ്റ് കവര്‍ന്നതിലുള്ള രോഷം കോണ്‍ഗ്രസുകാര്‍ക്കുമുണ്ട്. പതിറ്റാണ്ടുകളായി മലയോരമക്കള്‍ക്കിടയില്‍ സജീവസാന്നിധ്യമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പി എ മുഹമ്മദിന്റെ വിജയം സുനിശ്ചിതമാക്കുന്ന ഘടകങ്ങള്‍ ഇവയെല്ലാമാണ്. പട്ടികവര്‍ഗമണ്ഡലങ്ങളായ മാനന്തവാടിയിലും സുല്‍ത്താന്‍ബത്തേരിയിലും രാഹുല്‍ലിസ്റ്റില്‍ പെട്ട ഒരാളും രാഹുല്‍ വെട്ടിയ ഒരാളുമാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍. ഇരുവര്‍ക്കും പട്ടികവിഭാഗങ്ങളുടെ പ്രശ്നങ്ങളുമായി എന്തുബന്ധം എന്ന ചോദ്യം മണ്ഡലങ്ങളില്‍ ഉയരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാകട്ടെ ജനങ്ങളുമായി ആത്മബന്ധമുള്ളവരും. രാത്രികാല യാത്രാനിരോധനം, നഞ്ചന്‍കോട്-നലമ്പൂര്‍ റെയില്‍വേ, കടാശ്വാസം ,സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജില്ലയില്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളെല്ലാം യുഡിഎഫിനെതിരായിരുന്നു. യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴയുന്നതിനെതിരെയും അഴിമതി തുറന്നുകാട്ടിയും കെ കെ രാമചന്ദ്രന്‍ പൊട്ടിച്ച ബോംബ് ജില്ലയില്‍ കാര്യമായ അടിയൊഴുക്കുകള്‍ സൃഷ്ടിക്കും. .
എല്‍ഡിഎഫിന് ഏറ്റവുമധികം അംഗബലം നല്‍കുന്ന വടക്കന്‍ ജില്ല ഏതെന്ന ചോദ്യത്തിന് എതിരാളികള്‍പോലും നിസ്സംശയം ഉത്തരം നല്‍കും- കോഴിക്കോട്. 13ന്റെ കരുത്താണ് ഈ ചരിത്രമണ്ണിന്. കഴിഞ്ഞതവണ 12ല്‍ ഒന്ന് വഴുതിപ്പോയത് 297 വോട്ടിന്. ആ കുന്നമംഗലവും പുതിയ എലത്തൂരും ഉള്‍പ്പെടെ 13 തികയ്ക്കാന്‍ കോഴിക്കോട്ടുകാര്‍ ഒരുങ്ങിക്കഴിഞ്ഞു.
യുഡിഎഫിന് നിവര്‍ന്നുനിന്ന് അവകാശം ഉന്നയിക്കാന്‍ കെല്‍പുള്ള ഒറ്റ മണ്ഡലവും ജില്ലയിലില്ല. കഴിഞ്ഞ തവണ കെ മുരളീധരനെ വീഴ്ത്തിയ പി ടി എ റഹീമിന്റെ വരവോടെ, സിറ്റിങ് സീറ്റെന്ന നിലയില്‍ പ്രതീക്ഷയര്‍പ്പിച്ച കുന്നമംഗലവും യുഡിഎഫ് കൈവിട്ടു. ഇവിടെ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പി പത്മനാഭന്‍ പിടിക്കുന്ന വോട്ടുകളും യുഡിഎഫിന് വിനയായി വരും. രാഷ്ട്രീയക്കാരനെന്ന നിലയില്‍ ആരുമറിയാത്ത കെടിസി കമ്പനി മുതലാളി പി വി ഗംഗാധരന്‍ കോഴിക്കോട് നോര്‍ത്തില്‍ സ്വപ്നം നെയ്യുന്നത് പണത്തിന്റെയും സിനിമാക്കാരുടെയും ബലത്തില്‍. എന്നാല്‍, എ പ്രദീപ്കുമാറിന്റെ ജനകീയത എല്‍ഡിഎഫിന് വ്യക്തമായ മുന്‍കൈ നല്‍കുന്നുണ്ട്. ഇത് പേമെന്റ്സീറ്റാക്കിയെന്ന വിവാദം യുഡിഎഫ് അണികളില്‍ കെട്ടടങ്ങിയിട്ടില്ല. കൊടുവള്ളിയും തിരുവമ്പാടിയും ഉള്‍പ്പെടെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളെല്ലാം ഭദ്രം.
ബാലുശേരിയില്‍ പ്രമുഖ നാടകപ്രവര്‍ത്തകനും സാഹിത്യ അക്കാദമി മുന്‍സെക്രട്ടറിയുമായ പുരുഷന്‍ കടലുണ്ടിയുടെ സഥാനാര്‍ഥിത്വം സാസ്കാരികരംഗത്താകെ ആവേശം പകരുന്നതാണ്. വടകരയിലെ സാരഥി മുന്‍മന്ത്രി സി കെ നാണു അനുഭവസമ്പത്തിന്റെയും സംശുദ്ധമായ പൊതുജീവിതത്തിന്റെയും പ്രതീകമാണ്.ഇവിടെ വീരന്‍ജനതയുടെ സ്ഥാനാര്‍ഥിക്കെതിരെ മനയത്ത് ചന്ദ്രന്‍ വിഭാഗത്തിന്റെ പടയൊരുക്കം ശക്തമാണ്. നാരിക്കാട്ടേരിയില്‍ ബോംബു നിര്‍മാണത്തിനിടയില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകരെ കൊലയ്ക്കുകൊടുത്ത നേതൃത്വത്തിനെതിരായ വികാരം കുറ്റ്യാടിയില്‍ ലീഗിനെ വേട്ടയാടുന്നു. ബേപ്പൂരില്‍ മന്ത്രി എളമരം കരീമിന് മണ്ഡലത്തിലെ നേട്ടങ്ങളുടെ ബലത്തില്‍ത്തന്നെ അനായാസവിജയം ഉറപ്പാണ്.
കോഴിക്കോട് സൌത്തിന് മാധ്യമങ്ങള്‍ നല്‍കുന്ന താരപദവിക്ക് കാരണം എം കെ മുനീറിന്റെ സാന്നിധ്യമാണ്. എന്നാല്‍, മുന്‍ എംഎല്‍എ സി പി കുഞ്ഞിന്റെ മകനും യുവനേതാവുമായ മുസഫര്‍ അഹമ്മദ് സൃഷ്ടിച്ച ഓളമാണ് മണ്ഡലത്തില്‍ അലയടിക്കുന്നത്. പൂട്ടിക്കിടന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ പുനരുദ്ധാരണം, കുറ്റ്യാടി വൈദ്യുത പദ്ധതി, ടൂറിസം വികസനം തുടങ്ങി എല്‍ഡിഎഫിന് ഉയര്‍ത്തിക്കാട്ടന്‍ ഒട്ടേറെ നേട്ടങ്ങളുണ്ട്്. ജില്ലയിലെ യുഡിഎഫ് ആകട്ടെ നേതൃത്വമോ കൂട്ടായ്മയോ ഇല്ലാതെ ഇരുട്ടില്‍ തപ്പുകയാണ്. . യുഡിഎഫ് 41ല്‍ ഒതുങ്ങിയപ്പോഴും ഏഴു സീറ്റ് നല്‍കി കൂറുകാട്ടിയ മലപ്പുറം ഇക്കുറി കൂടുതല്‍ ഇടത്തോട്ടു ചരിയുമെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദത്തിന് മുന്നില്‍ ലീഗിനും കോണ്‍ഗ്രസിനും ഉത്തരംമുട്ടുന്നു. ആരൊക്കെ വീഴുമെന്ന കാര്യത്തിലേ ഇനി സംശയമുള്ളൂ. അക്കൂട്ടത്തില്‍ ആര്യാടന്റെ പേര് ആദ്യം വരുമ്പോള്‍ മറ്റുള്ളവരുടെ ഉള്‍ക്കിടിലം ഊഹിക്കാവുന്നതേയുള്ളൂ.
നിലമ്പൂരില്‍ എല്‍ഡിഎഫ് ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമല്ല. യുഡിഎഫിന് നല്ല സ്വാധീനമുള്ള മൂന്ന് പഞ്ചായത്തുകള്‍ അയല്‍മണ്ഡലങ്ങളിലേക്ക് പോയി. ഏറെ ശിഷ്യസമ്പത്തും മണ്ഡലത്തില്‍ നല്ല അംഗീകാരവുമുളള എല്‍ഡിഎഫ് സ്വതന്ത്രന്‍ പ്രൊഫ. തോമസ് മാത്യുവിന്റെ സ്ഥാനാര്‍ഥിത്വം, കോണ്‍ഗ്രസ്, ലീഗ് അണികളില്‍ വര്‍ധിച്ചുവരുന്ന വിരോധം ഇതെല്ലാം ആര്യാടന്റെ ഉറക്കം കെടുത്തുന്നു. 96ല്‍ പ്രൊഫ. തോമസ് മാത്യുവിനോട് ഏറ്റുമുട്ടിയപ്പോള്‍ ചെറിയ ഭൂരിപക്ഷത്തിനാണ് ആര്യാടന്‍ കടന്നുകൂടിയതെന്ന ചരിത്രവും വല്ലാതെ അലോസരപ്പെടുത്തുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒപ്പം വീണ ഇ ടി മുഹമ്മദ് ബഷീറിനെ നേരത്തേതന്നെ ദല്‍ഹിയിലേക്കും എം കെ മുനീറിനെ കോഴിക്കോട്ടേക്കും നാടുകടത്തിയാണ് കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ അങ്കം കുറിച്ചത്. കുറ്റിപ്പുറത്തിന്റെ ഓര്‍മയോടൊപ്പം ഐസ്ക്രീം വിവാദവും അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. തവനൂരില്‍ കെ ടി ജലീലും പൊന്നാനിയില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ശ്രീരാമകൃഷ്ണനും പെരിന്തല്‍മണ്ണയില്‍ വി ശശികുമാറും വിജയം ഉറപ്പിച്ചുകഴിഞ്ഞു. മഞ്ഞളാംകുഴി അലി പണമിറക്കുന്നുണ്ടെങ്കിലും കാലുമാറ്റക്കാരനെന്ന ആക്ഷേപം ജനമനസ്സില്‍ തറച്ചിട്ടുണ്ട്. ചമ്രവട്ടം റഗുലേറ്റര്‍പദ്ധതി, അലിഗഢ് ക്യാമ്പസ് തുടങ്ങി ഇതുവരെയില്ലാത്ത വികസന നേട്ടങ്ങളുടെ പട്ടികയുമായി ജനങ്ങളെ സമീപിക്കുന്ന എല്‍ഡിഎഫിന് ലീഗ് കോട്ടയില്‍ പോലും എഴുതിത്തള്ളാന്‍ ഒരു സീറ്റുമില്ലെന്നതാണ് യാഥാര്‍ഥ്യം.
(മനോഹരന്‍ മോറായി)
ദേശാഭിമാനി 120411
ഭരണത്തുടര്‍ച്ചയെന്ന പുതിയ ചരിത്രത്തിലേക്ക് കേരളം കാലൂന്നുമ്പോള്‍ കൂടുതല്‍ തലയെടുപ്പോടെ നില്‍ക്കുക വടക്കന്‍ കേരളമായിരിക്കും. ഇടത് ജനാധിപത്യമുന്നണി ഭരണത്തിന് ശക്തമായ അടിത്തറയൊരുക്കാന്‍ കാസര്‍കോടുമുതല്‍ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകള്‍ മനസ്സുറപ്പിച്ചുകഴിഞ്ഞെന്ന് പ്രചാരണത്തിന്റെ അവസാനപാദത്തില്‍ വ്യക്തമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99 സീറ്റുമായി എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോള്‍, 31 സീറ്റ് ഈ അഞ്ച് ജില്ലകള്‍ സംഭാവന ചെയ്തു. യുഡിഎഫിനാകട്ടെ 11 സീറ്റും. മണ്ഡല പുനഃസംഘടനയ്ക്ക് ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിന്റെ സമരപാരമ്പര്യവും പുരോഗമനപക്ഷവും കൂടുതല്‍ പ്രകാശമാനമാകും. ആറ് സീറ്റ് വര്‍ധിച്ചതിന്റെ ആനുകൂല്യം തങ്ങള്‍ക്കാകുമെന്ന യുഡിഎഫിന്റെ അവകാശവാദം മുഖ്യമായും മലപ്പുറം ജില്ലയെ മുന്നില്‍ കണ്ടുകൊണ്ടാണ്. മലപ്പുറത്ത് നാലും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒരോ സീറ്റും വര്‍ധിച്ചു. ജനങ്ങളെ മതസാമുദായിക കളങ്ങളിലാക്കി വോട്ടുകണക്ക് കൂട്ടുന്നവര്‍ കാണാത്ത അടിയൊഴുക്കുകളാണ് തെരഞ്ഞെടുപ്പുരംഗത്ത് ദൃശ്യമാകുന്നത്.
ReplyDelete